Scarcity of drinking water in Azhikode

പദ്ധതി പലതും വന്നിട്ടും കുടിനീര്‍ അഴീക്കോട്ട്‌ അപൂര്‍വം ! A report from Mathruhumi.

വേനല്‍ ശക്തമായതോടെ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകള്‍ മിക്കതും വറ്റി. കുടിനീരിന്‌ ജനം ഓടി നടക്കുകയാണ്‌. നിരവധി കുടിനീര്‍ പദ്ധിതകള്‍ ഒന്നിനുപിറകെ ഒന്നായി വന്നെങ്കിലും ഒന്നും ലക്ഷ്യംകാണാതെ കിടക്കുന്നു. ഒടുവില്‍ നബാര്‍ഡിന്റെ സഹായത്തോടെ 4.59 കോടി രൂപ ചെലവില്‍ നിര്‍മിച്ച പദ്ധതിയും ഫലംകണ്ടില്ല.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ 29ന്‌ ജല വിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രനാണ്‌ ഇത്‌ ഉദ്‌ഘാടനംചെയ്‌തത്‌.
വര്‍ഷം ഒന്നായിട്ടും ജലം ലഭ്യമായിത്തുടങ്ങിയില്ല.
കണ്ണൂര്‍ താണിയലെ ജല സംഭരണിയില്‍നിന്ന്‌ ചാലാട്‌ ചാക്കാട്ടില്‍ പീടികയിലെ സംഭരണിയില്‍ എത്തിച്ച്‌ അഴീക്കോട്‌ കച്ചേരിപ്പാറയിലെ 13 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിവഴി അഴീക്കോട്‌ പഞ്ചായത്തിലെത്തിച്ച്‌ വിതരണം ചെയ്യുകയായിരുന്നു ഉദ്ദേശ്യം. പഞ്ചായത്തിലെ അടുത്ത 20 വര്‍ഷത്തെ ജനസംഖ്യ കണക്കിലെടുത്താണ്‌ പദ്ദതി വിഭാവനംചെയ്‌തത്‌. 46,509 പേര്‍ക്ക്‌ പദ്ധതി ഗുണംചെയ്യുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. പൈപ്പ്‌ ലൈന്‍ പണി നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കി. രണ്ടുമാസം മുമ്പ്‌ പരീക്ഷണ പമ്പിങ്‌ നടത്തി. അതോടെ പലയിടത്തും പൈപ്പ്‌ പൊട്ടാന്‍ തുടങ്ങി. ആസ്‌ബസ്റ്റോസ്‌ സിമന്റ്‌ പൈപ്പായതിനാലാണ്‌ പൊട്ടലിനിടയാക്കിയത്‌. ഗുണം കൂടിയ പൈപ്പിട്ട്‌ പൊട്ടല്‍ ഒഴിവാക്കിയിട്ടും വെള്ളം എത്താത്ത അവസ്ഥ ഉണ്ടായി. പദ്ധതി ഫലത്തിലായെന്ന്‌ അധികൃതര്‍ പറയുന്നുണ്ട്‌. ജലസ്രോതസ്സില്ലാത്തതാണ്‌ പ്രശ്‌നം. ഇപ്പോള്‍ വെളിയമ്പ്രയില്‍നിന്നാണ്‌ കണ്ണൂരിലേക്ക്‌ വെള്ളമെത്തുന്നത്‌. വെളിയമ്പ്രയില്‍നിന്നുതന്നെയാണ്‌ ഈ പദ്ധതിക്കും ജലമെത്തേണ്ടത്‌. ഒരേ ലൈനായതിനാല്‍ കണ്ണൂരില്‍ വിതരണംചെയ്‌ത ശേഷമേ അഴീക്കോട്‌ പദ്ധതിക്ക്‌ കിട്ടുകയുള്ളൂ. കണ്ണൂരിലേക്ക്‌ മാത്രമായി പ്രത്യേക ലൈന്‍ വലിക്കുകയോ അല്ലെങ്കില്‍ അഴിക്കോട്‌ പദ്ധതിക്കായി പ്രത്യേക ജലസ്രോതസ്സ്‌ ഉണ്ടാക്കുകയോ ചെയ്‌താലേ അഴീക്കോട്‌ പദ്ധതിയില്‍നിന്ന്‌ മുടക്കംകൂടാതെ ജലം കിട്ടുകയുള്ളൂ. 80 കോടി രൂപ ചെലവില്‍ കണ്ണൂര്‍ മുനിസിപ്പല്‍ പ്രദേശത്ത്‌ വെളിയമ്പ്രയില്‍നിന്ന്‌ പ്രത്യേക ലൈന്‍ വലിക്കാനുള്ള പദ്ധതിക്ക്‌ അനുമതി ലഭിച്ചിട്ടുണ്ട്‌. അത്‌ പൂര്‍ത്തിയാവുന്നതോടെയേ അഴീക്കോട്‌ പദ്ധതി കൃത്യമായി പ്രവര്‍ത്തനക്ഷമമാവുകയുള്ളൂ എന്ന്‌ അധികൃതര്‍ പറയുന്നു. കണ്ണൂരിലേക്കുള്ള ജലവിതരണക്കുഴല്‍ പഴകിയതായതിനാല്‍ പൊട്ടല്‍ കാരണം ജലവിതരണത്തിന്‌ മുടക്കം നേരിടുന്നുണ്ട്‌. അഴീക്കോട്‌ 70 പൊതു ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഒന്നിലും വെള്ളമില്ല.
പദ്ധതി ആരംഭിക്കുമ്പോള്‍ 489 ഗുണഭോക്താക്കളില്‍നിന്ന്‌ 500 രൂപ വീതം ഗ്രാമപ്പഞ്ചായത്ത്‌ ഈടാക്കിയിരുന്നു. അവര്‍ക്ക്‌ കണക്ഷന്‍ ഇതുവരെ നല്‍കിയിട്ടില്ല.

Technorati Tags: ,

അഭിപ്രായങ്ങളൊന്നുമില്ല: