അഷ്ടാംഗയോഗങ്ങൾ

പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യ വിവേക വിചാരം
ജാപ്യസമേത സമാധിവിധാനം
കൂർമ്മവധാനം മഹദവധാനം.”

ഭജഗോവിന്ദത്തിൽനിന്നുള്ളതാണ് മേൽ ഉദ്ദരിച്ചിട്ടുള്ള ശ്ലോകം. തുടക്കത്തിൽ കാണുന്ന പ്രാണായാമം, പ്രത്യാഹാരം എന്നീ  രണ്ടു പദങ്ങളെക്കുറിച്ചുള്ളതാണ് ഈ പോസ്റ്റ്. അഷ്ടാംഗയോഗങ്ങളിൽപെട്ടവയാണ് ഇവ രണ്ടും.

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം ധാരണ, സമാധി എന്നീ എട്ട് അംഗങ്ങൾ ചേർന്നതാണ് അഷ്ടാംഗ യോഗങ്ങൾ. നിത്യജീവിതത്തിൽ കടപിടിക്കേണ്ട സംഗതികൾ  നമ്മുടെ മുൻ തലമുറ എത്ര നന്നായി (ജീവിത ദിനചര്യകൾ ) അറിയാമായിരുന്നു  എന്നുള്ളത് നമുക്ക് മനസ്സിലാകുന്നത് ഇതുപോലുള്ള പുരാണ ശ്ലോകങ്ങളിൽ നിന്നാണ്.

പ്രാണായാമം: ഇന്ന് ലോകം മുഴുവൻ ആരോഗ്യം നിലനിർത്താൻ ശുപാർശ ചെയ്യുന്ന ഒരു യോഗാസനമാണ് പ്രാണായാമം. ഇതിൽ ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലെന്നു മാത്രമല്ല എല്ലാ നവീന ചികിത്സാ സമ്പ്രദായത്തിലും സ്വീകാര്യമായിട്ടുള്ളതും കൂടിയാണ്. ശുദ്ധവായു ധാരാളമായി കിട്ടുന്ന സ്ഥലത്ത് കിഴക്കോ വടക്കൊ നോക്കി ചമ്പ്രം പടഞ്ഞിരുന്നുകൊണ്ട് ഒരു നാസാദ്വാരത്തിലൂടെ വായു ഉൾക്കോണ്ട് 64 മാത്രനേരം ശ്വാസകോശങ്ങളിൽ നിർത്തിയിട്ട് 32 മാത്രകൊണ്ട് അതേ നസാദ്വാരത്തിൽക്കൂടി വായു പുറത്തു വിടുന്നു. ഇതു ഒരു തവണ പത്തു പ്രാവശ്യമെങ്കിലും ആവർത്തിക്കണം.

പ്രത്യാഹാരം: മനസ്സിനെ പ്രത്യാഹരിക്കുക. അതായത് ലൗകീക വിഷയങ്ങളിൽ നിന്ന്  മനസ്സിനെ പിന്തിരിപ്പിക്കുക.

ജ്ഞാനപ്പാന

ശ്രീകൃഷ്ണജയന്തി പ്രമാണിച്ച് ശ്രീകൃഷ്ണന്റെ പരമ ഭക്തനായ പൂന്താനം നമ്പൂതിരിയുടെ “ജ്ഞാനപ്പാന” യിൽ നിന്നും ഏതാനും ചില വരികൾ:-

കൃഷ്ണ!   കൃഷ്ണാ! മുകുന്ദാ ജനാർദ്ദനാ

കൃഷ്ണ! ഗോവിന്ദ നാരായണാ ഹരേ!

അച്യുതാനന്ദ ഗോവിന്ദ മാധവാ!

സച്ചിതാനന്ദ നരായണാ ഹരേ!

ഗുരുനാഥൻ തുണ ചെയ്ക സന്തതം

തിരുനാമങ്ങൾ നാവിന്മേലെപ്പൊഴും

പിരിയാതെയിരിക്കണം നമ്മുടെ

നരജന്മം സപലമാക്കീടുവാൻ.

ഇന്നലെയെന്നോളമെന്തെന്നറിഞ്ഞീലാ-

യിനി നാളെയുമെന്തെന്നറിഞ്ഞീലാ

ഇന്നിക്കണ്ട തടിക്കു വിനാശവു-

മിന്ന നേരമെന്നേതുമറിഞ്ഞീലാ.

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ

കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ,

രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.

മാളികമുകളിലേറിയ മന്നന്റെ

തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ !

*****************************

സ്ഥാനമാനങ്ങൾ ചിന്തിച്ചു ചിന്തിച്ചു

നാണം കെട്ടു നടക്കുന്നിതു ചിലർ!

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതികെട്ടു നടക്കുന്നിതു ചിലർ!

************************

അർഥമെത്ര വളരെയുണ്ടായാലും

തൃപ്തിയാകാ മനസ്സിനൊരു കാലം,

പത്തുകിട്ടിയാൽ നൂറുമതിയെന്നും

ശതമാകിൽ സഹസ്രം മതിയെന്നും

ആയിരം പണം കയ്യിലുണ്ടാകുമ്പോൾ

ആയുതമാകിലാശ്ചര്യമെന്നതും,

ആശയായുള്ള പാശമതിങ്കേന്നു

വേർവിടാതെ കരേറുന്നു മേൽക്കുമേൽ.

**************************

വിദ്യകൊണ്ടറിയേണ്ടതറിയാതെ

വിദ്വാനെന്നു നടിക്കുന്നിതു ചിലർ.

കുങ്കുമത്തിന്റെ ഗന്ധമറിയാതെ

കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം1.

*********************(1.കഴുത)

കൂടിയല്ല പിറക്കുന്ന നേരത്ത്

കൂടിയല്ല മരിക്കുന്ന നേരത്ത്

മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്

മത്സരിക്കുന്നതെന്തിനു നാം വൃഥാ!

***************************

ഉണ്ണികൃഷ്ണൻ മനസ്സിൽക്കളിക്കുമ്പോൾ

ഉണ്ണികൾ മറ്റു വേണമോ മക്കളായ്?

****************************

പിഴയുണ്ടെങ്കിലും പിഴകേടെന്നാകിലും

തിരുവുള്ളമരുൾക ഭഗവാനേ!

വായസീവിദ്യ

പരിചയമില്ലാത്ത ആളായിരുന്നു ആ വന്നത്.

“നിങ്ങളാരാ?”

“ഞാനൊരു വിദ്വാനാണ്.”

അപ്പോ ആ ഫോൺ വിളിച്ചത്?

“ഞാൻ തന്നെ.”

”എന്താ പേർ?” ഞാൻ ചോദിച്ചു.

“പുണ്ടരീകാക്ഷൻ…”

നമ്പൂതിരിയാണല്ലേ? ഞാൻ കൂട്ടിച്ചേർത്തു.

എവിടുന്നാ…?

കണ്ണൂരിന്നാ…

എന്താ കാര്യം?

നിങ്ങൾ മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ ഭാഷ പഠിക്കാൻ താല്പര്യപ്പെടുന്നുവെന്ന് അറിഞ്ഞു. എനിക്ക് വായസീവിദ്യ നന്നായറിയാം. നിങ്ങൾക്കിഷ്ടമാണെങ്കിൽ ഞാൻ പഠിപ്പിക്കാം.

മനസ്സിലായില്ല! അതെ കാക വിദ്യ…കാക്കയുടെ സംസാര ഭാഷ, അതാണ് വായസീ വിദ്യയെന്നു ഞാൻ പറഞ്ഞത്.

“ഉവ്വോ…? എന്നാൽ ശരി. വരൂ. ഉടനെതന്നെ ആരംഭിച്ചോളൂ.”

ക കക കകക്ക കഗക കഹക ഹക…ഗഗ….ഗഗക്കऽ…

വിദ്വാൻ ദക്ഷിണയും വാങ്ങി യാത്ര പറഞ്ഞു. 

ഉടനെ തന്നെ ഒന്നു പരീക്ഷിച്ചു കളയാം. മച്ചിനു മുകളിൽ പോയി. കാക്കകൾ എവിടെയെങ്കിലുമുണ്ടൊ ?

വളരെ പാത്തും പതുങ്ങിയും വാതായനങ്ങളുടെ മറവിൽ സ്ഥലം പിടിച്ചു.പതിവായി വരാരുള്ള കാക്കസ്ഥാനങ്ങളിൽ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നു. നേരം പരപരാ പത്തുമണിയായി. താ…ണ്ടെ ഒരു പറ്റം കാകന്മാർ വന്നു. ബൈടെക് ആരംഭിച്ചു.

photo

കാകഭാഷയിൽ

“നമസ്തെജി…!” അവസാനം വന്നിരുന്ന ആ തടിയൻ കാക്കയോടായി മറ്റു കാക്കകൾ അഭിസംഭോദന ചെയ്തു.

“ജി എന്നോ 2ജി എന്നൊ മറ്റൊ ശബ്ദിച്ചു പോകരുത്. കോടതി അലക്ഷ്യത്തിന് ശിക്ഷ കിട്ടും.”

“സാ…ർ” അങ്ങിനെ വരട്ടെ!

“സാർ ഇന്നത്തെ ഈ സ്പെഷൽ മീറ്റിങിന്റെ ആവശ്യം എന്താണെന്ന് മനസ്സിലായില്ല.”

ഗഹ…ക…ഗ…ഹക്ക കക…ഹ… ലീഡറുടെ സംസാരം മനസ്സിലാക്കാൻ കുറച്ചു പ്രയാസമായി. ഞാൻ മൻസ്സിലാക്കിയത് കൽക്കരിക്കും കാക്കകൾക്കും എന്തോ ഒരു പ്രശ്നമുണ്ട് എന്നാണ്.  ഒരു പക്ഷെ ഇവന്മാരൊക്കെ നമ്മുടെ രാഷ്ട്രീയക്കാരുടെ ദല്ലാളുകളാണോ?  നമ്മുടെ കൽക്കരി കുമ്പകോണം കാക്കക്കും നന്നായി അറിയാം എന്നു തോന്നുന്നു.

സംശയനിവൃത്തി വരുത്താമോ എന്നാലോചിക്കുന്നതിനിടയിൽ ഒരു കാക്ക പറയുന്നു അതാ അവിടെ ഒരു  ചാരൻ  നിൽപ്പുണ്ട്. നമ്മളുടെ സംഭാഷണം ചോർത്താൻ വന്നിരിക്കുകയാ. ഇത്രയും പറഞ്ഞപ്പോഴേക്കും താഴെനിന്നും വാഹനത്തിന്റെ ശബ്ദം. സമയം പോയതറിഞ്ഞില്ല. പത്തുമണിക്കുള്ള ആഫീസിൽ പന്ത്രണ്ടു മണിക്കെങ്കിലും ചെല്ലണ്ടേ? എന്റെ ബന്ധപ്പാടിൽ ജനൽ കതക് തലക്കിടിച്ചു. ശബ്ദം കേൾക്കേണ്ട താമസം കാക്കകൾ ബഹളം വെച്ച് പറന്നു പോയി.

പോകുമ്പോൾ ശകാരവർഷം. ഒന്നിനു പുറകെ ഒന്നായിട്ട്. എന്റെ ഭഗവാനെ…! ഇത്രയും മോശം വാക്കുകൾ കാക്കക്കെവിടുന്നു കിട്ടി…? അസ്സൽ മലയാളം…! കാകഭാഷയിൽ തിരിച്ചടിക്കാൻ പറ്റിയ വാക്കുകൾ എനിക്ക് വശമില്ലാതെ പോയല്ലോ എന്ന് സങ്കടപ്പെട്ടു.