വായസീവിദ്യ

പരിചയമില്ലാത്ത ആളായിരുന്നു ആ വന്നത്.

“നിങ്ങളാരാ?”

“ഞാനൊരു വിദ്വാനാണ്.”

അപ്പോ ആ ഫോൺ വിളിച്ചത്?

“ഞാൻ തന്നെ.”

”എന്താ പേർ?” ഞാൻ ചോദിച്ചു.

“പുണ്ടരീകാക്ഷൻ…”

നമ്പൂതിരിയാണല്ലേ? ഞാൻ കൂട്ടിച്ചേർത്തു.

എവിടുന്നാ…?

കണ്ണൂരിന്നാ…

എന്താ കാര്യം?

നിങ്ങൾ മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ ഭാഷ പഠിക്കാൻ താല്പര്യപ്പെടുന്നുവെന്ന് അറിഞ്ഞു. എനിക്ക് വായസീവിദ്യ നന്നായറിയാം. നിങ്ങൾക്കിഷ്ടമാണെങ്കിൽ ഞാൻ പഠിപ്പിക്കാം.

മനസ്സിലായില്ല! അതെ കാക വിദ്യ…കാക്കയുടെ സംസാര ഭാഷ, അതാണ് വായസീ വിദ്യയെന്നു ഞാൻ പറഞ്ഞത്.

“ഉവ്വോ…? എന്നാൽ ശരി. വരൂ. ഉടനെതന്നെ ആരംഭിച്ചോളൂ.”

ക കക കകക്ക കഗക കഹക ഹക…ഗഗ….ഗഗക്കऽ…

വിദ്വാൻ ദക്ഷിണയും വാങ്ങി യാത്ര പറഞ്ഞു. 

ഉടനെ തന്നെ ഒന്നു പരീക്ഷിച്ചു കളയാം. മച്ചിനു മുകളിൽ പോയി. കാക്കകൾ എവിടെയെങ്കിലുമുണ്ടൊ ?

വളരെ പാത്തും പതുങ്ങിയും വാതായനങ്ങളുടെ മറവിൽ സ്ഥലം പിടിച്ചു.പതിവായി വരാരുള്ള കാക്കസ്ഥാനങ്ങളിൽ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നു. നേരം പരപരാ പത്തുമണിയായി. താ…ണ്ടെ ഒരു പറ്റം കാകന്മാർ വന്നു. ബൈടെക് ആരംഭിച്ചു.

photo

കാകഭാഷയിൽ

“നമസ്തെജി…!” അവസാനം വന്നിരുന്ന ആ തടിയൻ കാക്കയോടായി മറ്റു കാക്കകൾ അഭിസംഭോദന ചെയ്തു.

“ജി എന്നോ 2ജി എന്നൊ മറ്റൊ ശബ്ദിച്ചു പോകരുത്. കോടതി അലക്ഷ്യത്തിന് ശിക്ഷ കിട്ടും.”

“സാ…ർ” അങ്ങിനെ വരട്ടെ!

“സാർ ഇന്നത്തെ ഈ സ്പെഷൽ മീറ്റിങിന്റെ ആവശ്യം എന്താണെന്ന് മനസ്സിലായില്ല.”

ഗഹ…ക…ഗ…ഹക്ക കക…ഹ… ലീഡറുടെ സംസാരം മനസ്സിലാക്കാൻ കുറച്ചു പ്രയാസമായി. ഞാൻ മൻസ്സിലാക്കിയത് കൽക്കരിക്കും കാക്കകൾക്കും എന്തോ ഒരു പ്രശ്നമുണ്ട് എന്നാണ്.  ഒരു പക്ഷെ ഇവന്മാരൊക്കെ നമ്മുടെ രാഷ്ട്രീയക്കാരുടെ ദല്ലാളുകളാണോ?  നമ്മുടെ കൽക്കരി കുമ്പകോണം കാക്കക്കും നന്നായി അറിയാം എന്നു തോന്നുന്നു.

സംശയനിവൃത്തി വരുത്താമോ എന്നാലോചിക്കുന്നതിനിടയിൽ ഒരു കാക്ക പറയുന്നു അതാ അവിടെ ഒരു  ചാരൻ  നിൽപ്പുണ്ട്. നമ്മളുടെ സംഭാഷണം ചോർത്താൻ വന്നിരിക്കുകയാ. ഇത്രയും പറഞ്ഞപ്പോഴേക്കും താഴെനിന്നും വാഹനത്തിന്റെ ശബ്ദം. സമയം പോയതറിഞ്ഞില്ല. പത്തുമണിക്കുള്ള ആഫീസിൽ പന്ത്രണ്ടു മണിക്കെങ്കിലും ചെല്ലണ്ടേ? എന്റെ ബന്ധപ്പാടിൽ ജനൽ കതക് തലക്കിടിച്ചു. ശബ്ദം കേൾക്കേണ്ട താമസം കാക്കകൾ ബഹളം വെച്ച് പറന്നു പോയി.

പോകുമ്പോൾ ശകാരവർഷം. ഒന്നിനു പുറകെ ഒന്നായിട്ട്. എന്റെ ഭഗവാനെ…! ഇത്രയും മോശം വാക്കുകൾ കാക്കക്കെവിടുന്നു കിട്ടി…? അസ്സൽ മലയാളം…! കാകഭാഷയിൽ തിരിച്ചടിക്കാൻ പറ്റിയ വാക്കുകൾ എനിക്ക് വശമില്ലാതെ പോയല്ലോ എന്ന് സങ്കടപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല: