Keyman for Malayalam Typing

അതിചാതുർ ഹനുമാൻ

 ഓം ഹം ഹനുമതേ നമഃ 🙏

അതിചാതുർ ഹനുമാൻ

(Photo Curtesy: Manikandan Nambiar , Trinidad and Tobago)

നല്ല ഗുണങ്ങൾ ഉള്ളവനാണ് ഗുണി. ഒന്നിനും കൊള്ളാത്ത, ആർക്കും ഉപയോഗമില്ലാത്ത പുറത്ത് നിന്ന് നോക്കുമ്പോൾ ശാന്തം, സ്വസ്ഥം എന്ന് തോന്നിപ്പിക്കുമാറ് അടങ്ങി ഒതുങ്ങി  നില്‍ക്കുന്നതല്ല ഗുണി. പലപ്പോഴും വാടിക്കുഴഞ്ഞ് ഒന്നിനും താല്പര്യമില്ലാത്തവരെ നമുക്ക്  പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നില്ല എന്നു കരുതി 'ഗുണി' എന്ന് തെറ്റായി വിളിക്കാറുണ്ട്.  

ഗുണിക്ക്, വിവേക, വൈരാഗ്യ, ശമ, ദശ, ഉപരമ, തതീക്ഷ, ശ്രദ്ധ, സമാധാനം, മുമുക്ഷുത്വം എന്ന സാധനാ ചതുഷ്ടയ ഗുണങ്ങളോ, അതുമല്ല എങ്കില്‍ ദൈവീസമ്പത്ത് എന്ന പേരില്‍ ഭഗവാന്‍ ഭഗവദ്ഗീതയിൽ  പതിനാറാം അധ്യായത്തില്‍ പറഞ്ഞ കാര്യങ്ങളോ ഉള്ള ആളായി എടുക്കാം.  

എല്ലാ ആധ്യാത്മിക ഗുണങ്ങള്‍ക്കുമൊപ്പം, ഹനുമാൻ മികവിൽ മികച്ചവൻ കൂടിയായിരുന്നു.

അതിചാതുർ എന്നും ഹനുമാൻ അറിയപ്പെടുന്നു. സീതാന്വേഷണ സമയത്തെ സമുദ്രലംഘനം മാത്രം മതി ഹനുമാന്റെ ബുദ്ധികൂർമ മനസ്സിലാക്കാൻ. സമുദ്രം ചാടിക്കടക്കുമ്പോൾ ഓരോ തരത്തിൽ ശ്രദ്ധ തിരിക്കാനുളള കാര്യങ്ങൾ വരും. എല്ലാത്തിനേയും ഒരേ  പോലെ നേരിടാതെ അർഹിക്കുന്ന സമയം നൽകി അതിന്റേതായ രീതിക്കാണ് ഓരോന്നിനേയും ഹനുമാൻ എതിരിട്ടത്.  

ആദ്യം മൈനാകം എന്ന പർവതമാണ് വരുന്നത്. എന്നിൽ വിശ്രമിച്ചുകൊള്ളൂ  എന്നു പറഞ്ഞപ്പോൾ ഹനുമാൻ മൈനാകത്തെ തൊട്ടു നമസ്‌ക്കരിച്ച് പിന്നെ കാണാമെന്നു പറഞ്ഞ ‌പോവുകയായിരുന്നുവത്രേ.

നാമും ഇതുപോലെ ഒരു ഉദ്യമത്തിലേക്ക് ഇറങ്ങുമ്പോൾ നമ്മെ തേടി ധാരാളം സുഖങ്ങള്‍ വരും. അതുപോലെ കുറേ തമസ്സിന്റെ ഗുണങ്ങളും ഉണ്ടാകും. വിളംബനം, അനാവശ്യ വിശ്രമത്തിനുള്ള ത്വര, വഴിതെറ്റിക്കുന്ന സുഖങ്ങൾ എന്നിവയെല്ലാം തമസ്സിന്റെ ഗുണങ്ങളിൽ പെടുന്നു. അവയൊക്കെ മനസ്സിൽ കയറ്റാതെ തൊട്ടു തൊഴുത് അങ്ങ് ഉപേക്ഷിക്കണം .

ഹനുമാനെ പരീക്ഷിക്കാൻ ദേവന്മാർ നാഗമാതാവ് സുരസയെ വിടുമ്പോൾ ഹനുമാൻ ആദ്യം സീതാദേവിയുടെ ദുഃഖം പറഞ്ഞ് സുരസയിലെ മാതൃഭാവം ഉണർത്തി. എന്നാൽ  നിന്നെ തിന്നേ അടങ്ങൂ എന്ന് കടുംപിടുത്തം പിടിച്ച സുരസയെ ബുദ്ധി ഉപയോഗിച്ചാണ് ഹനുമാൻ ജയിക്കുന്നത്. മത്സരിച്ച് വാ വലുതാക്കിയ സുരസയുടെ മുമ്പിൽ ഹനുമാൻ ആദ്യമാദ്യം വലുതായെങ്കിലും പെട്ടെന്ന് ഒരു കടുക് പോലെ ചെറുതായി സുരസയുടെ വായിലൂടെ കയറി, ചെവിയിലൂടെ ഇറങ്ങി വന്നു എന്നാണ് കഥ.  

ഇക്കാര്യത്തിൽ സന്തോഷവതിയായ സുരസ ഹനുമാനെ കാര്യ സാധ്യത്തിനായി അനുഗ്രഹിച്ചു.  

ചെറു പോരുകൾക്ക് സമയം കളയാതെ വലിയ യുദ്ധങ്ങള്‍ക്കായി ശക്തി സംഭരിക്കണം എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

(ബ്രഹ്മചാരി സുധീര്‍ ചൈതന്യ )


ഹനുമാൻ രാമായണത്തിൽ

 രാമായണത്തിലെ ഹനുമാൻ
ഓം ഹം ഹനുമതേ നമഃ 🙏
ശ്രീരാമ ഭക്തനായ ഹനുമാന്‍റെ ജന്മദിനമാണ്‌ ഹനുമദ് ജയന്തിയായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്‌. ഭഗവാന്‍ ശിവന്‍റെ അവതാരമാണ്‌ ഹനുമാന്‍‍.
ചൈത്ര ശുക്ല പക്ഷ പൗര്‍ണ്ണമി ദിനത്തിലാണ്‌ ഹനുമാന്‍ ജനിച്ചതെന്നാണ്‌ വിശ്വാസം.  ഈ ദിവസത്തില്‍ ഭക്തര്‍ ഹനുമദ് പ്രീതിക്കുവേണ്ടി വൃതം നോറ്റ്‌ രാമനാമ ജപവുമായി കഴിയുന്നു.
വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍റെ ഏറ്റവും വലിയ ഭക്തനാണ്‌ ഹനുമാന്‍‍.
അതുകൊണ്ടുതന്നെ ഹനുമാന്‍റെ‍ പ്രീതിക്കുവേണ്ടി ശ്രീരാമചന്ദ്രനെ ഈ ദിവസം ഭജിക്കുന്നത്‌ ഏറ്റവും ഉത്തമമാണ്‌. മികവുറ്റ സംഗീതജ്ഞന്‍കൂടിയാണ്‌ ചിരംഞ്ജീവിയായ ഹനുമാന്‍ .
അഞ്ജനയുടെ പുത്രനായ ഹനുമാന്‍റെ ജനനകാരണത്തെപ്പറ്റി വ്യത്യസ്തകഥകള്‍ പ്രചാരത്തിലുണ്ട്‌. വായു ആ ശിശുവിന്‍റെ പിതൃത്വം ഏറ്റെടുത്തതിനാല്‍ ഹനുമാന്‍ വായു പുത്രനായി വളര്‍ന്നു.
ദേവഗുരുവായ ബൃഹസ്പതിയുടെ ശാപംമൂലം വാനരസ്ത്രീയായി പിറന്ന അഞ്ജന ഹനുമാനെ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ശാപമോചനം നേടി ലോകം വെടിഞ്ഞു.
അപ്പോള്‍തന്നെ ജ്വലിക്കുന്ന സൂര്യനെക്കണ്ട്‌ ആകൃഷ്ടനായി സൂര്യബിംബത്തിനു നേര്‍ക്കും അവിടെനിന്ന്‌ ഇന്ദ്രവാഹനമായ ഐരാവതത്തിന്‍റെ നേര്‍ക്കും കുതിച്ചു ചാടിയ ശിശു ഇന്ദ്രന്‍റെ വജ്രായുധമേറ്റു താടി മുറിഞ്ഞു നിലംപതിച്ചു. ആ മുറിവിന്‍റെ പാട്‌ താടിയില്‍ അവശേഷിച്ചതിനാല്‍ ഹനുമാന്‍ എന്ന പേരുണ്ടായി എന്നും കഥയുണ്ട്‌.

രാവണന്‍ സീതയെ അപഹരിച്ചതിനെത്തുടര്‍ന്ന്‌ ദുഃഖിതനായി കാട്ടില്‍ അലഞ്ഞുതിരിഞ്ഞ രാമനെ സുഗ്രവനുമായി സഖ്യം ചെയ്യിച്ചതും സമുദ്രം ചാടിക്കടന്നു ലങ്കയില്‍ ചെന്ന്‌ സീതയെ കണ്ടെത്തിയതും ഹനുമാനാണ്.

അന്ന്‌ തൊട്ട്‌ രാമന്‍റെ വിശ്വസ്തമിത്രമായിത്തീര്‍ന്ന ഹനുമാനൊപ്പമാണ് ഹിന്ദുക്കള്‍ രാമനെ സ്മരിക്കുകയും ആരാധിക്കുകയും ചെയ്തുവരുന്നത്‌.

ഹനുമാന്‍റെ അസാമാന്യമായ ബലം, അത്ഭുതകൃത്യങ്ങള്‍, പാണ്ഡിത്യം തുടങ്ങിയവയെക്കുറിച്ചുള്ള അനവധി പുരാണ കഥകള്‍ നിലവിലുണ്ട്.

 രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ്. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.

ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ ഒരാളുമാണ് ഹനുമാൻ. രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്.

രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു.

രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ദേവതയാണെന്നുള്ളതിനെപ്പറ്റി ഒരിടത്തും പ്രസ്താവമില്ല.

ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്.

ഹനുമാന്റെ മാതാവാണ് അഞ്ജന. ഇതു കാരണം ഹനുമാന് ആഞ്ജനെയൻ എന്നു പേരു വന്നു. കുഞ്ജരൻ എന്ന വാനരന്റെ പുത്രിയും കേസരിയുടെ ഭാര്യയുമായിരുന്നു അഞ്ജന. 

അഞ്ജന ഗൗതമന്റെ പുത്രിയാണെന്നും മതഭേദമുണ്ട്.

അഞ്ജന ആദ്യത്തെ ജന്മത്തിൽ പുഞ്ജികസ്ഥലി എന്ന അപ്സരസ്സ് ആയിരുന്നു. ശാപം നിമിത്തം വാനരയായി ഹിമാലയത്തിൽ ജനിച്ചു. ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ചുകിട്ടും എന്നതായിരുന്നു ശാപമോക്ഷത്തിനുള്ള വരം.

അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.

ഹൈന്ദവ വിശ്വാസത്തിൽ

കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം.

ശിവനും പാർവതിയും വാനരരൂപികളായി നടക്കുമ്പോൾ പാർവതി ഗർഭിണിയായിത്തീർന്നെന്നും വാനരശിശു ജനിക്കുമെന്ന അപമാനത്തിൽനിന്ന് തന്നെ മുക്തയാക്കണമെന്ന് അപേക്ഷിച്ചതിന്റെ ഫലമായി ആ ഗർഭത്തെ ശിവൻ വായുദേവനെ ഏല്പിച്ചു എന്നും, വായു അത്, സന്താനലാഭത്തിനുവേണ്ടി തപസ്സനുഷ്ഠിച്ചു കഴിയുന്ന അഞ്ജനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു എന്നും ആ ശിശുവാണ് ഹനുമാനായി പിറന്നതെന്നും വാല്മീകിരാമായണത്തിൽ പരാമർശമുണ്ട്.
---
ഹരി ഓം!
ഓം ശ്രീഹനുമതേ നമഃ
....

ബ്രഹ്മാവ് - ഒരു വിശകലനം

ബ്രഹ്മാവിന്റെ സാരം

ബ്രഹ്മാവ് എന്ന പദവിശകലനം: ബ്രഹ്മത്തെ യഥാവിധി കൈകാര്യം ചെയ്യുന്ന പ്രതിഭാസത്തിന് ആധാരശക്തിയാണ് ബ്രഹ്മാവ്. ബ്രഹ്മാവ് മനുഷ്യനല്ല. മാതാപിതാക്കള്‍ക്കു ജനിച്ച മനുഷ്യരൂപധാരിയുമല്ല. നാലുതലയുള്ള രൂപത്തില്‍ നാം സങ്കല്‍പ്പിക്കുന്ന, പിതാമഹന്‍ എന്ന സൃഷ്ടികര്‍ത്താവ് സൃഷ്ടിയുടെ പ്രതീകാത്മക രൂപമാണ്. ബ്രഹ്മാവിന്റെ നാലു തലയ്ക്ക് ഒരു ശാസ്ത്രീയ വിശകലനവുമാകാം.( ഈ ശാസ്ത്രീയ വിശകലനം സാധ്യമാകുമോ എന്നന്വേഷിച്ചിറങ്ങിയപ്പോള്‍ കണ്ടെത്തിയതു മാത്രമാണ്.) 

ചിത്രരചനയിലാണെങ്കിലും വിഗ്രഹനിര്‍മാണത്തിലാണെങ്കിലും ഗൃഹനിര്‍മാണത്തിലാണെങ്കിലും അതുപോലെ ഏതൊരു സൃഷ്ടിക്കും ആവശ്യമായതാണ് v x-y-z-time അക്ഷങ്ങള്‍. അതു നാലും ബ്രഹ്മാവിനെ തന്നെ രൂപകല്‍പന നടത്തിയപ്പോള്‍, x-y-z-time എന്നീ നാലു തലകളിലൂടെ പുരാതന ഭാരതീയര്‍ നല്‍കി. സരസ്വതിയെ ബ്രഹ്മപത്‌നിയാക്കി സിംബോളിക് ആയി വച്ച് നാല് അക്ഷവും ജ്ഞാനവും അഥവാ വിദ്യയും സൃഷ്ടിക്കുവേണം എന്നവര്‍ വ്യക്തമാക്കി. ഗര്‍ഭസ്ഥ ശിശു അമ്മയുമായി പൊക്കിള്‍ക്കൊടിയിലൂടെ ബന്ധപ്പെട്ടിരിക്കുന്നതുപോലെ സൃഷ്ടി നടത്തുന്നതിനാവശ്യമായ ഊര്‍ജ്ജവും ദ്രവ്യവും ലഭിക്കുന്നതിന് സൂചിപ്പിക്കുന്ന വിധത്തില്‍ ബ്രഹ്മാവിനെ, പൊക്കിള്‍ക്കൊടിയിലെ താമരയിലൂടെ പ്രപഞ്ചരൂപമായ വിഷ്ണുവുമായി ബന്ധപ്പെടുത്തി. ഇത്തരത്തിലുള്ള ബ്രഹ്മാവിന്റെ സമ്പൂര്‍ണ പ്രതീകാത്മക വിവരണം സ്വബോധമുള്ള പ്രപഞ്ച ഊര്‍ജത്തില്‍ നിന്നും (ബ്രഹ്മത്തില്‍ നിന്നും) ദ്രവ്യത്തില്‍ നിന്നും സൃഷ്ടി നടത്തുന്നതിനെ വ്യക്തമാക്കുന്നതാണ്. 

ബ്രഹ്മമായ പ്രപഞ്ചചൈതന്യത്തില്‍ നിന്ന് സൃഷ്ടി നടത്തുന്നതുകൊണ്ട് ബ്രഹ്മാവ് എന്ന് പേരും ലഭിച്ചു. ഭാഗവത പുരാണത്തിലെ ഈ വരി അത്യധികം ശാസ്ത്രീയ സന്ദേശമുള്‍ക്കൊള്ളുന്നതായി തോന്നിയിട്ടുണ്ട്. സൃഷ്ട്വാ പുരാനി വിവിധാന്യജയാത്മശക്ത്യാ വൃക്ഷാന്‍ സിരാന്‍സരീന്‍ ഖഗ ദംശ മത്സ്യാന്‍ തിഷ്‌ടൈരതുഷ്ടഹൃദയ പുരുഷം വിധായ ബ്രഹ്മാവലോക ധിഷണം മുദമാപദേവ (ഭാഗവതം) പ്രപഞ്ചചൈതന്യം, സ്വന്തം ആത്മചൈതന്യാംശത്താല്‍, പണ്ട് വൃക്ഷങ്ങളെയും ഇഴജന്തുക്കളെയും നീന്തുന്നവയെയും പക്ഷിമൃഗാദികളെയുമെല്ലാം സൃഷ്ടിച്ചു. സൃഷ്ടികര്‍ത്താവായ 'ഈശ്വരചൈതന്യം' ഉള്ള സൃഷ്ടികളെല്ലാം നടത്തിയിട്ടും സന്തോഷമില്ലാതെ വര്‍ത്തിച്ച് പിന്നീട് പ്രപഞ്ചത്തില്‍ നിറഞ്ഞിരിക്കുന്ന അതേ ബ്രഹ്മചൈതന്യത്തെക്കുറിച്ചറിയുവാന്‍ പാകത്തിന് ധിഷണാശക്തിയുള്ള മനുഷ്യനെ സൃഷ്ടിച്ചതിനുശേഷം, സംതൃപ്തനായി. ഇവിടെ ബ്രഹ്മാവലോകധിഷണം എന്ന വരിക്കര്‍ത്ഥം, പ്രത്യേക ലക്ഷ്യത്തോടുകൂടി തന്നെ സൃഷ്ടിക്കപ്പെട്ട ബുദ്ധിശക്തിയുള്ള ഒരു ജീവിയാണ് മനുഷ്യനെന്നുതന്നെയാണ്. അതായത് പ്രപഞ്ചചൈതന്യം ഒരു പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടെ നടത്തിയ സൃഷ്ടിയാണ് മനുഷ്യര്‍. 

അതിനായി പ്രപഞ്ചശക്തിക്കൊരു ദിശാബോധമുണ്ടായിരുന്നു. ഈ ദിശാബോധവും ശക്തിയുമുള്ളതുകൊണ്ടാണ് പ്രപഞ്ചചൈതന്യത്തെ ബ്രഹ്മമെന്ന് പറയുന്നത്. അഗ്നി ബ്രഹ്മമാണെന്ന് ഉപനിഷദ് വര്‍ണിക്കുന്നു. ഇതിന്റെ അര്‍ത്ഥമെന്താണ്? നമസ്‌തേ അഗ്നേ ത്വമേവ, പ്രത്യക്ഷം ബ്രഹ്മാസിഃ ഹേ അഗ്നേ നീയാണ് പ്രത്യക്ഷമായ ബ്രഹ്മം. അഗ്നിജ്വാലയിലൂടെ നടക്കുന്ന പ്രത്യേക ഓക്ക്‌സിഡേഷന്‍ രാസപ്രവര്‍ത്തനത്തില്‍ ചൂടും പ്രകാശവും ഉണ്ടാക്കുവാന്‍ സാധിക്കുന്നതിനാലും, വ്യക്തമായ രാസ ഉല്‍പ്പന്നങ്ങളുണ്ടാകുന്നതിനാലും, അഗ്നിക്ക് ഊര്‍ജ്ജവും ദിശാബോധവുമുണ്ട്. അതിനാല്‍ ബ്രഹ്മചൈതന്യത്തിന്റെ ദൃഷ്ടിഗോചരമായുള്ള ഭാവമാണ് അഗ്നി. അഗ്നിയെന്നത് ബാഹ്യവും ആന്തരികവുമായ രണ്ടുവിധ അഗ്നിയുണ്ട്. ഒന്നാമത്തേത് അഗ്നിയും രണ്ടാമത്തേത് ജഠരാഗ്നിയും. രണ്ടിലും നടക്കുന്നത് ഓക്‌സിഡേഷനാണ്. അഗ്നിയിലും ഒരു പ്രജ്ഞാനമുണ്ട്. ബാഹ്യാഗ്നിയില്‍ കത്താന്‍ ഇഗ്നിഷന്‍ പോയിന്റു വരണം. കാര്‍ബണ്‍ഡൈയോക്‌സൈഡ് അഗ്നിയെക്കെടുത്തും. ചെറിയ അഗ്നിയെ കാറ്റില്ലാതാക്കും വലിയ അഗ്നിയെ പടര്‍ത്തി വലുതാക്കും. ചെറിയ അഗ്നിയില്‍ കത്താത്തതു പലതും അഗ്നിയില്‍ കത്തും. ഇതെല്ലാം അഗ്നിനിയമങ്ങളാണ്. ജഠരാഗ്നിയില്‍ നടക്കുന്ന ഓക്‌സിഡേഷനെ നാം ദഹനം എന്നുതന്നെ പറയുന്നു. ദഹനം പുറത്തും അകത്തുമുള്ള പ്രക്രിയയാണ്. ഭക്ഷണം ദഹിപ്പിക്കുകയെന്നതും ജഡം ദഹിപ്പിക്കുക എന്നതും! അകത്തെ ജഠരാഗ്നിയുടെ ബയോകെമിക്കല്‍ നിയമങ്ങള്‍ അതിസൂക്ഷ്മങ്ങളാണ്. എല്ലാം കൃത്യവും നിയന്ത്രിതവുമാണ്. ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശരീരതാപനില 37.30ഇ നിലനില്‍ക്കുന്നത്. അഗ്നികൂടിയാല്‍ ശരീരതാപനില കൂടുമ്പോള്‍ ഭക്ഷണത്തിന് രുചിയില്ലായ്മയും വിശപ്പില്ലായ്മയും ശരീരം തന്നെയുണ്ടാക്കുന്നതിനൊരു നിയമമുണ്ട്. കൂടുതല്‍ ഭക്ഷണം അകത്തു വരാതിരിക്കാനും ദഹിപ്പിക്കാതിരിക്കാനുമുള്ള നിയമം! അഗ്നിക്കും വായുവിനും അവയുടെ പ്രവര്‍ത്തനത്തിന് ബോധതലമുണ്ട് അതുകൊണ്ട് അഗ്നിയും വായുവും ബ്രഹ്മമാണ് എന്ന് പൂര്‍വികര്‍ തറപ്പിച്ചുപറയുന്നു. 

വായു ബ്രഹ്മമാണെന്നും ഉപനിഷദ് ഉദ്‌ഘോഷിക്കുന്നതിന്റെ സാരമെന്ത്? നമസ്‌തേ വായോ ത്വമേവ പ്രത്യക്ഷം ബ്രഹ്മാസി- ഹേ വായുദേവ, നീയും പ്രത്യക്ഷമായ ബ്രഹ്മചൈതന്യമാണ് എന്നര്‍ത്ഥം. ജീവജാലങ്ങള്‍, വായുവില്‍നിന്നും ഓക്‌സിജന്‍ തന്മാത്രകള്‍ സ്വീകരിച്ച് കോശത്തിനകത്തെ വ്യക്തമായ കര്‍മങ്ങള്‍ നിര്‍വഹിപ്പിച്ച് അന്ത്യത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡായി മാറി പുറത്തുവരുമ്പോള്‍, നടക്കുന്ന പ്രക്രിയയിലൂടെ ജീവന്‍ നിലനില്‍ക്കുന്നു എന്നതാണ് സത്യം. അതിനാല്‍ വായു, ജീവ ഊര്‍ജ്ജത്തിനും ജീവല്‍ പ്രക്രിയക്കും കാരണമാകുന്ന ബ്രഹ്മചൈതന്യമാണ്. ജീവകോശങ്ങളില്‍ ഓക്‌സിജന്‍ തന്മാത്രക്ക് ദിശാബോധമുണ്ട്, ഊര്‍ജ്ജ പ്രദാന ശക്തിയുമുണ്ട്. ഓരോ ഓക്‌സിജനും ഹീമോഗ്ലോബിനുമായി ചേര്‍ന്ന് എത്തേണ്ട സ്ഥലത്തെത്തി സ്വന്തം ദൗത്യം നിര്‍വഹിക്കുന്നു. 

(ഡോ.എന്‍. ഗോപാലകൃഷ്ണൻ)
***

ശാപങ്ങളുടെ രസതന്ത്രം 3

ശാപങ്ങളുടെ   രസതന്ത്രം 3
പല വിധത്തിലുള്ള   ശാപങ്ങൾ ഇനിയുമുണ്ട്.
അതിൽ ചിലത് :

1)മാതൃപിതൃശാപം.
2) ഗുരുശാപം.
3) ബ്രഹ്മജ്ഞശാപം.
4) സ്ത്രീ ശാപം.
5) ബാല ശാപം   എന്നിവ.

മാതൃപിതൃശാപം:
മാതാപിതാക്കൾ അഞ്ച് വിധമാണ്.... ഇവരെ പഞ്ചമാതാപിതാക്കൾ എന്ന് വിളിക്കുന്നു... ഇവരിൽ നിന്ന് ഉണ്ടാകുന്നതാണ് മാതൃപിതൃശാപം.

"ഗുരുപത്നീ രാജപത്നീ
ജ്യേഷ്ഠ പത്നീ തദെഇവ ച
പത്നിമാതാ സ്വ മാതാ ച
പഞ്ചൈതേ മാതരസ്മൃതാ..."

(ഗുരുപത്നീയും, രാജപത്നീയും, ജ്യേഷ്ടന്റെ പത്നീയും, ഭാര്യയുടെ അമ്മയും, പിന്നെ സ്വന്തം മാതാവും ഇങ്ങനെ അഞ്ചു പേരെയും മാതാവായ് സ്മരിച്ചു കൊള്ളേണം.)

"ജനിതാ ചോപനേതാ ച
യസ്തു വിദ്യാം പ്രയച്ച്ചതി
അന്നദാതാ ഭയത്രാതാ
പഞ്ചൈതേ പിതരസ്മൃതാ..."

ജന്മം നല്‍കിയവനും, ഉപനയനം ചെയിച്ചവനും, വിദ്യ നല്‍കിയവനും, ആഹാരം നല്‍കിയവനും, ഭയത്തില്‍ നിന്നു രക്ഷിച്ചവനും എന്നീ അഞ്ചു പേരെയും പിതാവായി കരുതേണ്ടതാണ്.

ഗുരുക്കന്മാർ
ഭാരതത്തിൽ ധർമ്മ ഗുരുക്കന്മാർ പ്രധാനമായും ആറു തരമുണ്ട്..... ഇവരുടെ ശാപമാണ് ഗുരു ശാപത്തിന് കാരണം.

അക്ഷരമാലയും ലൗകിക വിദ്യകളും അഭ്യസിപ്പിച്ചിട്ടുള്ള സൂചകഗുരു... വര്‍ണ്ണം , ആശ്രമം എന്നിവയ്ക്ക് അനുയോജ്യവും ധര്‍മ്മാധര്‍മ്മളങ്ങളെ അനുശാസിക്കുന്നതുമായ വിദ്യയെ ഉപദേശിക്കുന്ന വാചകഗുരു.... പഞ്ചാക്ഷരി മുതലായ മന്ത്രങ്ങള്‍ ഉപദേശിക്കുന്ന ബോധകഗുരു

വൈരാഗ്യതിലെക്കുള്ള മാര്‍ഗ്ഗം കാണിച്ചുതരുന്ന വിഹിതഗുരു... തത്വമസി മുതലായ മഹാവാക്യങ്ങളെ ഉപദേശിക്കുന്നവനും ഭവരോഗത്തെ ശമിപ്പിക്കുന്നവനും ആയ കാരണഗുരു... സകല സംശയങ്ങളേയും സംസാര ഭയത്തെയും നശിപ്പിക്കുന്നവന്‍ ആയ പരമഗുരു.....

ബ്രഹ്മജ്‌ഞശാപം
ബ്രഹ്മ ത്വത്വം ഗ്രഹിച്ച പരമ യോഗികളെയും, സിദ്ധന്മാരെയും അപാനിക്കുമ്പോൾ കിട്ടുന്ന ശാപമാണിത്... [പഞ്ചഭൂത തത്ത്വങ്ങൾ ഗ്രഹിച്ച മുനി (ഭൂമീ) , ഋഷി (ജലം), ബ്രാഹ്മണർ (അഗ്നി) , സന്യാസി (വായൂ), ബ്രഹ്മചാരീ (ആകാശം) ഇവരെ അഞ്ച് പേരേയും പഞ്ചബ്രഹ്ജ്ഞർ എന്ന് വിളിക്കുന്നു. ഇവരെയും മുൻപ് ഞാൻ വിശദീകരിച്ചിട്ടുള്ളതാണ് ] 

സ്ത്രീ ശാപം
സ്ത്രീ ശാപങ്ങൾ 3 വിധം ഉണ്ടാകുന്നു.
ധർമ്മ രൂപങ്ങളായ പതിവൃതകളായ സ്ത്രീകൾ ശപിക്കുന്നത്....
ഒന്നാമത്തേത്.

കന്യകളായ സ്ത്രീകൾ ശപിക്കുന്നത്.. അടുത്തത് .

താപസിക സ്ത്രീകളുടെ ശാപമാണ് മറ്റൊന്ന്.

ബാല ശാപം
ഏകദേശം 12 വയസിന് താഴേയുള്ള കുട്ടികൾ ബാലകാല ഘട്ടത്തിൽ ഉള്ളവരാണ്. നിങ്ങൾ കാരണം അവരുടെ വിദ്യാഭ്യാസം മുടങ്ങുക, അനാഥമാകുക, ദാരിദ്രമനുഭവിക്കുക, അംഗവൈകല്യങ്ങൾ സംഭവിക്കുക, ദേശം വിട്ട് പോകുക എന്നിവ സംഭവിച്ചാൽ അവ ബാല ശാപത്തിലേക്ക് നയിക്കും.

"ഗുരു ദേവ ദ്വിജഃ അത്യുഗ്ര
സർപ്പശാപാപിചാരത
ജാതകം ഭിദ്യതേ ന്യൂനം
നോ ചേതത്തൽ പ്രതിക്രിയാ.......!"

ഗുരുശാപം, ദേവതാ ശാപം, ബ്രാഹ്മണശാപം, ആഭിചാരം, സർപ്പശാപം മുതലായവ ഉള്ളവർക്ക് ജാതകത്തിൽ എത്ര യോഗങ്ങളുണ്ടായാലും എത്ര നല്ല ദശ വന്നാലും അനുഭവയോഗ്യമാവുകയില്ല എന്നൊരു വിധിയുണ്ട്.

ഗംഗാ മഹത്മ്യത്തിൽ 24 ശാപങ്ങൾ വിവരിക്കുന്നുണ്ട്.

ഒരാളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഉണ്ടാകുന്നതിന് ശാപങ്ങൾ വലിയ പങ്ക് വഹിക്കുന്നു എന്ന്  ഇതിൽനിന്നും മനസിലാക്കമല്ലോ!

(ആശപിള്ള)
**🕉️** 

ശാപങ്ങളുടെ രസതന്ത്രം...2

ശാപങ്ങളുടെ രസതന്ത്രം...2
➖ എന്ത് കൊണ്ട് ഈ ഗതി എനിക്ക് വന്നു... 
മനുഷ്യൻ ഏറ്റവും കൂടുതൽ തവണ സ്വയം ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്.

➖ എന്താവും ഒരു മനുഷ്യന് ഇത്രയും ദുരിതങ്ങൾ വരാൻ കാരണം എന്നാവും ഭാരതത്തിലെ ഏതോരു സിദ്ധയോഗീശ്വരന്മാരും അന്വേഷിച്ചിരിക്കുക.

അതിന്റെ പ്രധാന ഉത്തരമാണ് ....ശാപം!

" മഹനീയ ദർശനം" എന്ന ഗ്രന്ഥത്തിൽ ശാപങ്ങളെ പൊതുവെ മൂന്ന് ഗണത്തിൽ ഉൾപ്പെടുത്തുന്നു.

1) പ്രത്യക്ഷ ശാപങ്ങൾ.
2) കാരണ ശാപങ്ങൾ.
3) പഞ്ചമഹാ ശാപങ്ങൾ.

പ്രത്യക്ഷ ശാപങ്ങൾ:
നിങ്ങളുടെ കർമ്മം കൊണ്ട് നിങ്ങൾക്ക് വന്നു ചേരാവുന്ന ശാപങ്ങളാണ് പ്രത്യക്ഷ ശാപങ്ങൾ... നിങ്ങൾ കാരണം ഒരു വ്യക്തിയുടെ ജീവിതത്തിൽ എല്ലാ നന്മകളും പ്രതീക്ഷകളും അസ്തമിക്കുമ്പോൾ അയാളുടെ വേദന നിങ്ങളെ ബാധിക്കുന്നു.

കാരണ ശാപങ്ങൾ:
നിങ്ങൾ കാരണം മറ്റുള്ളവർക്ക് കിട്ടുന്ന ശാപങ്ങളുടെ ഒരു ഭാഗം കാലക്രമേണ നിങ്ങളിൽ വന്നു ചേരുന്നതോ, അല്ലങ്കിൽ മറ്റുള്ളവർ കാരണം നിങ്ങളിൽ വന്നു ചേരുന്നതോ ആയ ശാപങ്ങളാണ് "കാരണ ശാപങ്ങൾ" അഥവ പരോക്ഷ ശാപങ്ങൾ.

പഞ്ചമഹാ ശാപങ്ങൾ:
ഈ രണ്ടു ശാപ ഗണങ്ങളിൽ നിന്നും വേർപെടുത്തി എടുത്ത് പറയുന്ന അഞ്ച് ശാപങ്ങളെയാണ് പഞ്ചമഹാ ശാപങ്ങൾ എന്ന് പറയുന്നത്... ഇവയുടെ പ്രത്യേകത, ഇവ ലഭിക്കുന്ന ആളുകൾ മാത്രമല്ല അവരുടെ 3 തലമുറയെ കൂടി ഇത് ബാധിക്കും... ചുരുക്കത്തിൽ ഇവയ്ക്ക് വേണ്ടത്ര പരിഹാരം ആചാര്യന്മാർ കണ്ടുപിടിച്ചിട്ടില്ല എന്ന് സാരം!

(ആശാ പിള്ള)

(തുടരും...)
***

സന്ധ്യാ വന്ദനം

🪔 സന്ധ്യാവന്ദനം🙏 
"അഖില ലോകരും സ്തുതിക്കുന്ന ദേവ 
സുഖപ്രദായക കരുണാവാരിധേ 
അഹർന്നിശം തവ തിരുവടി കാണ്മാൻ 
വരം തരണമേ പഴനിയാണ്ടവ!"

വേലായുധ ഹര ഹാരോ ഹര:

             🪔ശുഭസന്ധ്യ🪔

ശാപങ്ങളുടെ രസതന്ത്രം

ശാപo !

ശാപം എന്ന  വാക്കിനപ്പുറം നീളുന്ന അര്‍ത്ഥം എന്താണെന്ന് നോക്കാം.

ശാപമെന്ന പദത്തിന് -- ആഗ്രഹിച്ചത് മറ്റൊരാള്‍ കൈവശപ്പെടുത്തുമ്പോള്‍ , ഉടന്‍ പ്രതികരിയ്ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ , മനുഷ്യന്‍ പ്രയോഗിക്കുന്ന നീചവാക്കുകളായിട്ടാണ്  പൊതുവെ അറിയപ്പെടുന്നത്. ശാപം എന്ന പദത്തിന്  വളരെ അധികം അര്‍ത്ഥ വ്യാപ്തി ഉണ്ട് എന്നതാണ് സത്യം..

ബലമില്ലാത്തവനെ, ബലമുളളവന്‍ ആക്രമിക്കുമ്പോള്‍ (ശാരീരികമോ, മാനസികമോ) സ്വയം പ്രതികരിയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവന്റെ മനസ്സില്‍ തന്നെ അതിയായ ദുഃഖം ഉരുത്തിരിയുന്നു. പ്രത്യക്ഷത്തില്‍ കണ്ണീരായി തോന്നാമെങ്കിലും, കീഴ്‌പ്പെടുന്ന വ്യക്തിയുടെ മനസ്സിലെ ക്രോധവും താപവും അവന്‍ സ്വയം ഉളളില്‍ ഒതുക്കുകയാണ്. ജയിച്ചെന്നഹങ്കരിയ്ക്കുന്ന വ്യക്തിയ്ക്കു മേല്‍   ഇതൊരു ശാപമായി പതിയും. നിരപരാധികളായ പെണ്‍കുട്ടികള്‍ പീഡിപ്പിയ്ക്കപ്പെടുന്ന ഈ നൂറ്റാണ്ട് സ്ത്രീ ശാപത്തിന്റെ ഒരു കൂമ്പാരമായി മാറികൊണ്ടിരിക്കുന്നു. പീഡിപ്പിയ്ക്കുന്ന പുരുഷനുമേല്‍ ഇന്നല്ലെങ്കില്‍ നാളെ ഒരു ഖഡ്ഗം പോലെ ഈ ശാപം വന്നു ചേരും. ഒരു പക്ഷെ ആ വ്യക്തിപോലുമറിയാതെ. നിയമത്തിന്റെ പഴുതുകളിലൂടെ താല്‍ക്കാലികമായി രക്ഷ നേടിയാലും, സ്ത്രീ ശാപം വീട്ടാക്കടമായി നിലനില്‍ക്കും എന്നതിന് സംശയമില്ല!
(തുടരും..)
_ആശാ  പിള്ള_
***

സുഭാഷിത വന്ദനം 3

സുഭാഷിതം
"അഞ്ജലിസ്ഥാനി പുഷ്പാണി 
വാസയന്തി കരദ്വയം_അഹോ 
സുമനസാം പ്രീതിർ
വാമദക്ഷിണയോഃ സമാ."

അർത്ഥം
ഒരു കൈക്കുടന്നയിൽ പൂക്കൾ എടുത്താൽ അവ ഇരുകൈകൾക്കും സുഗന്ധം പകരും. അതുപോലെയാണ് നല്ല മനസ്സുള്ള ആളുകളും. അവരെ സമീപിക്കുന്നവർക്കെല്ലാം അവർ നല്ലതു വരുത്തും. ആരിലും പക്ഷഭേദമില്ല.

സ്നേഹവും ശാന്തിയും പേറുന്ന സുഗന്ധം പരത്തുവാൻ സജ്ജനങ്ങൾക്ക് മാത്രമേ കഴിയൂ. അതിൽ അവർക്ക് വ്യത്യാസങ്ങൾ ഇല്ല. അവരോട് അടുക്കുന്നവർക്ക് ഈ സുഗന്ധം പകർന്നു നൽകുന്നു. സജ്ജനങ്ങളോട് അടുപ്പമുള്ളവരും സുമനസ്സുകളുടെ ഉടമകളാകുന്നു.

ശുഭദിനം!

വിഷ്ണു പ്രാർത്ഥന

Gവിഷ്ണു പ്രാർത്ഥന!

ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം,
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം.
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർ ധ്യാനഗമ്യം,
വന്ദേ വിഷ്ണം ഭവഭയഹരം സർവ്വലോകൈകനാഥം.

ശാന്തസ്വരൂപനും, സർപ്പത്തിന്മേൽ ശയിക്കുന്നവനും, നാഭിയിൽ
താമരപ്പൂവുള്ളവനും, ദേവന്മാരുടെ ഈശ്വരനും, ലോകത്തിനാധാരവും,
ആകാശസദൃശനും, മേഘവർണ്ണനും, സുന്ദരങ്ങളായ ശരീരാവയവ
ങ്ങളുള്ളവനും, ലക്ഷ്മീപതിയും, പങ്കജനേത്രനും, (യാഗികൾ
ധ്യാനത്തിലൂടെ പ്രാപിക്കുന്നവനും, സകലലോകങ്ങളുടെയും ഒരേ ഒരു
രക്ഷകനും, അകറ്റുന്നവനുമായ വിഷ്ണുവിനെ ഞാൻ വന്ദിക്കുന്നു.

ശുഭദിനം!