രിപൂണാമപി വത്സലന്‍

ശ്രീരാമനുമായി യുദ്ധം ചെയാന്‍   പുറപ്പെടുന്ന രാവണനെ അദ്ധ്യാത്മരാമായണത്തില്‍ (യുദ്ധകാണ്ഡം) വര്‍ണ്ണിക്കുന്നത് ഇങ്ങനേയാണ്:

“സേനാപതിയും പടയും മരിച്ചതു മാനിയാം

രാവണന്‍ കേട്ടു കോപാന്ധനായ്

ആരെയും പോരിനയക്കുന്നതില്ലിനി

നേരെ പൊരുതി ജയിക്കുന്നതുണ്ടല്ലോ.”

ഏതു യുദ്ധമായാലും ശത്രുക്കളുടെ ബലത്തേക്കാളും അവരുഉടെ പോരായ്മകളാണറിയേണ്ടത് . അതറിയാനാണല്ലോ പ്രയാസം. ‘സി യൈ ഏ’,‘ റോ’ ഇവയൊക്കെ  ഇന്ന്  നമുക്ക്  എന്തിനാണെന്നറിയാം. ഇക്കാര്യത്തില്‍ വിഭീഷണന്റെ സഹായമാണ്  ശ്രീരാമനു കിട്ടിയിരിക്കുന്നത്.

രാവണന്‍ നേരിട്ട് യുദ്ധം ചെയ്യാന്‍ പോകുമ്പോള്‍‌, കൂടെ വന്ന പടയോട് പറയുകയാണ്:

“എല്ലാവരും നാമൊഴിച്ചു പോന്നാലവര്‍

ചെല്ലുമകത്തു കടന്നൊരു ഭാഗമേ

പാര്‍ത്തു ശത്രുക്കള്‍‌ കടന്നുകൊള്ളും മുന്നേ

കാത്തുകൊള്‍വിന്‍ നിങ്ങള്‍‌ ലങ്കാപുരം”  

രണ്ടു ധാര്‍മികവസ്തുതകളെക്കൂടെ  ഇവിടെ അനുസ്മരിക്കാം. യുദ്ധത്തിന്റെ ഒരു നിര്‍ണായകഘട്ടത്തില്‍, കവിഞ്ഞ കരുത്തുള്ള രാവണന്‍ ഏറെ പരിക്ഷീണനായി കാണപ്പെട്ടു.

“തേരും കൊടിയും കുടയും കുതിരയും

ചാരു കിരീടങ്ങളും കളഞ്ഞീടിനാന്‍.

സാരതി തന്നെയും കൊന്നു കളഞ്ഞ-

ളവാരൂഢതാപേന നിന്നു ദശാസ്യനും.”     

ശരീരം തളര്‍ന്നു. കിരീടം കൊഴിഞ്ഞു. വില്ലും നിലംപതിച്ചു. ഈ ദുഃസ്ഥിതി കണ്ട് മനമലിഞ്ഞ രാമന്‍ പറഞ്ഞു: “ഹേ, രാക്ഷസരാജാ‍, പൊയ്‌ക്കൊള്‍ക. ലങ്കയില്‍ച്ചെന്ന് വിശ്രമിച്ചശേഷം നാളെ തേരും ചേര്‍ത്ത് ആയുധങ്ങളുമെടുത്ത് വരിക.”

ഈ സന്ദര്‍ഭം എഴുത്തച്ഛന്റെ  വരികള്‍‌ എത്ര ഹൃദയസ്​പര്‍ശിയായിട്ടാണു  ചിത്രീകരിക്കുന്നത് എന്നു നോക്കുക:

“...ആമയം പാരം നിനക്കുണ്ടു മാനസേ.
പോയാലുമിന്നു ഭയപ്പെടായ്‌കേതുമേ,
പോയി നീ ലങ്കയില്‍ച്ചെന്നങ്ങിരുന്നാലും;
ആയുധവാഹനത്തോടൊരുമ്പെട്ടുകൊ-
ണ്ടായോധനത്തിനു നാളെ വരേണം നീ.”

സ്വഭാര്യയെ അപഹരിച്ച വൈരിയെ, അവന്‍ പരിക്ഷീണനും നിസ്സഹായനും എന്നുകണ്ട് വധിക്കാന്‍ അവസരം കിട്ടിയിട്ടും അവനെ അപ്പോള്‍ കൊല്ലാതെ വിടാനുള്ള ധാര്‍മികബോധം ശ്രീരാമനല്ലാതെ മറ്റാര്‍ക്കുണ്ടാവും?  വിരഥനും ഭീതനുമായ ശത്രുവിനെ കൊല്ലരുതെന്ന ധര്‍മയുദ്ധനിശ്ചയമാണ് ഇവിടെ രാമനെ പിന്തിരിപ്പിക്കുന്നത്. ശത്രുക്കളില്‍പ്പോലും കാരുണ്യമുള്ളവനാണ് ശ്രീരാമന്‍.   'രിപൂണാമപി വത്സല'നെന്ന് ഗരുഡന്‍ രാമനെ വിശേഷിപ്പിച്ചത്  അതു കൊണ്ടാണു(വാല്മീ. രാ. യുദ്ധ. 50-56)

ഏഴുനാള്‍ നീണ്ടുനിന്ന രാമരാവണയുദ്ധത്തിന്റെ ഒടുവില്‍ (തന്മഹദ്‌യുദ്ധം സപ്തരാത്രമവര്‍ത്തത) നിഹതനായ അധര്‍മി രാവണന്റെ പ്രേതകാര്യങ്ങള്‍ ചെയ്യാന്‍ വിഭീഷണന്‍ മടി കാണിച്ചപ്പോള്‍, പോരില്‍ വീരമൃത്യു വരിച്ചയാള്‍ ശോച്യനല്ലെന്നും ശത്രുതയെല്ലാം മരണപര്യന്തം മാത്രമേയുള്ളൂവെന്നും (മരണാന്താനി വൈരാണി-യുദ്ധ. 112-26) വിഭീഷണനെന്നപോലെ തനിക്കും രാവണന്‍ സഹോദരനാണെന്നും യാതൊരു വൈമനസ്യവും കൂടാതെ സംസ്‌കാരകര്‍മങ്ങള്‍ നടത്തണമെന്നും വിഭീഷണനോട് നിര്‍ദേശിക്കുന്ന ശ്രീരാമന്‍ നിശ്ചയമായും  എക്കാലത്തെയും ലോകജീവിതത്തിലെ മാതൃകാപുരുഷനാണെന്നതില്‍  സംശയമേ വേണ്ട.

Technorati Tags: ,,

അഭിപ്രായങ്ങളൊന്നുമില്ല: