വന്‍കുളത്തുവയല്‍

അഴീക്കോട്‌ ഗ്രാമത്തിലെ പ്രധാന ജലസ്രോതസ്സുകളില്‍ ഒന്നാണ് വന്‍‌കുളം. ഈ കുളത്തിന്റെ ചുറ്റുമുള്ള മനോഹരങ്ങളായ കല്‍പ്പടവുകള്‍ ആരേയും അതിശയിപ്പിക്കും. അത്രയും വിഷമമുള്ള ജ്യോമട്രിക്കല്‍‌ ഷെയ്പ്പുകളേക്കൊണ്ട് സമൃദ്ധമാണ് വന്‍കുളം. പേരു പോലെ തന്നെ ഈ ഗ്രാമത്തിലെ എറ്റവും വലിയ കുളമാണ് വന്‍കുളം. ഒന്നിലധികം ഏക്ര വിസ്ഥാരമുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ പറയാം. . ഏകദേശം 410 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിറക്കല്‍‌ കോലത്തിരി രാജാവിന്റെ യോദ്ധാവായിരുന്ന മുരിക്കഞ്ചേരി വീട്ടില്‍‌ കേളുനായര്‍ നിര്‍‌മ്മിച്ച ഈ ജല സ്രോതസ്സിന് വേണ്ടത്ര ശ്രദ്ധ പതിയുന്നില്ല.

കുളത്തിനു ചുറ്റുമുള്ള വയല്‍പ്പരപ്പുകളേയാണ് വന്‍‌കുളത്തുവയല്‍ എന്നറിയപ്പെടുന്നത്. ഗതാഗതക്കുരുക്കില്‍ വന്‍കുളത്തുവയല്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. അതിനെക്കുറിച്ച് ഇന്നും പത്രത്തിലൊരു വാര്‍ത്ത കണ്ടു. “ഗതാഗതക്കുരുക്ക്‌ രൂക്ഷം” എന്ന തലക്കെട്ടില്‍.

“റോഡിനിരുവശത്തും പാര്‍ക്ക്‌ ചെയ്യുന്ന വാഹനങ്ങളാണ്‌ ഗതാഗതക്കുരുക്ക്‌ രൂക്ഷമാക്കുന്നത്‌. ടാക്‌സി, ടെമ്പോ, ഓട്ടോ എന്നിവ പാര്‍ക്ക്‌ ചെയ്യാനായി പ്രത്യേക സ്റ്റാന്‍ഡ്‌ നിര്‍മിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പഞ്ചായത്ത്‌ നടപടി ആരംഭിച്ചിരുന്നു. പക്ഷെ എങ്ങുമെത്തിയില്ല. കാല്‍നടയാത്രക്കാര്‍ക്കുള്ള ദുരിതവും കുറച്ചൊന്നുമല്ല. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയിലൂടെ പലരും യാത്ര ചെയ്യുകയാണ്‌. ഇത്‌ അപകടം വരുത്തിവെക്കുന്നുണ്ട്‌. റോഡിനിരുവശത്തും പാര്‍ക്ക്‌ ചെയ്യുന്ന വാഹനങ്ങളെ തിരക്ക്‌ കുറഞ്ഞ സ്ഥലത്തേക്ക്‌ മാറ്റിയാല്‍ ഗതാഗതക്കുരുക്കിന്‌ പരിഹാരമാവും.” വേണ്ടപ്പെട്ടവര്‍ ശ്രദ്ധിക്കുമെന്ന്‌ വിശ്വസിക്കാം.

Technorati Tags:

കര്‍മ്മഫലങ്ങളെ ലക്ഷ്യമാക്കരുത്

ഭാഷാ ഭ്ഗവത്ഗീത ഇതിനു മുന്‍പ് രണ്ട് ഭാഗങ്ങളായി പോസ്റ്റ് ഇട്ടിട്ടുണ്ട് . അതിന്റെ തുടര്‍ച്ചയാണിത് . ഭഗവദ്‌ഗീതയില്‍ ഉരുത്തിരിയുന്ന കര്‍മ്മ-സങ്കല്‌പം പ്രക്രിയാധിഷ്‌ഠിതമാണ്‌. നിങ്ങള്‍ ഫലത്തെ ലക്ഷ്യമാക്കരുത്‌. പ്രക്രിയയില്‍ ശ്രദ്ധിക്കുക. ഫലം സ്വാഭാവികമായി വന്നുകൊള്ളും എന്നാണ്‌.

ചെയ്യും കര്‍മ്മഫല‍ങ്ങളെവിട്ടേ ചെമ്മേയക്കര്‍മ്മങ്ങള്‍ വിടാതേ

ചെയ്‌വവന്‍ ഇടരഖിലസുഖമറവിട്ടേ ചേതസി ഭക്തിയൊടെന്നെയുമറിയും;

ചൈതന്യത്തിനൊടറിവുള്ളവര്‍ തൊഴില്‍‌ ചെമ്മേ ലാഭാലാഭവുമൊരുപോല്‍

കൈതവമറുമാറുള്ളില്‍ നിനച്ചേ കര്‍മ്മമിയറ്റീടിന്നതു വേകാന്‍‌ !

അതിനുടെ നില നീ കേള്‍ ഫലമൊന്നിലും അഭിരുചികൂടാതേ വിന ചെയ്താന്‍

അതിമോഹാദികള്‍ അകലെപ്പോം, അതകന്നാലറിവുണ്ടാം, അറിവാലേ

അഥ സുകൃതംദുഷ്കൃതമറും, അറ്റാല്‍ അര്‍ത്ഥമനര്‍ത്ഥമിരണ്ടിനുമൊരുപോല്‍

മതിവരും, അമ്മതിയാലെന്‍ സൂക്ഷമം വടിവിനെയറിയാം, അതിനിതുപാ‍യം.

ഉദാഹരണത്തിന് ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡിലല്ല, പന്തിലാണ്‌ ശ്രദ്ധിക്കേണ്ടത്‌ എന്ന് സാരം. സ്‌കോര്‍ ബോര്‍ഡില്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ വിക്കറ്റ്‌ തെറിച്ചെന്ന് വരും.

ഹിന്ദുതീര്‍ഥാടനപദ്ധതി

ഹിന്ദുതീര്‍ഥാടനപദ്ധതി വരുന്നു. പാവപ്പെട്ട ഹിന്ദുവിശ്വാസികള്‍ക്ക്‌ കുറഞ്ഞനിരക്കില്‍ ക്ഷേത്രതീര്‍ഥാടനത്തിനുള്ള പദ്ധതി കര്‍ണാടകത്തിലെ  സര്‍ക്കാര്‍ തയ്യാറാക്കുന്നു. ഹജ്ജ്‌ തീര്‍ഥാടകര്‍ക്ക്‌ നല്‍കുന്ന മാതൃകയില്‍ ഹിന്ദുതീര്‍ഥാടകര്‍ക്ക്‌ യാത്ര, താമസം, ഭക്ഷണം എന്നിവയില്‍ സബ്‌സിഡി നല്‍കുന്ന പദ്ധതിയാണ്‌ ഒരുങ്ങുന്നത്‌. പദ്ധതിയുടെ കൂടുതല്‍‌ വിവരങ്ങള്‍‌   കര്‍ണ്ണാടക ദേവസ്വം ഭവനനിര്‍മാണവകുപ്പുമന്ത്രി എസ്‌.എന്‍. കൃഷ്‌ണയ്യ ഷെട്ടി  അടുത്ത് തന്നെ പ്രഖ്യാപിക്കുന്നതായിരിക്കും.

കവറിന്റെ കനം

അഴീക്കോട്‌ :

എസ്‌ എന്‍ ഡി പി എന്നത്‌ കേവലം ഇംഗ്ലീഷ്‌ ഭാഷയിലെ നാലക്ഷരമായി ചുരുങ്ങിയെന്നും ശ്രീനാരായണ ധര്‍മപരിപാലന സംഘത്തിന്റെ യഥാര്‍ത്ഥ ആദര്‍ശത്തില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും എസ്‌ എന്‍ ഡി പി വ്യതിചലിച്ചതായും സുകുമാര്‍ അഴീക്കോട്‌ കൊച്ചിയില്‍ പ്രസംഗിച്ചിരുന്നു. ഇതിനോട്‌ ആലപ്പുഴയില്‍ മറുപടി പറയുകയായിരുന്നു വെള്ളാപ്പള്ളി.

വെള്ളാപ്പള്ളി:

(എസ്‌ എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ )

ലഭിക്കുന്ന കവറിന്റെ കനം നോക്കി പ്രസംഗിക്കുന്നയാളാണ്‌ സുകുമാര്‍ അഴീക്കോട്‌ . അഴീക്കോടിന്‍േറത്‌ വെറും കൂലി പ്രസംഗമാണ്‌. അദ്ദേഹം ഇപ്പോള്‍ പിണറായി വിജയനുവേണ്ടിയാണ്‌ പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്‌. അഹങ്കാരത്തിന്റെ ആള്‍ രൂപവും യാതൊരു ആദര്‍ശ നിഷ്‌ഠയില്ലാത്ത വ്യക്‌തിയുമാണ്‌ അഴീക്കോടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കൊട്ടിയൂര്‍ ഉത്സവത്തിന്‌ - ഹൈക്കോടതി ഉത്തരവ്‌

ശ്രീ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഉത്സവം നടത്താന്‍ ഹൈക്കോടതി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസിന്റെ ചെയര്‍മാന്റെ മേല്‍നോട്ടത്തില്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസറാണ്‌ ഉത്സവം നടത്താന്‍ നടപടി സ്വീകരിക്കേണ്ടതെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു.

ഉത്സവം നടത്തിപ്പിനെക്കുറിച്ച്‌ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ കോഴിക്കോട്‌ ഹിന്ദു ധര്‍മ സ്ഥാപന കമ്മീഷണറെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്‌തു. ജസ്റ്റിസ്‌ പി.ആര്‍.രാമനും ജസ്റ്റിസ്‌ പി.ഭവദാസനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍േറതാണ്‌ ഉത്തരവ്‌. ജൂണ്‍ ഒമ്പതിന്‌ ആരംഭിക്കുന്ന ഉത്സവം 27 ദിവസം നീണ്ടുനില്‍ക്കും. ട്രസ്റ്റി കുഞ്ഞിരാമന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി ഉത്തരവ്‌.

മലയാള ഭ്ഗവത്ഗീത

ഭാഷാ ഭ്ഗവത്ഗീത ഇതിനു മുന്‍പൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അതില്‍‌ തുടക്കം ചില വരികള്‍- സൂചിപ്പിച്ചിരുന്നുവല്ലോ. അതിന്റെ തുടര്‍‌ച്ചയാണിത്.

ധുര്യോധനന്‍ ആചാര്യനെ നോക്കി ചൊന്നാന്‍ പാണ്ടവര്‍‌ സൈന്യം പാരായ്
സുരപതിനേര്‍ അരചകള്‍ ഭീമാര്‍ജ്ജുനതുല്യമഹാരഥരിവര്‍പലര്‍ കാണായ്
നരപതിമാര്‍കള്‍ നമുക്കും പലരുളര്‍ നായകനായഭവാ‍ന്‍ ഭീഷ്മാദികള്‍
വിരവൊടു പ്രാണത്യാഗമെനിക്കേവേണ്ടിയിയറ്റുകയെന്നാനരചന്‍

സുരപതിനേര്‍ അരചകള്‍ - ദേവേന്ദ്രനു തുല്യമായ രാജാക്കന്മാര്‍
വിരവൊടു...യിയറ്റുക ( ‘മദര്‍ത്ഥേ ത്യക്തജീവിതാ:’ എന്ന ഒറിജിനല്‍ വരികള്‍ക്ക് തര്‍ജ്ജമ)
യിയറ്റുക = ചെയ്യുക
തുടരും...

പി.ഗോപാലന്‍ അനുസ്‌മരണം 20ന്‌

സ്വാതന്ത്ര്യസമര സേനാനിയും മുന്‍ ഡി.സി.സി. പ്രസിഡന്റും മുന്‍ എം.എല്‍.എ.യുമായ പി.ഗോപാലന്റെ 40-ാം ചരമ വാര്‍ഷികം 20ന്‌ ആചരിക്കും.കണ്ണൂര്‍ അഴീക്കോട്ടെ വസതിയില്‍ പുഷ്‌പാര്‍ച്ചനയും പ്രാര്‍ഥനായോഗവും തുടര്‍ന്ന്‌ അഴീക്കോട്‌ മണ്ഡലം കോണ്‍ഗ്രസ്‌ ഓഫീസില്‍ അനുസ്‌മരണ യോഗവും നടക്കും.

കണ്ടകശ്ശനി

ശാപം കൊടുക്കുന്നത് പല തരത്തിലുമുണ്ട്.  നമ്മുടെ കഷ്ടകാലത്തിന്ന്‍  ഉത്തരവാദി ആരാണോ  അവനെ നമ്മള്‍‌ ശപിച്ചെന്നു വരും. കഷ്ടപ്പാടിന്റെ  തീവ്രതയനുസരിച്ച്  ശാപത്തിന്റെ കാഠിന്യവും  കൂടും. അതുപോലെ ദ്രോഹിച്ചതിന്റെ   ക്രൂരതയനുസരിച്ച്  ദ്രോഹികളെ ശാപം ബാധിക്കുകയും ചെയ്യുന്നു. മര്യാദയോടെ പറയുന്ന പല ശാപവാക്കുകളും, ശൃംഗാരപദലഹരിയോടെ പറയുന്ന ചില ചീത്തവാക്കുകളും  ഒഴിച്ചുനിര്‍ത്തിയാല്‍‌ മറ്റൊരു തരം പ്രചുരപ്രചാരമുള്ള ശാപപ്രയോഗങ്ങള്‍‌ ഉപഗ്രഹങ്ങളുടെ പേരില്‍‌   വിളിക്കുന്നവയാണ്.  “ശനിയന്‍‌ വന്ന് തുലഞ്ഞു” ഇങ്ങനെ പറയുന്നത്‌  കേട്ടിട്ടില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. സറ്റേണ്‍‌  എന്ന ഗ്രഹത്തിനെകൂട്ടുപിടിച്ചുള്ള ഈ ശാപം ഒരു 'misnomer (മിസ്നോമര്‍‌‌)’ ആണെന്നുതന്നെ പറയാം. ജ്യോതിഷ വിശ്വാസികള്‍‌ പലരും  ശനിയുടെ ദശാകാലം വളരെ മോശമാണ് എന്ന്‌  തെറ്റായി   ധരിച്ചുവെച്ചതുകൊണ്ടാണങ്ങിനെ  ഒരു അപവാദം ഉണ്ടാകുന്നത്.
“കണ്ടകശ്ശനി കാട് കയറ്റും” എന്നാണ് പൊതുവെ പറയാറ്.  ശുക്രദശ എന്നാല്‍ നല്ല കാലത്തിന്റേയും ശനിദശയെന്നാല്‍ മോശമായ കാലത്തിന്റേയും പര്യായമായി മാറിയിരിക്കുകയാണിപ്പോള്‍. ജ്യോതിഷത്തില്‍‌  ഗ്രഹങ്ങള്‍ക്കുള്ള പ്രാധാന്യമാണ്‌ ഇത്തരം ശൈലികള്‍ രൂപപ്പെടുന്നതിനു കാരണം. യഥാര്‍ഥത്തില്‍ എല്ലാദശയിലും നല്ല കാലവും മോശം കാലവും ഉണ്ട്‌. അതുപോലെ ശനിദശ എല്ലാവര്‍ക്കും ദോഷകാലമായിരിക്കണം എന്നുമില്ല. ചിലര്‍ക്കു ജീവിതത്തില്‍ ബുദ്ധിമുട്ടുള്ള കാലമായിരിക്കാം. ശനിദശയില്‍  തന്നെ സൌഭാഗ്യങ്ങള്‍ അനുഭവിച്ചവരുമുണ്ടാകാം. ഓരോരുത്തര്‍ക്കും ഓരോ ദശാകാലത്തിനനുസരിച്ചാണു വിവിധ ഫലങ്ങള്‍ അനുഭവപ്പെടുന്നതെന്നു മാത്രം.
ജ്യോതിഷപ്രകാരം 120  കൊല്ലമാണ്‌ ഒരു മനുഷ്യായുസ്‌ ആയി കണക്കാക്കുന്നത്‌. ഈ കാലയളവിനെ 9 ഗ്രഹങ്ങള്‍ക്കുമായി വിഭജിച്ചുനല്‍കിയിരിക്കുകയാണ്‌. ഇതില്‍ ഓരോ ഗ്രഹത്തിന്റേയും കാലയളവിനെ ആ ഗ്രഹത്തിന്റെ ദശാകാലം എന്നു പറയുന്നു. എല്ലാ ഗ്രഹങ്ങള്‍ക്കും തുല്യമായിട്ടല്ല ദശയുടെ  ദൈര്‍ഘ്യം. ശനിദശയുടെ  ദൈര്‍ഘ്യം 19 വര്‍ഷമാണ്. അവരവരുടെ ജനന സമയമനുസരിച്ച്  അത്  പൂര്‍ണ്ണമായോ ഭാഗീഗമായൊ  അനുഭവപ്പെടുന്നു.
ശനിശ്വരന്‍   സൂര്യന്റെ പുത്രനാണ്. ഛായയാണ് അമ്മ. മന്ദന്‍‌  എന്നൊരു പേരും ഉണ്ട്.  തേജസ്വിയും തീഷ്ണ സ്വരൂപനുമാണ്  ശനിയന്‍‌.  ശനിഗ്രഹം രോഹിണി നക്ഷത്രത്തെ പീഡിപ്പിക്കുമ്പോള്‍  ലോകത്തില്‍‌ പല വിപത്തുകള്‍‌ ഉണ്ടാകുമെന്ന്‌ പുരാണങ്ങളില്‍  കാണുന്നു.  

Technorati Tags: ,

ഇന്ന് റൊക്കം, നാളെ കടം!

“നാളെനാളേതി നീളേതി

നീളനീളെ പുനഃ പുനഃ”

മേല്‍പ്പറഞ്ഞതുപോലെ പിള്ളയാറുടെ വിവാഹവും നാളെ നാളെ എന്നു പറഞ്ഞു നീട്ടിക്കൊണ്ടുപോയതായി പുരാണങ്ങളില്‍‌ കാണുന്നു. അതുകൊണ്ടായിരിക്കണം  ‘ഗണപതീ വിവാഹന്യായം’ എന്നൊരു ന്യായം ഉടലെടുത്തത്.

പണം കടം വാങ്ങുന്നത് വളരെ  നാണക്കേട്  ആയിരുന്നു ഒരു കാലത്ത്.  അങ്ങിനെ ആരെങ്കിലും കടം കൊടുത്താല്‍‌ തിരിച്ചു കിട്ടാനുള്ള വിഷമം വളരെയേറെ. ഇതിനൊരു‍ പരിഹാരമായിട്ടാവണം “ ഇന്ന് റൊക്കം, നാളെ കടം” എന്ന്  ചില കടകളിലൊക്കെ എഴുതി വെക്കുന്നത്.  ഇന്നത്തെ മുതലാളിത്ത വ്യവസ്തയില്‍‌ ഇതിന്  “കേഷ്  ആന്റ് കേറി ” എന്നൊക്കെയാണ്  പേര്. കുട്ടികളുടെ ഭാഷയില്‍‌ പറഞ്ഞാല്  “കാശ് കൈയ്യില്, ദോശ വായില് ”. ഇന്നത്തെ വന്‍കിട മുതലാളിമാരെ  സമ്പന്ധിച്ചിടത്തോളം ലോണെടുക്കുന്ന പണമാണ് അവരെ മുതലാളിമാരാക്കുന്നത്. കടം വാങ്ങി സ്വയം നന്നാവുക, കമ്പനി നഷ്ടത്തിലാക്കുക എന്നതാണ്  ആധുനിക ഭാഷയില്‍‌ പറഞ്ഞാല്‍‌  നിര്‍‌വാഹം ( മേനേജ്‌മെന്റ്  ) എന്നത്.  ഉദാഹരണമാണ് സത്യം കമ്പ്യൂട്ടേര്‍സ്  എന്ന പേരുള്ള  കമ്പനിയുടെ മുതലാളി രാജു എന്ന ആള്‍‌.

നമ്മുടെ നാട്ടിലെ കോടതികളില്‍‌ കേസ് നടത്തുന്ന വിധവും മേല്‍‌പ്പറഞ്ഞ ന്യായത്തിന്  മറ്റൊര് നല്ല   ഉദാഹരണമാണ്.

ഒന്ന്‌ രണ്ട് സിറ്റിങ്ങില്‍‌ തീരേണ്ട കേസുകള്‍‌  ഗണപതീ വിവാഹന്യായേന  നീട്ടി നീട്ടി വര്‍‌ഷക്കണക്കിന്  നീട്ടിക്കൊണ്ട് പോവുകയാണ്   ചെയ്യുന്നത്.

Technorati Tags:

തേങ്ങയേറ്‌

വിഘ്നേശ്വരപ്രീതിക്കായി ഹിന്ദുക്കള്‍ ചെയ്യുന്ന വഴിപാടാണു തേങ്ങയെറിഞ്ഞ്‌ ഉടയ്ക്കല്‍. ഇതിനു പിന്നിലൊരു ഐതിഹ്യമുള്ളതായിക്കാണുന്നു.

ഗണപതി ഒരിക്കല്‍ കശ്യപമഹര്‍ഷിയുടെ ആശ്രമത്തില്‍ താമസിക്കാനിടയായി. രാവിലെ യാഗത്തിനായി പുറപ്പെട്ട മഹര്‍ഷിയെ ഒരസുരന്‍ തടഞ്ഞ്‌ ആക്രമിക്കാനൊരുങ്ങി. അസുരനെ നേരിടാന്‍‌ ഗണപതി യാഗത്തിനു തയാറാക്കി വച്ച നാളികേരമെടുത്തു എറിഞ്ഞു. അങ്ങിനെ അസുരനെ വധിച്ചു യാഗത്തിനുണ്ടായ തടസ്സം തീര്‍ത്തു. ഇങ്ങനെ വിഘ്നങ്ങള്‍ തീര്‍ത്തതിനാല്‍ വിഘ്നേശ്വരന്‍ എന്ന പേരു ലഭിച്ചു.

അന്നു മുതലാണത്രേ തടസ്സങ്ങള്‍ നീങ്ങിക്കിട്ടുന്നതിനായി തേങ്ങ എറിഞ്ഞു പൊട്ടിക്കുന്ന സമ്പ്രദായം നിലവില്‍ വന്നത്‌ .

ഹിന്ദുമതസ്ഥാപന ഭേദഗതി ബില്‍

കേരള സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന ട്രാവന്‍കൂര്‍ - കൊച്ചിന്‍ ഹിന്ദുമതസ്ഥാപന ഭേദഗതിബില്‍ - 2009 ഹൈന്ദവ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതും , ദേവസ്വം ബോര്‍ഡുകളെയും ക്ഷേത്രങ്ങളെയും സാമ്പത്തികമായി തകര്‍ക്കുന്നവയുമാണ്. ബോര്‍ഡുകള്‍ക്ക്‌ ഇന്നുള്ള സ്വയംഭരണാവകാശം ഇല്ലാതാകുമെന്നും അവയുടെ ഭരണം കൈയടക്കാനാണ്‌ ഈ ബില്ലെന്നും എന്‍.എസ്‌.എസ്‌. കുറ്റപ്പെടുത്തുന്നു. 

മറ്റു മതവിഭാഗങ്ങളോടുള്ള സമീപനത്തില്‍നിന്ന്‌ വ്യത്യസ്‌തമായി, ഹൈന്ദവ മതവിഭാഗങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണിത്‌. ഈ നീക്കം മതേതരസര്‍ക്കാരുകള്‍ക്കു യോജിച്ചതല്ലെന്നും നിവേദനത്തില്‍ പറയുന്നു.
ദേവസ്വംബോര്‍ഡുകളുടെ പ്രവര്‍ത്തനം ലഘൂകരിക്കാനും എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കി സാമൂഹികനീതി കൊണ്ടുവരാനുമായി തിരുവിതാംകൂര്‍ - കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ അംഗസംഖ്യ മൂന്നില്‍നിന്ന്‌ ഏഴായി വര്‍ധിപ്പിക്കുമെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌.


ബോര്‍ഡിനെതിരെ പരാതിവന്നാല്‍ പരിശോധിക്കാനും നടപടികളെടുക്കാനുംവേണ്ട റിവിഷന്‍ അധികാരം സര്‍ക്കാരിന്‌ നല്‍കുന്ന വ്യവസ്ഥയും ഉണ്ടാകും. നിയമം പ്രാബല്യത്തിലായാല്‍ സംസ്ഥാന ഖജനാവില്‍നിന്ന്‌ ഒരധികച്ചെലവും ഉണ്ടാകില്ലെന്ന്‌ സര്‍ക്കാര്‍ പറയുന്നുണ്ട്‌. എന്നാല്‍, ദേവസ്വംബോര്‍ഡുകള്‍ക്ക്‌ നേരിടേണ്ടിവരുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. ഇത്‌ ഗൗരവത്തോടെ കാണണമെന്നും, ദേവസ്വംബോര്‍ഡില്‍ ജോലിഭാരം വര്‍ധിച്ചിട്ടില്ലെന്നും  എന്‍.എസ്‌.എസ്‌. ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടില്ല. അംഗബലം ഏഴാക്കി വര്‍ധിപ്പിച്ചാല്‍ ഹിന്ദുസമൂഹത്തിലെ പ്രധാന വിഭാഗങ്ങള്‍ക്ക്‌ പ്രാതിനിധ്യം നല്‍കി, സാമൂഹികനീതി നടപ്പാക്കാമെന്നുള്ള സര്‍ക്കാര്‍ നിലപാട്‌ പ്രായോഗികമോ, യുക്തിക്കു നിരക്കുന്നതോ അല്ലെന്ന്‌ എന്‍.എസ്‌.എസ്‌. പറയുന്നു. അംഗസംഖ്യ കൂട്ടിയാല്‍ ചെലവിടേണ്ടിവരുന്ന ഭാരിച്ച സംഖ്യ ദേവസ്വം ബോര്‍ഡുകള്‍ക്ക്‌ താങ്ങാനാവുന്നതല്ല. സര്‍ക്കാരില്‍നിന്ന്‌ നല്‍കുന്ന തുച്ഛമായ വാര്‍ഷിക സംഖ്യ ഒരു സംഭാവനയോ, ദാനമോ അല്ല. ഇത്‌ കോടാനുകോടി രൂപ വിലയുള്ള ക്ഷേത്രസ്വത്തുക്കള്‍ കവര്‍ന്നെടുത്തതിന്റെ ന്യായമായ പലിശപോലും ആകുന്നില്ലെന്നും എന്‍.എസ്‌.എസ്‌. ചൂണ്ടിക്കാട്ടുന്നു.


നിലവിലുള്ള നിയമങ്ങള്‍ക്കു വിധേയമായി, സത്യസന്ധതയും ഭരണനൈപുണ്യവും ഉള്ളവരും രാഷ്ട്രീയ ബന്ധങ്ങള്‍ ഇല്ലാത്തവരും ക്ഷേത്രവിശ്വാസികളുമായിട്ടുള്ളവരെ പ്രസിഡന്റായം അംഗങ്ങളായും നിയോഗിച്ചാല്‍ ദേവസ്വം ബോര്‍ഡ്‌ ഭരണം കാര്യക്ഷമമാക്കാം. ഇതു മറച്ചുവച്ച്‌ ദേവസ്വം ബോര്‍ഡുകളെയും ക്ഷേത്രങ്ങളെയും രാഷ്ട്രീയക്കാരുടെ താവളമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്‌.


ബോര്‍ഡുകളിലെ അംഗസംഖ്യ ഏഴാക്കാനും റിവിഷന്‍ അധികാരം ഏര്‍പ്പെടുത്താനും നടത്തുന്ന ശ്രമത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്തിരിയണമെന്ന്‌  ആവശ്യപ്പെട്ട്‌ നായര്‍ സര്‍വീസ്‌ സൊസൈറ്റി മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നിവേദനം നല്‍കി.

Technorati Tags:

രാഭണന്‍

പലവിധത്തിലുള്ള ന്യായങ്ങള്‍‌  നമ്മളുടെ ദൈനം ദിന ജീവിതത്തില്‍‌ ഉപയോഗിച്ചു വരുന്നു. ന്യായങ്ങളെ സംബന്ധിച്ച്   ഇതിനു മുന്‍പ്  എഴുതിയ ബ്ലോഗ് പോസ്റ്റാണ്   ന്യായങ്ങള്‍ , മണ്ടൂകപ്ലൂത ന്യായം, സൃഗാല വേദാന്തം  എന്നിവ.

പാര്‍ലിമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ്  അതിന്റെ മൂര്‍ധന്യത്തില്‍‌ എത്തിയിരിക്കുകയാണല്ലോ. ഇപ്പോഴത്തെ സ്ഥിതി വെച്ചു നോക്കിയാല്‍‌ ആരു ജയിക്കും ആരു തോല്‍ക്കും എന്ന് പറയുക വളരെ പ്രയാസം തന്നെ. രാഹൂല്‍‌ ഗാന്ധി ഡെല്‍ഹിയില്‍  ഇന്നലെ ഒരു പത്രസമ്മേളനം നടത്തിയിരുന്നല്ലോ. അദ്ദേഹം പറഞ്ഞത് ശ്രദ്ധിച്ചിരുന്നവര്‍ക്ക്  ഇതെന്താ കോണ്‍‌ഗ്രസ്സ്  പാര്‍ട്ടി  ഇങ്ങിനെയൊരു കുയുക്തി ന്യായം പ്രയോഗിക്കുന്നത് എന്ന് തോന്നിയിരുന്നെങ്കില്‍‌ അത്ഭുതമില്ല.

“ബീഹാറിലെ മുഖ്യന്‍‌   നിതീഷ് കുമാറിന്റെ ഭരണം തരക്കേടില്ല.  ആന്ധ്രയില്‍‌ ചന്ദ്രബാബു നായിടുവിന്റെ ഭരണ കാലവും വലിയ മോശമാണെന്ന്  പറയാന്‍‌ പറ്റില്ല. കമ്മ്യൂണിസ്റ്റ്കാര്‍‌ ഞങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍‌  സഹായിക്കുമെന്ന് എനിക്ക് നല്ല വിസ്വാസമുണ്ട് ” ഈ അര്‍ഥത്തില്‍‌   അദ്ദേഹം ചെയ്ത പ്രസ്താവനകള്‍‌  ശ്രദ്ധിച്ചാല്‍‌ ഒന്നു മനസ്സിലാകും. രാവണന്‍‌  ഇവിടേയാണ് രാഭണനാകുന്നത് എന്ന്.

രാവണന്റെ സഹോദരന്മാരുടെ പേര്  കുംഭകര്‍‌ണ്ണന്‍, വിഭീഷണന്‍. ഇവക്ക് രണ്ടാമത്തെ അക്ഷരം ‘ഭ’ എന്നിരിക്കെ രാവണനു  മാത്രം എങ്ങിനെ ‘വ’ എന്ന അക്ഷരം വരും?  ശരിയായ പേര് അതുകൊണ്ട് രാഭണന്‍ എന്നാണ് . ഇങ്ങിനെ

അബദ്ധം പറഞ്ഞ്   ആ സംഗതി കുയുക്തി കൊണ്ട് സ്ഥപിക്കുന്നിടത്താണ്  രാഭണ ന്യായം പ്രയോജനപ്പെടുന്നത്.

“കുംഭകര്‍‍ണ്ണോ ഭഗാരോസ്തി

ഭകാരോക്തി വിഭീഷണേ

രാക്ഷസാനം കുലശ്രേഷ്ടാ

രാഭണോ നൈവരാവണഃ”

ഇതു പോലുള്ള പ്രസ്താവകള്‍  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഓരോ നേരത്തായി ഇറക്കുന്നുണ്ട്. മേല്‍പ്പറഞ്ഞത് എറ്റവും അടുത്ത പ്രസ്താവനയായതുകൊണ്ട്  ഉദ്ദരിച്ചുവെന്ന് മാത്രം.

Technorati Tags:

ഭാഷാ ഭഗവത്ഗീത

ഭഗവത്ഗീത സംസ്കൃതത്തിലാണല്ലോ രചിച്ചിരിക്കുന്നത്.  18 അദ്ധ്യാ‍യങ്ങളിലായി  700 ശ്ലോകങ്ങളാണ്  മൂല ഗ്രന്ഥത്തില്‍. അവയെ മലയാള ഭാഷയിലേക്ക്  ആദ്യമായി ഏകദേശം 600  വര്‍ഷങ്ങള്‍ക്ക് മുന്‍പ്  വിവര്‍ത്തനം ചെയ്തിട്ടുണ്ട്.  ഇത് കുറിച്ച്  അഭിപ്രായ വ്യത്യാസങ്ങള്‍‌ ഉണ്ടായിരിക്കാം. നിരണത്ത് മാധവ പണിക്കറാണ്  ഇതിന്റെ രചയിതാവ്. ഇത് മൂലഗ്രന്ഥത്തിന്റെ പദാനുപദ വിവര്‍ത്തനമല്ല. 700 സ്റ്റാന്‍സകുളുള്ള ഗീതോപദേശം 300 ഗ്രൂപ്പുകളാക്കി മാറ്റിയിരിക്കുകയാണ്. അതില്‍‌ ചിലത് ഇവിടെ കൊടുക്കാം. തുടക്കം...

“വരുമൊരു പുണ്യക്ഷേത്രമനത്തിനു വരമാകിന്ന കുരുക്ഷേത്രത്തില്‍‌

പരികരി തേര്‍‌ ‌ കാലാളൊടു നാമും പാണ്ടവരും ചെയ്തവയെന്തെന്‍‌റത്

അരചന്‍ ധൃതരാഷ്ട്രന്‍  ചോദിച്ചളവന്‍പേറിയ സഞ്ജയനുരചെയ്താന്‍‌

ത്വരിതമെഴും പാണ്ടവരുടെ സൈന്യം ദുര്യോധനനും കണ്ടാനെന്നേ.

ദുര്യോധനന്‍‌ ആചാര്യനെ നോക്കിച്ചൊന്നാന്‍‌  പാണ്ടവര്‍‌  സൈന്യം പാരായ്

സുരപതിനേര്‍‌ അരചകള്‍‌ ഭീമാര്‍‌ജ്ജുനതുല്യ മഹാരഥരിവര്‍പലര്‍  കാണായ്

നരപതിമാര്‍‌ നമുക്കും പലരുളര്‍‌ നായകനായ ഭവാന്‍‌   ഭീഷ്മാദികള്‍‌ 

വിരവൊടു പ്രാണത്യാഗമെനിക്കേവേണ്ടിയിയറ്റുകയെന്നാനരചന്‍‌.”

 

Technorati Tags:

ദ്വയാര്‍ഥം

കുഞ്ചന്‍ നമ്പ്യാരുടെ ഫലിതങ്ങളെപറ്റി ഒരു മുഖവുര ആവശ്യമില്ല. തുള്ളല്‍ എന്ന കലരൂപത്തിന്റെ  പിതാവ്‌  മാത്രമല്ല   മലയാള കവിതയിലെ ഫലിത പരിഹാസങ്ങളുടെ പിതാവ് കൂടിയാണദ്ദേഹം. ആ ഫലിത സാമ്രാട്ടിന്റെ തുള്ളല്‍ക്കലാരൂപം അരങ്ങേറാത്ത അമ്പലങ്ങള്‍ കേരളത്തിലുണ്ടോ എന്ന് സംശയിക്കുന്നു. എല്ലാ വര്‍ഷവും ഉത്സവ കാലത്ത്  അഴിക്കോടുള്ള അക്ലിയത്ത് അമ്പലം ഉള്‍പ്പെടെ പല അമ്പലങ്ങളിലും തുള്ളല്‍ അരങ്ങേറാറുണ്ട്. ആ മഹാനെ ഓര്‍മ്മിക്കാനെന്നോണം അദ്ദേഹം രചിച്ച  ചില  ശ്ലോകങ്ങള്‍‌ നമുക്ക്  വായിക്കാം.

 

തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍‌ മഹാരാജാവുമായുള്ള സംഭാഷണവേളയില്‍  അമ്പലപ്പുഴ - ചെമ്പക നാട്ടിലെ ശാപ്പാടിന്റെ കാര്യം തിരക്കിയപ്പോള്‍‌  നമ്പ്യാര്‍‌  വിവരിച്ചതാണ്  ഈ ശ്ലോകം.

“പത്രം വിസ്തൃതമത്ര തുമ്പ മലര്‍ തോറ്റോടീടിനോരന്നവും

പുത്തന്‍നെയ് കനിയെപ്പഴുത്ത പഴവും കാളിപ്പഴം കാളനും

പത്തഞ്ഞൂറു കറിക്കുദാശ്യമിയലും നാരങ്ങയും മാങ്ങയും

നിത്യം ചെമ്പക നാട്ടിലഷ്ടി തയിര്‍മോര്‍ തട്ടതെ കിട്ടും സുഖം.”

 

ദ്വയാര്‍ഥമുള്ള  ഈ ശ്ലോകം ആദ്യമായി വായിക്കുന്നവര്‍ക്ക്  രണ്ട് അര്‍ഥവും മനസ്സിലായെന്നു വരില്ല. പദങ്ങള്‍‌ പിരിക്കുന്നതില്‍ മാറ്റം വരുത്തിയാല്‍ അര്‍ഥം മാറുന്ന വിധത്തിലാണ്  ഈ  ശ്ലോകം എഴുതിയിട്ടുള്ളത്. ചെമ്പകശ്ശേരിയില്‍‌ സദ്യ വളരെ കേമം തന്നെയെന്ന്  തെറ്റായി ധരിപ്പിക്കുകയാണ്  നമ്പ്യാര്‍ ചെയ്തത്.

 

Technorati Tags:

നാട്ടു വര്‍ത്തമാനം

അഴീക്കോടുള്ള  കെ.പി.കുമാര്‍ മെമ്മോറിയല്‍ സ്‌കൂള്‍ ഓഫ്‌ മ്യൂസിക്‌, ഡാന്‍സ്‌ ആന്‍ഡ്‌ ആര്‍ട്‌സിന്റെ അഞ്ചാം വാര്‍ഷികം  ഇന്നലെ ആഘോഷിച്ചു. ടി.കെ.ദാമോദരന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ എം.പ്രകാശന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. കെ.ജയദേവന്‍, പ്രൊഫ. കെ.മഹമൂദ്‌. കെ.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഓഫ്‌ മ്യൂസിക്‌ ഡയറക്ടര്‍ കെ.ഗോപിനാഥ്‌ സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം, ശാസ്‌ത്രീയ സംഗീതം, പഴയ സിനിമാഗാനമേള, നൃത്തനൃത്യങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.

അന്ധവിദ്യാലയം പ്രവേശനം

അബ്‌ട്രൈബിന്റെ കീഴിലുള്ള മാങ്ങാട്ടുപറമ്പിലെ മാതൃകാ അന്ധവിദ്യാലയത്തില്‍ ഒന്നാം ക്ലാസ്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. 5നും 10നും ഇടയില്‍ പ്രായമുള്ള കാഴ്‌ചവൈകല്യമുള്ള കുട്ടികളുടെ രക്ഷതാക്കളാണ്‌ അപേക്ഷിക്കേണ്ടത്‌. കാഴ്‌ചവൈകല്യം മൂലം സാധാരണ സ്‌കൂളുകളില്‍ പഠനം തുടരാന്‍ കഴിയാതെപോയ വിദ്യാര്‍ഥികള്‍ക്ക്‌ തുടര്‍ന്ന്‌ പഠിക്കാനും അവസരം ഉണ്ട്‌. സൗജന്യ താമസവും സ്‌കോളര്‍ഷിപ്പും ലഭിക്കും. അന്ധര്‍ക്കായുള്ള സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ പഠനത്തിനും സൗകര്യമുണ്ട്‌. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും സമീപിക്കേണ്ട വിലാസം ചോടെ കൊടുക്കുന്നു.

ഹെഡ്‌മാസ്റ്റര്‍, മോഡല്‍ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ്‌, ധര്‍മശാല, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസ്‌ പി.ഒ, കണ്ണൂര്‍ (ജില്ല), പിന്‍: 670567  ഫോണ്‍: 0497 2780626, 9446068446.

Technorati Tags:

അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം

അഴീക്കോട്കാര്‍ക്ക്  ചെറുകുന്നുമായുള്ള ബന്ധം പരഞ്ഞറിയിക്കേണ്ട  കാര്യമില്ല. അവിടത്തെ ഒരു‍ മഹക്ഷേത്രമായ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ പോയി തൊഴാതവരായിട്ട്  ആരും തന്നെ  ഈ ഗ്രാമത്തില്‍‌  ഹിന്ദുമത വിശ്വാസികളില്‍‌ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്രയും പേരും പ്രശസ്തിയുമുള്ള ഒരു പുരാതന അമ്പലമാണ്  അന്നപൂര്‍ണ്ണേശ്വരി  ക്ഷേത്രം.

 

ചെറുകുന്ന്‌ എന്ന്‌ കേട്ടാല്‍‌  അവിടെ അമ്പലം സ്ഥിതി ചെയ്യുന്ന സ്ഥലത്തെങ്ങാനും ഒര് കുന്നുണ്ടാകും  എന്ന്‌ വിചാരിച്ചേക്കും. ചുറ്റും വയലുകാളായിരുന്നു. ഇപ്പോള്‍‌ വീടുകളാണ്  അധികവും. ശ്രീ കൃഷ്ണനും ഭഗവതിയും ഈ അമ്പലത്തിന്റെ വിശേഷമാണ്.

അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ പോയാല്‍‌   അമ്മയെ ധ്യാനിക്കാനൊരു ശ്ലോകം താഴെ കൊടുക്കുന്നു.

“തൃക്കണ്‍ മണിമാലകളിന്ദു ബിംബം

തൃത്താലി, തോള്‍‌ വള, കരങ്ങളീലങ്കുലീയം,

ദിക്കിന്നൊരാഭരണമാം ചെറുകുന്നുതന്നി-

ലുല്പന്നയാംഭഗവതിക്കിഹ കൈതൊഴുന്നേന്‍‌.”

സൃഗാല വേദാന്തം

വേദാന്തം - ഇത് വേദത്തിലെ അവസാന ഭാഗമാണ്. അതാണ് ഉപനിഷത്തുകള്‍‌. അവയെല്ലാം ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ആത്മീയ വിഷയങ്ങളാണ് . കാര്യം കാണാനും, തന്റെ വയറു വീര്‍പ്പിക്കുന്നതിനു വേണ്ടി മാത്രം പറയുന്ന ആത്മതത്വമാണ് സൃഗാല വേദാന്തം. അതിനൊര് ഉദാഹരണമാണ് താഴെ കൊടുത്തിട്ടുള്ളത്‍‌. ഇതിന്‍ മുന്‍പുള്ള പോസ്റ്റില്‍‌ മറ്റു ചില ന്യായങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്‌.

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്‌ ഇടിച്ചുനിരത്തണമെന്ന്‌ മന്ത്രി പറയുന്നു. എന്തിനാണ് മന്ത്രി ജി. സുധാകരന്‍ സെക്രട്ടേറിയറ്റ്‌ ഇടിച്ചുനിരത്തണമെന്ന്‌ പറഞ്ഞത്? വെറുതേയല്ല. ഇടിച്ചുനിരത്തിയ സെക്രട്ടേറിയറ്റിന്റെ സ്ഥാനത്ത്‌ പുതിയ കെട്ടിടം പണിയണം. എലിയെ കൊല്ലാനാണ് ഈ പദ്ധതി. സാധാരണ എലിയല്ല. വലിയ പെരിച്ചാഴികള്‍‌ എന്നാണ് മന്ത്രി പറയുന്നത്. അടി തൊട്ട് മുടി വരെയുള്ള ഓഫീസര്‍വമാര്‍ ചെയ്യുന്നത്‌ ബ്രിട്ടീഷ്‌ രാജഭരണകാലത്തെ രീതികളാണത്രെ. സെക്ഷന്‍ ഓഫീസര്‍മുതല്‍ സെക്രട്ടറിമാര്‍വരെയുള്ളവരില്‍ ചിലരും ഇതുതന്നെ ചെയ്യുന്നു. സത്യത്തില്‍‌

അതെങ്കിലും അത്മാര്‍ത്ഥതയോടെ ചെയ്തിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം കിട്ടിയേനെ.

ജോലി ചെയ്യിക്കേണ്ട ഉത്തരവാദിത്തം ആര്‍ക്കാണ് ? ഭരണം നടത്തുന്നവര്‍ക്കില്ലെന്ന്‌ തോന്നും ഇത് കേട്ടാല്‍‌! അദ്ദേഹം പറയുന്നു, ആരും ജോലി ചെയ്യാറില്ല. 'ഒരുവര- രണ്ടക്ഷരം' എന്നതാണ്‌ സ്ഥിതി. ഇവര്‍ക്ക്‌ അനുകൂലമായി ഏറ്റുപിടിക്കാന്‍ യൂണിയനുകളുമുണ്ട്‌. ആരു വിചാരിച്ചാലും നിയന്ത്രിക്കാന്‍ പറ്റാത്ത സാമൂഹികവരുദ്ധ ശക്തികള്‍ സെക്രട്ടേറിയറ്റിലുണ്ട്‌. ഇവിടെ കൃത്രിമ പ്രൊമോഷന്‍ സംഘടിപ്പിക്കുന്ന ആളുകളുമുണ്ട്‌. അനാവശ്യമായ ധാരാളം തസ്‌തികകള്‍. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ശമ്പളനിരക്ക്‌ മറ്റു ജീവനക്കാര്‍ക്കുകൂടി നല്‍കിയാല്‍ ഖജനാവ്‌ അടച്ചുപൂട്ടേണ്ടിവരും. പുനര്‍വിന്യാസം നടത്തിയാല്‍ സെക്രട്ടേറിയറ്റില്‍ നിലവിലുള്ളതിന്റെ കാല്‍ ഭാഗം ജീവനക്കാര്‍ മതി. ഒരു തരം വലതുപക്ഷ രാഷ്‌ട്രീയ വ്യവസ്ഥയാണ്‌ അവിടെ. ജനങ്ങളുടെ ആവശ്യങ്ങളെ തടയുന്ന ഭരണവ്യവസ്ഥ . സെക്രട്ടേറിയറ്റിലെ പ്രേതം ഇപ്പോള്‍ സഹകരണമേഖലയിലും ബാധിച്ചു. പോലീസിനകത്ത്‌ മാഫിയാ ഏജന്റുമാരുണ്ട്‌. മോഷണമുതല്‍ ഇവര്‍ പങ്കുവയ്‌ക്കുന്നു. പത്രലേഖകര്‍ക്കിടയിലും ക്രിമിനലുകളുണ്ട്‌ - അദ്ദേഹം പറഞ്ഞതായി വന്നിട്ടുള്ള വാര്‍ത്തയാണിത്. ജനം വിഡ്ഡികാളാക്കുന്ന ഇത്തരം പ്രസംഗങ്ങളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. സൃഗാല വേദാന്തന്യായം പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുകയാണോ ?

Technorati Tags: ,