ദശാവതാരം - ഒരു വിവരണം

ദശാവതാരം - ഒരു വിവരണം


"പരിത്രാണായ സാധൂനാം
 വിനാശായ ച ദുഷ്കൃതാം 
 ധർമ്മസംസ്ഥാപനാർത്ഥായാ
 സംഭവാമി യുഗേ യുഗേ "

        (ശ്രീമദ് ഭഗവദ് ഗീത ,4- 8)

             "ഇങ്ങനെ യുഗം തോറും സത്തുക്കളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ നാശത്തിനും, ധർമ്മം ലോകത്തിൽ ഉറപ്പിക്കുന്നതിനും അതാത്കാലങ്ങളിൽ ഞാൻ ആവിർഭവിക്കുന്നു. എന്നാണ് ഭഗവാൻ അർജ്ജുനനോട് പറയുന്ന ഈ ശ്ലോകത്തിന്റെ സാരാംശം. 

        ഓരോ സംഭവങ്ങൾക്കും ഓരോ കാരണങ്ങൾ ഉണ്ടാകും എല്ലാ കാരണങ്ങൾക്കും ഒരു പരമ കാരണം തീർച്ചയായും ഉണ്ടായിരിക്കണം. അതെ ,  കാരണങ്ങൾക്കെല്ലാം കാരണഭൂതനായ ഭഗവാൻ യുഗങ്ങൾ തോറും ഈ ഉദ്ദേശം കാരണമായി ഓരോരോ ഭാവത്തിലും രൂപത്തിലും യഥാസമയം അവതരിക്കുന്നു വെന്നതാണ് ഒരു വിശ്വാസ സങ്കല്പം .

   നാലു യുഗങ്ങൾ. നിലവിലെ കലികാലം തൊട്ടു പിറകോട്ട് സങ്കല്പിച്ചു നോക്കിയാൽ ഇക്കാര്യത്തിലുള്ള ചില ശാസ്ത്രീയ സാമ്യതകൾ നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും

       ഒന്ന്: - കലിയുഗം 

ക = അക്ഷരമാലയിലെ സ്വരാക്ഷരങ്ങൾ കഴിഞ്ഞാലുള്ള വ്യഞ്ജനാക്ഷരങ്ങളിൽ ആദ്യത്തെ / ഒന്നാമത്തെ അക്ഷരമാണ് - "ക" ആയതു  ഒന്നിനെ സൂചിപ്പിക്കുന്നു. 
   
ക - കലിയുഗത്തിൽ  ഒരവതാരം മാത്രം -  കൽക്കി.

       രണ്ട് :-   ദ്വാപരയുഗം 
 
ദ്വാ-ദ്വയം -രണ്ടിനെ സൂചിപ്പിക്കുന്നു. രണ്ടവതാരങ്ങൾ മാത്രം - ബലരാമനും, ശ്രീകൃഷ്ണനും.

        മൂന്ന് :-   ത്രേതായുഗം
 
ത്രൈണം -  മൂന്നിനെ സൂചിപ്പിക്കുന്നു. മൂന്നവതാരങ്ങൾ -  വാമനൻ, പരശുരാമൻ, - ശ്രീരാമൻ.

        നാല്:- കൃതയുഗം

കൃ - നാലിനെ സൂചിപ്പിക്കുന്നു. നാലവതാരങ്ങൾ - മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം.

        ഈ അവതാരങ്ങളെ ആദ്യം മുതൽ അപഗ്രഥിക്കുകയാണെങ്കിൽ പിൽക്കാലത്ത് ഡാർവിൻ ശാസ്ത്രീയമായി അവതരിപ്പിച്ച പരിണാമസിദ്ധാന്തത്തോട് ചില കാര്യങ്ങളിൽ യോജിക്കുന്നതായി തോന്നന്നത് വെറും യാദൃശ്ചികമല്ല ഏന്ന് പറയാൻ കഴിയും.

         ജലത്തിലാണ് ആദ്യം ജീവനുണ്ടായത്. ആദ്യ അവതാരം മത്സ്യം ജലജീവിയാണ്. 

       രണ്ടാമത്തെ അവതാരമോ  - കൂർമ്മം - ആമയാണ്.      ജലത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന ഉഭയജീവിയാണ് . ജലത്തിലുണ്ടായ ജീവൻ ജലത്തിൽ നിന്നും കരയിലേക്ക് മാറുന്നതിന്റെ- പരിണാമത്തിന്റെ - ഉത്തമ ഉദാഹരണമാകുന്നു . 

     മൂന്നാമത്തെ അവതാരം - വരാഹം - പന്നിയാണ്.

     ആദ്യത്തെ രണ്ടും മുട്ടയിട്ട് കുഞ്ഞുങ്ങളെ സൃഷ്ടിക്കുമ്പോൾ , പന്നി-പ്രസവിച്ച് പാലൂട്ടുന്ന ജന്തുവാണ്. സസ്തനിയിലേക്ക് പടിപടിയായി ജീവൻ മാറുന്നതിനെ സാധൂകരിക്കുന്നു. . 

     നാല് - നരസിംഹം - നരനല്ല, എന്നാൽ മൃഗവുമല്ല. പാതി മൃഗം , പാതി മനുഷ്യൻ. 
ജന്തുവിൽ നിന്നും മനഷ്യനിലേക്കുള്ള മാറ്റത്തിന്റെ പാതി വഴിയിലാണ് എന്നതിനെ ഉദാഹരണമാക്കാം..

      അഞ്ച് - വാമനൻ - കുറിയവൻ.  പൂർണ്ണ മാനവനിലേക്കളള പ്രയാണവഴിയാലാണ് 
എന്ന് പറയാം. 

     ആറാമത് ഏറെക്കുറെ പൂർണ്ണ മാനവനായി മാറുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചുതരുന്നു. അതാണ് പരശുരാമൻ.  ആയുധമേന്തി കാട്ടിലും മേട്ടിലും അലഞ്ഞു തിരിഞ്ഞു ജിവിച്ച ആദിമ മനുഷ്യന്റെ പ്രത്യക്ഷ പ്രതീകമായി കാണാം.

     ഏഴാമത്തെ അവതാരം ഏഴ് കുതിരകളെ പൂട്ടുന്ന - അതായത് ഏഴ് തരത്തിലുള്ള പ്രകാശ രശ്മികൾ പുറപ്പെടുവിക്കുന്നുവെന്ന് . 

ശാസ്ത്രീയമായി പറയപ്പെടുന്ന രഥനായകനായ സൂര്യന്റെ നാമത്തിൽ സൂര്യകുലത്തിൽ ഏഴാം നക്ഷത്രമായ പുണർതത്തിൽ ജനിക്കുന്ന സാക്ഷാൽ ശ്രീരാമൻ.

''മാനവന്റെ പൂർണ്ണതക്കുള്ള മാതൃക തന്നെ. മര്യാദ പുരുഷോത്തമൻ തന്നെ. ഉത്തമപുരുഷൻ തന്നെ ."

     " രാമാവതാരത്തിൽ ഏഴിന്‌ പല ഗണനീയ പ്രത്യേകതകളും ദർശിക്കാനാവും. 
മേൽ പറഞ്ഞവ കൂടാതെ ചിലതിപ്രകാരമാണ്.. 

     രാമകഥ പറയുന്ന രാമായണത്തിൽ ആകെ അദ്ധ്യായങ്ങൾ- എഴാണ്.
ഏഴ് ഋഷിമാരാണ് (സപ്തർഷികൾ)  ഈ കാവ്യരചനയ്ക്ക് തന്നെ ഹേതുവായി തീരുന്നത്.
രാമ - രാവണ യുദ്ധം നടന്നത്  ഏഴ് ദിവസമാണ്. രാമൻ വനവാസത്തിന് പോകുന്നത്  ഇരേഴ് പതിനാല് വർഷത്തേക്കാണ്.  പിന്നെയും ഉദാഹരണങ്ങൾ പലതും കാണാം.

      പിന്നിട് എട്ടാമത്തെ അവതാരം  സാക്ഷാൽ ശ്രീ ബലരാമൻ  കലപ്പയേന്തിയ കർഷകന് ഉദാഹരണം.      കാട്ടിൽ അലഞ്ഞു തിരിഞ്ഞു വേട്ടയാടിയും കായ്കനികളും, കന്നു കാലികളെ വളർത്തി  പാലും പാലുൽപ്പന്നങ്ങളും മറ്റും ഭക്ഷിച്ചു ജീവിച്ചു വന്നിരുന്ന മനുഷ്യൻ തുടർന്ന് പല രീതിയിലുള്ള കൃഷികൾ ചെയ്ത് നിലമുഴുത് നട്ടുനനച്ച് കാർഷിക സംസ്ക്കാരത്തിലേക്ക്  കടന്ന് ജീവിക്കാൻ പഠിച്ച പരിണാമത്തിന്റെ-കാർഷിക യുഗത്തിന്റെ കലപ്പയേന്തിയ സാക്ഷാൽ ബലരാമൻ ,  ഉത്തമ കർഷക പ്രതീകം തന്നെ.

അവതാരം. - ഒമ്പത്  ഇതിനെല്ലാം മീതെ നിൽക്കുന്ന സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണൻ,

    പ്രശ്നങ്ങളിലും പ്രതിസന്ധികളിലും കരയാതെ, നൊമ്പരപ്പെടാതെ ജീവിതമെന്ന കലയെ സംഗീതത്തിലും,  സന്തോഷത്തിലും, പ്രേമ സാഗരത്തിലും ആറാടി സന്താപമേതുമില്ലാതെ സസുഖം ഉല്ലസിക്കണമെന്ന് കാണിച്ചുതന്ന സ്നേഹ ഗായകൻ.

പ്രതിസന്ധികളിൽ പ്രശ്ന പരിഹാരത്തിന്റെ പ്രതീക്ഷയുടെ പ്രത്യാശയുടെ വലിയ മാർഗ്ഗദർശി.
    കാരാഗ്രഹത്തിൽ ജനിച്ച് സ്വന്തം മാതാപിതാക്കളിൽ നിന്നും അകന്ന്  നിരവധി പ്രതിസന്ധികളെ മറികടന്ന് പ്രശ്നങ്ങളുടെ നടുവിലും  സുസ്മേര വദനനായി കാണപ്പെടുന്ന ശ്രീ കൃഷ്ണൻ.

    ലക്ഷ്യമാണ് പ്രധാനം ലക്ഷ്യം നല്ലതാണെങ്കിൽ /,സ്വാത്വീകമാണെങ്കിൽ , ധാർമ്മിക മാണെങ്കിൽ , അതിന് മാർഗ്ഗങ്ങൾ പലതും അവലംബിക്കാം.

   ചിലപ്പോൾ രാത്രിയെ പകലാക്കാം.  മോഷണവും കടത്തികൊണ്ടുപോകലും, കളവ് പറയലും , കയ്യൂക്കും ഒക്കെ  നല്ലൊരു ലക്ഷ്യത്തിന് വേണ്ടിയാണെങ്കിൽ വേണ്ടി വന്നേക്കാം...
എന്ന് കാണിച്ചുതരുന്ന ഇന്നത്തെ മാനവന്റെ മാനസികാവസ്ഥക്ക് നല്ല ഉദാഹരണം തന്നെയാകുന്നു ശ്രീകൃഷ്ണൻ ! എല്ലാറ്റിലും നന്മയുടെ നല്ലവശം ഉണ്ടാകണമെന്ന് സദാ പുഞ്ചിരി തൂകി പ്രസന്ന വദനാനായ  കൃഷ്ണൻ നമ്മെ പഠിപ്പിക്കുന്നു. 

    രാമന്റെ ധർമ്മമാർഗ്ഗത്തിന് ഗാന്ധിസത്തിനോടും ശ്രീകൃഷ്ണന്റെ കർമ്മമാർഗ്ഗത്തെ കമ്യൂണിസത്തിനോടും താത്വീകമായ ചില സാദൃശ്യം തോന്നിയേക്കാം!

     അടുത്ത അവതാരം പത്താമത്തെ അവതാരം - കൽക്കി. വായുവിൽ അതിവേഗം ഗമിക്കുന്ന ഭാവം. വിവര സാങ്കേതിക രംഗങ്ങളിലൂടെയും  ശാസ്ത്രിയ അറിവുകളിലൂടെയും ലോകം ചുരുങ്ങി ചുരുങ്ങി കൈപ്പിടിയിലാകുന്ന ഇന്നത്തെ ആധുനിക ശാസ്ത്ര സാങ്കേതിക മനുഷ്യനോടു് ചേർന്നു നിൽക്കുന്ന നേർസാക്ഷ്യം  സമകാലീന പ്രതീകം തന്നെ.

       പല പല  നൂറ്റാണ്ടുകൾക്ക് മുമ്പ് - പിൽക്കാല സമസ്യകളെപ്പറ്റി ഇങ്ങനെയൊക്കെ ചിന്തിച്ച് തലമുറകളായി പകർന്നു തന്ന - ആ സൂക്ഷ്മ അറിവുകളെ നമിക്കാം.

 പരിണാമത്തിന്റെ കാലഗണനയും ചുറ്റുപാടുകളും സഹജീവികളും ഒക്കെ ഇവിടെ ഒരു പാട് ചോദ്യങ്ങൾ ഉണർത്തുമെങ്കിലും അവതാരവേഷങ്ങൾ ഓരോന്നും പരിണാമ പ്രക്രിയകളുടെ ക്രമാനുഗതിയെ പ്രായോഗിക തലത്തിൽ കഥാപാത്രങ്ങളായി ഇവിടെ സൂചിപ്പിച്ചു തരികയാണെന്ന് മാത്രം മനസ്സിലാക്കിയാൽ മതി.

     ലേഖകൻ്റെ കുറിപ്പ്:

     പല സത്യങ്ങളെയും വ്യംഗാർത്ഥത്തിൽ പൊടിപ്പും തൊങ്ങലും അതിശയോക്തിയും ഭയഭക്തിയും ചേർത്തു പറഞ്ഞു ഫലിപ്പിക്കുന്ന - സത്യമായ അറിവിലേക്ക് - ശരിയായ ജ്ഞാനത്തിന്റെ ഉള്ളറകളിലേക്ക് - നമ്മെ കൊണ്ടു ചെന്നെത്തിക്കുന്ന കഥാനുസരണം തത്വങ്ങൾ നേരിട്ട്പറയാതെ പറഞ്ഞുവെയ്ക്കുന്ന പ്രാചീന ഭാരതീയ ഋഷിപരമ്പരാ രീതിയുടെ പ്രതീകാത്മ പരമാമായി  ഇതിനെയെല്ലാം കണ്ടാൽ മതി 
     ചില രസകരമായ കാര്യങ്ങൾ താരതമ്യം ചെയ്ത് നോക്കിയത് മാത്രമാണ്. 
ഓരോ കാര്യങ്ങളും ചുരുക്കിയാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളതും ഇഷ്ടാനുസരണം ഇവയെ അർത്ഥവത്തായ രീതിയിൽ ആർക്കും വിപുലമാക്കാൻ ആവുന്നതുമാണ്. 

     "ലോകാ സമസ്താ സുഖിനോ ഭവന്തു "
***

അഭിപ്രായങ്ങളൊന്നുമില്ല: