ഹരിഹരാത്മജം ദേവമാശ്രയേ...! ( Harivarasanam )

ഹരിവരാസനം, സിനിമയ്ക്കുവേണ്ടി എഴുതപ്പെട്ട പാട്ടല്ല. കാലാകാലങ്ങളായി സന്നിധാനത്തില് നടയടപ്പിന്റെ സമയത്ത് പാടിവന്നിരുന്ന കീര്ത്തനമാണതെന്ന് ചരിത്രം പറയുന്നു; ദേവസ്വം അധികൃതരും. കുമ്പക്കുടി കുളത്തൂര് അയ്യര് എഴുതിയതെന്നു പരക്കെ വിശ്വസിക്കപ്പെടുന്ന ഈ ഉറക്കുപാട്ട്, സംവിധായകന് മെറിലാന്ഡ് സുബ്രഹ്മണ്യത്തിന്റെ ആഗ്രഹപ്രകാരമാണ് സ്വാമി അയ്യപ്പന് എന്ന സിനിമയ്ക്കുവേണ്ടി ദേവരാജന് മാസ്റ്റര് ചിട്ടപ്പെടുത്തിയത്. മൂലകൃതിയുടെ ഘടനയില് ചില്ലറ മാറ്റങ്ങള് വരുത്തിക്കൊണ്ട് (ഓരോ വാക്കിനും ശേഷമുള്ള സ്വാമി എന്ന അഭിസംബോധന മിക്കവാറും പൂര്ണമായിത്തന്നെ ഒഴിവാക്കിയിരിക്കുന്നു സിനിമാഗാനത്തില്) യേശുദാസിന്റെ ഗന്ധര്വശബ്ദത്തില് മാസ്റ്റര് റെക്കോഡ് ചെയ്ത ഹരിവരാസനം, സ്വാമി അയ്യപ്പന് എന്ന സിനിമയ്ക്കും കാലത്തിനുമെല്ലാം അപ്പുറത്തേക്കു വളര്ന്നുകഴിഞ്ഞു. ഇന്നത് പണ്ഡിതപാമര, ധനികദരിദ്രഭേദമെന്യേ മലയാളിയുടെ ഭക്തമനസ്സിന്റെ ആകുലതകളെയും വ്യാധികളെയും ആകാംക്ഷകളെയും തഴുകിയുറക്കുന്നു.

ഹരിവരാസനം വിശ്വമോഹനം

ഹരിദധീശ്വരം ആരാദ്യപാദുകം

അരിവിമർദ്ദനം നിത്യനർത്തനം

ഹരിഹരാത്മജം ദേവമാശ്രയേ...1

ശരണകീർത്തനം ശക്തമാനസം

ഭരണലോലുപം നർത്തനാലസം

അരുണഭാസുരം ഭൂതനായകം

ഹരിഹരാത്മജം ദേവമാശ്രയേ...2

പ്രണയ സത്യകം പ്രാണനായകം

പ്രണതകാല്പകം സുപ്രഭാഞ്ചിതം

പ്രണത്വമന്ദിരം കീർത്തനപ്രീയം

ഹരിഹരാത്മജം ദേവമാശ്രയേ...3

തുരഗവാഹനം സുന്ദരാനനം

വരഗദായുധം ദേവവർണ്ണിതം

ഗുരുകൃപാകരം കീർത്തനപ്രീയം

ഹരിഹരാത്മജം ദേവമാശ്രയേ...4

ത്രിഭുവനാർച്ചിതം ദേവതാത്മകം

ത്രണയനംപ്രഭും ദിവ്യശോഭിതം

ത്രിദശപൂജിതം ചിന്തിതപ്രദം

ഹരിഹരാത്മജം ദേവമാശ്രയേ...5

ഭവഭയാവഹം ഭാവുകാവഹം

ഭുവനമോഹനം ഭൂതിഭൂഷണം

ധവളവാഹനം ദിവ്യവാരണം

ഹരിഹരാത്മജം ദേവമാശ്രയേ...6

കലമൃദുസ്മിതം സുന്ദരാനനം

കലഭകോമളം ഗാത്രമോഹനം

കളഭകേസരിം വാജിവാഹനം

ഹരിഹരാത്മജം ദേവമാശ്രയേ...7

ശ്രിതജനപ്രിയം ചിന്തിതപ്രദം

ശ്രുതിവിഭൂഷണം സാധുജീവനം

ശ്രുതിമനോഹരം ഗീതലാലസം

ഹരിഹരാത്മജം ദേവമാശ്രയേ...8

വിവാദങ്ങള്ക്കു പക്ഷേ, ഉറക്കമില്ല. ഹരിവരാസനത്തിന്റെ യഥാര്ഥ രചയിതാവ് ആലപ്പുഴ പുറക്കാട്ടെ കോന്നകത്ത് കുടുംബാംഗമായ ജാനകിയമ്മയാണെന്ന വാദവുമായി അവരുടെ ചെറുമകന് രംഗത്തുവന്നത് കുറച്ചുകാലം മുന്പാണ് (സംഗീതികമാസിക, 2007 മെയ്). ശബരിമലയിലെ അവസാനത്തെ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്ണയ്യരുടെ മകളാണ് ജാനകിയമ്മ പ്രശസ്ത പത്രപ്രവര്ത്തകന് എം. ശിവറാമിന്റെ സഹോദരി. 1923ല് അമ്മൂമ്മയുടെ മുപ്പതാംവയസ്സില്, ആറാമത്തെ കുട്ടിയെ ഗര്ഭം ധരിച്ചിരുന്ന വേളയിലാണ് 32 വരികളുള്ള ഈ അഷ്ടകം അവരെഴുതിയതെന്ന് പേരക്കുട്ടി പറയുന്നു. ഭജനയായി ആദ്യമത് പാടിയവതരിപ്പിച്ചത് വീട്ടിനടുത്തുള്ള ആനന്ദേശ്വരം ശിവക്ഷേത്രത്തില്. 1930 കള് മുതലേ ഭജനസംഘക്കാര് ഹരിവരാസനം പാടി മലകയറിയിരുന്നുവെന്നാണ് ജാനകിയമ്മയുടെ പിന്തലമുറക്കാരുടെ അവകാശവാദം. സ്വാമി വിമോചനാനന്ദയുടെ ശബ്ദത്തില് 1955 ലാണ് ആദ്യമായി ഈ ഗാനം സന്നിധാനത്ത് മുഴങ്ങിയതെന്ന ഔദ്യോഗികഭാഷ്യത്തിനുമേല് ഇതോടെ സംശയത്തിന്റെ നിഴല് വീഴുന്നു. 

രചയിതാവ് ആരായാലും ദേവരാജന്റെ സംഗീതവും യേശുദാസിന്റെ ആലാപനവും ഈ ഉറക്കുപാട്ടിന് നേടിക്കൊടുത്ത അഭൂതപൂര്വമായ ഖ്യാതിയെ ആരും ചോദ്യം ചെയ്യാനിടയില്ല!

Text curtesy: Mathrubhumi 

Technorati Tags:
  harivarasanam

അഭിപ്രായങ്ങളൊന്നുമില്ല: