ശ്രീരാമൻ ജനിച്ച ഉടനെ വിശ്വരൂപം കാഴ്ചവെച്ചു. ആ നേരത്ത് കൌസല്യാദേവി നടത്തുന്ന ഭഗവൽ സ്തുതി എഴുത്തച്ചന്റെ
വരികളിലൂടെ...ഇതാ...
“നമസ്തെ ദേവ ദേവ! ശംഖചക്രാബ്ജധര!
നമസ്തെ വാസുദേവാ! മധുസൂധന! ഹരേ!
നമസ്തെ നാരായണ! നമസ്തെ നരകാരേ!
സമസ്തേശ്വരാ ശൌരേ! നമസ്തെ ജഗല്പതേ!
പരമൻ പരാപരൻ പരബ്രഹ്മാഖ്യൻ പരൻ
പരമാത്മാവു പരൻ പുരുഷൻ പരിപൂർണ്ണൻ.
അചുതനനന്തനവ്യക്തനവ്യയനേകൻ
നിശ്ചലൻ നിരുപമൻ നിർവാണപ്രദ നിത്യൻ.
നിർമ്മല നിരാമയൻ നിർവികാരാത്മ ദേവൻ
നിർമ്മമൻ നിരാകുലൻ നിരഹങ്കാരമൂർത്തി.
നിഷ്കളൻ നിരഞ്ജനൻ നീതിമാൻ നിഷ്കൽമഷൻ
നിർഗ്ഗുണൻ നിഗമാന്ത വാക്യാർഥ വേദൻ നാഥൻ.
നിഷ്ക്രിയൻ നിരാകാരൻ നിർജ്ജരനിഷേവിതൻ
നിഷ്കാമൽ നിയമിനാം ഹൃദയനിലയനൻ.
അദ്വയനജനമൃതാനന്ദൻ നാരായണൻ
വിദ്വന്മാനസ പത്മമധുപൻ മധു വൈരി.
സത്യജ്നാനാത്മാ സമസ്തേശ്വരൻ സനാതനൻ
സത്വ സഞ്ചയ ജീവൻ സനകാദിപി സേവ്യൻ.
തത്ത്വാർഥബോധരൂപൻ സകല ജഗന്മയൻ
സതാമാത്രകനല്ലോ നിന്തിരുവടി നൂനം.
നിന്തിരുവടിയുടെ ജഠരത്തിങ്കൽ നിത്യ-
മന്തമില്ലാതോളം ബ്രഹ്മാണ്ഡങ്ങൾ കിടക്കുന്നു.”
അങ്ങിനെയുള്ള ഭഗവാൻ എന്റെ ശരീരത്തിൽ വസിപ്പാൻ എന്താണ് കാരണം ?
അമ്മയായ കൌസല്യ ഭഗവാനോട് സംശയനിവർത്തി വരുത്തുകയാണ്.
ഭഗവാൻ രാമായണ പശ്ചാത്തലം വിവരിച്ചു കൊടുത്തു. കൌസല്യ അപ്പോൾ അപേക്ഷിക്കുന്നത്
എന്താണ് ? ഞാൻ അനുഗ്രഹീതയായി. എങ്കിലും എനിക്ക് എന്റെ കുഞ്ഞ്മോന്റെ ഭാവത്തിൽ ഭഗവാനെക്കാണാൻ
കൊതിയാകുന്നു.
“വിശ്വമോഹിനിയായ നിന്നുടെ മഹാമായ
വിശ്വേശ! മോഹിപ്പിച്ചിടായ്‌ക മാം ലക്ഷ്മീപതേ!
കേവലമലൌകീകം വൈഷ്ണവമായരൂപം
ദേവേശാ മറയ്കേണം മറ്റുള്ളോർ കാണും മുമ്പേ.
ലാളനാശ്ലേഷാദ്യനു രൂപമായിരിപ്പോരു
ബാലഭാവത്തെ കാട്ടേണം ദയാനിധേ!”