Keyman for Malayalam Typing

സുഭാഷിത വന്ദനം

സുഭാഷിതം
സുപ്രഭാത വന്ദനം. ശുഭദിന ആശംസകൾ!

സാഭാര്യാ യാ പ്രിയം ബ്രൂതേ
സപുത്രോയത്ര നിർവൃതിഃ I
തന്മിത്രം യത്ര വിശ്വാസഃ
സ്വദേശോയത്ര ജീവ്യതേ II

ഭർത്താവിന് ഹിതമായി പറയുന്നവളും പ്രവർത്തിക്കുന്നവളുമാണ് യഥാർത്ഥ ഭാര്യ. ഏതൊരു പുത്രനാണോ സർവ്വഗുണ സമ്പന്നനായി പിതാവിനെ ആനന്ദപ്രദ മാക്കുന്നത് അവനാണ് പുത്രൻ. ഏതു രഹസ്യവും മറച്ചുവെച്ചു കൊണ്ടു ഒരുവന് വിശ്വാസ പാത്രമായിത്തീരുന്നു അവനാണ് ഉത്തമമിത്രം. ഏത് ദേശമാണോ തന്റെ ജീവിതവൃത്തിക്കും ഉയർച്ചയ്ക്കും കാരണമാകുന്നത് അതാണ് ഒരുവന്റെ സ്വദേശം.

(കടപ്പാട് : വായസി വിദ്യ)


സന്ധ്യാവന്ദനം

 
സന്ധ്യാവന്ദനം


"ധ്യായേച്ചാരു ജഡാനിബദ്ധ മകുടം 
ദിവ്യാംബരം ജ്ഞാന മു-
ദ്രോദ്യദ്ദക്ഷകരം പ്രസന്ന വദനം 
ജാനുസ്ഥ ഹസ്തേതരം 
മേഘാശ്യാമള കോമളം സുരനുതം 
ശ്രീയോഗ പട്ടാംബരം 
വിജ്ഞാനപ്രദമപ്രമേയ സുഷുമം 
ശ്രീഭൂതനാഥം വിഭും"

അർത്ഥം: ഭംഗിയുള്ള ജട മെടഞ്ഞു തെറുത്ത് ശിവലിംഗാകൃതിയിൽ അലങ്കരിച്ച് രത്നനിർമ്മിതമായ സ്വർണ്ണ കിരീടമണിഞ്ഞ് ദിവ്യമായ നീല നിറമുള്ള വസ്ത്രം ധരിച്ച് വലത്തെ കൈ ജ്ഞാനമുദ്രയോടുകൂടി സർവ്വരെയും ജ്ഞാനാമൃതരാക്കി ഇടത്തെ കൈ കാൽമുട്ടിൽ വെച്ചുകൊണ്ട് കാർമേഘം പോലെ നിറത്തോടുകൂടി ഭംഗിയുള്ള മിനുത്ത നിറത്തോടുകൂടിയവനായി സർവ്വരെയും കാരുണ്യം നിറഞ്ഞ് അനുഗ്രഹിച്ച് അജ്ഞാനത്തെ അകറ്റി പരിപാവനരാക്കി മുക്തരാക്കി സർവ്വഐശ്വര്യങ്ങളും നൽകി സുസ്മേരവദനനായി, കൃപചൊരിഞ്ഞുകൊണ്ടിരിക്കുന്നവനായി, ദേവന്മാരാൽ സ്തുതിക്കപ്പെടുന്നവനായി യോഗ പട്ടാംബരത്തോടുകൂടിയ ഭൂതനാഥനെ ധ്യാനിക്കുന്നു.

🪔 സ്വാമിയേ ശരണമയ്യപ്പ 🙏

        


വിളക്കിലെ കരി

 വിളക്കിലെ കരി - ഒരു വിളക്കം!

ക്ഷേത്രനടയിലെ കെടാവിളക്കിലെ കരി പുണ്യമാണെന്നു കരുതി ചിലർ വിരൽ തുമ്പുകൊണ്ട് തൊട്ട് നെറ്റിയിൽ തൊടാറുണ്ട്. അത് പാടില്ലത്രെ....!

അതിന്റെ കാരണം എന്താണാവോ?

ഇതു തികച്ചും അരുതാത്ത കാര്യവും ഏറെ ദോഷങ്ങൾ വരുത്തി വെക്കുന്നതും ആണെന്നൊക്കെ പറഞ്ഞു കേൾക്കാറുണ്ട്. കേട്ടറിവിലെ ഒരു പഴമൊഴി പറഞ്ഞാൽ "വിളക്കിലെ കരി നാണം കെടുത്തും" എന്നാണ്. വിളക്കിലെ കരി തൊട്ടാൽ നാണക്കേട്‌ എന്നാണ് പണ്ട് മുതലെ ഉള്ള വിശ്വാസം.

എന്നാൽ നാണക്കേട്‌ മാത്രമല്ല " ജീവിതം മുഴുവൻ അഭിമാനക്ഷതവും നിത്യദുഖവും കഷ്ടതയും നിറഞ്ഞ് കറുത്തുപോകും" എന്ന് മഹാഭാരതത്തിലെ പഞ്ച പാണ്ഡവരുടെ അമ്മയായ കുന്തി ദേവിയുടെ കഥ നമ്മെ പഠിപ്പിക്കുന്നു.

കുന്തിയുടെ യഥാർത്ഥ നാമം പൃഥ എന്നാണ്. വസുദേവരും പൃഥയും യാദവ വംശജനായ ശൂരസേനമഹാരാജാവിന്റെ മക്കളാണ്. ശൂരസേനന്റെ സഹോദരിയുടെ പുത്രനാണ് കുന്തീഭോജൻ. കുന്തീഭോജന് മക്കൾ ഇല്ലാതിരുന്നതിനാൽ പൃഥയെ ശൂരസേനൻ കുന്തീഭോജന് ദത്ത് നൽകി അങ്ങനെ പൃഥ കുന്തീഭോജനപുത്രി കുന്തിയായിതീർന്നു. കുന്തീഭോജന്റെ കൊട്ടാരത്തിൽ വരുന്ന ബ്രാഹ്മണരെ ശുശ്രൂഷിക്കുക എന്നതായിരുന്നു കുന്തിയുടെ ജോലി.അവർക്ക് ആവശ്യമുള്ള പൂജാദ്ര്യവ്യങ്ങൾ നൽകുക ഹോമ സ്ഥലം വൃത്തിയാക്കുക വിളക്ക് വെക്കുക എന്നിങ്ങനെ പോകുന്നു ജോലികൾ.

ഒരുനാൾ മദ്ധ്യാഹ്നത്തിൽ കുന്തീദേവി ബ്രാഹ്മണശാലയിൽ ചെന്നപ്പോൾ  ബ്രാഹ്മണബാലകന്മാർ അവിടെ കിടന്ന് ഉറങ്ങുന്ന കാഴ്ചയാണ് കണ്ടത്.

ബാലികയായ കുന്തീദേവിയുടെ മനസ്സിൽ ഒരു കുസൃതി തോന്നി. അവിടെ കത്തിയിരുന്ന വിളക്കിന്റെ നാക്കിൽ പടർന്നുപിടിച്ചിരുന്ന കരി വിരൽ കൊണ്ടെടുത്തു ഉറങ്ങിക്കിടന്ന ബ്രാഹ്മണ ബാലകരുടെ മുഖത്ത് മീശയും മറ്റും വരച്ചു. ഉറക്കമുണർന്ന ബാലകർ അന്യോന്യം നോക്കിച്ചിരിച്ചു.സ്വന്തം മുഖത്തെ കരി കാണാതെ മറ്റാളുടെ മുഖത്തെ വരകുറി കണ്ടാണ്‌ അവർ ചിരിച്ചതു പക്ഷെ, തങ്ങൾ എല്ലാവരുടെയും മുഖത്ത് ആരോ കരി തേച്ചു എന്നറിഞ്ഞപ്പോൾ ആ നിഷ്കളങ്ക ബാല്യങ്ങൾക്ക്‌ ദേഷ്യം സഹിക്കാനായില്ല. അവർ ക്രോധത്താൽ ശപിച്ചു: 

"ഞങ്ങളുടെ മുഖത്ത് ആരാണോ കരിവാരി തേച്ചതു അവരുടെ ജീവിതവും ഇപ്രകാരം കരിപുരണ്ടതായി തീരട്ടേ!" എന്നായിരുന്നു ശാപവാക്കുകൾ. അതിന് ശേഷം കുന്തീദേവിയുടെ ജീവിതത്തിൽ അനുഭവിച്ച കദനത്തിന്റെ കഥകൾ നമുക്ക് അറിയവുന്നതാണല്ലോ. 

എന്നാൽ പലരും കറുത്ത പൊട്ട് തൊടാറുണ്ട്‌.കറുത്ത പൊട്ട് അഥവാ കരിപ്രസാദം ഗണപതി-ഹോമത്തിന്റെ തൊടുകുറിയാണ്. ഹോമത്തിൽ കരിഞ്ഞ ഹവിസ്സുകൾ നെയ്യിൽ ചാലിചെടുത്തതാണ് കരിപ്രസാദം അതാണ് തിലകമായി ധരിക്കേണ്ടതു. 

ദേവിക്ഷേത്രത്തിലെ ദാരു വിഗ്രഹങ്ങളിൽ നടത്തുന്ന ചാന്താട്ടത്തിന്റെ പ്രസാദവും കറുത്തിരിക്കും. അതും നെറ്റിയിൽ ധരിക്കുന്നതു ദേവിപ്രീതിക്ക് നല്ലതാണ്.

മേൽ പറഞ്ഞ വിവർങ്ങൾ അറിയാത്തവർ മറ്റ് വിളക്കുകളിലെ കരി എടുത്ത് നെറ്റിയിൽ പ്രസാദമായി തൊടുന്നത്  കണ്ടിട്ടുണ്ട്. അത് തെറ്റാണെന്ന് മനസിലാക്കുക.

(കടപ്പാട്)

***

 

ചന്ദനവും ഭസ്മവും

ചന്ദനവും ഭസ്മവും
ചന്ദനധാരണത്തിന് ഒരോ സ്ഥലത്തും തൊടുമ്പോൾ നാമം ജപിക്കുന്നത്  ശ്രദ്ധിച്ചിട്ടുണ്ടോ?

നെറ്റിയിൽ :- ഓം കേശവായ നമഃ
കണ്ഠത്തിൽ :- ഓം പുരുഷോത്തമായ നമ:
ഹൃദയത്തിൽ :- ഓം വൈകുണ്ഠായ നമഃ
നാഭിയിൽ :- ഓം നാരായണായ നമ :
പിന്നിൽ; - ഓം പത്മനാഭായ നമഃ
ഇടതുവശം :- ഓം വിഷ്ണവേ നമഃ
വലതുവശം :- ഓം വാമനായ നമഃ
ഇടതുചെവിയിൽ് :- ഓം യമുനായ നമഃ
വലതുചെവിയിൽ :- ഓം ഹരയേ നമഃ
മസ്തകത്തിൽ :- ഓം ഹൃഷീകേശായ നമഃ
പിൻകഴുത്തിൽ:- ഓം ദാമോദരായ നമഃ

ഭസ്മം :
ശിവനെ സൂചിപ്പിക്കാൻ ഏറ്റവും അനുയോജ്യമായതാണ് ഭസ്മം. എല്ലാ ഭൗതിക വസ്തുക്കളും കത്തിയമർന്നതിനു ശേഷമുള്ളതാണ് ഭസ്മം. അതു പോലെ
പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്വം.
ശിവൻ ഈ പരമാത്മതത്വമാണ്. നെറ്റിക്കു കുറുകെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഭസ്മം അണിയണമെന്നാണ് ശാസ്ത്രം. സന്യാസിമാർ മാത്രമേ മൂന്നു കുറി അണിയാൻ പാടുള്ളൂ. 
ഒറ്റക്കുറി എല്ലാവർക്കുമാവാം!
***

വൈദ്യനാഥ അഷ്ടകം



 വൈദ്യനാഥ അഷ്ടകം

ശ്രീരാമ സൗമിത്രി ജടായു വേദ

ഷഡാനാതിത്യകുജനർച്ചിതായ

ശ്രീ നീലകണ്ഠായ ദയാമയായ

ശ്രീ വൈദ്യനാഥായ നമഃശ്ശിവായ...1


ഗംഗാ പ്രവാഹേന്ദു ജടാധരായ

ത്രിലോചനായ സ്മരകലാഹന്ത്രേ

സമസ്ത ദേവൈരപി പൂജിതായ

ശ്രീ വൈദ്യനാഥായ നമഃശ്ശിവായ...2


ഭക്തപ്രീയായത്രിപുരാന്തകായ

പിനാകിനെ ധുഷ്ട ഹരായ നിത്യം

പ്രത്യക്ഷ ലോകായ മനുഷ്യ ലോകെ

ശ്രീ വൈദ്യനാഥായ നമഃശ്ശിവായ...3


പ്രഭൂതവാദാധി സമസ്ത രോഗാ

പ്രണാശ കർത്തേ മുനി വന്ദിതായ

പ്രഭാകരേന്ദവഗ്നി വിലോചനായ

ശ്രീ വൈദ്യനാഥായ നമഃശ്ശിവായ...4


വക്ചോത നേത്രാംഗിരി വിഹീനജന്തോ

വക്രോച്ര നേത്രാംഗി സുഖ പ്രദായ

കുഷ്ഠാദി സർവോന്നത രോഗ ഹസ്തേ

ശ്രീ വൈദ്യനാഥായ നമഃശ്ശിവായ...5


വേദാന്ത വേദ്യായ ജഗൻ മയായ

യോഗീസ്വരധ്യേയായ പാദംബുജായ

ത്രിമൂർതി രൂപായ സഹസ്രനാമ്നേ

ശ്രീ വൈദ്യനാഥായ നമഃശ്ശിവായ...6


സ്വാതീർഥ മുഭ്ഭസ്മബൃദംഗബാജം

പിശാച ദുഃഖാർത്തി ഭയാപഹായ

ആത്മ സ്വരൂപായ ശരീര ബാജം

ശ്രീ വൈദ്യനാഥായ നമഃശ്ശിവായ...7


ശ്രീ നീലകണ്ഠായ വൃഷഭധ്വജായ

സരസ്കന്ദ ബസമാദ്ധ്യ അഭിശോഭിതായ

സുപുത്ര ധരതി സുഭാഗ്യതായ

ശ്രീ വൈദ്യനാഥായ നമഃശ്ശിവായ...8.

***


ശ്രീകൃഷ്ണനും നെല്ലിക്കയും

 വിനയം കൊണ്ട് ഏതു ശക്തനെയും തോൽപ്പിക്കാം എന്നു മനസ്സിലാക്കി തരുന്ന ഒരു കഥ

ഹരേ കൃഷ്ണ! 

ശ്രീകൃഷ്ണനും നെല്ലിക്കയും

ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട ചങ്ങാതിമാരിലൊരാളാണ് അർജ്ജുനൻ. ഒരിക്കൽ ശ്രീകൃഷ്ണൻ അർജ്ജുനനെയും, തേരാളിയായ സാത്യകിയെയും കൂട്ടി വനത്തിലൂടെ ഒരു സവാരിക്കിറങ്ങി. "കാട്ടിലൂടെയുള്ള യാത്രയായതിനാൽ നമുക്ക് തേര് വേണ്ട. കാൽനടയായി പോകാം". ശ്രീകൃഷ്ണൻ പറഞ്ഞു. അവർ രണ്ടുപേരും ആ അഭിപ്രായത്തോട് യോജിച്ചു. കാട്ടിലെ കാഴ്ചകൾ കണ്ടാനന്ദിച്ച് കുറേ നടന്നിട്ട് അവർ ഒരു വൃക്ഷച്ചുവട്ടിൽ വിശ്രമിക്കാൻ തുടങ്ങി. അപ്പോഴേക്കും സന്ധ്യ മയങ്ങിത്തുടങ്ങി . വനപ്രദേശമായതിനാൽ മൂവരും ഒരുമിച്ച് ഉറങ്ങേണ്ടെന്ന് തീരുമാനിച്ചു. സാത്യകിയെ കാവൽ നിർത്തിയിട്ട് അർജ്ജുനനും ശ്രീകൃഷ്ണനും ഉറങ്ങാൻ തുടങ്ങി. കുറേ കഴിഞ്ഞപ്പോൾ പെട്ടെന്ന് തൊട്ടു പിന്നിൽ എന്തോ ശബ്ദം കേട്ട് സാത്യകി തിരിഞ്ഞുനോക്കി. അരണ്ട പ്രകാശത്തിൽ ഒരു നെല്ലിക്ക ഉരുണ്ടുരുണ്ട് അടുത്തേക്ക് വരുന്നത് സാത്യകി കണ്ടു. പൊടുന്നനെ ആ നെല്ലിക്ക വലുതാകാൻ തുടങ്ങി.

"ഹും, സത്യം പറഞ്ഞോ. നീയാരാണ്?". നെല്ലിക്ക ഉച്ചത്തിൽ ചോദിച്ചു. സാത്യകിക്ക്

കോപം വന്നെങ്കിലും പുറത്തുകാണിക്കാതെ ഇങ്ങനെ മറുപടി പറഞ്ഞു. "ഞാൻ ശ്രീകൃഷ്ണന്റെ തേരാളി സാത്യകിയാണ്". "നിനക്ക് യുദ്ധം ചെയ്യാനറിയാമോ?". നെല്ലിക്ക ശരീരം കുറേക്കൂടി വലുതാക്കിക്കൊണ്ട് ചോദിച്ചു.

ഇത്തവണ സാത്യകിയുടെ ക്ഷമകെട്ടു. "എടാ, നിന്നെ അടിച്ചു നിലംപരിശാക്കാൻ എനിക്കീ പെരുവിരൽ മതി. നീ ആരാണെന്ന് വേഗം പറഞ്ഞോ.." സാത്യകി പറഞ്ഞു. അപ്പോൾ നെല്ലിക്ക പറഞ്ഞു: "ഞാനൊരു യക്ഷനാണ്. നിന്നെ യുദ്ധംചെയ്തു തോൽപ്പിക്കാനാണ് വന്നത്". ഇത്രയും പറഞ്ഞു നെല്ലിക്ക ഒരു യക്ഷന്റെ രൂപം പൂണ്ട് സാത്യകിയോട് പൊരുതാൻ അടുത്തുചെന്നു. സാത്യകി വേഗം വാളുമായി യക്ഷനെ ആക്രമിക്കാൻ തയ്യാറെടുത്തു. "ഹും നിന്റെ അഹങ്കാരം ഞാനിന്നു തീർക്കുമെടാ". യക്ഷൻ ഉച്ചത്തിൽ പറഞ്ഞു. ഇതെല്ലാം ഉറക്കം നടിച്ചുകിടക്കുന്ന ശ്രീകൃഷ്ണൻ കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് അറിയാതെതന്നെ ചിരിവന്നു. യുദ്ധത്തിൽ യക്ഷൻ സാത്യകിയെ കീഴ്പ്പെടുത്തി. യക്ഷന്റെ കൈയിൽകിടന്ന് സാത്യകി മരണവേദനകൊണ്ട് പുളയാൻ തുടങ്ങി. "അയ്യോ, എന്നെ കൊല്ലല്ലേ...കൊല്ലല്ലേ". സാത്യകി യക്ഷനോട് യാചിച്ചു. അവൻ സാത്യകിയെ മോചിപ്പിച്ച് വീണ്ടും നെല്ലിക്കയായി മേലോട്ട് പോയി. "ശ്ശെ, വല്ലാത്ത നാണക്കേടായി. അർജ്ജുനനും ശ്രീകൃഷ്ണനും ഇതറിയണ്ട". സാത്യകി മനസ്സിൽ കരുതി. ഒട്ടും വൈകാതെ സാത്യകി അർജ്ജുനനെ വിളിച്ചുണർത്തി. എന്നിട്ട് ഒന്നുമറിയാത്തമട്ടിൽ ഉറങ്ങാൻ കിടക്കുകയും ചെയ്തു. അർജ്ജുനനേയും യക്ഷൻ ഒരു

പാഠം പഠിപ്പിക്കാതിരിക്കില്ല. സാത്യകി കരുതി. കുറച്ചു സമയം കഴിഞ്ഞു. അതാ ഒരു നെല്ലിക്ക മുകളിൽനിന്നും വീണു. ശബ്ദം കേട്ട് അർജ്ജുനൻ തിരിഞ്ഞു നോക്കി. "സത്യം പറഞ്ഞോ...നീ ആരാ?". നെല്ലിക്ക അർജ്ജുനനോട് ചോദിച്ചു. "ഞാനാരെന്നോ? വില്ലാളിവീരനായ അർജ്ജുനനെ തിരിച്ചറിയാൻ കഴിയാത്ത നീയൊരു മഹാവിഡ്ഢി തന്നെ". അർജ്ജുനൻ അഹങ്കാരത്തോടെ പറഞ്ഞു. നെല്ലിക്ക പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു. "ഞാൻ നിന്നെപ്പറ്റി കേട്ടിട്ടില്ല... വീരനാണെങ്കിൽ എന്നോട് പൊരുതി ജയിക്കാൻ നോക്ക്". അതോടെ നെല്ലിക്ക വലുതാകാൻ തുടങ്ങി. വൈകാതെ അതൊരു

യക്ഷനായി മാറുകയും ചെയ്തു. രണ്ടുപേരും പൊരിഞ്ഞ യുദ്ധം തന്നെ തുടങ്ങി. ശ്രീകൃഷ്ണൻ അപ്പോഴും കള്ളയുറക്കം നടിച്ചു കിടന്നതേയുള്ളു. ഒടുവിൽ യക്ഷൻ അർജ്ജുനനെയും തോൽപ്പിച്ച് അടിയറവു പറയിച്ചു. അർജ്ജുനന് വല്ലാത്ത അപമാനം തോന്നി.

അർജ്ജുനനും ഇതെല്ലാം രഹസ്യമായി വയ്ക്കാൻ നിശ്ചയിച്ചു. ഒടുവിൽ ശ്രീകൃഷ്ണന്റെ ഊഴമായി. ശ്രീകൃഷ്ണൻ കാവൽ നിന്നപ്പോഴും നെല്ലിക്കയുടെ രൂപത്തിൽ യക്ഷൻ പ്രത്യക്ഷപ്പെട്ടു. "ഹും, നീയാരാണ്?". നെല്ലിക്ക ചോദിച്ചു. "ഞാൻ ശ്രീകൃഷ്ണനാണ്". ശ്രീകൃഷ്ണൻ പറഞ്ഞു. "കരുത്തനും തന്ത്രശാലിയുമായ അങ്ങയെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്". നെല്ലിക്ക പറഞ്ഞു. "ഹേയ്, എനിക്ക് അത്ര കരുത്തൊന്നുമില്ല. ഞാൻ തന്ത്രശാലിയുമല്ല". ശ്രീകൃഷ്ണൻ വിനയപൂർവ്വം മറുപടി പറഞ്ഞു. "എന്നാൽ ഞാൻ ശക്തനാണ്. എത്ര വേണമെങ്കിലും എനിക്ക് വലുതാകാൻ കഴിയും". നെല്ലിക്ക പറഞ്ഞു. "അയ്യോ, വലുതാകുന്നവരെ കാണുന്നതുപോലും എനിക്ക് ഭയമാണ്. ചെറിയവരെയാണ് എനിക്കിഷ്ടം" ശ്രീകൃഷ്ണൻ പറഞ്ഞു. എങ്കിൽ ഞാൻ ചെറുതാകാം. എന്നിട്ടാകാം ബാക്കി കാര്യങ്ങൾ". ഇത്രയും പറഞ്ഞ് നെല്ലിക്ക ചെറുതായി. പൊടുന്നനെ തന്ത്രശാലിയായ ശ്രീകൃഷ്ണൻ ഒറ്റച്ചാട്ടത്തിന് നെല്ലിക്ക കൈക്കലാക്കി. എന്നിട്ട് സ്വന്തം ചേലത്തുമ്പിൽ അത് കെട്ടിയിട്ടു. പിന്നീട് ഒന്നുമറിയാത്തപോലെ കാവൽജോലി തുടരുകയും ചെയ്തു. പ്രഭാതമായി.

സാത്യകിയും അർജ്ജുനനും ഉണർന്നെഴുന്നേറ്റു. അവർ ശ്രീകൃഷ്ണനെ കൗതുകത്തോടെ നോക്കി. ഒരു മൽപ്പിടുത്തം നടന്നതിന്റെ ഒരു ലക്ഷണവും ശ്രീകൃഷ്ണനിലില്ല. ശ്രീകൃഷ്ണന് അർജ്ജുനന്റെയും സാത്യകിയുടെയും മനസ്സിലിരിപ്പ് പിടികിട്ടി. അദ്ദേഹം വേഗം ചേലത്തുമ്പിൽ കെട്ടിയിരിക്കുന്ന നെല്ലിക്ക രണ്ടാളേയും കാണിച്ചുകൊടുത്തു. "നിങ്ങൾ ഈ നെല്ലിക്കയുടെ കാര്യമാവും ചിന്തിക്കുന്നത് ". ശ്രീകൃഷ്ണൻ ചോദിച്ചു. സാത്യകിയും അർജ്ജുനനും പരസ്പരം നോക്കി. "അങ്ങ് എങ്ങനെ ഇവനെ പിടികൂടി തടവിലാക്കി?".  അവർ ചോദിച്ചു. ശ്രീകൃഷ്ണൻ നടന്നതെല്ലാം അവരോടു പറഞ്ഞു . "തന്നെക്കാൾ വലുതായി ആരുമില്ലെന്ന് അഹങ്കരിച്ചതാണ് നിങ്ങളുടെ തോൽവിക്ക് കാരണം. വിനയംകൊണ്ട് ഏത് ശക്തനെയും തോൽപ്പിക്കാമെന്ന് ഇപ്പോൾ മനസ്സിലായില്ലേ?". ശ്രീകൃഷ്ണൻ പറഞ്ഞു. പിന്നീട് ശ്രീകൃഷ്ണൻ മാപ്പുനൽകി യക്ഷനെ സ്വതന്ത്രനാക്കി!

(കടപ്പാട്)