പൂന്താനം ഇല്ലം


Guruvayoor
 
പൂന്താനം ഇല്ലം


ഗുരുവയൂരപ്പൻ്റെ പരമഭക്തനായ കവി പൂന്താനത്തെക്കുറിച്ച് കേൾക്കാതവരുണ്ടാകില്ല. നാനൂറ് വർഷത്തിലധികം പഴക്കമുള്ള  ചരിത്രമാണു പൂന്താനം കവിയുടേത്. അദ്ദേഹത്തിൻ്റെ ഇല്ലത്തെക്കുറിച്ചുള്ളതാണ് ഈ വിവരണം.
 
മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്തു കീഴാറ്റൂരിൽ ആണ് പൂന്താനം ഇല്ലം . 500വര്ഷങ്ങള്ക്കു മേൽ പഴക്കമുള്ള ഇല്ലം അവകാശികൾ ഇല്ലാതായതോടെ ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തു.
1547 നും 1640 നും ഇടയിലാണ് പൂന്താനം നമ്പൂതിരി ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. പൂന്താനം എന്നത് ഇല്ലപ്പേരാണ്. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം എവിടെയും രേഖപെടുത്തപ്പെട്ടിട്ടില്ല. ഇവിടെയിരുന്നാണ് അദ്ദേഹം ജ്ഞാനപ്പാനയും സന്താനഗോപാലവും എല്ലാം രചിച്ചതത്രേ.

ഏറെനാൾ കാത്തിരുന്നുണ്ടായ മകൻ മരണപെട്ട ദുഃഖമാണ് പൂന്താനത്തെ തികഞ്ഞ ഒരു ഗുരുവായൂരപ്പ ഭക്തനാക്കി മാറ്റിയതെന്ന് വിശ്വാസം.

 "ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ 
ഉണ്ണികൾ മറ്റു വേണമോ മക്കളായ്...! "
 
ഈ വരികൾ ആ വേദനയിൽ നിന്നും ജനിച്ചതാവാം.

ഒരുനാൾ ഗുരുവായൂരപ്പൻ വിളിക്കുന്നു എന്ന് പറഞ്ഞു പുറത്തിറങ്ങിയ പൂന്താനം പൊടുന്നനെ അപ്രത്യക്ഷനായി. ഭഗവാൻ അദ്ദേഹത്തെ ഇവിടെനിന്നും ഉടലോടെ സ്വർഗത്തിലേക്ക് കൂട്ടി കൊണ്ട് പോയെന്നും ഇല്ലത്തിനു സമീപമുള്ള ശങ്കരൻ കുന്നിനു മുകളിലേയ്ക്കു കയറിപ്പോയി സ്വർഗാരോഹണം ചെയ്തു എന്നും രണ്ടു തരത്തിൽ വിശ്വസിക്കപ്പെടുന്നു.   

ശാന്ത ഗംഭീരമായ അന്തരീക്ഷത്തിൽ ഏകദേശം 500വർഷങ്ങൾക്കിപ്പുറവും പ്രൗഢിയും തനിമയും ഒട്ടും ചോരാതെ പടിപ്പുരയും പത്തായപ്പുരയും നാലുകെട്ടുമൊക്കെയായി തലയുയർത്തി തന്നെ നിൽക്കുന്നു പൂന്താനം ഇല്ലം. കാലോചിതമായ അറ്റകുറ്റപ്പണികൾ നടത്തി ദേവസ്വം വകുപ്പ് ഇല്ലം വൃത്തിയായി തന്നെ നിലനിർത്തിപ്പോരുന്നു. നാലുകെട്ടും നടുമുറ്റവും വാസ്തു വിദ്യയും ഒക്കെ വിസ്മയിപ്പിക്കുന്നതു തന്നെയാണ്. പൂമുഖത്തോടു ചേർന്നാണ് പൂന്താനം ഉടലോടെ സ്വർഗം പൂകി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമുള്ളത്. 

നടുമുറ്റത്തോട് ചേർന്ന മണ്ഡപത്തിൽ പൂന്താനത്തിന്റെ വലിയൊരു ഛായാചിത്രവും നാലുകെട്ടിനുള്ളിലായി ചുറ്റുമായി ജ്ഞാനപ്പാനയിലെ വരികൾ ഫ്രെയിം ചെയ്തും വച്ചിരിക്കുന്നു. നടുമുറ്റത്തോട് ചേർന്ന് തന്നെ പൂന്താനം പൂജിച്ചിരുന്ന തിരുമാന്ധാം കുന്നിലെ ദേവിയെ കുടിയിരുത്തിയിട്ടുണ്ട് . ഇടുങ്ങിയ മുറികളാണ് ഉള്ളത്. അടുക്കളയിൽ നിന്നും കോരിയെടുക്കാവുന്ന തരത്തിലുള്ള കിണറിൽ ഇപ്പോഴും നല്ല തെളിനീർ നിറഞ്ഞു കിടക്കുന്നു. ഇടുങ്ങിയ കുത്തനെയുള്ള കോണിപ്പടികൾ കയറി മുകളിലെത്തുമ്പോൾ നേരെ മുന്നിൽ കൊത്തു പണികളോട് കൂടിയ ജാലകവും ഒരു മേശയും കാണാം. ഒരേ സമയം മേശയായും ജാലകത്തിന്റെ മൂടിയായും ഉപയോഗിക്കാവുന്ന തരത്തിലുള്ള നിർമിതി അക്കാലത്തെ ഒരു വിസ്മയം ആയി തന്നെ കണക്കാക്കേണ്ടിയിരിക്കുന്നു.
 
***

അഭിപ്രായങ്ങളൊന്നുമില്ല: