കർക്കിടകമാസത്തിൽ രാമായണം വായിക്കുന്നതെന്തിന് ?

 1196 കർക്കിടകം ഒന്ന് ( ജൂലൈ 17, 2021) ; രാമായണമാസാരംഭം 💥

🕉 എല്ലാഭക്തജനങ്ങൾക്കും രാമായണമാസാശംസകൾ 🙏

കർക്കിടകമാസത്തിൽ രാമായണം വായിക്കുന്നതെന്തിന് ?

നാം ചെയ്തുകൊണ്ടിരിക്കുന്ന പലകാര്യങ്ങളുടെയും അർഥം നാം ചിന്തിക്കാറില്ലെന്നത് ഏറെ സങ്കടകരമായ ഒരു കാര്യമാണ്. രാമായണത്തിന്റെ കാര്യം തന്നെ നമുക്കെടുത്തു പരിശോധിച്ചു നോക്കാം. യഥാർത്ഥത്തിൽ നമ്മുടെ നാട്ടിൽ ഏറ്റവും പ്രചാരമുള്ള ചടങ്ങാണീ കർക്കിടകമാസത്തിലെ രാമായണം പാരായണം. എന്തിനാണ് കർക്കിടക മാസത്തിൽതന്നെ രാമായണം വായിക്കുന്നത്? ചോദ്യം ഉതിർക്കുമ്പോൾ തകർന്നു വീഴുന്നതാകരുത് നമ്മുടെ സംസ്കാരം. ഒട്ടേറെ ശാസ്ത്രീയാവശങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ് രാമായണം. രാമായണത്തെ ആദികാവ്യമെന്നാണ് പറയുന്നത്. ആദിദൈവീകം, ആധ്യാത്മികം, ആധിഭൗതികം എന്നിങ്ങനെ മൂന്നുതരത്തിൽ അർഥം പറയുന്ന രാമായണത്തെ അർത്ഥങ്ങൾക്കൊന്നും ഒരുകോട്ടവും പറ്റാതെ ഏറ്റവും ചേതോഹരമായി അവതരിപ്പിക്കാൻ വാത്മീകി മഹർഷിക്ക് കഴിഞ്ഞു.
-
രാമന്റെ  - അഥവാ സൂര്യന്റെ ഈ അയനം (യാത്ര) ആണ് രാമായണം എന്ന് അറിയപ്പെടുന്നത്. രാമായണത്തിൽ മുഴുവൻ രാമൻ കാണുന്ന വിവിധങ്ങളായ ആശ്രമങ്ങളും ഗിരിനിരകളും പർവ്വതശിഖരങ്ങളും താഴ്വരകളുമൊക്കെയുണ്ട്. ഇതെല്ലം സൂര്യനായ രാമന്റെ യാത്രയിൽ കാണുന്ന ദൃശ്യങ്ങളാണ്.

രാമന്റെ കൂടെ ദക്ഷിണായനത്തിൽ എപ്പോഴും കൂടെയുള്ളത് ലക്ഷ്മണനാണ്. സൂര്യന്റെ ഒപ്പമാണ് കർക്കിടകമാസത്തിൽ ചന്ദ്രനുണ്ടാവുക. ഇവിടെ ലക്ഷ്മണൻ ചന്ദ്രൻ തന്നെയാണ്. ഒടുവിൽ കാറ്റിന്റെ സഹായത്താൽ രാമനായ സൂര്യൻ മേഘങ്ങളോട് ജയിക്കുമ്പോൾ മഴപെയ്ത് മാനം തെളിയുന്നു. അപ്പോൾ ഒട്ടും ഭീഷണി സൃഷ്ടിക്കാത്ത വെളുത്ത മേഘങ്ങൾ ആകാശത്തു പ്രത്യക്ഷപ്പെടുന്നു. അതായത് ലങ്കയുടെ ആകാശത്തിൽ ഭരണം വിഭീഷണാനാകുന്നു എന്നർഥം. ഭീഷണി സൃഷ്ടിക്കാത്ത മേഘങ്ങളുടെ കൈകളിലാകുന്ന ആകാശമെന്ന് സാരം.

ദക്ഷിണായനത്തിൽ സൂര്യനും ചന്ദ്രനും ഒരുമിച്ച് ഉദിക്കുന്നതിനാൽ ചന്ദ്രൻ നേരത്തെ അസ്തമിക്കും. ആ ചന്ദ്രൻ സരയൂ നദിയുടെ പശ്ചിമഘട്ടത്തിലാണ് അസ്തമിക്കുക. 'സരയു' എന്ന വാക്കിനർഥം സരിത്തുക്കളുടെ വ്യൂഹം എന്നാണ്. സരിത്തുക്കൾ എന്നാൽ നദികളെന്നർഥം. അവയുടെ യൂഥം എന്നാൽ കൂട്ടം. നദികളുടെ കൂട്ടം സമുദ്രമാണ്. അതിന്റെ പശ്ചിമഘട്ടമെന്നാൽ അറേബ്യൻ സമുദ്രമെന്നർഥം. അറബിക്കടലിലാണല്ലോ ചന്ദ്രൻ ആദ്യം അസ്തമിക്കുക. പിന്നീട് സൂര്യനും ഇവിടെത്തന്നെ അസ്തമിക്കും.

ആദ്ധ്യാത്മികമായ അർഥത്തിൽ 'രാമൻ' വിഷ്ണുവിന്റെ അവതാരം തന്നെ. നാലുപാടും വ്യാപിപ്പിക്കുന്ന സർവപ്രകാശനയസൂര്യൻ ഈശ്വരൻ തന്നെയാണ്. സാധകന്റെ മനസിനെ പ്രതിനിധീകരിക്കുന്നതാണ് ലക്ഷ്മണൻ. യൗവനമാകുന്ന വനത്തിലാണ് രാമൻ 14 വർഷം താമസിച്ചത്. സീത ജീവാത്മാവുതന്നെ. ഇങ്ങനെ ജീവാത്മാവ് - പ്രകൃതി - ഈശ്വരൻ എന്നീ മൂന്നു തത്വങ്ങളും നമുക്ക് രാമായണത്തിൽ കാണാം. രാമായണതത്വത്തിൽ ആദ്ധ്യാത്മികമായ അർഥവും നമുക്ക് കാണാൻ സാധിക്കും.

ഇങ്ങനെ മൂന്നർത്ഥങ്ങളും സുന്ദരമായ ഒരുകഥയും രാമായണത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ഇതുകൊണ്ടാണ് രാമായണം ആദി കാവ്യമാകുന്നത്. ദക്ഷിണായനത്തിന്റെ ആരംഭമായതിനാലാണ് ഈ രാമായണം കർക്കിടകമാസത്തിൽ വായിക്കുന്നത്. ഇതിനു വേണ്ടി എഴുത്തച്ഛൻ ആദ്ധ്യാത്മരാമായണം രചിക്കുകയും ചെയ്തു. ആദ്ധ്യാത്മരാമായണത്തിൽ തന്നെയുള്ള ചില പ്രയോഗങ്ങൾ എഴുത്തച്ഛൻ ഈ മൂന്ന് അർത്ഥതലങ്ങളെയും ഉൾക്കൊണ്ടിരുന്നു എന്നതിന്റെ തെളിവാണ് രാമനെ ഒരിടത്ത് രാജീവലോചനൻ എന്ന് വിശേഷിപ്പിച്ചത്. രാജീവം എന്നാൽ താമര, ലോചനം എന്നാൽ കണ്ണ്. താമരയുടെ കണ്ണ് സൂര്യനെ ആശ്രയിച്ചാണ്. രാമനെ താമരക്കണ്ണനാക്കിയ എഴുത്തച്ഛൻ ആധിദൈവീകമായ രാമൻ സൂര്യനാണെന്ന് തിരിച്ചറിഞ്ഞിരിക്കണം.

Curtesy Sri AcharySri Rajesh/AravindNair

അഭിപ്രായങ്ങളൊന്നുമില്ല: