ഹിന്ദുമതസ്ഥാപന ഭേദഗതി ബില്‍

കേരള സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന ട്രാവന്‍കൂര്‍ - കൊച്ചിന്‍ ഹിന്ദുമതസ്ഥാപന ഭേദഗതിബില്‍ - 2009 ഹൈന്ദവ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതും , ദേവസ്വം ബോര്‍ഡുകളെയും ക്ഷേത്രങ്ങളെയും സാമ്പത്തികമായി തകര്‍ക്കുന്നവയുമാണ്. ബോര്‍ഡുകള്‍ക്ക്‌ ഇന്നുള്ള സ്വയംഭരണാവകാശം ഇല്ലാതാകുമെന്നും അവയുടെ ഭരണം കൈയടക്കാനാണ്‌ ഈ ബില്ലെന്നും എന്‍.എസ്‌.എസ്‌. കുറ്റപ്പെടുത്തുന്നു. 

മറ്റു മതവിഭാഗങ്ങളോടുള്ള സമീപനത്തില്‍നിന്ന്‌ വ്യത്യസ്‌തമായി, ഹൈന്ദവ മതവിഭാഗങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണിത്‌. ഈ നീക്കം മതേതരസര്‍ക്കാരുകള്‍ക്കു യോജിച്ചതല്ലെന്നും നിവേദനത്തില്‍ പറയുന്നു.
ദേവസ്വംബോര്‍ഡുകളുടെ പ്രവര്‍ത്തനം ലഘൂകരിക്കാനും എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കി സാമൂഹികനീതി കൊണ്ടുവരാനുമായി തിരുവിതാംകൂര്‍ - കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ അംഗസംഖ്യ മൂന്നില്‍നിന്ന്‌ ഏഴായി വര്‍ധിപ്പിക്കുമെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌.


ബോര്‍ഡിനെതിരെ പരാതിവന്നാല്‍ പരിശോധിക്കാനും നടപടികളെടുക്കാനുംവേണ്ട റിവിഷന്‍ അധികാരം സര്‍ക്കാരിന്‌ നല്‍കുന്ന വ്യവസ്ഥയും ഉണ്ടാകും. നിയമം പ്രാബല്യത്തിലായാല്‍ സംസ്ഥാന ഖജനാവില്‍നിന്ന്‌ ഒരധികച്ചെലവും ഉണ്ടാകില്ലെന്ന്‌ സര്‍ക്കാര്‍ പറയുന്നുണ്ട്‌. എന്നാല്‍, ദേവസ്വംബോര്‍ഡുകള്‍ക്ക്‌ നേരിടേണ്ടിവരുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. ഇത്‌ ഗൗരവത്തോടെ കാണണമെന്നും, ദേവസ്വംബോര്‍ഡില്‍ ജോലിഭാരം വര്‍ധിച്ചിട്ടില്ലെന്നും  എന്‍.എസ്‌.എസ്‌. ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടില്ല. അംഗബലം ഏഴാക്കി വര്‍ധിപ്പിച്ചാല്‍ ഹിന്ദുസമൂഹത്തിലെ പ്രധാന വിഭാഗങ്ങള്‍ക്ക്‌ പ്രാതിനിധ്യം നല്‍കി, സാമൂഹികനീതി നടപ്പാക്കാമെന്നുള്ള സര്‍ക്കാര്‍ നിലപാട്‌ പ്രായോഗികമോ, യുക്തിക്കു നിരക്കുന്നതോ അല്ലെന്ന്‌ എന്‍.എസ്‌.എസ്‌. പറയുന്നു. അംഗസംഖ്യ കൂട്ടിയാല്‍ ചെലവിടേണ്ടിവരുന്ന ഭാരിച്ച സംഖ്യ ദേവസ്വം ബോര്‍ഡുകള്‍ക്ക്‌ താങ്ങാനാവുന്നതല്ല. സര്‍ക്കാരില്‍നിന്ന്‌ നല്‍കുന്ന തുച്ഛമായ വാര്‍ഷിക സംഖ്യ ഒരു സംഭാവനയോ, ദാനമോ അല്ല. ഇത്‌ കോടാനുകോടി രൂപ വിലയുള്ള ക്ഷേത്രസ്വത്തുക്കള്‍ കവര്‍ന്നെടുത്തതിന്റെ ന്യായമായ പലിശപോലും ആകുന്നില്ലെന്നും എന്‍.എസ്‌.എസ്‌. ചൂണ്ടിക്കാട്ടുന്നു.


നിലവിലുള്ള നിയമങ്ങള്‍ക്കു വിധേയമായി, സത്യസന്ധതയും ഭരണനൈപുണ്യവും ഉള്ളവരും രാഷ്ട്രീയ ബന്ധങ്ങള്‍ ഇല്ലാത്തവരും ക്ഷേത്രവിശ്വാസികളുമായിട്ടുള്ളവരെ പ്രസിഡന്റായം അംഗങ്ങളായും നിയോഗിച്ചാല്‍ ദേവസ്വം ബോര്‍ഡ്‌ ഭരണം കാര്യക്ഷമമാക്കാം. ഇതു മറച്ചുവച്ച്‌ ദേവസ്വം ബോര്‍ഡുകളെയും ക്ഷേത്രങ്ങളെയും രാഷ്ട്രീയക്കാരുടെ താവളമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്‌.


ബോര്‍ഡുകളിലെ അംഗസംഖ്യ ഏഴാക്കാനും റിവിഷന്‍ അധികാരം ഏര്‍പ്പെടുത്താനും നടത്തുന്ന ശ്രമത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്തിരിയണമെന്ന്‌  ആവശ്യപ്പെട്ട്‌ നായര്‍ സര്‍വീസ്‌ സൊസൈറ്റി മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നിവേദനം നല്‍കി.

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: