ഫിബനാച്ചി സംഖ്യ

ബസ് കാത്ത് നില്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഞാൻ കമിതാക്കൾക്ക് മുന്നിൽ ഭംഗിയായിട്ട് ഒരു മന്ദഹാസം പാസ്സാക്കി. ഇനി മന്ദഹസിക്കാൻ ഇന്ന് വേറൊരവസരം ഉണ്ടായെന്ന് വരില്ല. വരാൻ പോകുന്ന  ബസ്സും അതിലെ യാത്രയും ക്ലേശവും അത്രയും ദന്തകാന്തപങ്ങൾ ഉളവാക്കുന്നവയായിരിക്കും.

ബസൊന്ന് വന്നു... ഓടുകയും ചാടുകയുമൊക്കെ ചെയ്തു. എങ്കിലും കമ്പിയിൽ ഞാണ്ടു കിടക്കാൻ പോലും പറ്റിയില്ല. പരാജയം  എങ്ങിനെ സമ്മതിക്കും?  ഞാൻ വിചാരിച്ചാൽ ഇതല്ല ഇതിനപ്പുറം തിരക്കുള്ള ബസ്സിലും കയറിപറ്റും. പക്ഷെ... പാവം മറ്റുള്ളവർ! പരാജയം വിജയത്തിന്റെ കവാടമാണല്ലോ. അടുത്ത ബസ്സിനും കവാടമുണ്ടെന്ന് ഓർക്കുക.

ബസ് ഷെൽടറിൽ സുസ്മേരവദനനായ ഒരു വയസ്കനും വിജയ കവാടം നോക്കി നിൽക്കുന്ന ഞാനും മാത്രം.  ഈ സസ്പെന്റഡ് ആനിമേഷനിൽ കുറച്ചു നേരം ഇരുവരും മൂകത ഭാവിച്ചു. വയസ്സന്മാർക്ക് എത്ര നേരം മൂകതയിൽ കഴിയാൻ പറ്റും ? അദ്ദേഹം എന്നെ നോക്കുന്നൂ...

“എവിടാ സ്ഥലം കുട്ടീ ?”

“ഇവിടടുത്താ... കുറച്ചു വടക്കോട്ടായി”

“പേരെന്താ?”

“കേശവ്.”

“നാടോ?”

“ഓ...ഇങ്ങിനെ മെഷീൻ ഗണ്ണിൽ നിന്നും വരുന്ന വെടിയുണ്ടപോലെ...ചൊദിച്ചാൽ ഞാൻ വിഷമിക്കും...” അല്പം സ്വരം തഴ്തി പറഞ്ഞ് നോക്കി. കേട്ട ഭാവമില്ല.

“കുട്ടീടെ നാടേതാന്നാ ചോദിച്ചത്.”

“ഞാൻ കുട്ടിയല്ല, കേശവ്”

“ആയ്ക്കോട്ടെ,  കേശ്വൻ കുട്ടീടെ നാടേതാ ?”

“എന്താ നാട്ടിന്റെ പേര് പറഞ്ഞൂടെ? എന്തിനാ പേടിക്കുന്ന് ?”

“പേടി എനിക്കോ...? കണ്ണൂര് ...എന്താ അറിയോ?”

“പ്രോപ്പർ കണ്ണൂരാണോ?”

“അല്ല”

“പിന്നെ കണ്ണൂരിൽ എവിടയായിട്ടാ?”

“ഒരു നാലഞ്ചുമൈലകലത്താ.കുറച്ച് വടക്കോട്ട് ”

“സ്ഥലപ്പേര്‌ പറയരുതോ കുട്ടീ... കേശവ്കുട്ടീ”

“അഴീക്കോട്‌ ”

“ഓ അഴീക്കോടാണല്ലേ...! അഴീക്കോട്‌ എവിടായിട്ടാ ?”

“പറയാം.”

ഇനി ഒരു ചോദ്യത്തിനുള്ള അവസരംകൊടുക്കാതെ പറഞ്ഞേക്കാം.

“ടൌണീന്ന് അഴീക്കലേക്ക് പോകുന്ന ബസ് കയറണം. പൂതപ്പാറ വന്നാൽ  ഇറങ്ങണം. നേരെ പടിഞ്ഞാറോട്ട് നടന്നോളൂ. ചെമ്മരശ്ശേരിപാറക്കെത്തും. അവിടെ എത്തിക്കഴിഞ്ഞാൽ അടുത്ത്  വരുന്നത് അരയാക്കണ്ടിപ്പാറയാണ്.  അവിടന്ന് വടക്കോട്ടുള്ള റോടിലേക്ക് തിരിയണം. ശകലം നടന്നാൽ പുന്നക്കപ്പാറയായി. മുന്നോട്ട് നടന്ന് പോയാൽ എളുപ്പം കൊട്ടാരത്തുമ്പാറക്കെത്താം. അല്പം കിഴക്കോട്ട്  വഴിമാറിപ്പോയെങ്കിൽ നിങ്ങൾ കച്ചേരിപ്പാറക്കെത്തിയെന്നിരിക്കും. പിന്നെ പന്നേൻ പാറയും. വയ്യാന്ന് തോന്നുന്നുണ്ടെങ്കിൽ സ്വല്പം തെക്കോട്ട് നടന്നാൽ മതി. ബസ്സിറങ്ങിയ പൂതപ്പാറക്ക് തന്നെ എത്തും...എന്താ...മനസ്സിലായോ? ”

“കുട്ടി ഏതു പാറക്കാരനാണെന്നു പറഞ്ഞില്ലല്ലോ?”

ഹോ എന്റെ ദൈവമേ...ഊളൻപാറക്ക് പോകുന്നവൻ കൂടി ഇത്രയും കേട്ടാൽ മതിയാക്കും. ഇങ്ങോർ എന്നെ വിടുന്ന ലക്ഷണമില്ലല്ലോ ഈശ്വരാ...!

“...അതാ ഞാൻ പറഞ്ഞ് വന്നത് . എന്റെ വീട് പാറകളുടെ അവസാനം. പാറകളുടെ അന്തം. പിന്നെ കടൽ‌പ്പറം അറബിക്കടൽ അങ്ങിനെ...”

“യൂ മീൻ യൂ ആർ ഫ്രം റോക്കെന്റ് ...!”

“അതെ. റോക്കെന്റ് . പാറയുടെ അവസാനം.” 

“ഓ... ദാറ്റീസ്  വെരി നൈസ് യു സീ !”

********************************************************************************************************************************

ഫലശ്രുതി:

പണ്ടൊക്കെയുള്ള അദ്ധ്യാപകന്മാരുടെ  സംഭാഷണം ഇതു പോലെയൊക്കെയാണ്. റിട്ടയറായവരാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. ഈ സംഭാഷണം നിങ്ങൾ വേണ്ടത്ര ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു കാര്യം മനസ്സിലാക്കാം.

എന്താണത് ?

ആ‍ദ്യം നാട്  പിന്നെ ഗ്രാമം  അങ്ങിനെ ഓരോ ചോദ്യത്തിലും  ദൂരം കുറഞ്ഞു കുറഞ്ഞ് ഏതാണ്ട്  സീറോ പോയിന്റെലെത്തിച്ചു.

ഇതിനെ വേണമെങ്കിൽ  ‘ഫിബനാച്ചി സംഖ്യ’( http://en.wikipedia.org/wiki/Fibonacci_number) എന്ന സിദ്ധാന്തത്തിന്റെ ഇൻവേഴ്സ്  എന്നു പറയാം.

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: