ചട്ടമ്പിസ്വാമികളുടെ പേരില്‍ വിവാദം ശരിയല്ല-പണിക്കര്‍

A  Mathrubhumi report

പന്മന:ചട്ടമ്പിസ്വാമികളുടെ പേരില്‍ തര്‍ക്കങ്ങളും വിവാദങ്ങളും അനാവശ്യമാണെന്നും അദ്ദേഹത്തെപ്പറ്റി പഠിക്കാതെ അഭിപ്രായം പറയുന്നത്‌ ശരിയല്ലെന്നും എന്‍.എസ്‌.എസ്‌.ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ പറഞ്ഞു. ചട്ടമ്പിസ്വാമികളുടെ 85th മഹാസമാധി വാര്‍ഷികസമ്മേളനം പന്മന ആശ്രമത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും തമ്മിലുണ്ടായിരുന്ന ഗുരുശിഷ്യബന്ധത്തെപ്പറ്റി തര്‍ക്കിക്കുന്നവര്‍ ആ മഹാത്മാക്കളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.


സ്വാമിജിയുടെ പഠനം മനുഷ്യസാധ്യമായതല്ല. മനുഷ്യാതീതമായ ഒരു ശക്തി ഉണ്ടായിരുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ്‌ സ്വാമിജിയുടെ ജ്ഞാനം. ജ്ഞാനംകൊണ്ടു നേടിയ സിദ്ധികളായിരുന്നു സ്വാമികള്‍ക്ക്‌ ഉണ്ടായിരുന്നത്‌. അത്‌ മാജിക്‌ അല്ല. യോഗ്യതയില്ലാത്തവര്‍ അദ്ദേഹത്തെക്കുറിച്ച്‌ പറയാന്‍ ശ്രമിക്കരുത്‌. സര്‍വജീവജാലങ്ങളും ഒന്നാണെന്ന സംസ്‌കാരം വിശ്വസിക്കുന്ന നമ്മള്‍ സ്വാമിയുടെ പേരില്‍ വിവാദങ്ങളില്‍ ഏര്‍പ്പെടരുത്‌. ഈ ലോകത്ത്‌ നിമിഷങ്ങള്‍ മാത്രം കഴിഞ്ഞുകൂടുന്ന നമ്മള്‍ ജാതി-മത സങ്കുചിതചിന്തകളുടെ പേരില്‍ തര്‍ക്കിക്കേണ്ടതുണ്ടോ എന്നു ചിന്തിക്കണം-നാരായണപ്പണിക്കര്‍ പറഞ്ഞു.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ആധ്യക്ഷ്യം വഹിച്ചു. ചട്ടമ്പിസ്വാമികളുടെ മഹത്ത്വം മനസ്സിലാക്കാത്തവരാണ്‌ അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത്‌ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന്‌ സ്വാമി പറഞ്ഞു. കണ്ണമ്മൂലയിലെ ജന്മസ്ഥലം വിട്ടുകിട്ടണമെന്ന ന്യായമായ ആവശ്യം ഉന്നയിക്കുന്ന സ്‌ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തരെ തല്ലിച്ചതയ്‌ക്കുകയും കള്ളക്കേസില്‍ കുടുക്കുകയുമാണ്‌. ഇതിനെതിരെ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന്‌ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: