ശിവരാത്രി വ്രതം



ഓം ശിവായ നമഃ 
ശിവരാത്രി വ്രതം എന്തിന്  എന്ന  
ചോദ്യത്തിനുള്ള വിശദീകരണം:
_________________________________
ഓം ശിവായ നമഃ

ആചാര്യനും നിര്‍ദ്ദേശിക്കുന്ന വിധിപ്രകാരം വേണം വ്രതം അനുഷ്ഠിക്കാൻ. ദൃഢനിഷ്ഠയോടുകൂടി വ്രതമനുഷ്ഠിച്ചാല്‍ അന്ത:കരണശുദ്ധിയും പാപ പരിഹാരവും ഉണ്ടാകും. വ്രതത്തിന്റെ ഫലം ദീക്ഷയാണ്. ഈശ്വരനെക്കുറിച്ചുള്ള അറിവ് ഒരു സദ്ഗുരുവില്‍ നിന്നും ലഭിക്കുന്നതിനെയാണ് ദീക്ഷ എന്ന് പറയുന്നത്. ദീക്ഷയുടെ ഫലം ദക്ഷിണയാണ്. പ്രജ്ഞാമാന്ദ്യത്തെയും ദുര്‍വ്വാസനകളെയും ജയിക്കുവാനുള്ള സാമര്‍ത്ഥ്യമാണ് ദക്ഷിണ. ഈ സാമര്‍ത്ഥ്യം കൊണ്ട് ശ്രദ്ധ ഉണ്ടാകുന്നു. ഈശ്വരനിലും ഗുരുവിലും ശാസ്ത്രത്തിലുമുള്ള വിശ്വാസമാണ് ശ്രദ്ധ. ശ്രദ്ധയില്‍ നിന്നും ആത്മജ്ഞാനം ഉണ്ടാകുന്നു. ഇങ്ങനെ പടിപടിയായി വ്രതാനുഷ്ഠാനങ്ങള്‍ ഒരുവനെ ഈശ്വരസാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്നു.

 ശിവരാത്രി വ്രതാചരണം

പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേറ്റ് സ്‌നാനം ചെയ്ത് നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. തുടര്‍ന്ന് ശിവക്ഷേത്രത്തില്‍ പോയി ശിവലിംഗത്തെ വിധിപ്രകാരം പൂജിച്ച്(വന്ദിച്ച്) ശിവനെ നമസ്‌ക്കരിച്ച് ഉത്തമമായ രീതിയില്‍ വ്രത സങ്കല്‍പ്പം ചെയ്യണം. സങ്കല്‍പ്പ മന്ത്രം ഇതാണ്;

ദേവദേവ മഹാദേവ
നീലകണ്ഠ നമോസ്തുതേ
കര്‍തുമിച്ഛാമ്യഹം ദേവ
ശിവരാത്രിവ്രതം തവ
തവ പ്രഭാവാദ്ദേവേശ
നിര്‍വിഘ്‌നേന ഭവേദിതി
കാമാദ്യാഃ ശത്രവോ മാം വൈ പീഡാം കുര്‍വന്തു നൈവ ഹി’

(സാരം: അല്ലയോ ദേവദേവനായ മഹാദേവാ, നീലകണ്ഠാ, അവിടുത്തേയ്ക്ക് നമസ്‌കാരം. അങ്ങയെ ആരാധിക്കാനായി ശിവരാത്രിവ്രതം അനുഷ്ഠിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദേവേശ്വരാ, അങ്ങയുടെ പ്രഭാവത്താല്‍ ഈ വ്രതം യാതൊരു വിഘ്‌നവും കൂടാതെ പൂര്‍ണ്ണമാവട്ടെ. കാമാദികളായ ശത്രുക്കള്‍ എനിക്കു പീഡയുണ്ടാക്കാതിരിക്കട്ടെ.)

ത്രയോദശി നാളില്‍ ഒരു നേരം ഭക്ഷണം കഴിച്ചും ചതുര്‍ദ്ദശി (ശിവരാത്രി) നാളില്‍ സമ്പൂര്‍ണ്ണ ഉപവാസം അനുഷ്ഠിച്ചും വേണം വ്രതം അനുഷ്ഠിക്കേണ്ടത്. വ്രതമനുഷ്ഠിക്കുന്നവര്‍ രാത്രിയില്‍ ജാഗരണം ചെയ്യണം (ഉറക്കമൊഴിക്കണം). രാത്രിയില്‍ ശിവനാമജപം, അര്‍ദ്ധരാത്രിയിലെ ശിവപൂജാ ദര്‍ശനം, ശിവക്ഷേത്രപ്രദക്ഷിണം എന്നിവ വിധിക്കപ്പെട്ടിരിക്കുന്നു. മണ്ണു കൊണ്ട് പാര്‍ത്ഥിവലിംഗം നിര്‍മ്മിച്ചു പൂജിക്കുന്നതിനുള്ള വിധി ശിവപുരാണത്തില്‍ വിസ്തരിച്ചു വര്‍ണ്ണിച്ചിട്ടുണ്ട്. അന്നേദിവസം ശിവപുരാണം പാരായണം ചെയ്യുക, പഞ്ചാക്ഷരി മന്ത്രം നിശ്ചിത ഉരു ജപിക്കുക തുടങ്ങിയവയും സാധകര്‍ ചെയ്യാറുണ്ട്.രാത്രിയുടെ നാലു യാമങ്ങളിലും ശിവപൂജ ദര്‍ശിച്ച് പ്രഭാതത്തില്‍ വീണ്ടും സ്‌നാനം ചെയ്ത് ശിവനെ പൂജിക്കണം. വ്രതം സമാപിപ്പിക്കുന്നതിനായി കൈകള്‍ കൂപ്പി തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് ഭഗവാനെ നമസ്‌കരിച്ച് ഇപ്രകാരം പ്രാര്‍ത്ഥിക്കുക.

നിയമോ യോ മഹാദേവ കൃതശ്‌ചൈവ ത്വദാജ്ഞയാ
വിസൃജ്യതേ മയാ സ്വാമിന്‍ വ്രതം ജാതമനുത്തമം
വ്രതേനാനേന ദേവേശ യഥാ ശക്തി കൃതേന ച
സന്തുഷ്‌ടോ ഭവ ശര്‍വാദ്യ കൃപാം കുരു മമോപരി’

(സാരം: മഹാദേവാ, അങ്ങയുടെ ആജ്ഞയാല്‍ ഞാന്‍ ഏതൊരു വ്രതം അനുഷ്ഠിച്ചുവോ, ആ പരമവും ഉത്തമവുമായ വ്രതം പൂര്‍ണ്ണമായിരിക്കുന്നു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ വ്രതത്തിന്റെ വിസര്‍ജ്ജനം നടത്തുന്നു. ദേവേശ, ശര്‍വ്വ, യഥാശക്തി ചെയ്ത ഈ വ്രതത്തില്‍ സന്തുഷ്ടനായി അങ്ങ് ഇപ്പോള്‍ എന്നില്‍ കൃപ ചൊരിഞ്ഞാലും) ഇങ്ങനെ പ്രാര്‍ത്ഥിച്ച ശേഷം ശിവനു പുഷ്പാഞ്ജലി സമര്‍പ്പിച്ച് വിധിപ്രകാരം ദാനം ചെയ്യുക. തുടര്‍ന്ന് ശിവനെ നമസ്‌ക്കരിച്ച് വ്രതം അവസാനിപ്പിക്കണം. തന്റെ ശക്തിക്കനുസരിച്ച് ശിവഭക്തര്‍ക്കും സന്ന്യാസിമാര്‍ക്കും ഭക്ഷണം നല്‍കി സന്തുഷ്ടരാക്കിയ ശേഷം വ്രതമനുഷ്ഠിക്കുന്നയാള്‍ക്ക് ഭക്ഷണം കഴിക്കാം.

മാനവസേവ മഹാദേവസേവ

ഭക്തി എന്ന പദത്തിന് ഭജ് സേവായാം എന്നതനുസരിച്ച് സേവനം എന്നാണര്‍ത്ഥം. സമസ്തവും ഈശ്വരനില്‍ സമര്‍പ്പിച്ചു സേവിക്കുന്നതാണ് പരമപ്രേമരൂപമായ ഭക്തിയുടെ ലക്ഷണം. ശിവഭക്തന്മാര്‍ ശിവനെ മാത്രമല്ല സമസ്തവും ശിവനെന്നു കല്പിച്ചു സകലതിനെയും സേവിക്കുന്നു. അവരുടെ ദൃഷ്ടിയില്‍ പ്രപഞ്ചം ശിവമയമാണ്. ലോകസേവനം ശിവസേവനം തന്നെയെന്ന സന്ദേശമാണ് ശിവരാത്രിനാളില്‍ ശിവഭക്തര്‍ നല്‍കുന്നത്. ദീനര്‍ക്കും അനാശ്രിതര്‍ക്കും എന്നു മാത്രമല്ല ഭൂമിയിലുള്ള ഇതരജീവിവര്‍ഗ്ഗങ്ങള്‍ക്ക് പോലും സേവ ചെയ്ത് ശിവപൂജയായി സമര്‍പ്പിക്കുവാന്‍ കര്‍മ്മപ്രധാനികളായ ശിവഭക്തര്‍ തയ്യാറാണ്. ഭഗവാന്‍ ശിവന്‍ ലോകരക്ഷയ്ക്കായി സ്വയംകാളകൂടത്തെ പാനം ചെയ്ത് ഉദാത്തമായ മാതൃക കാട്ടിത്തന്നു. ത്യാഗത്തിലൂടെ സമാജസേവചെയ്യുവാനുള്ള പ്രേരണ അത് നമുക്ക് നല്‍കുന്നു. ഈ ശിവരാത്രി നാളില്‍ പ്രപഞ്ചത്തെ ശിവസ്വരൂപമായിക്കണ്ടു സേവിക്കുവാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ.

നമഃശിവായ :
🙏 കടപ്പാട് A. N.
***


അഭിപ്രായങ്ങളൊന്നുമില്ല: