Why Ganapathy Worshipped? 2part

എന്തുകൊണ്ടാണ് ഗണപതി ഭഗവാനെ ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിനു മുന്പ് പ്രാര്‍ഥിക്കുന്നത്?

മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ നാദഭാഷയാണ്; എന്നാല്‍ ദേവീ-ദേവന്മാരുടെ ഭാഷ പ്രകാശ ഭാഷയാണ്. മനുഷ്യര്‍ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഗണപതി വേഗം പ്രസന്നനാകുന്നു. ഗണപതിക്ക് മനുഷ്യന്റെ നാദഭാഷയെ ദേവീ-ദേവന്മാരുടെ പ്രകാശഭാഷയിലേക്ക് രൂപാന്തരപ്പെടുത്തുവാനുള്ള കഴിവുണ്ട്. അതിനാല്‍ നമ്മുടെ പ്രാര്‍ഥനകള്‍ ഗണപതി നാദഭാഷയില്‍ നിന്ന് പ്രകാശഭാഷയിലേക്ക് രൂപാന്തരപ്പെടുത്തി മറ്റു ദേവീ-ദേവന്മാര്‍ വരെ എത്തിക്കുന്നു.


മൂഷികനും ഗണപതിയും തമ്മിലുള്ള ബന്ധമെന്താണ് ?

മൂഷികന്‍ ഗണപതിയുടെ വാഹനമാണ്. വാഹനം എന്ന വാക്ക് സംസ്‌കൃതത്തിലെ വൃ-വഹ് എന്നതില്‍ നിന്നാണുണ്ടായത്. ഇതിന്റെ അര്‍ഥം വഹിച്ചു കൊണ്ടു പോകുക എന്നാണ്. ദേവീ-ദേവന്മാരുടെ വാഹനം അവരുടെ പ്രവര്‍ത്തിക്ക് അനുസൃതമായി മാറുന്നു. സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ്; അതായത് ഗണപതിയുടെ കാര്യങ്ങള്‍ക്കായി ആവശ്യമായ ശക്തി മൂഷികനിലാണ് ഉള്ളത്, എന്നാണര്‍ഥം. മൂഷികന്‍ രജോഗുണത്തെ സൂചിപ്പിക്കുന്നു; അതായത് രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ് എന്ന കാര്യവും ഇതില്‍ നിന്നും വ്യക്തമാകുന്നു.

ഗണപതി ഭഗവാന്റെ വിഗ്രഹങ്ങള്‍ രണ്ട് തരത്തിലുണ്ട്, ഇടത് വശത്തും വലതു വശത്തും തുമ്പി കൈയുള്ള വിഗ്രഹങ്ങള്‍. അവ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം ?

തുമ്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശത്തേക്കായിരിക്കുന്ന മൂര്‍ത്തിയെ ദക്ഷിണ മൂര്‍ത്തി അഥവാ ദക്ഷിണാഭിമുഖി മൂര്‍ത്തി എന്നു പറയുന്നു. ദക്ഷിണമെന്നാല്‍ തെക്ക് ദിശ അഥവാ വലതു ഭാഗം. തെക്ക് ദിശ യമലോകത്തേക്ക് നയിക്കുന്നു, എന്നാല്‍ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യത്തോടെ നേരിടുന്നത്, അവന്‍ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യനാഡി പ്രവര്‍ത്തനക്ഷമമായിട്ടുള്ളവന്‍ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാല്‍ വലതു ഭാഗത്തേക്ക് തുമ്പി കൈയുള്ള ഗണപതി ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തില്‍ പാപപുണ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനാല്‍ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കര്‍മകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.

എന്നാല്‍ തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശത്തേക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാല്‍ ഇടതു ഭാഗം, അഥവാ വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെ വടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. അതിനാല്‍ വീടുകളില്‍ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്.

ഓം ഗം ഗണപതയെ നമഃ

കടപ്പാട്: നന്ദകുമാര്‍ കൈമള്‍ (www.HinduJagruti.org)

അഭിപ്രായങ്ങളൊന്നുമില്ല: