ഹനുമാൻ ഗുണങ്ങൾ

 ഓം ഹം ഹനുമതേ നമഃ 🙏

അതിചാതുർ ഹനുമാൻ


നല്ല ഗുണങ്ങൾ ഉള്ളവനാണ് ഗുണി. ഒന്നിനും കൊള്ളാത്ത, ആർക്കും ഉപയോഗമില്ലാത്ത പുറത്ത് നിന്ന് നോക്കുമ്പോൾ ശാന്തം, സ്വസ്ഥം എന്ന് തോന്നിപ്പിക്കുമാറ് അടങ്ങി ഒതുങ്ങി  നില്‍ക്കുന്നതല്ല ഗുണി. പലപ്പോഴും വാടിക്കുഴഞ്ഞ് ഒന്നിനും താല്പര്യമില്ലാത്തവരെ നമുക്ക്  പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നില്ല എന്നു കരുതി 'ഗുണി' എന്ന് തെറ്റായി വിളിക്കാറുണ്ട്.  


ഗുണിക്ക്, വിവേക, വൈരാഗ്യ, ശമ, ദശ, ഉപരമ, തതീക്ഷ, ശ്രദ്ധ, സമാധാനം, മുമുക്ഷുത്വം എന്ന സാധനാ ചതുഷ്ടയ ഗുണങ്ങളോ, അതുമല്ല എങ്കില്‍ ദൈവീസമ്പത്ത് എന്ന പേരില്‍ ഭഗവാന്‍ ഭഗവദ്ഗീതയിൽ  പതിനാറാം അധ്യായത്തില്‍ പറഞ്ഞ കാര്യങ്ങളോ ഉള്ള ആളായി എടുക്കാം.  


എല്ലാ ആധ്യാത്മിക ഗുണങ്ങള്‍ക്കുമൊപ്പം, ഹനുമാൻ മികവിൽ മികച്ചവൻ കൂടിയായിരുന്നു.


അതിചാതുർ എന്നും ഹനുമാൻ അറിയപ്പെടുന്നു. സീതാന്വേഷണ സമയത്തെ സമുദ്രലംഘനം മാത്രം മതി ഹനുമാന്റെ ബുദ്ധികൂർമ മനസ്സിലാക്കാൻ. സമുദ്രം ചാടിക്കടക്കുമ്പോൾ ഓരോ തരത്തിൽ ശ്രദ്ധ തിരിക്കാനുളള കാര്യങ്ങൾ വരും. എല്ലാത്തിനേയും ഒരേ  പോലെ നേരിടാതെ അർഹിക്കുന്ന സമയം നൽകി അതിന്റേതായ രീതിക്കാണ് ഓരോന്നിനേയും ഹനുമാൻ എതിരിട്ടത്.  


ആദ്യം മൈനാകം എന്ന പർവതമാണ് വരുന്നത്. എന്നിൽ വിശ്രമിച്ചുകൊള്ളൂ  എന്നു പറഞ്ഞപ്പോൾ ഹനുമാൻ മൈനാകത്തെ തൊട്ടു നമസ്‌ക്കരിച്ച് പിന്നെ കാണാമെന്നു പറഞ്ഞ ‌പോവുകയായിരുന്നുവത്രേ.


നാമും ഇതുപോലെ ഒരു ഉദ്യമത്തിലേക്ക് ഇറങ്ങുമ്പോൾ നമ്മെ തേടി ധാരാളം സുഖങ്ങള്‍ വരും. അതുപോലെ കുറേ തമസ്സിന്റെ ഗുണങ്ങളും ഉണ്ടാകും. വിളംബനം, അനാവശ്യ വിശ്രമത്തിനുള്ള ത്വര, വഴിതെറ്റിക്കുന്ന സുഖങ്ങൾ എന്നിവയെല്ലാം തമസ്സിന്റെ ഗുണങ്ങളിൽ പെടുന്നു. അവയൊക്കെ മനസ്സിൽ കയറ്റാതെ തൊട്ടു തൊഴുത് അങ്ങ് ഉപേക്ഷിക്കണം ഹനുമാനെ പരീക്ഷിക്കാൻ ദേവന്മാർ നാഗമാതാവ് സുരസയെ വിടുമ്പോൾ ഹനുമാൻ ആദ്യം സീതാദേവിയുടെ ദുഃഖം പറഞ്ഞ് സുരസയിലെ മാതൃഭാവം ഉണർത്തി. എന്നാൽ  നിന്നെ തിന്നേ അടങ്ങൂ എന്ന് കടുംപിടുത്തം പിടിച്ച സുരസയെ ബുദ്ധി ഉപയോഗിച്ചാണ് ഹനുമാൻ ജയിക്കുന്നത്. മത്സരിച്ച് വാ വലുതാക്കിയ സുരസയുടെ മുമ്പിൽ ഹനുമാൻ ആദ്യമാദ്യം വലുതായെങ്കിലും പെട്ടെന്ന് ഒരു കടുക് പോലെ ചെറുതായി സുരസയുടെ വായിലൂടെ കയറി, ചെവിയിലൂടെ ഇറങ്ങി വന്നു എന്നാണ് കഥ. വായിലൂടെ കയറി വായിലൂടെ ഇറങ്ങി വന്നു എന്നും പറയാറുണ്ട്. ഇക്കാര്യത്തിൽ സന്തോഷവതിയായ സുരസ ഹനുമാനെ കാര്യ സാധ്യത്തിനായി അനുഗ്രഹിച്ചു.  


ചെറു പോരുകൾക്ക് സമയം കളയാതെ വലിയ യുദ്ധങ്ങള്‍ക്കായി ശക്തി സംഭരിക്കണം എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.


(ബ്രഹ്മചാരി സുധീര്‍ ചൈതന്യ )


അഭിപ്രായങ്ങളൊന്നുമില്ല: