പ്രാണപ്രതിഷ്ഠ-Explained

 എന്താണ് പ്രാണപ്രതിഷ്ഠ?

ഒരു വിഗ്രഹത്തില്‍ ആദ്യമായിട്ട് പ്രാണനെ സന്നിവേശിപ്പിച്ച്‌ ചൈതന്യവത്താക്കുന്ന ചടങ്ങാണ് പ്രാണപ്രതിഷ്ഠ. ശില്പി പണിതു കൊണ്ടുവന്ന വിഗ്രഹത്തില്‍ ഉള്ളത്‌ ശില്പിയുടെ മനസ്സിലുള്ള ദേവന്റെ രൂപമാണ്.

ആ ശില്പിയോട് രൂപം കൊത്താൻ ആവശ്യപ്പെടുന്നത് മിക്കവാറും ഒരു പ്രത്യേക ധ്യാനത്തിന്റെ അടിസ്ഥാനത്തിലുള്ള രൂപം ആയിരിക്കും. ഉദാഹരണം പറഞ്ഞാല്‍ എല്ലാ മൂർത്തികള്‍ക്കും പ്രത്യേകമോ അല്ലാതെ തന്നെ പൊതുവിലോ അനവധി ആയിട്ടുള്ള ധ്യാനങ്ങള്‍ ഉണ്ട്. ആ ധ്യാനപ്രകാരം ഒരു വിഗ്രഹം ഉണ്ടാക്കിയെടുക്കാറാണ് പതിവ്. അല്ലാതെ വിഗ്രഹം ഉണ്ടാക്കി അതിന് ധ്യാനം എഴുതുകയല്ല രീതി. ധ്യാന ശ്ലോകം ചമക്കാൻ ആദ്യമേ തന്നെ ആ ദേവൻ അഥവാ മൂർത്തി എങ്ങനെയിരിക്കണം, അതിന് എന്തൊക്കെ ആയുധങ്ങള്‍ വേണം എന്നൊക്കെ മനസ്സില്‍ കാണുന്നു. അതിനനുസരിച്ച്‌ ധ്യാനം എഴുതുന്നു. ആ ധ്യാനത്തിനനുസരിച്ച്‌ വേണം വിഗ്രഹം നിർമ്മിക്കുവാൻ.

അങ്ങനെ ഒരു ധ്യാനപ്രകാരം നിർമ്മിച്ച ഒരു വിഗ്രഹത്തില്‍ ആ ശില്പി തന്നെ സ്വന്തം മനസ്സില്‍ ഒരു രൂപത്തെ സങ്കല്‍പ്പിച്ചിരിക്കുന്നത് കൊണ്ട് ആ വിഗ്രഹം മൂർത്തിയായി ദേവതയായി മാറുന്നുണ്ട്. ആ ശില്പിയുടെ മനസ്സിലുള്ള സങ്കല്പം വിഗ്രഹമായി മാറുമ്ബോള്‍ ശരിക്കും രാമൻ തന്നെയാകും. പക്ഷേ താന്ത്രികമായിട്ടുള്ള ചില ക്രിയകള്‍ക്ക് കൂടി പ്രാധാന്യമുണ്ട്.

പ്രാണപ്രതിഷ്ഠയില്‍ താന്ത്രികമായി ചെയ്യുന്നത് എന്താണെന്ന് നാം അറിഞ്ഞിരിക്കണം. ശില്പിയെ വിഗ്രഹം പണിഞ്ഞുകഴിഞ്ഞാല്‍ ഒഴിവാക്കും എന്ന് ഭാരതീയ ദേവദാസങ്കല്പത്തെ ഇകഴ്‌ത്തുവാൻ താല്പര്യപ്പെടുന്നവർ പറയുന്നുണ്ട്. ശില്പിക്ക് പിന്നെ സ്ഥാനമില്ല ശില്പിയെ പിന്നെ തൊടീക്കില്ല എന്നൊക്കെയുള്ള പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ അന്തരീക്ഷത്തില്‍ ധാരാളം കേള്‍ക്കാം.

അത് ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഉള്ള ഒരു പൊതുവായ കാര്യമാണ് ഓരോരുത്തരുടെയും കല്‍പ്പിക്കപ്പെട്ടിട്ടുള്ള ചുമതല കഴിഞ്ഞാല്‍, കർത്തവ്യം കഴിഞ്ഞാല്‍ നാം സ്വയം മാറിക്കൊടുക്കുകയാണ് പതിവ്. ഒരു വീട് വെക്കുന്നത് ഉദാഹരണമായി എടുത്താല്‍ വീട് വച്ച എൻജിനീയർ അല്ല അവിടെ കയറി താമസിക്കുന്നത്. ഒരു വീടുപണിഞ്ഞ എൻജിനീയർക്ക് പിന്നീട് ആ വീടിന്റെ ബെഡ്റൂമില്‍ കയറാൻ അനുവാദം ഉണ്ടോ.? ഒരു ബാങ്കിന്റെ സ്ട്രോങ്ങ് റൂം പിടിപ്പിച്ച അതിന്റെ വിദഗ്ധ തൊഴിലാളിക്ക് പിന്നെ ആ അവകാശം പറഞ്ഞു കൊണ്ട് ആ സ്ട്രോങ്ങ് റൂമില്‍ കയറാൻ പറ്റുമോ.?? ഇതുപോലെ തന്നെയാണ് ശില്പിയുടെ കർത്തവ്യവും.

ധ്യാനപ്രകാരം ശില്പി നിർമ്മിച്ചു കൊണ്ടുവരുന്ന വിഗ്രഹത്തിന് നാല്‍പ്പാമരം, പുറ്റു മണ്ണ് മുതലായ മാർജനദ്രവ്യങ്ങള്‍, (അതായത് വൃത്തിയാക്കാനുള്ള ദ്രവ്യങ്ങള്‍ എന്നർത്ഥം) ഇവ ഉപയോഗിച്ച്‌ തേച്ചു കഴുകി വൃത്തിയാക്കും. ഈ വിഷയം മനസ്സിലാക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടത് വൃത്തിയും ശുദ്ധിയും രണ്ടാണ് എന്നതാണ്. വൃത്തികഴിഞ്ഞാല്‍ അടുത്ത പടിയാണ് ശുദ്ധിയാവുക എന്നത്.

അങ്ങനെ ശുദ്ധിയാക്കിയ വിഗ്രഹത്തെ പിന്നീട് ഒരു ദിവസം വെള്ളത്തില്‍ ഇടും. ഈ ക്രിയക്ക് അധിവസിപ്പിക്കുക അഥവാ ജലാധിവാസം എന്ന് പറയും. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിനെ സംബന്ധിച്ച്‌ പറയുകയാണെങ്കില്‍ അവിടെ ബാലാലയത്തില്‍ ഒരു പ്രതിഷ്ഠയുണ്ട്. അതുകൊണ്ട് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന വിധാനം ജനാധിവാസം ഉള്ളതാകാൻ വഴിയില്ല. അതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്.. പക്ഷേ സാധാരണഗതിയില്‍ തീർത്തും പുതിയതായി ഒരു പ്രതിഷ്ഠ നടപ്പിലാക്കുമ്ബോള്‍ അധിവസിപ്പിക്കുക എന്നത് അത്യാവശ്യമാണ്. മന്ത്ര ചൈതന്യ വത്താക്കി മാറ്റിയ ഒരു ജലദ്രോണിയില്‍ ഈ ബിംബത്തിനെ കിടത്തി ആ ബിംബം ഒരു രാത്രി മുഴുവൻ, അല്ലെങ്കില്‍ ഒരു ദിവസം മുഴുവൻ, അല്ലെങ്കില്‍ കണക്കാക്കപ്പെടുന്ന സമയം മുഴുവൻ, ജലത്തില്‍ കിടന്നതിനു ശേഷം , അടുത്ത ദിവസം കാലത്ത് ആ വിഗ്രഹം എടുത്ത് അതിന്റെ കണ്ണു തുറക്കും. അത് ചെയ്യുന്നത് തന്ത്രിയാണ്. അങ്ങനെ ആ വിഗ്രഹത്തിന്റെ കണ്ണു തുറന്നതിനു ശേഷം, ( പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഓരോ ക്രിയക്കും വിശേഷപരമായ മന്ത്രങ്ങള്‍ ഉണ്ട്. ആ മന്ത്രങ്ങള്‍ പശ്ചാത്തലത്തില്‍ ജപിച്ചുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് ).

ഓരോ പ്രതിഷ്ഠയ്‌ക്കും അനുയോജ്യമായ മുഹൂർത്തം ദൈവജ്ഞൻ തിരഞ്ഞെടുത്തിരിക്കും. ആ മുഹൂർത്തത്തില്‍ വിഗ്രഹത്തെ അതിനായി കല്‍പ്പിച്ചിരിക്കുന്ന നാളത്തില്‍ പ്രതിഷ്ഠിക്കും. അങ്ങനെ പ്രതിഷ്ഠിച്ചതിനുശേഷം പ്രത്യേകമായി പൂജിച്ച ജീവകലശം ആടും. ജീവകലശം എന്നാല്‍ അത് ജീവൻ തന്നെയാണ്. ഈ ജീവകലശം ആടുന്നതോടുകൂടി ആ വിഗ്രഹം മൂർത്തിയായി, ദേവനായി, ദേവതയായി മാറുകയാണ്. ആ വിഗ്രഹത്തില്‍ ഊർജ്ജം ഉണ്ട്. അതായത് ദൈവീകമായ ഊർജ്ജ പ്രവാഹത്തെ ഇലക്‌ട്രിസിറ്റിയായി കണക്കാക്കാമെങ്കില്‍ അവിടെ സപ്ലൈ കിട്ടി വോള്‍ട്ടേജ് ഇല്ല എന്ന് അർത്ഥം.

അടുത്തതായി ഇലക്‌ട്രിസിറ്റിയുടെ വോള്‍ട്ടേജ് വർധിപ്പിക്കണം. അഥവാ മൂർത്തിക്ക് ചൈതന്യ വർദ്ധനവ് വരുത്തണം. ആ ചൈതന്യ വർദ്ധനവ് വരുത്തുന്നതിനു വേണ്ടിയാണ് അടുത്ത പടിയായി ബ്രഹ്മകലശം എന്ന വിശേഷപ്പെട്ട കലശം ആടുന്നത്. സാധാരണയായി ബ്രഹ്മ കലശങ്ങളുടെ എണ്ണം വളരെ കൂടുതലായിരിക്കും. വളരെ വലിയ കലശങ്ങള്‍ ആയിരിക്കും പലപ്പോഴും.1008 കലശം വരെയൊക്കെ ആടിയ സംഭവങ്ങള്‍ കേരളീയ സമ്ബ്രദായത്തില്‍ ഉണ്ട്. അതില്‍ ഓരോ കലശത്തിലും പ്രത്യേകമായി തയ്യാർ ചെയ്ത ദ്രവ്യങ്ങളാണ് നിറക്കുക.

അതില്‍ ഓരോ മൂർത്തികള്‍ക്കും പ്രത്യേകമായി വിശേഷപ്പെട്ട ധാന്യം മണ്ണ് ലോഹം കെമിക്കലുകള്‍ (ഉദാഹരണമായി കാരീയം അതുപോലെ പച്ച, മനയോല, ഇതൊക്കെ ഓരോ ദേവതയ്‌ക്കും ഓരോന്നാണ്) അവയൊക്കെ പ്രത്യേകമായി നിറച്ച്‌, ചില കലശങ്ങളില്‍ പ്രത്യേക ഫലങ്ങള്‍, ആ ദേവതയ്‌ക്ക് ഇഷ്ടമുള്ള ബന്ധപ്പെട്ട പുഷ്പങ്ങള്‍ ഇവയൊക്കെ നിറക്കാറുണ്ട്. അത് ഓരോ മൂർത്തികള്‍ക്കും പ്രത്യേകമായി ആടുകയും ചെയ്യും.

അങ്ങനെ ബ്രഹ്മകലശം ആടി ഈ കൊടുത്ത കരണ്ടിന് വോള്‍ട്ടേജ് വർധിപ്പിക്കുക അഥവാ ദേവതയ്‌ക്ക് ചൈതന്യ വർദ്ധനവ് വരുത്തുക എന്നതാണ് അടുത്ത പടി. ഇത്രയും ചെയ്തു കഴിഞ്ഞ് ഈ വിഗ്രഹത്തിന് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രക്രിയയാണ് ചില്‍ബിംബസമ്മേളനം. അതായത് പ്രപഞ്ചത്തിന്റെ ചിത്ത്, ഈ വിഗ്രഹത്തിന്റെ മനസ്സും ബുദ്ധിയും ആയിട്ട് സമ്മേളിപ്പിക്കും. അതോടുകൂടി ആ ദേവതയുടെ, മൂർത്തിയുടെ മനസ്സില്‍ എന്തുണ്ടാകുന്നുവോ ആ മാറ്റം പ്രപഞ്ചത്തില്‍ ഉണ്ടാകും. പ്രപഞ്ചത്തില്‍ ഉണ്ടാകുന്ന മാറ്റം ദേവനിലും ഉണ്ടാകും.

ഒരു വ്യക്തി എങ്ങനെയാണോ വികാരവിചാരങ്ങളോടുകൂടി ഉണ്ടായിരിക്കുന്നത്, അതേപോലെ സകല വികാരവിചാരങ്ങളോടും കൂടിയ സ്വാത്വികനായ ഒരു വ്യക്തിയായി ദേവനെ മാറ്റുകയാണ്. ഇതാണ് പ്രാണപ്രതിഷ്ഠ എന്ന ചടങ്ങ്.

മറ്റൊരർത്ഥത്തില്‍ പറഞ്ഞാല്‍ തന്ത്രിയായ ഗുരു ശിഷ്യനായ മൂർത്തിക്ക് കൊടുക്കുന്ന മന്ത്രോപദേശവും അദ്ദേഹത്തിനെ ഏല്‍പ്പിക്കുന്ന ദൗത്യവും കൂടിയാണ് പ്രാണപ്രതിഷ്ഠ. അതുകൊണ്ടാണ് തന്ത്രിയായ ആചാര്യന് ഗുരുവിന്റെയും അച്ഛന്റെയും സ്ഥാനം വരുന്നത്.

ആ തന്ത്രിയാണ് പിന്നീട് ദേവൻ വരേണ്ടുന്ന ഇഷ്ടാനിഷ്ടങ്ങള്‍, ദേവന്റെ സുഖദുഃഖങ്ങള്‍, ആചാര സമ്ബ്രദായങ്ങള്‍ വിധാനങ്ങള്‍ ഇതൊക്കെ തീരുമാനിക്കുന്നത്. ഇതിനെ തന്ത്രി നിശ്ചയിച്ച പ്രകാരം നിത്യ നിദാനങ്ങള്‍ ചെയ്യുക കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോവുക എന്ന ജോലിയാണ് മേല്‍ശാന്തിക്ക് അഥവാ പൂജാരിക്ക് ഉള്ളത്. അതിനാലാണ് തന്ത്രിയുടെ അനുവാദം കൂടാതെ ഒരുതരത്തിലുള്ള മാറ്റങ്ങളിലും ക്ഷേത്രത്തിലോ ആചാര പദ്ധതികളിലോ നടത്താൻ പറ്റാത്തത്. അത് പാടില്ല എന്നത് നിർബന്ധമാണ്.

ചുരുക്കിപ്പറഞ്ഞാല്‍ പ്രാണപ്രതിഷ്ഠ എന്ന ചടങ്ങില്‍ ആദ്യം ഒരു ജീവകലശം തൊട്ടുപുറകെ ഒരു ബ്രഹ്മ കലശം എന്നിവ ആടുന്നു. ജീവ കലശത്തിലൂടെ ജീവൻ പകരുകയും ബ്രഹ്മകലശത്തിലൂടെ ചൈതന്യം വർധിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് കേരളീയ താന്ത്രിക സമ്ബ്രദായം അനുസരിച്ചുള്ള പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഒരു ഏകദേശ ചിത്രം. ദേശഭേദമനുസരിച്ചും സമ്ബ്രദായ ഭേദമനുസരിച്ചും വ്യത്യാസങ്ങള്‍ ഉണ്ട്. അയോദ്ധ്യയില്‍ സ്വീകരിക്കുന്നത് അവിടുത്തെ തന്ത്രിയുടെ അല്ലെങ്കില്‍ ആ ദേശത്തിന്റെ പ്രത്യേകമായ ഏതെങ്കിലും വിധാനം ആയിരിക്കും.

അങ്ങനെ വിശ്വം മുഴുവനും നിറഞ്ഞ ആ ദേവൻ ലോകഹിതത്തിനായി, എത്ര കാലം സൂര്യചന്ദ്രന്മാർ ഉണ്ടോ അത്രയും കാലംനിലനില്‍ക്കും. പ്രളയകാലം വരെ എന്നാണ് ഒരു കണക്ക്. അങ്ങനെ നിലനില്‍ക്കട്ടെ എന്ന സങ്കല്‍പ്പത്തിലാണ് പ്രാണപ്രതിഷ്ഠ നടത്തുന്നത്.

🔥ഹരി ഓം🙏

Curtesy: വി ആർ രാജേഷ് ശർമ🙏
***

അഭിപ്രായങ്ങളൊന്നുമില്ല: