ശനിയും ശാസ്താവും

ശനീശ്വരൻ
ശനിയും ശാസ്താവും,
ശനിദോഷത്തിന് ശാസ്താവിന്റെ ആരാധന പരിഹാരമായി പറയുന്നത്  എന്തുകൊണ്ട്?

പൗരാണിക ശാസ്ത്രപരമായി
"ഛായാമാർത്താണ്ഡ സം ഭൂതം 
തം നമാമി ശനൈ ചരം "
എന്നാണ് ശനിയുടെ പ്രണാമം. അതായത് സൂര്യന്റെയും " ഛായ" അഥവാ നിഴലിന്റെയും പുത്രനാണ് ശനി എന്ന് അർത്ഥം. 

ജ്യോതിഷ ശാസ്ത്രത്തിൽ 'അർക്കശം ഭൂ' എന്ന് മറ്റൊരു സൂചനയുമുണ്ട്. സൂര്യനെക്കൊണ്ട് ചിന്തിക്കേണ്ടത് ശംഭുവിനെയാണ് എന്ന്. ശംഭു ശിവനാണല്ലോ. ശനി 'സൂര്യ ഛായാസം ഭൂത'നെങ്കിൽ ശാസ്താവ്  'ഹര മോഹിനിസം ഭൂത'നാണല്ലോ? അതായത് ശിവന്റെയും മോഹിനിയുടെയും പുത്രൻ. മോഹിനി എന്നാൽ മോഹം ഉണ്ടാക്കുന്നവൾ. അതായത് മായാശക്തി. മായ, അസത്യമാണ്. ഛായ, അഥവാ നിഴലും ഇല്ലായ്മയുടെ സ്വരൂപമാണല്ലോ? 'ഛായ'യേയും 'മായ'യേയും അങ്ങനെ സാദ്യശ്യപ്പെടുത്താം. സൂര്യനെ ശിവനായി എടുക്കണം എന്നാണല്ലോ .( അതായത് സൂര്യ തത്വത്തിന്റെ സ്വരൂപം ജ്യോതിഷത്തിൽ ആത്മാവാണ്. ആത്മാവ് ശിവ സ്വരൂപമാണ്.) അതായത് സൂര്യൻ തന്നെ ശിവൻ. ഇനി 'ഛായ' യോ? ഛായ ഇരുളല്ലേ? ഇരുൾ മായയാണ്. മായ എന്നാൽ മോഹിനി. അപ്പോൾ സൂര്യ - ഛായാ പുത്രനും (ശനി), ഹര മോഹിനീ പുത്രനും ( ശാസ്താവ്) സമന്വയപ്പെടുന്നു-വെന്നു കാണാമല്ലോ. മറ്റൊരു തരത്തിൽ പറഞ്ഞാൽ സൂര്യഗ്രഹത്തിന്റെ അധീശത്വം ശിവനാണ്. മായയുടെ അധിപതി മഹാമായയാണ്. അഥവാ മായാധിപതി വിഷ്ണുവാണ്. ഇവിടെ ശനിയും ശാസ്താവും വളരെ സൂഷ്മമായി താദാത്മ്യം പുലർത്തുന്നത് ശ്രദ്ധിക്കൂ. സൂര്യ-ഛായ മാരുടെ സന്താനമാണ് ശനി. അപ്പോൾ സൂര്യ-ഛായ മാരുടെ അധീശത്വങ്ങളായ ശിവന്റെയും വിഷ്ണുവിന്റെയും പുത്രൻ ശാസ്താവ്, ശനിയുടെയും അധീശനാകുന്നത് സ്വാഭാവികം തന്നെ. വെറൊന്നുകൂടി ശനൈ-ചരൻ അഥവാ പതുക്കെ സഞ്ചരിക്കുന്നവൻ ആണ് ശനൈശ്ചരൻ എന്ന ശനി, 'ശാസനാനാം ആചരൻ' അതായത് ശാസനങ്ങളെയും ശാസ്ത്രങ്ങളെയും സഞ്ചരിപ്പിക്കുന്നവനാണ് ശാസ്താവ്. ഇവിടെ മെല്ലെപ്പോക്ക് അശുഭങ്ങളുടെയും ക്രമമായ പോക്ക് ശുഭ ശാന്തികളുടെയും സ്വരൂപങ്ങളാണല്ലോ? അപ്പോൾ അശുഭങ്ങൾക്ക് മുകളിൽ ശുഭങ്ങൾക്ക് പ്രഭാവമുണ്ട്. ഇപ്രകാരം എല്ലാ രീതികളിലും ശനി പ്രഭാവത്തിനു മുകളിൽ ശാസ്താവിന് പ്രഭാവമുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ശനൈശ്ചരന്റെ ഉദാത്തമായ ദേവസ്വരൂപമായി 'ശാസ്താവിനെയും; ദോഷകരമായ ഗ്രഹ സ്വരൂപത്തിൽ ശനിയെയും കാണാം. കറുപ്പു വസ്ത്രവും മറ്റും ശനിയുടെ പ്രതിനിധാനങ്ങളായി പറയുന്നുണ്ട്. ശാസ്താ സങ്കല്പത്തിലും ഇത് ചേർന്നു വരുന്നത് ഇതിന്റെ തെളിവാണ്.
മണി ഗ്രീവവും മണികണ്ഠവും ഒന്നാണല്ലോ. മണിഗ്രീവം എന്നാൽ കാക്കയെന്നും അർത്ഥമുണ്ട്' കാക്ക ശനിയുടെ വാഹനവുമാണ്. ഇതിലും ശനിയും ശാസ്താവും സംബന്ധിക്കുന്നു.
 
സനാതന ഹൈന്ദവ സങ്കല്പത്തിൽ ശിവൻ, ഗണപതി, സൂര്യൻ, വിഷ്ണു, ദുർഗ്ഗ എന്ന് അഞ്ച് ബ്രഹ്മസ്വരൂപികളുണ്ട്. എന്നാൽ ആറാമത് 'താരക ബ്രഹ്മം', എന്ന പേരിൽ ശിവപുത്രനായ കാർത്തികേയനും (അതുകൊണ്ടാണ് 'ഷണ്മുഖൻ' അഥവാ അറുമുഖൻ' എന്നു പറയുന്നതിന്റെ ഗൂഡത ) ഏഴാമത് കലിയുഗവരദനായി ശാസ്താവും (ഏഴാമത്തെ ചക്രത്തിലെ ഭാവം ) പ്രഖ്യാപിക്കപ്പെട്ടിട്ടു ള്ളപ്പോൾ ബ്രഹ്മത്തിന് സപ്ത രൂപങ്ങൾ നിർണ്ണയിക്കാം. യഥാർത്ഥത്തിൽ ഗ്രഹങ്ങളും ഏഴാണ്.         (രാഹുകേതുക്കൾ പൂർണ്ണ ഗ്രഹങ്ങളല്ലല്ലോ) ഏഴാമത് ബ്രഹ്മം ശാസ്താവും ഏഴാംഗ്രഹം ശനിയുമാണ് . ഈശ്വരന്മാർ ഇച്ഛാ അഥവാ കല്പനാ വിഭാഗവും ഗ്രഹങ്ങൾ അവരുടെ കർമ്മഭാഗവും അഥവാ നടത്തിപ്പുകാരുമാണ്. അങ്ങനെ വരുമ്പോൾ സപ്തഗ്രഹമായ ശനി സപ്ത ബ്രഹ്മമായ ശാസ്താവിന്റെ ആജ്ഞാനുവർത്തിയാണെന്നർത്ഥം. അപ്പോഴും ശാസ്താവിന് ശനിയുടെ മേൽ അധീശത്വം സിദ്ധിക്കുന്നു.

കടപ്പാട്: ഭക്തി ഗ്രൂപ്പ്.

അഭിപ്രായങ്ങളൊന്നുമില്ല: