Keyman for Malayalam Typing

ഉത്സവം_ഒരു വിവരണം.

ഉത്സവം - ഒരു വിവരണം.

Picture Courtesy :Wikki Commons
ഉത്സവം എന്ന പദത്തിന്റെ അർത്ഥം എന്താണ് ?  
മേൽപ്പോട്ട് , ഊർദ്ധഭാഗത്തേക്കുള്ള ഒഴുക്ക് അഥവാ പ്രവാഹം എന്നാണ്.

ശരിയായ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കുകയും നിത്യപൂജകൾ കൊണ്ട് സമ്പുഷ്ടമാക്കുകയും ചെയ്യുന്ന ഒരു ക്ഷേത്രത്തിൽ മന്ത്രചൈതന്യം നിറഞ്ഞിരിക്കുo. എങ്കിലും പൂജാരിയുടെ അശ്രദ്ധകൊണ്ടും ആരാധകർ അറിയാതെ ചെയ്തുപോകുന്ന പാകപ്പിഴകൾ കൊണ്ടും ചൈതന്യലോപം വന്നുചേരാൻ ഇടയുണ്ട്. നമ്മുടെ പൂർവ്വസൂരികൾ ഇക്കാര്യം കണക്കിലെടുത്ത്. ഈ കുറവുകൾ നികത്തുവാനായിട്ടാണ് ഉത്സവമെന്ന ചടങ്ങു  ഏർപ്പെടുത്തിയിട്ടുള്ളത്. 

ക്ഷേത്രമെന്നത് ഒരു കലശ പാത്രമാണെന്ന് വിചാരിക്കുക. അത് സംഭരിച്ചു വെച്ച ജലം ഏതെങ്കിലും കാരണവശാൽ ചോർന്നു പോവുകയാണെങ്കിൽ രണ്ടാമതും നിറക്കുന്നതു പോലെയൊരു പ്രക്രീയയാണ് ഉത്സവം. 

ക്ഷേത്രം കലശപാത്രം തന്നെയാണെന്ന് മഹാക്ഷേത്രങ്ങളുടെ പുറംമതിൽ പരിശോധിച്ചാൽ വ്യക്തമാവുന്നതാണ്. ഭൂമിയിൽ നിന്നും ലംബമായിട്ടല്ല ചതുരമായ ആ മതിൽ പണിഞ്ഞിരിക്കുന്നത്. ക്ഷേത്രശില്പത്തിൽ തന്നെ ക്ഷേത്രഗാത്രം ഒരു കലശക്കുടം തന്നെയാണെന്ന സങ്കൽപ്പത്തിന് ഇത്തരത്തിൽ അടിസ്ഥാനം കാണാവുന്നതാണ്. ഒരുപാത്രത്തിൽ ജലം കുറവായാൽ അതിൽ വെള്ളം നിറക്കുന്നത് ജലാശയത്തിൽ നിന്ന് കോരിയൊഴിച്ചാണല്ലോ. ആദ്യത്തെ ഒന്നുരണ്ടു  തൊട്ടി    വെള്ളം കൊണ്ടൊന്നും നിറഞ്ഞെന്ന് വരില്ല.

ഒരു പക്ഷെ അടുത്ത തൊട്ടി മുഴുവനായി ഒഴിക്കുന്നതിനു മുൻപുതന്നെ പാത്രം നിറഞ്ഞു കഴിയും. സാധാരണ ആ തൊട്ടിയിലുള്ള ജലം മുഴുവൻ പാത്രത്തിലൊഴിച്ചു പാത്രം നിറഞ്ഞു കവിഞ്ഞു പുറത്തേക്കു പോകുന്ന രീതിയിലാണ് സാധാരണ നമ്മുടെ വീടുകളിൽ പാത്രം നിറക്കാറുള്ളത്. അധികമുള്ള ജലം പാത്രത്തിന്റെ സ്ഥാനമായ തലത്തിലേക്ക് ഒഴുകുകയാണ് പതിവ്. 

പള്ളിവേട്ട എഴുന്നള്ളിപ്പ് എന്തിനാണ്?

ചൈതന്യ ചോർച്ച വന്നിരിക്കാനിടയുള്ള ക്ഷേത്രമാകുന്ന പാത്രത്തിൽ ചൈതന്യ ജലം താന്ത്രിക ക്രീയകളാൽ കവിഞ്ഞൊഴുകുന്നത്ര നിറക്കുകയാണിവിടെ ചെയ്യുന്നത്. 

ഉത്സവാവസാനത്തിൽ പള്ളിവേട്ടയുടെ ചടങ്ങിനോടനുബന്ധിച്ചു ആ ചൈതന്യം മുഴുവൻ ഗ്രാമത്തിലേക്കൊഴുകി ഗ്രാമത്തെ മുഴുവൻ ആമഗ്നമാക്കും. അങ്ങനെ സാധാരണ രീതിയിൽ ക്ഷേത്രമതിൽക്കകത്ത് ഒതുങ്ങി   നിൽക്കുന്ന മൂലമന്ത്രചൈതന്യം അന്ന് ദേവൻ പുറതെഴുന്നെള്ളുന്നതോടെ ഗ്രാമത്തിലേക്കൊഴുകുന്നു. അങ്ങനെ ഗ്രാമത്തിൽ തങ്ങിനിൽക്കുന്ന നീചവും നിന്ദ്യവുമായ മൃഗീയവാസനകൾ മരണമടയുകയായി. അതാണ് പള്ളിവേട്ട.
***

അഭിപ്രായങ്ങളൊന്നുമില്ല: