ദേവി തത്ത്വം

നമ്മളെ സംബന്ധിച്ചിടത്തോളം നമുക്കു വേണ്ടതെന്താണ്? 
നമുക്ക് സുഖം വേണം. 
സുഖം എവിടെ കിട്ടുന്നു? 
ആരെയെങ്കിലും, എന്തെങ്കിലും ഇഷ്ടപ്പെടുമ്പോൾ ആ ഇഷ്ടപ്പെട്ട വസ്തു കിട്ടുമ്പോൾ സുഖമുണ്ടാകുന്നു. അതുകൊണ്ട് ഇഷ്ടപ്പെടാൻ എന്തെങ്കിലുമൊക്കെ കിട്ടണം. പുറമേയ്ക്ക് അതിനെ അന്വേഷിച്ച് കൊണ്ടിരിക്കയാണ്. നമ്മുടെ ജീവിതത്തിന്റെ കേന്ദ്രം ആസക്തി എന്ന ഒറ്റ വാക്കിൽ അസ്തമിച്ചു.ആസക്തി തെറ്റാണ് എന്നല്ല പറയുന്നത്.

"യത് പ്രേമ പ്രവണം ചിത്തം വിഗുണേശു അഭി ബന്ധുശു" എന്ന് പറഞ്ഞാണ് ദേവി മാഹാത്മ്യം ആരംഭിക്കുന്നത്. സമാധി എന്ന് പറഞ്ഞ ഒരു വൈശ്യനും സുരതൻ എന്ന് പറഞ്ഞ ഒരു രാജാവും. രാജാവിന് രാജ്യം നഷ്ടപ്പെട്ടു വൈശ്യനാണെങ്കിൽ പണമെല്ലാം നഷ്ടപ്പെട്ടു കുടുംബം അദ്ദേഹത്തെ പുറത്താക്കി. രണ്ട് പേരും ഒരു കാട്ടിൽ വന്ന് ഒരു ഋഷിവര്യനെ കണ്ട് അവിടെ ആശ്രമത്തിൽ താമസിക്കുകയാണ്. അവർ രണ്ട് പേരും വർത്തമാനം പറയുകയാണ്. രാജാവിന് രാജ്യം നഷ്ടപ്പെട്ടു കഴിഞ്ഞുവെങ്കിലും രാജ്യം ഭരിച്ചിരുന്നപ്പോൾ കഷ്ടപ്പെട്ട് ശേഖരിച്ച ഖജനാവ് ഇപ്പോഴുള്ളവർ കാലിയാക്കുമോ എന്നാണ് ഭയം. വൈശ്യനാകട്ടെ തന്നെ പുറത്താക്കിയിട്ടും കുടുംബത്തോടുള്ള ആസക്തി പോകുന്നില്ല. ഈ ആസക്തി വച്ചു കൊണ്ടാണ് ഇവർ ആദ്യം ചോദ്യം ചോദിക്കുന്നത് തന്നെ. ഈ ആസക്തി എന്ത് കൊണ്ട് പോകുന്നില്ല? വിഷയങ്ങളിൽ ദു:ഖമുണ്ടാകുന്നുണ്ടെങ്കിലും ആസക്തി വരുന്നു. നമുക്ക് ആത്യന്തികമായി ഹിതം ചെയ്യില്ലെന്നറിയാമെങ്കിലും ആസക്തിയാണ്.

ഇതിന് ശ്രീരാമകൃഷ്ണൻ പറയുന്ന ഉദാഹരണം ഇതാണ്.
ഒട്ടകത്തിന് മുള്ള് തിന്നാൻ ഇഷ്ടമാണ്. മുള്ള് തിന്നുമ്പോൾ നാവ് പൊട്ടി ചോര വന്നാലും മുള്ളേ തിന്നു. അതുപോലെയാണ് ലോകവും എത്ര വിഷമിപ്പിച്ചാലും ആ ദു:ഖത്തോടൊപ്പം എന്തോ അല്പം സുഖം കിട്ടുന്നുണ്ട് അതിന് വേണ്ടി എത്ര ദു:ഖിക്കാനും തയ്യാറാണ്. ഇത് ആരേയും കുറ്റം പറയാനല്ല മറിച്ച് ഇതിന്റെ പിന്നിലെ തത്ത്വം എന്താണെന്ന് മനസ്സിലാക്കാനാണ്.

കടപ്പാട്: ശ്രീനൊച്ചൂർജി

അഭിപ്രായങ്ങളൊന്നുമില്ല: