ചെന്നിനായകം

ചെന്നിനായകത്തിൻ്റെ ഉറവിടം

Courtesy:അമ്പിളിനായർ


കുഞ്ഞുങ്ങളുടെ മുലപ്പാൽകുടി നിർത്താൻ പുരട്ടുന്ന കടുകയ്പ്പാണ് ചെന്നിനായകം എന്ന മരുന്ന്..


ചെന്നിനായകം എന്ന് പലരും കേട്ടിട്ടും, കണ്ടിട്ടുമൊക്കെ ഉണ്ടെങ്കിലും, അതെന്താണ്, എന്താണെന്നൊന്നും  എന്ന് പലർക്കും അറിയില്ല. ഒന്ന് രണ്ട് വയസ്സായാൽ പിഞ്ചോമനകളുടെ പാലുകുടി നിർത്താൻ പുരട്ടുക എന്ന അപൂർവാവശ്യത്തിന് അത് അങ്ങാടിക്കടകളിൽ ചെന്ന് വാങ്ങിക്കൊണ്ടുവരും, പുരട്ടും, മറക്കും. അത്രതന്നെ. എന്നാൽ, ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മളിൽ ഒട്ടുമിക്കവരും രുചിച്ചിട്ടുള്ള ചെന്നിനായകം എന്ന ഈ ലേപനത്തിന് പിന്നിലെ രസകരമായ കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.


'കറ്റാർവാഴ' ചെടിയുടെ ഇലയ്ക്കുള്ളിലെ കുഴമ്പ് നീര് തിളപ്പിച്ച് കുറുക്കി ജലാംശം വറ്റിച്ച് തയ്യാർ ചെയ്തെടുക്കുന്നതാണ് ചെന്നിനായകം. പാകമായാൽ ഇരുണ്ട നിറത്തിൽ, നല്ല കട്ടിയായിരിക്കുന്ന ഇതിന് നേരിയ ഒരു തിളക്കവും കാണും. ഈ വസ്തു, വിരശല്യത്തിനും സുഖവിരേചനത്തിനും (മലബന്ധം ഇല്ലാതാക്കാൻ), ആർത്തവസംബന്ധിയായ പല അസുഖങ്ങൾക്കുമുള്ള നാട്ടുമരുന്നായി പ്രയോജനപ്പെടുത്തി വരാറുണ്ട്.


ആയുർവേദത്തിലെ പല ചൂർണങ്ങളിലും ലേപനങ്ങളിലും ഒരു കൂട്ടായി ചെന്നിനായകം ചേർക്കാറുണ്ട്. ഹോമിയോപ്പതിയിലെ ചില മരുന്നുകളിലും അലോവേര എന്നറിയപ്പെടുന്ന ഈ ചെടി ഉപയോഗിക്കുന്നുണ്ട്. പ്രാഥമിക രൂപമായ ഇതിൻ്റെ കുഴമ്പ് രൂപത്തിലുള്ള വസ്തു മുഖസൗന്ദര്യം വർധിപ്പിക്കാനുള്ള പല ഉത്പന്നങ്ങളുടെയും ഭാഗവുമാണ്. അലോജെൽ മുറിവ്, പൊള്ളൽ, ഫ്രോസ്റ്റ് ബൈറ്റ്, ചൊറി, മുഖക്കുരു, സോറിയാസിസ്, ഡ്രൈ സ്കിൻ തുടങ്ങി പലതിനുമുള്ള ആധുനിക വൈദ്യശാസ്ത്ര ലേപനങ്ങളുടെയും കൂട്ടാണ്. കറ്റാർവാഴ നീര് ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതമായ കൊളസ്‌ട്രോൾ, കുഴിനഖം എന്നിവയ്ക്ക് മരുന്നായി ഉപയോഗിച്ച് കാണാറുണ്ട്.ഇത് നല്ലൊരു ആന്റി ഓക്സിഡന്റാണ്. പൂപ്പൽ, ബാക്ടീരിയ എന്നിവയെ ചെറുക്കുന്നതോടൊപ്പം ഇത് രോഗപ്രതിരോധ ശക്തിയും വർധിപ്പിക്കുന്നു. കുറഞ്ഞ ഡോസിൽ ഈ ജെൽ ചിലയിനം യോഗർട്ട്, ബിവറേജ് ഡ്രിങ്ക്, ഡെസേർട്ടുകൾ എന്നിവയിലും ചേർക്കാറുണ്ട്. 


അസ്ഫോഡെലേഷ്യേ എന്ന കുടുംബത്തിൽ പെട്ട കള്ളിച്ചെടി പോലെ തോന്നിക്കുന്ന ഒരു ചെടിയായ കറ്റാർവാഴയുടെ പേരിൽ 'വാഴ' എന്നുണ്ടെങ്കിലും, അതിന് വാഴയുമായി കാര്യമായ ബന്ധമൊന്നും ഇല്ല. ഇലകളിൽ സദാ ജലാംശം നിറഞ്ഞു നിൽക്കുന്ന പ്രകൃതമാണ് ഈ ചെടിക്കുള്ളത്. വായുവിലെ ജലാംശം വലിച്ചും ഇതിനു ജീവിക്കാൻ കഴിയും.

***

അഭിപ്രായങ്ങളൊന്നുമില്ല: