സ്‌മാരകങ്ങള്‍ നശിപ്പിക്കുന്നത്‌ പതിവാകുന്നു!

ബ്രിട്ടീഷുകാരെ വിറപ്പിച്ച വീരപഴശ്ശിയുടെ സ്‌മാരകങ്ങള്‍ നശിപ്പിക്കുന്നത്‌ പതിവാകുന്നതായി പത്രവാര്‍ത്ത. പുരളിമലയില്‍ പഴശ്ശി രാജ ഉപയോഗിച്ചിരുന്ന ശിവലിംഗം കഴിഞ്ഞദിവസം തകര്‍ത്തത്‌ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌.

കണ്ണൂര്‍, വയനാട്‌ ജില്ലകളിലായി അമ്പതിലധികം സ്ഥലങ്ങളിലാണ്‌ പഴശ്ശി സ്‌മാരകങ്ങളുള്ളത്‌. ഇതില്‍ സംരക്ഷിക്കപ്പെടുന്നത്‌ മാനന്തവാടിയിലെ പഴശ്ശി വീരകേരള വര്‍മ്മയുടെ ശവകുടീരം മാത്രം.
മുഴക്കുന്ന്‌, പുരളിമല, കണ്ണവം, മണത്തണ, ആറളം, പേരിയ, തലപ്പുഴ, മാനന്തവാടി, പനമരം, പുല്‍പ്പള്ളി, താമരശ്ശേരി, കമ്പളക്കാട്‌, തെണ്ടര്‍നാട്‌, കതിരൂര്‍ കുങ്കിച്ചിറ എന്നിവിടങ്ങളിലും പഴശ്ശി യുദ്ധ സ്‌മാരകങ്ങളുണ്ട്‌.

പഴശ്ശിയുടെ സ്‌മാരകം ആദ്യമായി നശിപ്പിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ ജന്മഭൂമിയായ പഴശ്ശിയില്‍ തന്നെയാണ്‌. ഇവിടെയുണ്ടായിരുന്ന പഴശ്ശിയുടെ ജന്മഗൃഹം ഇടിച്ചു നിരത്തിയാണ്‌ ബ്രിട്ടീഷ്‌ പട്ടാളം തലശ്ശേരി-കുടക്‌ പാത നിര്‍മ്മിച്ചത്‌. ഇവിടെ അവശേഷിച്ചിരുന്ന കിണറും കുളവുമായിരുന്നു പഴശ്ശിയുടെ മറ്റു സ്‌മാരകങ്ങള്‍. ഇവ മട്ടന്നൂര്‍ നഗരസഭയുടെ 'പഴശ്ശി സ്‌മാരക സംരക്ഷണ'ത്തിന്റെ പേരിലാണ്‌ ആദ്യമായി നശിപ്പിക്കപ്പെട്ടത്‌. കിണര്‍ മൂടിയാണ്‌ ഇവിടെ ഗ്രൗണ്ട്‌ നിര്‍മിച്ചത്‌. കുളത്തിന്‌ നടുവില്‍ തൂണ്‌ നിര്‍മിച്ചതോടെ അതും വികൃതമായി. ശേഷിക്കുന്ന യുദ്ധ സ്‌മാരകങ്ങളുള്ളത്‌ മുഴക്കുന്നിലാണ്‌. ഇവിടെ മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്‌ പിന്നിലെ കോവിലകത്തിന്റെ അവശിഷ്ടങ്ങള്‍ പലതും കടത്തിക്കൊണ്ടുപോയി. ഇവ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പുരാവസ്‌തു വകുപ്പ്‌ ഒരു നടപടിയും എടുത്തില്ല.

പുരളിമലയിലും ഹരിശ്‌ചന്ദ്ര കോട്ടയിലുമായാണ്‌ കൂടുതല്‍ അവശിഷ്ടങ്ങളുള്ളത്‌. ഇവയില്‍ ഹരിശ്‌ചന്ദ്ര കോട്ട പൂര്‍ണമായും നശിച്ചുകഴിഞ്ഞു. ഇവയുടെ കല്ലുകള്‍ വ്യാജവാറ്റുകാര്‍ അടുപ്പ്‌ നിര്‍മിക്കാന്‍ കൊണ്ടുപോയി. ശിവലിംഗം സമൂഹവിരുദ്ധര്‍ തകര്‍ത്തു.
എന്നാല്‍ പഴശ്ശി ഉപയോഗിച്ചിരുന്ന കൈയില്‍ കൊണ്ടു നടക്കാവുന്ന ശിവലിംഗം കതിരൂര്‍ ഇല്ലക്കാരും എടത്തന കേളപ്പന്റെ പ്രതിമ വാളാട്‌ കുറിച്യ തറവാടും സംരക്ഷിച്ചുവരുന്നുണ്ട്‌ എന്നാണ്  പറയപ്പെടുന്നത്.

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: