ശീവേലി (ശ്രീബലി)

 🔯ശീവേലി (ശ്രീബലി)🔯

അറിയാവുന്ന കാര്യങ്ങളാണെങ്കിലും മറന്നു പോകാതിരിക്കാനും അറിയാത്തവർക്ക് പറഞ്ഞുകൊടുക്കാനുമൊക്കെ ഈ പോസ്റ്റ് ഉപകരിക്കും. കേരളത്തിൽ പ്രാദേശീകമായി എറ്റവും ആചാര അനുഷ്ടാനങ്ങളിൽ വലിയ വ്യത്യാസം കണ്ണൂരിനു വടക്കോട്ടാണെന്ന് തോന്നാറുണ്ട്. ഈ പോസ്റ്റ് തെക്കൻ കേരള ക്ഷേത്രങ്ങളിൽ കാണുന്ന പൂജാവിഷയങ്ങളുമായി കൂടുതൽ പൊരുത്തമുണ്ടാകാം.

സാധാരണ ക്ഷേത്രങ്ങളില്‍ ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നീ മൂന്നു പൂജകളാണ് പതിവ്. മഹാക്ഷേത്രങ്ങളില്‍ സുര്യപ്രകാരം ബിബത്തില്‍ തട്ടുമാറ് സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ എതൃത്ത് പൂജയും, പഴയ കാലത്ത് നിഴല്‍ അളന്ന് പന്ത്രണ്ട് അടി വരുന്ന സമയത്ത് (ഉച്ചപൂജയ്ക്കു മുമ്പായി) പന്തിരടി പൂജയും പതിവുണ്ട്. ഇതു കൂടാതെ മൂന്ന് ശീവേലികളും നിത്യവും നടത്തി വരുന്നു.

നിത്യശിവേലി എന്നാണിതിനെ പറയുക. പാണി കൊട്ടി ദേവനെ പുറത്തേക്കെഴുന്നള്ളിച്ച് ക്ഷേത്രത്തിനകത്തെ സപ്തമാതൃക്കള്‍ക്കും ദിക് പാലകന്മാര്‍ക്കും ബലിതൂവുമ്പോള്‍ തിമില, വീക്കന്‍ ചെണ്ട, ചേങ്ങില (ഇപ്പോള്‍ ഇലത്താളവും ഉപയോഗിക്കാറുണ്ട്) എന്നിവ കൊട്ടിവരുന്നു. ദേവനെ അകത്തെ ബലി തൂവല്‍ കഴിഞ്ഞ് പുറത്തേക്കെഴുന്നള്ളിച്ചാല്‍ വലിയ ബലിക്കല്ലിലും പുറത്തെ പ്രദക്ഷിണ വഴിക്കകത്തുള്ള പുറത്തെ ബലിക്കല്ലുകളിലും ബലി തൂവുന്നു.
 
ഒന്നാമത്തെ പ്രദക്ഷിണത്തിന്, തിമില, വീക്കന്‍ചെണ്ട, ചേങ്ങില, ഇലത്താളം, കൊമ്പ് കുഴല്‍ ഇവയും രണ്ടാമത്തെ പ്രദക്ഷിണത്തിന് ഉരുട്ടുചെണ്ടയില്‍ ചെമ്പടയും (കൂടെ വീക്കന്‍, ചേങ്ങില, ഇലത്താളം, കൊമ്പ്, കുഴല്‍) മൂന്നാമത്തെ പ്രദക്ഷിണത്തിന് തിമില, വീക്കന്‍,ചേങ്ങില, ഇലത്താളം, കൊമ്പ് കുഴല്‍ എന്നീ വാദ്യങ്ങളുമുപയോഗിക്കുന്നു. ഇപ്പോള്‍ ഒന്നാമത്തെ പ്രദക്ഷിണത്തിന് ചിലയിടത്ത് നാദസ്വരവും ഉപയോഗിക്കുന്നുണ്ട്. വീക്കന്‍ചെണ്ട, തിമില, ചെണ്ട, ചേങ്ങില ഇവ നിര്‍ബന്ധം, ഇലത്താളവും കൊമ്പും കുഴലും ഉണ്ടെങ്കില്‍ ആവാമെന്നു മാത്രം. തിമിലയും വീക്കന്‍ചെണ്ടയും ഇലത്താവളവും ചേര്‍ന്ന് പരിഷവാദ്യം എന്ന ഒരു വാദ്യപ്രയോഗവും പതിവുണ്ട്. ഇപ്പോഴും ഇത് തൃപ്പൂണിത്തുറ ചോറ്റാനിക്കര തുടങ്ങിയ ചിലക്ഷേത്രങ്ങളില്‍ തനിമയോടെ നിലനില്‍ക്കുന്നു. ഉത്സവക്കാലത്ത് ശീവേലിക്ക് മൂന്ന് പ്രദക്ഷിണം എന്നതിന് പ്രാദേശികഭേദമനുസരിച്ച് മാറ്റങ്ങള്‍ വരാറുണ്ട. ഇടയ്ക്കയും നാദസ്വരവും ചേര്‍ന്ന് ഇടയ്ക്ക പ്രദക്ഷിണവും ഉത്സവക്കാലത്ത് ചില ദിക്കില്‍ പതിവുണ്ട്.

പഞ്ചവാദ്യത്തെപ്പറ്റിപ്പറയുമ്പോള്‍ വെങ്കിച്ചന്‍ സ്വാമിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട് ഇന്ന് കേരളീയ വാദ്യമേളങ്ങളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച പഞ്ചവാദ്യത്തെയല്ല ഇവിടെ സ്മരിക്കുന്നത്. ഈ പഞ്ചവാദ്യം രൂപം കൊള്ളുന്നതിന് എത്രയോകാലം മുമ്പ് അനുഷ്ഠാനങ്ങളുടെ ഭാഗമായി ക്രിയാപഞ്ചവാദ്യം ഇവിടെ നിലനിന്നിരുന്നു. ഉത്സവബലിക്ക് സപ്തമാതൃക്കള്‍ക്ക് തുകുമ്പോഴും മറ്റു ചില സവിശേഷ അവസരങ്ങളിലുമുപയോഗിക്കുന്ന ഈ പഞ്ചവാദ്യത്തിലെ വാദ്യങ്ങള്‍ ഇടയ്ക്ക, തിമില, ചേങ്ങില, തൊപ്പി മദ്ദളം, ഇലത്താളം കുറുങ്കുഴല്‍ എന്നിവയാണ്. ഈ അനുഷ്ഠാനവാദ്യങ്ങള്‍ക്ക് പുറമേ പ്രാദേശികമായി നിരവധി വാദ്യരൂപങ്ങള്‍ അനുഷ്ഠാനങ്ങളോടനുബന്ധിച്ചുണ്ട്. കലാരൂപങ്ങളെന്നതിനുമുപരി അനുഷ്ഠാനരൂപങ്ങളായ മുടിയേറ്റ്, ഭദ്രകാളി തീയ്യാട്ട്, അയ്യപ്പന്‍ തീയ്യാട്ട് എന്നിവയ്ക്ക് വാദ്യങ്ങളുടെ പങ്ക് വലുതാണ്.

അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കേരളത്തിന്റെ അതിബൃഹത്തായ, സൂക്ഷ്മമായ വാദ്യ വൈവിദ്ധ്യങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ കേരളീയന്റേയും കടമയാണ്. ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കിഴീല്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രകലാപീഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. 

(Courtesy:Hindu Faith)

🕉🌷⚜🌹🕉🌷⚜🔯🕉🌷⚜🌹🕉🌷⚜🔯🕉

Note: Some details of temple musical instruments are available in  http://entenaad.blogspot.com/2021/01/music-instruments-used-in-temples.html

അഭിപ്രായങ്ങളൊന്നുമില്ല: