ഭജഗോവിന്ദം(മോഹമുദ്ഗരം ) ശ്ലോകം 3

ശ്രീശങ്കരാചാര്യ_വിരചിത_ഭജഗോവിന്ദം/മോഹമുദ്ഗരം.
ശ്ലോകം_3 

നാരീ സ്തനഭര നാഭീ ദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്‍ ‍മാംസവസാദി വികാരം
മനസി വിചിന്തയ വാരം വാരം. 3

സ്ത്രീകളുടെ സ്തനങ്ങളെയും നാഭീപ്രദേശത്തെയും കണ്ട് മോഹാവേശം അരുത്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ പോലെ തന്നെ മംസത്തിന്റെയും കൊഴുപ്പിന്റെയും പരിണാമം മാത്രമാണവ എന്ന‌് നിരന്തരം മനസ്സില്‍ ചിന്തിക്കുക. ആയതിനാല്‍ സ്ത്രീകളുടെ സ്തന ഭാരവും, പുക്കിള്‍കൊടിയും മറ്റും കാണുമ്പോള്‍ വികാര വിവശനാകുകയോ അതേകുറിച്ച് പേര്‍ത്തും പേര്‍ത്തും ചിന്തിച്ച് അവയില്‍ മോഹാവേശനാകുകയോ ചെയ്യരുത്. അത് നിന്റെ സമയം പാഴാക്കല്‍ മാത്രമാണ്.

ശരീരത്തോടുള്ള മനുഷ്യൻ്റെ അടങ്ങാത്ത കാമനകൾ യാഥാർഥ്യത്തിൽ നിന്നും അവരെ പിന്നോട്ട് നയിക്കുന്നു. ധനവും കാമവുമാണ് മനുഷ്യ ജന്മത്തെ നിഷാദജന്മം ആക്കിത്തീർക്കുന്നത്. അതുകൊണ്ട് ആദ്യം ധനാഗമതൃഷ്ണയെ ത്യജിക്കാൻ ഉപദേശിക്കുകയും അനന്തരം ഭോഗതൃഷ്ണയെ പരിത്യജിക്കാനുള്ള മാർഗ്ഗത്തെ നിർണയിക്കുകയും ചെയ്യുന്നു. രൂപമുള്ളതാണ് ശരീരം. രൂപമുള്ള എല്ലാത്തിനും നാശം ഉണ്ടന്നിരിക്കെ ശരീരത്തിനും നാശമുണ്ട്. അഴുകിപ്പോകുന്ന വസ്തുവിനോടുള്ള അമിതാസക്തി ഭ്രാന്താണ്. അത്തരം ഭ്രാന്തുകൾ ദൈവികമായ എല്ലാ തലങ്ങളെയും ഇല്ലാതാക്കുന്നു. 

ഇപ്രകാരം ശരീരം ഒരു തടസ്സമായും മോഹവസ്തുവായും വഴികളിൽ പ്രത്യക്ഷപ്പെട്ടേക്കാം. ആ പ്രത്യക്ഷപ്പെടലിനെ ഇല്ലാതാക്കാനാണ് ശരീരത്തിൻ്റെ വ്യർത്ഥതയെ അഥവാ നശ്വരതയെ ഭജഗോവിന്ദം വിവരിക്കുന്നത്. പുരുഷന്മാരോട് മാത്രമുള്ള ഉപദേശമായിട്ട് ഈ സ്തോത്രത്തെ കാണാനാകില്ല. മറിച്ച് സ്ത്രീകൾക്ക് പുരുഷന്മാരോടുള്ള അഭിനിവേശവും മോഹാവേശം തന്നെയാണ്. സ്ത്രീ പുരുഷ ബന്ധവും ആകർഷണവും സന്താനോൽപാദനവുമൊക്കെ പ്രകൃതി അധിഷ്ഠിതമാണ്. അവയില്ലങ്കിൽ മനുഷ്യവംശം അറ്റുപോകും. എന്നാൽ കാമമാണ് ദാമ്പത്യം എന്ന ധാരണ കുടുംബ ബന്ധത്തെയും പ്രകൃതി നിയമത്തെയും തെറ്റിക്കുന്ന ഒന്നാണ്. അതു കൊണ്ട് മാനസി വി ചിന്തയായ വാരം വാരം എന്ന് ഭജഗോവിന്ദം വിവരിക്കുന്നത്. നിരന്തരം ചിന്തിച്ച്, കാര്യാവഗാഹം നേടി, നശ്വരമാണ് ശരീരം എന്ന് മനസ്സിലാക്കി പാവനമായ ജീവിതത്തെ പുൽകാൻ ഗോവിന്ദഭജനം നമ്മെ പ്രേരിപ്പിക്കുന്നു. ആ പ്രേരണ തന്നെ ജീവിതത്തിൻ്റെ സൂക്ഷ്മ സാഫല്യവും.

   🙏

അഭിപ്രായങ്ങളൊന്നുമില്ല: