ശ്രീഹര്യഷ്ടകം

 

 ശ്രീഹര്യഷ്ടകം

ജഗജ്ജാലപാലം കനത്കണ്ഠമാലം
ശരച്ചന്ദ്രഫാലം മഹാദൈത്യകാലം
തമോനീലകായം ദുരാവാരമായം
സുപദ്‌മാസഹായം ഭജേഽഹം ഭജേഽഹം.

സദാംഭോധിവാസം ഗളേ പുഷ്പഹാസം
ജഗത്‌സന്നിവാസം ശതാദിത്യഭാസം
ഗദാചക്രഹസ്തം ലസത്പീതവസ്ത്രം
ഹസച്ചാരുവക്ത്രം ഭജേഽഹം ഭജേഽഹം

രമാകണ്ഠഹാരം ശ്രുതിവ്രാതസാരം
ജലാന്തർവ്വിഹാരം ധരാഭാരഹാരം
ചിദാനന്ദരൂപം മനോജ്ഞസ്വരൂപം
ധൃതാനേകരൂപം ഭജേഽഹം ഭജേഽഹം.

ജരാജന്മഹീനം പരാനന്ദപീനം
സമാധാനലീനം സദൈവാനവീനം
ജഗജ്ജന്മഹേതും സുരാനീകകേതും
ത്രിലോകൈകസേതും ഭജേഽഹം ഭജേഽഹം.

കൃതാമ്‌നായഗാനം ഖഗാധീശ യാനം
വിമുക്തേർന്നിദാനം ഹതാരാതിമാനം
സ്വഭക്താനുകൂലം ജഗദ്‌വൃക്ഷമൂലം
നിരസ്താർത്തശൂലം ഭജേഽഹം ഭജേഽഹം.

സമസ്താമരേശം ദ്വിരേഫാഭകേശം
ജഗദ്ബിംബലേശം ഹൃദാകാശദേശം
സദാ ദിവ്യദേഹം വിമുക്താഖിലേഹം
സുവൈകുണ്ഠഗേഹം ഭജേഽഹം ഭജേഽഹം.

സുരാളീബലിഷ്ഠം ത്രിലോകീവരിഷ്ഠം
ഗുരൂണാം ഗരിഷ്ഠം സ്വരൂപൈകനിഷ്ഠം
സദാ യുദ്ധധീരം മഹാവീരധീരം
ഭവാംഭോധിതീരം ഭജേഽഹം ഭജേഽഹം.

രമാവാമഭാഗം തലാഭഗ്നനാഗം
കൃതാധീനയാഗം ഗതാരാഗരാഗം
മുനീന്ദ്രൈസ്സുഗീതം സുരൈസ്സം‌പരീതം
ഗുണൗഘൈരതീതം ഭജേഽഹം ഭജേഽഹം.

ഫലശ്രുതി 

ഇദം യസ്തു നിത്യം സമാധായ ചിത്തം
പഠേദഷ്ടകം കഷ്ടഹാരം മുരാരേഃ
സ വിഷ്ണോർവ്വിശോകം ധ്രുവം യാതി ലോകം
ജരാജന്മശോകം പുനർവ്വിന്ദതേ നോ.

ഓം നമോ നാരായണ 🙏


കർക്കിടകമാസത്തിൽ രാമായണം വായിക്കുന്നതെന്തിന് ?

 1196 കർക്കിടകം ഒന്ന് ( ജൂലൈ 17, 2021) ; രാമായണമാസാരംഭം 💥

🕉 എല്ലാഭക്തജനങ്ങൾക്കും രാമായണമാസാശംസകൾ 🙏

കർക്കിടകമാസത്തിൽ രാമായണം വായിക്കുന്നതെന്തിന് ?

നാം ചെയ്തുകൊണ്ടിരിക്കുന്ന പലകാര്യങ്ങളുടെയും അർഥം നാം ചിന്തിക്കാറില്ലെന്നത് ഏറെ സങ്കടകരമായ ഒരു കാര്യമാണ്. രാമായണത്തിന്റെ കാര്യം തന്നെ നമുക്കെടുത്തു പരിശോധിച്ചു നോക്കാം. യഥാർത്ഥത്തിൽ നമ്മുടെ നാട്ടിൽ ഏറ്റവും പ്രചാരമുള്ള ചടങ്ങാണീ കർക്കിടകമാസത്തിലെ രാമായണം പാരായണം. എന്തിനാണ് കർക്കിടക മാസത്തിൽതന്നെ രാമായണം വായിക്കുന്നത്? ചോദ്യം ഉതിർക്കുമ്പോൾ തകർന്നു വീഴുന്നതാകരുത് നമ്മുടെ സംസ്കാരം. ഒട്ടേറെ ശാസ്ത്രീയാവശങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ് രാമായണം. രാമായണത്തെ ആദികാവ്യമെന്നാണ് പറയുന്നത്. ആദിദൈവീകം, ആധ്യാത്മികം, ആധിഭൗതികം എന്നിങ്ങനെ മൂന്നുതരത്തിൽ അർഥം പറയുന്ന രാമായണത്തെ അർത്ഥങ്ങൾക്കൊന്നും ഒരുകോട്ടവും പറ്റാതെ ഏറ്റവും ചേതോഹരമായി അവതരിപ്പിക്കാൻ വാത്മീകി മഹർഷിക്ക് കഴിഞ്ഞു.
-
രാമന്റെ  - അഥവാ സൂര്യന്റെ ഈ അയനം (യാത്ര) ആണ് രാമായണം എന്ന് അറിയപ്പെടുന്നത്. രാമായണത്തിൽ മുഴുവൻ രാമൻ കാണുന്ന വിവിധങ്ങളായ ആശ്രമങ്ങളും ഗിരിനിരകളും പർവ്വതശിഖരങ്ങളും താഴ്വരകളുമൊക്കെയുണ്ട്. ഇതെല്ലം സൂര്യനായ രാമന്റെ യാത്രയിൽ കാണുന്ന ദൃശ്യങ്ങളാണ്.

രാമന്റെ കൂടെ ദക്ഷിണായനത്തിൽ എപ്പോഴും കൂടെയുള്ളത് ലക്ഷ്മണനാണ്. സൂര്യന്റെ ഒപ്പമാണ് കർക്കിടകമാസത്തിൽ ചന്ദ്രനുണ്ടാവുക. ഇവിടെ ലക്ഷ്മണൻ ചന്ദ്രൻ തന്നെയാണ്. ഒടുവിൽ കാറ്റിന്റെ സഹായത്താൽ രാമനായ സൂര്യൻ മേഘങ്ങളോട് ജയിക്കുമ്പോൾ മഴപെയ്ത് മാനം തെളിയുന്നു. അപ്പോൾ ഒട്ടും ഭീഷണി സൃഷ്ടിക്കാത്ത വെളുത്ത മേഘങ്ങൾ ആകാശത്തു പ്രത്യക്ഷപ്പെടുന്നു. അതായത് ലങ്കയുടെ ആകാശത്തിൽ ഭരണം വിഭീഷണാനാകുന്നു എന്നർഥം. ഭീഷണി സൃഷ്ടിക്കാത്ത മേഘങ്ങളുടെ കൈകളിലാകുന്ന ആകാശമെന്ന് സാരം.

ദക്ഷിണായനത്തിൽ സൂര്യനും ചന്ദ്രനും ഒരുമിച്ച് ഉദിക്കുന്നതിനാൽ ചന്ദ്രൻ നേരത്തെ അസ്തമിക്കും. ആ ചന്ദ്രൻ സരയൂ നദിയുടെ പശ്ചിമഘട്ടത്തിലാണ് അസ്തമിക്കുക. 'സരയു' എന്ന വാക്കിനർഥം സരിത്തുക്കളുടെ വ്യൂഹം എന്നാണ്. സരിത്തുക്കൾ എന്നാൽ നദികളെന്നർഥം. അവയുടെ യൂഥം എന്നാൽ കൂട്ടം. നദികളുടെ കൂട്ടം സമുദ്രമാണ്. അതിന്റെ പശ്ചിമഘട്ടമെന്നാൽ അറേബ്യൻ സമുദ്രമെന്നർഥം. അറബിക്കടലിലാണല്ലോ ചന്ദ്രൻ ആദ്യം അസ്തമിക്കുക. പിന്നീട് സൂര്യനും ഇവിടെത്തന്നെ അസ്തമിക്കും.

ആദ്ധ്യാത്മികമായ അർഥത്തിൽ 'രാമൻ' വിഷ്ണുവിന്റെ അവതാരം തന്നെ. നാലുപാടും വ്യാപിപ്പിക്കുന്ന സർവപ്രകാശനയസൂര്യൻ ഈശ്വരൻ തന്നെയാണ്. സാധകന്റെ മനസിനെ പ്രതിനിധീകരിക്കുന്നതാണ് ലക്ഷ്മണൻ. യൗവനമാകുന്ന വനത്തിലാണ് രാമൻ 14 വർഷം താമസിച്ചത്. സീത ജീവാത്മാവുതന്നെ. ഇങ്ങനെ ജീവാത്മാവ് - പ്രകൃതി - ഈശ്വരൻ എന്നീ മൂന്നു തത്വങ്ങളും നമുക്ക് രാമായണത്തിൽ കാണാം. രാമായണതത്വത്തിൽ ആദ്ധ്യാത്മികമായ അർഥവും നമുക്ക് കാണാൻ സാധിക്കും.

ഇങ്ങനെ മൂന്നർത്ഥങ്ങളും സുന്ദരമായ ഒരുകഥയും രാമായണത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ഇതുകൊണ്ടാണ് രാമായണം ആദി കാവ്യമാകുന്നത്. ദക്ഷിണായനത്തിന്റെ ആരംഭമായതിനാലാണ് ഈ രാമായണം കർക്കിടകമാസത്തിൽ വായിക്കുന്നത്. ഇതിനു വേണ്ടി എഴുത്തച്ഛൻ ആദ്ധ്യാത്മരാമായണം രചിക്കുകയും ചെയ്തു. ആദ്ധ്യാത്മരാമായണത്തിൽ തന്നെയുള്ള ചില പ്രയോഗങ്ങൾ എഴുത്തച്ഛൻ ഈ മൂന്ന് അർത്ഥതലങ്ങളെയും ഉൾക്കൊണ്ടിരുന്നു എന്നതിന്റെ തെളിവാണ് രാമനെ ഒരിടത്ത് രാജീവലോചനൻ എന്ന് വിശേഷിപ്പിച്ചത്. രാജീവം എന്നാൽ താമര, ലോചനം എന്നാൽ കണ്ണ്. താമരയുടെ കണ്ണ് സൂര്യനെ ആശ്രയിച്ചാണ്. രാമനെ താമരക്കണ്ണനാക്കിയ എഴുത്തച്ഛൻ ആധിദൈവീകമായ രാമൻ സൂര്യനാണെന്ന് തിരിച്ചറിഞ്ഞിരിക്കണം.

Curtesy Sri AcharySri Rajesh/AravindNair

സുഭാഷിതം-മൂർഖസ്തു...

 


"മൂർഖസ്തു പരിഹര്‍ത്തവ്യ

പ്രത്യക്ഷേ ദ്വിപദഃ പശുഃ

ഭിന്നന്തി വാക്ശല്യേന

അദൃഷ്ടഃ കണ്ടകോ യഥാ!"

സാരം

അവിവേകിയായ (മൂഢനായ) ഒരാളെ ഒഴിവാക്കേണ്ടതാണ്. എന്തെന്നാൽ അയാൾ രണ്ടുകാലുള്ള മൃഗമാണ്. അദൃശ്യമായ മുള്ളുപോലെ അയാൾ നമ്മെ കുത്തുവാക്കുകൾ കൊണ്ട് മുറിവേല്പിക്കും.

ഇരുകാലി മൂര്‍ഖന്‍‌മാരെ രൂപം കൊണ്ട് തിരിച്ചറിയാന്‍ പ്രയാസമാണ്! സഹജീവികളെ  കുത്തി വേദനിപ്പിക്കുന്ന സംസാരം പ്രവർത്തി എന്നിവകൊണ്ടേ തിരിച്ചറിയാനാവൂ.

അഹംബ്രഹ്മാസ്മി!


 മഹാഭാരതം അവതരിപ്പിച്ച നാല് വേദവാക്യങ്ങളുണ്ട്. 

അഹംബ്രഹ്മാസ്മി

അയമാത്മബ്രഹ്മ

പ്രജ്ഞാനം ബ്രഹ്മ

തത്ത്വമസി. 

ഈ നാലു മഹത് വാക്യങ്ങളിൽ നമുക്ക് ഏറെ പരിചയം ''തത്ത്വമസി" മഹാവാക്യം തന്നെയായിരിക്കും. തത്ത്വമസി ഒരു ഉപദേശവാക്യമാണ്. സത്യത്തെ അനുഭവിച്ച ഗുരു തന്റെ ശിഷ്യനു ഉപദേശിക്കുന്നതാണ് തത്ത്വമസി. അഹംബ്രഹ്മാസ്മി എന്നു ബോധ്യപ്പെട്ട ഗുരു ശിഷ്യനു ഉപദേശിക്കുന്ന മഹാവാക്യമാണ് തത്ത്വമസി.

മഹാവാക്യങ്ങളിൽവെച്ച് ഏറ്റവും ലളിതവും അതുപോലെ ഗഹനവുമായ അർത്ഥതലങ്ങളുള്ള വാക്യമാണ് തത്ത്വമസി. നമ്മളിൽ പലരും ശബരിമലയിലോ അയ്യപ്പക്ഷേത്രങ്ങളിലൊ മാത്രമേ കണ്ടിട്ടുള്ളു. യഥാർത്ഥത്തിൽ എല്ലാക്ഷേത്രങ്ങളിലും എഴുതിവെയ്ക്കേണ്ടുന്നതാണ് തത്ത്വമസി. ഭഗവാനും ഭക്തനും ഒന്നാണ് എന്നതാണ് പൊരുൾ.

 തത്ത്വമസി മഹാവാക്യത്തിന്റെ ഗഹനമായ ചർച്ച ഛാന്ദോഗ്യോപനിഷത്ത് ആറാം അദ്ധ്യായത്തിൽ പിതാവായ ഉദ്ദാലകൻ സ്വപുത്രനായ ശ്വേതകേതുവിന് ഉപദേശിക്കുന്നതാണ് . അത് നീ ആകുന്നു എന്ന് സാമാന്യ അർത്ഥം, എന്നാൽ ഇവിടെ മറ്റൊരു ചോദ്യമുണ്ടാകുന്നുണ്ട് " ഏത് ഞാൻ ആകുന്നു ? ". അപ്പോൾ അത് എന്താണെന്ന് അറിഞ്ഞ ഒരാൾക്ക് മാത്രമാണ് 'അത് ' നീയാണ് എന്നു പറയുവാൻ സാധിക്കൂ, അതായത് സത്യം സാക്ഷാത്ക്കരിച്ചവന് മാത്രമാണ് സത്യം എന്തെന്ന് അറിയുവാൻ കഴിയു. അപ്പോൾ അയാൾക്ക് മാത്രമാണ് അത് തന്നെയാണ് നീ എന്നു പറയുവാൻ കഴിയു.

 ഇതാണ് അന്വേഷണത്തിന്റെ രീതി. ഛാന്ദോഗ്യോപനിഷത്ത് പ്രമാണമാക്കിയാണ് നാം തത്ത്വമസിയുടെ പൊരുൾ തേടുന്നത്. അന്വേഷിക്കുന്നവനു മാത്രമാണ് കണ്ടെത്തുവാൻ സാധിക്കൂ.

🔔🔔🔔

A Krishna Prayer -Malayalam

 


കരിമുകിൽ വർണ്ണന്റെ തിരുവുടലെന്നുടെ

അരികിൽ വന്നെപ്പോഴും കാണാകേണം


കാലിൽ ചിലമ്പും കിലുക്കി നടക്കുന്ന

ബാലഗോപാലനെ കാണാകേണം


കിങ്ങിണിയും വള മോതിരവും ചാർത്തി

ഭംഗിയോടെന്നെന്നും കാണാകേണം


കീർത്തിയേറീടും ഗുരുവായൂർ വാഴുന്നോ-

രാർത്തിഹരൻ തന്നെ കാണാകേണം


കുഞ്ഞിക്കൈ രണ്ടിലും വെണ്ണ കൊടുത്തമ്മ

രഞ്ജിപ്പിക്കുന്നതും കാണാകേണം


കൂത്താടീടും പശുക്കുട്ടികളുമായി-

ട്ടൊത്തു കളിപ്പതും കാണാകേണം


കെട്ടു കെട്ടീടുമുരലും വലിച്ചങ്ങു

മുട്ടുകുത്തുന്നതും കാണാകേണം


കേകികളേപ്പോലെ നൃത്തമാടീടുന്ന

കേശവപ്പൈതലെ കാണാകേണം


കൈകളിൽ ചന്ദ്രനെ മെല്ലെ വരുത്തിയ

കൈതവമൂർത്തിയെ കാണാകേണം


കൊഞ്ചിക്കൊണ്ടോരോരോ വാക്കരുളീടുന്ന

ചഞ്ചല നേത്രനെ കാണാകേണം


കോലും കുഴലുമെടുത്തു വനത്തിൽ പോയ്

കാലി മേയ്ക്കുന്നതും കാണാകേണം


കൗതുകമേറുന്നോരുണ്ണിശ്രീകൃഷ്ണന്റെ

ചേതോഹരരൂപം കാണാകേണം


കംസസഹോദരി തന്നിൽ പിറന്നൊരു

വാസുദേവൻ തന്നെ കാണാകേണം


കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ

കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ.

***

ദേവതയും ഈശ്വരനും

 ദേവതയും ഈശ്വരനും

 ദേവതയും ഈശ്വരനും തമ്മിലുള്ള വ്യത്യാസം എന്താണ് ?

ഈ വിഷയം അത്യന്തം സൂക്ഷമാണ്. അനുഭവത്തിൻ്റെ വെളിച്ചത്തിൽ അറിയേണ്ട വസ്തുതയാണ്. ഈശ്വരൻ സൃഷ്ടിക്കാവശ്യമാണ്. സർവവ്യാപകനും സർവശക്തിമാനും സർവജ്ഞനുമാണ്. അവൻ പൂർണ്ണ ചൈതന്യമാണ്. അനാദിയും അനന്തനും, ന്യായകാരിയും അനശ്വരനും, അനുപമനും ദയാലുവും ജനിക്കാത്തവനും അദ്വൈതവുമാണ്.

ഈശ്വരനിൽ എല്ലാ ദേവതകളും കുടിയിരിക്കുന്നു. കണ്ണും കണ്ണിൻ്റെ ദേവതയായ കാഴ്ചയും അതിൻ്റെ ഉറവിടമായ സൂര്യനും സൂര്യൻ്റെ ദേവതയായ പ്രകാശവും, വൈവും, അഗ്നിയും, ആദിത്യനും, രശ്മിയും എല്ലാം ഈശ്വരനിൽ കുടിയിരിക്കുന്നു. ഇതിൻ്റെ അർഥം ലളിതം - കണ്ണും കാഴ്ചശക്തിയും ഈശ്വരനല്ലാത്തതുപോലെ സൂര്യനും പ്രകാശവും രശ്മിയും ഒന്നും തന്നെ ഈശ്വരനല്ല. ആ ഈശ്വരനെ സൂര്യൻ പ്രകാശിപ്പിക്കുന്നില്ല. ചന്ദ്രനും പ്രകാശിപ്പിക്കുന്നില്ല. ഈശ്വരൻ്റെ പ്രകാശത്തെ പിൻതുടർന്നാണ് സൂര്യൻ പ്രകാശിക്കുന്നത് എന്ന് ഉപനിഷത്ത്.

കണ്ണിനു കാഴ്ച നൽകുന്ന, കണ്ണിനും കണ്ണായ പൊരുളായ കണ്ണനെ കാണാൻ കണ്ണടക്കണമെന്ന് ആചാര്യന്മാർ. രൂപത്തിന് കണ്ണുമായാണ് ബന്ധം. കണ്ണടച്ചാൽ കാണുന്ന കാഴ്ചക്ക് കണ്ണുമായും രൂപവുമായും എങ്ങനെയാണ് ബന്ധമുണ്ടാവുക? അത് രസമാണ്, അനുഭൂതിയാണ്.

ഒരു വസ്തുവിന് രൂപമുണ്ട്. ശരീരമുണ്ട് എന്നു പറയുമ്പോൾ അതിന് നിലനിൽക്കുവാൻ ഒരിടം വേണം എന്ന് അർത്ഥം. ഒരിടത്ത് ആ വസ്തു അല്ലങ്കിൽ പദാർത്ഥം ഉണ്ട് എന്നതിനർത്ഥം മറ്റിടങ്ങളിൽ അതില്ല എന്നു കൂടിയാണ്. ഈശ്വരൻ ഏകദേശിയല്ല, സർവവ്യാപിയാണ്. ഈശ്വൻ പ്രപഞ്ചത്തിലല്ല, പ്രപഞ്ചം ഈശ്വരനിലാണ് കുടികൊള്ളുന്നത്.

ദ്വാവിമൗ പുരുഷൗ ലോകേ ക്ഷരഞ്ചാക്ഷരാ ഏവ ച
ക്ഷരം (നശിക്കുന്നത്) എന്നും അക്ഷരം (നശിക്കാത്തത്) എന്നും രണ്ടു വിധമുണ്ട്.

'ക്ഷരഃ സർവാണി ഭൂതാനി കൂടസ്ഥോ/ക്ഷര ഉച്യതേ'

ശരീരം ക്ഷരവും ചേതനം അക്ഷരവുമാകുന്നു. പിറക്കാനുള്ള ശരീരങ്ങൾപോലും പുരഷനാണ് എന്നു ഗീത. ജനന മരണങ്ങളില്ലാത്ത ഈശ്വരൻ ജനിക്കുന്നു എന്നല്ല ഈ പറഞ്ഞതിനർഥം എൻ മനസ്സിലാക്കുക. ഇതിനെല്ലാം പുറമെ വേദം തന്നെ പറയുന്നു ഈശ്വരന് ശരീരമില്ല എന്ന്. 'ശരീരമില്ല, വൃണങ്ങളില്ല, നാഡീഞരമ്പുകളില്ല' ( യജുർവേദം 40.8).

മുണ്ഡകോപനിഷത്തിൽ ഒരിടത്തിങ്ങനെ കാണാം. 'അഗ്നിയാണ് അവൻ്റെ ശിരസ്സ്, സൂര്യചന്ദ്രന്മാർ കണ്ണുകൾ, ദിക്കുകളാണു് അവൻ്റെ ചെവി, വേദമാണ് അവൻ്റെ വാക്ക് '. ആധ്യാത്മിക വിദ്യ ഗുരുക്കമാരുടെ കീഴിലിരുന്ന്  സ്വായത്തമാക്കേണ്ടതാണെന്നു് ഇങ്ങനെ പല ഉദാഹരണങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നു.
(കടപ്പാട്: ആചാര്യശ്രീ രാജേഷ്., curtesy : AN)