Keyman for Malayalam Typing

ഭജഗോവിന്ദം (മോഹമുദ്ഗരം) 20



ശ്ളോകം : 20

 (ഈ ശ്ളോകം രചിച്ചത് ശങ്കരാചാര്യരുടെ ശിഷ്യന്മാരിൽ ഒരാളായ ദൃഡഭക്തൻ ആണു.)

"ഭഗവത്ഗീതാ കിഞ്ചിദധീതാ

ഗംഗാജലലവകണികാ പീതാ

സകൃദപി യേന മുരാരി സമര്‍ച്ചാ

ക്രിയതേ തസ്യ യമേന ന ചര്‍ച്ച."

ഭഗവത് ഗീത കുറച്ചെങ്കിലും പഠിച്ചിട്ടുള്ളവർ, ഗംഗാജലം കുറച്ചെങ്കിലും പാനം ചെയ്തവർ, മുരാരിയെ ക്രൃഷ്ണനെ) ഒരിക്കലെങ്കിലും ശരിയായി പൂജിച്ചിട്ടുള്ളവർ - അങ്ങനെയുള്ളവരെക്കുറിച്ച് യമൻ ചർച്ച ചെയ്യുകയേ ഇല്ല. 

സമസ്ത വേദാർത്ഥ സാരസംഗ്രഹം ആയിട്ടാണ് ശങ്കരാചാര്യർ ഗീതയെ വ്യാഖ്യാനിക്കുന്നത്. ഭജഗോവിന്ദത്തിൽ ഗീത അൽപമെങ്കിലും പാരായണം ചെയ്യണമെന്ന് ഉദ്ദേശിക്കുന്നു. ഗീത പൂർണമായും സ്വായത്തമാക്കണം എന്നില്ല. അല്പമെങ്കിലും, ഒരു വരിയെങ്കിലും വായിക്കുക. അതൊരുപക്ഷേ അത്മോർജ്ജത്തെ ഉണർത്തിയേക്കാം. 

മഹാഭാരതവും വേദങ്ങളും തൂക്കി നോക്കിയപ്പോൾ മഹാഭാരതം തുലാസിൽ താഴ്ന്നുനിന്നത്രേ! ഭാരതത്തിൽ ഗീത ഉൾപ്പെട്ടതുകൊണ്ടാണ് ഈ ഭാരത്തിന് കാരണമെന്നാണ് യാഥാസ്ഥിതിക വാദം.

പരമ്പരാഗതമായി ഗംഗയെ പുണ്യനദിയായാണ് കണ്ടുവരുന്നത്. ഗംഗ എല്ലാ പാപങ്ങളെയും കഴുകിക്കളയുന്നു എന്നാണു് വിശ്വാസം. ഈ പുണ്യജലത്തിൻ്റെ ഒരു കണിക നിഷാദജന്മത്തിൽ നിന്നും ആനന്ദ ജന്മത്തിലേക്ക് ഒരാളെ പരിവർത്തനം ചെയ്യുന്നു. 

ഭജനം ഇന്ദ്രിയ നിഗ്രഹങ്ങൾക്ക് കാരണമാവുന്നു. ഇനിയനിഗ്രഹം മനസ്സിലെ കുറഞ്ഞ തടാകമാകുന്നു. മനസ്സിൽ പുണ്യം നിറക്കാനുള്ള ഉപാധിയാണ് മുരാരി ഭജനം. മുരാരി എന്നാൽ മുരൻ്റെ ശത്രു, ശ്രീകൃഷ്ണൻ.

 ഇപ്രകാരം ഭഗവത് ഗീതാപാരായണവും ഗംഗാജലപാനവും മുരാരി സേവയും മരണഭയത്തിൽ നിന്നും രക്ഷനേടാനുള്ള ഉപാധിയാണന്ന് ഭജഗോവിന്ദം നമ്മെ ഉപദേശിക്കുന്നു. 

        ഓം ഹരി ഗോവിന്ദായ നമ:

 ***

വിനായക ചതുർത്ഥി സന്ധ്യാവന്ദനം


സന്ധ്യാവന്ദനം 🙏

"ക്ഷിപ്രപ്രസാദി ഭഗവാൻ ഗണനായകോമേ
വിഘ്നങ്ങൾ തീർത്തു വിളയാടുക സർവ്വകാലം
സർവ്വത്രകാരിണി സരസ്വതിദേവി വന്നെൻ
നാവിൽ കളിക്ക കുമുദേഷു നിലാവു പോലെ

കരങ്ങളഞ്ചുളള ഗണേശ്വരന്നു ഞാൻ
കരിമ്പു തേൻ ശർക്കര നല്ല കാദളം
കൊടുത്തിരപ്പൻ പലപോതുമാദരാൽ
മനക്കുരുന്നിന്നു തുണയ്ക്കു സന്തതം.

തുമ്പിക്കൈയ്യിലമർന്ന വൻ കലശവും
മറ്റുള്ളകൈപത്തിലും നാരങ്ങാ ഗദയും
കരിമ്പു ധനുഷാ ശൂലം തഥാ ചക്രവും
പിന്നെ പങ്കജമൊട്ടു പാശമുടനേ
നീലോൽപ്പലം നെല്ലുമായ് കൊമ്പും
കൊണ്ടരുളും വിനായകനെനിക്കേറ്റം തുണച്ചീടണം..."

ഓം വിഘ്നേശ്വെരായ നമഃ

                             *ശുഭസന്ധ്യ  🪔 *                     

കർക്കടകത്തിലെ അമാവാസി

 അമാവാസി വ്രതവും ശ്രാദ്ധവും




പിതൃക്കൾക്കു വേണ്ടി അനുഷ്ഠിക്കുന്ന ഒരു വ്രതമാണിത്. വെളുത്തവാവിനുശേഷമുള്ള പതിനഞ്ചാമത്തെ തിഥിയാണ് അമാവാസി. തന്റെ വംശത്തിന് അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ 
അമാവാസിവ്രതം അനുഷ്ഠിക്കണമെന്നാണ് സ്മൃതികൾ ഘോഷിക്കുന്നത്. സന്താനഭാഗ്യവും സമ്പത്തും ആരോഗ്യവും വ്രതാനുഷ്ഠാനം കൊണ്ട് നേടാൻ കഴിയും. സമുദ്രസ്നാനവും തർപ്പണവും ബഹുവിശേഷമാകുന്നു. അന്ന് ശ്രാദ്ധമൂട്ടുന്നതുകൊണ്ട് പിതൃക്കൾ വളരെയധികം സന്തോഷിക്കുമെന്നാണ് വിശ്വാസം. തലേദിവസം വ്രതശുദ്ധിയോടെ കുളിച്ച് ഒരിക്കലൂണ് കഴിച്ച് രാത്രി ഉപവസിച്ച് ശ്രാദ്ധം ഊട്ടണമെന്നാണ് വിധി.

പിതൃകർമമനുഷ്ഠിക്കുന്നതിന് കർക്കടകത്തിലെ അമാവാസിക്കാണ് ഏറ്റവും പ്രാധാന്യം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനകാലം ആരംഭിക്കുന്നത് കർക്കടകം മുതൽക്കാണ്. അന്ന് തിരുനെല്ലി, തിരുവല്ല, വർക്കല, തിരുന്നാവായ, ഗോകർണ്ണം തുടങ്ങിയ സ്ഥലങ്ങളിൽ ബലികർമ്മാദികൾ അനുഷ്ഠിക്കാവുന്നതാണ്. കൂടാതെ മറ്റു പല പുണ്യനദികളിലും കുളിച്ചു ബലിയിടുന്ന പതിവുണ്ട്.
തുലാമാസത്തിലെ അമാവാസിക്കും പ്രാധാന്യം ഒട്ടും കുറവല്ല. അന്ന് ബലി ഇടാവുന്നതും തർപ്പണം മുതലായ പിതൃകർമ്മങ്ങൾ അനുഷ്ഠിക്കാവുന്നതുമാണ്. 

ശ്രാദ്ധത്തിന് ബലിയെന്നും പിതൃകർമ്മമെന്നും പേരുണ്ട്. ആചാരമനുസരിച്ച് നുസരിച്ച് ആറ് ശ്രാദ്ധങ്ങൾ ഊട്ടണം.

അച്ഛൻ,അമ്മ, അച്ഛൻ്റെ അമ്മ,അച്ഛന്റെ അച്ഛൻ, അമ്മയുടെ അമ്മ, അമ്മയുടെ അച്ഛൻ എന്നിവർ മരിച്ച നാളും മാസവും പ്രകാരം വർഷത്തിലൊരിക്കൽ ശ്രാദ്ധമൂട്ടണം. 

വാവുബലി എല്ലാ പിതൃക്കളെ ഉദ്ദേശിച്ചും പ്രത്യേകമായി ഓരോരുത്തരെ സങ്കല്പിച്ചുംനടത്താവുന്നതാണ്.  വാവൂട്ടിയാൽ വംശപിതൃക്കളെല്ലാം സന്തോഷിക്കുമെന്നും എല്ലാവർക്കും പിതൃലോകത്ത് മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ശ്രാദ്ധം മൂന്നു വിധത്തിലുണ്ട്. അശ്രാദ്ധം, ആമശ്രാദ്ധം, ഹിരണ്യ
ശ്രാദ്ധം. 

ചോറുകൊണ്ട് പിണ്ഡമുരുട്ടി ചെയ്യുന്നത് അന്ന ശ്രാദ്ധവും, അരിയുംഎള്ളും വെള്ളവും ഉപയോഗിച്ച് നടത്തുന്നത് ആമശ്രാദ്ധവും,
പുരോഹിതന് ദക്ഷിണ നൽകി തൃപ്തിപ്പെടുത്തി സങ്കല്പരൂപേണ ചെയ്യുന്നത് ഹിരണ്യ ശ്രാദ്ധവുമാണ്. 

തിഥി നോക്കിയും ശ്രാദ്ധം പതിവുണ്ട്. ആറുനാഴികയെങ്കിലും
ഉണ്ടെങ്കിൽ മാത്രമെ അന്നു ശ്രാദ്ധം നടത്താൻ പാടുള്ളൂ എന്നാണ് വിധി. രണ്ട് തിഥിയോ നക്ഷത്രമോ വന്നാൽ ആദ്യത്തേത് അനുസരിച്ചാണ് ശ്രാദ്ധം നടത്തേണ്ടത്. 

ശ്രാദ്ധം മുടക്കുവരുത്തുന്നതും വാവൂട്ടൽ ചെയ്യാതിരിക്കുന്നതും പിതൃശാപത്തിന് ഇടയാക്കുന്നു എന്ന് വിശ്വാസം.

സ്ത്രീകൾക്ക്:

രാവിലെ വീട്ടമ്മ കുളിച്ചുവന്ന് ബലികർമ്മം ചെയ്യുന്നതിന് തയ്യാറാ
കുക. വസ്ത്രങ്ങൾ പിഴിഞ്ഞുടുത്തും അലക്കിയത് ഉടുത്തും കർമ്മങ്ങൾ ചെയ്യാവുന്നതാകുന്നു. തലമുടി കെട്ടിവെക്കണം. ബലി ഇടാൻ ഒരുക്കി വെച്ചിരിക്കുന്നിടത്ത്, കിഴക്കുഭാഗത്ത് ഒരു നിലവിളക്ക് കത്തിച്ചുവെക്കുക. അതിനു നേരെ അല്പം പടിഞ്ഞാട്ട് നീങ്ങി കിഴക്കോട്ട് തിരിഞ്ഞിരിക്കണം. മുമ്പിൽ ഒരു കിണ്ടി വെള്ളവും അതിനുനേരെ 'കവ്യം'(ഉണക്കലരിച്ചോറ് വെച്ച ഒരു നാക്കിലയും വേണം. കിണ്ടിയുടെ വലതുഭാഗത്ത് ഒരു ഇലയിൽ
തുളസിപ്പൂവ്, ചന്ദനം, എള്ള്, അക്ഷതം, ഏതാനും ഇലക്കഷ്ണങ്ങൾ, ഒരു
കുമ്പിൾ എന്നിവ ഒരുക്കി വെയ്ക്കണം. കിണ്ടിയുടെ നേരെ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ആദ്യമായി വിളക്കത്തേക്ക് (അഗ്നിക്ക്) ഒരു പൂവാരാധിച്ച് വന്ദിക്കുക. പിന്നെ ഒരുക്കിൽനിന്നും ഇലക്കഷ്ണങ്ങൾ എടുത്ത് കിണ്ടിയെ അലങ്കരിക്കണം. രണ്ടു കഷ്ണം (ചെറുതായി ചീന്തിയത്) കിണ്ടിക്ക് താഴെയും, ഒന്ന് മുരലിലും, ഒരു കഷ്ണം കിണ്ടിക്കുള്ളിലും ഇടുക. 

കുറച്ച് ചന്ദനം എടുത്ത് കിണ്ടിയിൽ തൊട്ട് അവിടെ ഒരു പൂവും എടുത്ത് പതിക്കുക. കിണ്ടിയിൽ എള്ളും പൂവും ചന്ദനവും എടുത്തിട്ട് കിണ്ടിയുടെ മുരലിൽകൂടി മൂന്നു പ്രാവശ്യം വെള്ളം പുറത്തേക്ക് എടുത്ത് കിണ്ടിയുടെ വായിൽകൂടി അകത്തേക്ക് ഒഴിക്കുക. ഗംഗാജലമാണെന്ന് സങ്കല്പിച്ച് അടച്ചുപിടിച്ച് കുറച്ച്  വെള്ളമെടുത്ത് മുഖത്തും ബലിസാധനങ്ങളിലും തളിക്കുക. (ഗംഗാ ജലം കൊണ്ട് ശുദ്ധിവരുത്തിയെന്ന് സങ്കല്പം).

നിലത്ത് കവ്യംവെച്ച നാക്കിലയുടെ തലക്കൽ എള്ളുതൊട്ട് രണ്ട് നീർ
കൊടുത്ത് ഒന്നാരാധിച്ച് തൊഴുക. അവിടെ എള്ളു തൊട്ട് മൂന്നുനീര്, വെള്ളം, ചന്ദനം (ചന്ദനം കുമ്പിളി എടുത്ത് കലക്കി വേണം നീരു കൊടുക്കാൻ കഴിഞ്ഞ് മൂന്ന് പൂവാരാധിച്ച് എള്ളുതൊട്ട് രണ്ട് നീരു കൊടുത്ത് പിതൃവിനെ ആവാഹിച്ചിടുക.

എള്ളും പൂവും, ചന്ദനവും വെള്ളവും കൂട്ടി എടുത്ത് രണ്ടു കൈയിലും
പകർന്നു പിടിച്ച് "പിതൃവിനെ' പിതൃലോകത്തുനിന്നും ആവാഹിക്കുന്നുവെന്ന് സങ്കല്പിച്ച് കൈകൾ മുകളിലോട്ടുയർത്തി ഇലയുടെ തലക്കൽ വെക്കുക. വീണ്ടും എള്ളും വെള്ളവും ചന്ദനവും “അയ്യഞ്ചു നീരുകൊടുത്ത് അഞ്ച് പൂവാരാധിച്ച് എള്ള് തൊട്ട് രണ്ടു നീരുകൊടുത്തു ഒന്നാരാധിച്ച് തൊഴുക.

കുറച്ച് എള്ളും നെയ്യും കവ്യത്തിന്റെ മുകളിലിട്ട് ഉപസ്തരിച്ച് ചോറ്
രണ്ട് പങ്കാക്കി വെക്കുക. കൈകഴുകി ഒരു കഷ്ണം ഇല എടുത്ത് വലതു
കൈയിന്റെ മോതിരവിരലിൽ പവിത്രം പോലെ കെട്ടി ഇട്ട് എള്ളുതൊട്ട് കവ്യം ഇരിക്കുന്ന ഇലയുടെ തലയ്ക്കൽ രണ്ടു നീരുകൊടുത്ത് എള്ളും പൂവുംചന്ദനവും വെള്ളം കൂട്ടി എടുത്ത് ഇലയിൽ നിന്ന് കവ്യം ഒരു പങ്ക് വാരി വെള്ളമൊഴിച്ച് ഇലയുടെ തലയ്ക്കൽ തൂവുക. തൂകുമ്പോൾ മരിച്ച ആളെ സങ്കല്പിക്കണം. വീണ്ടും എള്ള്കൂട്ടി അവിടെത്തന്നെ രണ്ടു നീരുകൊടുത്ത്
എള്ളും പൂവും ചന്ദനവും വെള്ളവും കൂട്ടി ശേഷിച്ച ചോറും എടുത്ത് "തന്റെ വംശപിതൃക്കൾ'ക്കുവേണ്ടി എന്ന് സങ്കല്പിച്ച് നേരത്തെ തൂവിയതിന്റെ അടുത്തുതന്നെ വെള്ളമൊഴിച്ച് തൂകുക. 

കൈകഴുകി എള്ളുതൊട്ട് രണ്ട് നീരു കൊടുത്ത് കുറച്ച് എള്ളും പൂവും ചന്ദനവും തൂകിയതിന്റെ മീതെ വെച്ച് തൊഴണം. പിന്നെ മുമ്പ് കൊടുത്തപോലെ അയ്യഞ്ചു നീരു കൊടുത്ത് അഞ്ചു പൂവാരാധിച്ച് തൊഴുത് എള്ളു കൂട്ടി തൂവിയതിന്റെ വലത്തുഭാഗത്ത് വിരലു
കൾ മടക്കി രണ്ടു നീരു കൊടുത്ത് എള്ളും പൂവും ചന്ദനവും വെള്ളവും കൂട്ടി എടുത്ത് രണ്ടു കൈയിലും പകർന്നുപിടിച്ച് പിതൃക്കളെ പിതൃലോകത്തേക്ക് ഉദ്ധ്വസിക്കുന്നുവെന്ന് സങ്കല്പിച്ച് തൂവിയതിന്റെ സമീപത്തുവെച്ച്   തൊഴുക. അതിനുശേഷം വിളക്കിന്റെ അടുത്ത് ഒരു പലക വെച്ച് അതിൽ വെള്ളം തൊട്ടുതുടച്ച് വെള്ളംകൊണ്ട് രണ്ട് നീരുകൊടുത്ത് നെല്ലും അരിയും
പൂവും ദ്രവ്യവും കൂട്ടി എടുത്ത് ആചാര്യനെ സങ്കല്പിച്ച് ദക്ഷിണ വെക്കുക.

രണ്ട് നീരുകൊടുത്ത് വെറ്റിലയും അടക്കയും വെക്കുക. പിന്നെ രണ്ടു
നീരുകൊടുത്ത് ഒരു പൂവാരാധിച്ച് വിളക്കത്തേക്കും ഗണപതിയെ വിചാരിച്ച് ഒരു പൂവാരാധിച്ച് കിഴക്കോട്ടുതിരിഞ്ഞ് നമസ്കരിക്കുക. നമസ്കാരത്തിന് മുട്ടുകുത്തി തല നിലത്ത് മുട്ടിച്ചാൽ മതി. എഴുന്നേറ്റ് വെള്ളം തളിച്ച് ബലിവാരി പുറത്ത് ചാണകം മെഴുകിയയിടത്ത് കിഴക്കോട്ട് തിരിച്ചുവെക്കുക. മൂന്നു വെള്ളം കൊടുത്ത് കൈകൊട്ടി കാക്കയെ വിളിച്ച് മടങ്ങാം. 

ദക്ഷിണ വെച്ചത് ബ്രാഹ്മണർക്കോ, ക്ഷേത്രത്തിലെ പൂജാരിക്കോ നല്കാം. ആരുമില്ലെങ്കിൽ ഭണ്ഡാഗാരത്തിൽ നിക്ഷേപിക്കുന്നതിനും വിരോധമില്ല. 

അതിനു ശേഷം കുറിയിട്ട് കിഴക്കോട്ട് തിരിഞ്ഞിരുന്ന് ബലി “ശേഷം കൊള്ളുക. ഉണക്കച്ചോറിൽ അല്പം ഇഞ്ചിതൈര് ഒഴിച്ച് കഴിക്കാം. ബലിശേഷം വീട്ടിലുള്ളവർക്കെല്ലാം കഴിക്കുന്നതിന് വിരോധമില്ല.

ബലി ഇടുന്നത് വീട്ടിൽ വെച്ചിട്ടല്ല പുഴവക്കിലോ സമുദ്രതീരത്തോ
ആണെങ്കിൽ വിളക്ക് വെച്ചില്ലെങ്കിലും വിരോധമില്ല. അഗ്നിയെ സങ്കല്പിച്ച് സൂര്യന് നേരെ ഒരു പൂവാരാധിച്ച് ബലിതുടങ്ങാം. (അഗ്നിക്ക് പുരോഹിത സ്ഥാനവും ഉണ്ട്) ഗണപതിയെ സങ്കല്പിക്കുന്ന പതിവും ചിലർക്കിടയിലുണ്ട്.

ചോറ് തൂകുന്നതിന് പകരം കൂട്ടി വക്കുന്ന പതിവും ചിലർക്കിടയിലുണ്ട്. അതെല്ലാം ആചാര്യന്റെ നിർദ്ദേശമനുസരിച്ചോ ആചാരമനുസരിച്ചോ ചെയ്യാവുന്നതാണ്.

വീട്ടമ്മ വിധവയാണെങ്കിൽ ബലി തെക്കോട്ട് തിരിഞ്ഞിരുന്നാണ്
ചെയ്യേണ്ടത്. തുളസിക്ക് പകരം ചെറൂളയും ഉപയോഗിക്കണം. 

ആദ്യത്തെപ്രാവശ്യം തൂകുന്നതിനു പകരം മരിച്ച ആളെ വിചാരിച്ച് ഉരുളയാക്കി (പിണ്ഡം) വെക്കേണ്ടതും വംശപിതൃക്കൾക്കുള്ളത് തൂവേണ്ടതുമാണ്. വിസ്തരിച്ച് ബലിയല്ലാത്തതിനാൽ തെക്കോട്ടുള്ള ബലി ചുരുക്കിയിരിക്കയാണ്.

ശ്രാദ്ധം എന്ന വാക്കിന് ശ്രദ്ധയോടുകൂടി ചെയ്യുന്ന സേവാ കർമ്മമെന്നു മാത്രമെ അർഥമുള്ളു. സത്യജ്ഞാനപ്രാപ്തിയ്ക്കാസ്പദം ഈ ശ്രദ്ധയാകുന്നു.

ക്ഷേത്ര സങ്കേതത്തിലോ പുഴയിലോ ആണെങ്കിൽ ആമശ്രാദ്ധമാണ്
വേണ്ടത്. എന്നാൽ നെട്ടൂർ മഹാദേവക്ഷേത്രത്തിൽ കവ്യം പുറത്ത് പിതൃക്കൾക്ക് വേണ്ടി വാവു ദിവസം സമർപ്പിക്കുന്ന പതിവും കണ്ടിട്ടുണ്ട്.



***


ഭജഗോവിന്ദം (മോഹമുദ്ഗരം) 8



ശ്രീശങ്കരാചാര്യ_വിരചിത_ഭജഗോവിന്ദം (മോഹമുദ്ഗരം)

ശ്ലോകം_8

"കാ തേ കാന്താ കസ്‌തേ പുത്രഃ 
സംസാരോfയ: മതീവ വിചിത്രഃ
കസ്യ:ത്വം കഃ കുത ആയാത-
സ്‌തത്ത്വം ചിന്തയ തദിഹ ഭ്രാതഃ "- 8

അല്ലയോ സോദരാ….. നിന്റെ ഭാര്യ നിന്റെ പുത്രന്‍ ഇവരൊക്കെ നിന്റെ ആരാണ്? ഇവയെല്ലാം കേവലം സംസാര ബന്ധങ്ങള്‍ മാത്രമാകുന്നു. നീ ആരാണ്?, നീ ആരുടേതാണ്?, നീ എവിടനിന്നു വന്നു?, ഇതേകുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ?. ജനനമരണരൂപമായ ഈ ജീവിതാനുവര്‍ത്തനം (സംസാരം) വളരെ വിചിത്രമാണ്. അല്ലയോ സഹോദരാ ഇനിയങ്കിലും ഈ സത്യങ്ങളെകുറിച്ച് നീ ചിന്തിക്കുക. മേലിലങ്കിലും ഇത്തരം സംസാര ബന്ധങ്ങളില്‍ കുടുക്കി നിന്റെ സമയം പാഴാക്കാതിരിക്കുക.

സംശയങ്ങളും സന്ദേഹങ്ങളുമാണ് ഒരു മനുഷ്യനെ ഉത്തരത്തിലേക്ക് നയിക്കുന്നത്. നിരന്തരം സംശയം ഉള്ളവനായിരിക്കും യഥാർഥ പഠിതാവ്. ഉപനിഷത്തുക്കൾ മിക്കവയും സംശയങ്ങളിലൂടെയാണ് മുന്നേറുന്നത്. കഠോപനിഷത്ത് തന്നെ ഉദാഹരണമാക്കാം. വാജസ്രവസ്സിൻ്റെ പുത്രനായ നജികേതസ്സ് ആദ്യം തന്നെ പിതാവിനെ സംശയങ്ങളും ചോദ്യങ്ങളും കൊണ്ട് വീർപ്പുമുട്ടിക്കുന്നു. പിന്നീടത് മരണദൂതനായ യമനുമായുള്ള സംവാദം ആയി മാറുന്നു. സംശയങ്ങളും സംവാദവുമാണ് നജകേതസ്സിനെ ജ്ഞാനായാക്കുന്നത്. 

പ്രക്ഷോപനിഷത്തിൻ്റെ ശീർഷകം തന്ന സംശയത്തെ സൂചിപ്പിക്കുന്നു. നിരവധി പ്രശ്നങ്ങൾ അഥവാ സംശയങ്ങളാണ് ഈ ഉപനിഷത്തിന് ആധാരം. ഉപനിഷത്തിൻ്റെ ജ്ഞാനമണ്ഡലത്തെ കൂട്ടുപിടിക്കുന്നതാണ് പ്രസ്തുത സ്തോത്രവും ആയതിനാൽ നിരവധി സംശയങ്ങളിലൂടെത്തന്നെയാകുന്നു സ്തോത്രാരംഭവും. പ്രധാനമായും പഞ്ച പ്രശ്നങ്ങളാണ് ഇവിടെ സിദ്ധം. 1. നിൻ്റെ ഭാര്യ ആരാകുന്നു. 2. പുത്രനാരാകുന്നു. 3. നീ ആരാകുന്നു. 4. ആരുടേതാകുന്നു. 5. നീ എവിടെ നിന്നു വന്നു. എറ്റവും ചിന്തനീയമായ ചോദ്യങ്ങൾ.

മുമ്പ് പരസ്പരം കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്തവർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിക്കുന്നു. വിവാഹം കഴിക്കുന്നു. അതിനു മുൻപ് അവർ ആരായിരുന്നെന്നോ എന്തായിരുന്നെന്നോ ഉള്ള അറിവും സ്പഷ്ടമല്ലായിരുന്നു. അവർ കുടുംബം സൃഷ്ടിക്കുന്നു കുഞ്ഞിനെ സൃഷ്ടിക്കുന്നു. അതുവരെ ഈ പുത്രൻ എവിടെയായിരുന്നു? ഇത്തരം കാര്യങ്ങൾ ചിന്തിച്ച് ചിന്തിച്ച് പോകുംപോൾ ഞാനെന്ന ഭാവത്തിൽ എത്തിച്ചേരുന്നു. ആരാണീ ഞാൻ ? എന്ന അന്വേഷണം ആരുടേതാണ് ഞാൻ ? എന്ന ചിന്തക്കുകൂടി കാരണമാകുന്നു. തുടർന്ന് എവിടെ നിന്നാണ് ഞാൻ എന്ന ഭാവത്തിൻ്റെ അസ്തിത്വം ഉടലെടുത്തത് എന്ന് അന്വേഷണത്തിലേക്ക് നിരന്തര ചിന്തകൾ എത്തുന്നു. 

എപ്പോഴും കൂടെ ഉണ്ടാകുമെന്ന് കരുതുന്നവരുടെ അഭാവത്തിന് നിമിഷനേരം മതി. സർവ്വം ക്ഷണികവും ദുഃഖമയവുമായ ഈ ലോകജീവിതം സത്യമാണന്ന് കരുതുന്നത് മൂഢത്വമാണ്. ഒരോന്നിനെക്കുറിച്ചറിയുമ്പോഴും ഇതല്ല… ഇതല്ല സത്യം എന്ന് തിരിച്ചറിയുന്നു. സത്യത്തെ തിരിച്ചറിയാൻ ഭജഗോവിന്ദം ഉപദേശിക്കുന്നു - ഹേ മൂഢാ ഗോവിന്ദനെ ഭജിക്കുക… നിരന്തരം തത്ത്വത്തെ ചിന്തിക്കുക.

ഓം ഹരി ഗോവിന്ദായ നമ 🙏
***


ഭജഗോവിന്ദം (മോഹമുദ്ഗരം )


ശ്രീശങ്കരാചാര്യ_വിരചിത_ഭജഗോവിന്ദം/മോഹമുദ്ഗരം

"അംഗം ഗളിതം പലിതം മുണ്ഡം
ദശനവിഹീനം ജാതം തുണ്ഡം
വൃദ്ധോയാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം"

പ്രായാധിക്യം കാരണം ശരീരം വളഞ്ഞുപോകുകയും, ജരാനര ബാധിക്കയും, പല്ലുകള്‍ എല്ലാം കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. ആരോഗ്യം ക്ഷയിച്ച അവന് പിന്നീട് ഊന്നുവടിയുടേയോ, അല്ലങ്കില്‍ പരസഹായമോ കൂടാതെ നിവര്‍ന്നു നില്‍ക്കാന്‍ കൂടി കഴിയുകയില്ല. ആ അവസ്ഥയിലും മനുഷ്യന്‍ പലതരത്തിലുള്ള ആഗ്രഹങ്ങളില്‍ നിന്നും മുക്തനാകുന്നില്ല.

മാറ്റങ്ങൾക്ക് വിധേയമാകുന്ന ശരീരഘടനയാണ് ജീവികളുടേത്. മനുഷ്യൻ്റെയും അങ്ങനെ തന്നെ. ശുഷ്കശരീരത്തിൽ നിന്ന് സ്ഥൂലശ ശീരത്തിലേക്കും വീണ്ടും ശുഷ്ക ശരീരത്തിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ്റെ പാതയിൽ ഉടനീളം ആശകളുടെ മുള്ളുകളും നിരന്നിരിക്കുന്നു. ആശകൾ ഓരോന്നായി സഫലമാക്കാൻ ശ്രമിക്കുന്നതിനനുസരിച്ച് കാലും സഞ്ചരിക്കുന്നു. ഒടുവിൽ വൃദ്ധനാകുന്നു. കരുത്തുറ്റ ശരീരത്തിലെ സന്ധികളെല്ലാം അയയുന്നു. കറുത്ത് പറ്റം പറ്റമായി നിന്ന മുടിച്ചരുകളിൽ നിന്ന് പിന്നീട് കൊഴിഞ്ഞു പോവുകയും ചെയ്യുന്നു. ആവേശത്തോടു കൂടി നടന്ന പാതകളിലൂടെ പിന്നെ അവന് സഞ്ചരിക്കാനാകുന്നില്ല. സാവധാനം നടക്കാൻ പോലും ഊന്നുവടിയുടെ സഹായം വേണ്ടി വരുന്നു. മരണക്കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഇത്തരം അവസ്ഥയിൽ പോലും മനുഷ്യൻ ആശ കൈവെടിയുന്നില്ല. വീണ്ടും വീണ്ടും ജീവിക്കാനുള്ള മോഹം മനുഷ്യനെ പിൻതുടരുന്നു. ദേഹം മണ്ണിനോട് ചേരും വരെ തൃഷ്ണ ദേഹത്തോട് ചേർന്നു നിൽക്കുന്നു. ആഗ്രഹങ്ങളാകുന്ന ആഴിയിൽ നിന്നും കരകയറാൻ ശ്രമിക്കും തോറും അതിൽ തന്നെ പെട്ടു പോകുന്നു. യഥാസമയത്ത് കർമ്മങ്ങൾ ചെയ്യാതെ മരണത്തിലേക്ക് പ്രവേശിക്കുമ്പോൾ കുറച്ചു കുടി വർഷം ലഭിച്ചെങ്കിൽ പലതും ചെയ്യാമെന്ന് മോഹിക്കുന്നു. ആ മോഹത്തെ മരണം ദയാരഹിതമായി പറിച്ചെടുക്കുന്നു.

അതു കൊണ്ട് ദുരാഗ്രഹങ്ങളെല്ലാം കളഞ്ഞ് ചെയ്തു തീർക്കേണ്ട കർമ്മങ്ങൾ യഥാവിധി ചെയ്തു സ്നേഹാർദ്രമായ ഹൃദയത്തിനുടമയായാൽ നമളോരുത്തരും ദൈവമായി ഉയരുന്നു. ഉള്ളിലെ അഖണ്ഡ നാളത്തെ തിരിച്ചറിയുന്നു. ഈ തിരിച്ചറിവിനുള്ള ഉപാധി തന്നെയാണ് ഗോവിന്ദ ഭജനവും.

ഓം ഹരി ഗോവിന്ദായ നമ :

***

ശ്രീ ചട്ടമ്പി സ്വാമികൾ -1


ശ്രീ ചട്ടമ്പി സ്വാമികളുടെ സമാധി  ചിത്രം 
(മൈനാഗപ്പള്ളി വേങ്ങക്കുറിശ്ശിയിൽ ഉള്ളത്). 

കൊല്ലവര്‍ഷം 1099 മേടം 23നു,  കാർത്തിക നാളിൽ 3.35 pm-നാണ് സ്വാമികൾ  സമാധിയായത്. അന്ന് കൊല്ലം ജില്ലയിൽ ക്യാമറ സ്വന്തമായിട്ട് ഉണ്ടായിരുന്നത് രണ്ട്  പേർക്കു മാത്രമായിരുന്നു. ശ്രീ കുമ്പളത്ത് ശങ്കുപിള്ളയ്ക്കും (സ്വാതന്ത്ര്യസമര സേനാനി), ശ്രീ കുറിശ്ശേരി നാരായണപിള്ളയ്ക്കും. നാദസ്വരം, തകിൽ തുടങ്ങിയ വാദ്യമേളങ്ങളോടു കൂടി ആഘോഷമായാണ് സ്വാമിജിയെ സമാധി ഇരുത്തിയത്. 

രാഷ്ട്രപിതാവായ മഹാത്മജി, പന്മനയിലെ സമാധി ക്ഷേത്രത്തിൽ രണ്ടു ദിവസം താമസിച്ചു പ്രാർത്ഥന നടത്തിയിട്ടുണ്ട്.1109 -മാണ്ട് മകരമാസം 6, 7 തീയതികളിലായിരുന്നു അത്. ഇന്ന് പന്മന ആശ്രമത്തിൽ കാണുന്ന മഹാത്മജി മന്ദിരം അന്നു ഗാന്ധിജിക്കു താമസിക്കുവാൻ വേണ്ടി കുമ്പളത്തു ശങ്കുപ്പിള്ള പണി കഴിപ്പിച്ചതാണ്. ചട്ടമ്പി സ്വാമികളുടെ സമാധി ദിനമായ മേടമാസത്തിലെ കാർത്തിക നാളിൽ സമാധി വാർഷികം എല്ലാ വർഷവും ആചരിക്കുന്നുണ്ട്. മൂന്നു ദിവസത്തെ ഉത്സവമാണ് പണ്ട് കുമ്പളം നടത്തിയിരുന്നത്.
***

ശ്രീനാരായണ ഗുരുദേവൻ സ്വാമികളെ കണ്ടു മടങ്ങി. കൊല്ലത്ത് പോയി അവിടെ നിന്നും മരുന്ന് കൊടുത്തയച്ചപ്പോൾ സ്വാമികൾ ഇങ്ങനെ പറഞ്ഞു, ഈ നാണുവാശാന് ഒന്നും മനസ്സിലായില്ലേ? കൂടു പൊളിച്ചു പക്ഷി പറക്കാൻ പോകുന്ന അവസരത്തിൽ ഇതൊക്കെ എന്തിനാണ്? 
നിത്യമായ ആത്മാവിനെയും  നശ്വരമായ ശരീരത്തെയും ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞത്
------------

ജീവകാരുണ്യം മനസ്സിലുണ്ടെങ്കിൽ മാത്രമേ ജീവിതത്തിന് അർത്ഥമുള്ളൂ. അഹിംസാതത്വം ഉള്ളിൽ ജ്വലിക്കുന്നവർക്ക് മാത്രമേ ഈ അനുഭവങ്ങൾ ഉണ്ടാവുകയുള്ളൂ.അഹിംസ എന്നാൽ ഒരു ജീവിയെ കൊല്ലാതിരിക്കുക എന്നത് മാത്രമല്ല അർത്ഥം. മനസ്സ് കൊണ്ടോ, വാക്ക് കൊണ്ടോ, പ്രവൃത്തി കൊണ്ടോ പീഡിപ്പിക്കാതിരിക്കുന്നതാണ് അഹിംസ. ഈ അഹിംസാ സിദ്ധിയുള്ളവരുടെ മുമ്പിൽ ജന്മനാ വൈരികളായ ദുഷ്ടമൃഗങ്ങൾ പോലും വിരോധം മറന്ന് ശാന്ത മനസ്‌കരായിത്തീരും. 

അഹിംസാ പ്രതിഷ്ഠയാം തൽ സന്നിധൗ വൈരത്യാഗഃ എന്നാണ് അഹിംസാസിദ്ധിയുടെ ഫലത്തെപ്പറ്റി യോഗശാസ്ത്രത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. അഹിംസാസിദ്ധിയെ പ്രാപിച്ചവൻ അധിവസിക്കുന്ന സ്ഥലത്ത് കീരി, പാമ്പ്, പൂച്ച, എലി, പശു, പുലി മുതലായ ജാത്യാ പരസ്‌പര വൈരമുള്ള ജന്തുക്കൾ കൂടിയും തങ്ങളുടെ വൈരത്തെ മറന്ന് നിർവിശേഷമായ സൗഹാർദത്തോടു കൂടി വർത്തിക്കുന്നു. ഈ സൗഹൃദ ഭാവത്തിന് നിദാനം സിദ്ധന്മാരുടെ അഹിംസാസിദ്ധിയാകുന്നു. അതിനാൽ വൈരപരിത്യാഗം ആ ജന്തുക്കൾക്കുണ്ടാകുന്നു.അങ്ങനെ ചട്ടമ്പിസ്വാമികളുടെ അന്യാദൃശമായ അഹിംസാ സിദ്ധി കൊണ്ടാണ് ക്രൂരജന്തുക്കൾ അദ്ദേഹത്തിൻറെ മുമ്പിൽ ശാന്തശീലരായി മാറുന്നത്. സിംഹം, പാമ്പ്, കടുവാ മുതലായ ക്രൂരജന്തുക്കൾ വളർത്തു മൃഗങ്ങളെപ്പോലെ സ്വാമിയുടെ സമീപത്തു പെരുമാറുന്നു. ആജന്മ ശത്രുക്കളായ എല്ലാ ജീവജാലങ്ങളും സ്വാമിയുടെ മുമ്പിൽ ബന്ധുക്കളായി മാറുന്നു.

***


ഭജഗോവിന്ദം (മോഹമുദ്ഗരം)10

 ഭജഗോവിന്ദം (മോഹമുദ്ഗരം)10

ശ്ലോകം_10

"വയസി ഗതേ കഃ കാമവികാരഃ
ശുഷ്കേ നീരേ കഃ കാസാരഃ
ക്ഷീണേ വിത്തേ കഃ പരിവാരഃ
ജ്ഞാതേ തത്ത്വേ കഃ സംസാരഃ. "

(യൗവനം കഴിഞ്ഞാല്‍ കാമവികാരമേത്? ജലം വറ്റിയാല്‍ പിന്നെ കുളമെന്താണ്? ധനം കുറഞ്ഞാല്‍ ആശ്രിതജനങ്ങളെവിടെ? യഥാര്‍ത്ഥജ്ഞാനമുണ്ടായാല്‍ പ്രാപഞ്ചിക ദുഃഖം എന്താണ്? യൗവ്വനം കഴിയുന്നതോടെ ഏതൊരുവനിലേയും കാമ വികാരം ക്ഷയിക്കുകയും, വാര്‍ദ്ധക്യാവസ്ഥയില്‍ എത്തുന്നതോടെ അത് പൂര്‍ണ്ണമായ് നശിച്ചുപോകുകയും ചെയ്യുന്നു. ജലം വറ്റിയാല്‍ പിന്നെ തടാകം ആരും അന്വഷിക്കറില്ല എന്നതുപോലെ ഒരുവന്റെ സമ്പത്ത് ഇല്ലാതാകുന്നതോടെ ബന്ധുമിത്രാദികള്‍ പോലും അവനെ ഉപേക്ഷിക്കും. എന്നാല്‍ നിര്‍മ്മോഹത്തിലൂടെ ആര്‍ജ്ജിക്കുന്ന യഥാര്‍ത്ഥജ്ഞാനം അവനെ എല്ലാ സംസാര ദു:ഖങ്ങളില്‍ നിന്നും രക്ഷിക്കും.

സംസാര ബന്ധങ്ങളിൽ നിന്നും മോചനം നേടാനും തത്ത്വജ്ഞാനം ഉണ്ടാകാനും ആയി പ്രയത്നിക്കാൻ ഉപദേശിക്കുകയാണ് ഈ സ്തോത്രം. കാമവും അതിവികാരങ്ങളും ഉണ്ടാകുന്നത് യൗവ്വനാവസ്ഥയിലാണ്. സ്വാർത്ഥതാൽപര്യങ്ങൾക്കും സുഖലോലുപതക്കുമായി പലരും യൗവ്വനത്തെ മാറ്റിവെയ്ക്കുന്നു. കരുത്തും ചുറുചുറുക്കും അവരെ കൂടുതൽ അഹന്തയുള്ളവരാക്കുന്നു. കാമങ്ങളിൽ നിന്നും കാമങ്ങളിലേക്ക് അവർ പ്രയാണം ചെയ്യുന്നു. 

എന്നാൽ വാർദ്ധക്യാവസ്ഥയിൽ എത്തുമ്പോഴേക്കും കാമം വറ്റി തുടങ്ങുന്നു. ചിന്തക്ക് ബലം കൂടുന്നു. അപ്പോൾ ചെയ്ത കാര്യങ്ങളെക്കുറിച്ച് ദു:ഖിക്കുന്നു. ചിലപ്പോൾ മരന്ന ഭയം വല്ലാതെ പിടിമുറുക്കുന്നു.
എന്നാണ് തടാകം? ജലം ഉള്ളപ്പോൾ മാത്രമാണ് അത് തടാകമായി നിലനിൽക്കുന്നത്. ജലം വറ്റിക്കഴിഞ്ഞാൽ അതൊരു കുഴിമാത്രമായിരിക്കും. ഇതു പോലെയാണ് മനുഷ്യൻ്റെ അവസ്ഥയും. സമ്പത്ത് കുന്നുകൂടുംമ്പോൾ പരിവാരങ്ങൾ വന്നു ചേരുന്നു. സമ്പത്ത് അസ്തമിക്കുമ്പോൾ ജലം വറ്റിയ കുളം പോലെ പരിഹാസ കഥാപാത്രമായി മാറുന്നു. ഈ സത്യത്തെ തിരിച്ചറിയുന്നവരാരോ അവർ തത്ത്വത്തെ പുൽകുന്നു. തത്ത്വത്തെ പുൽകിയാലോ ജനന മരണമാകുന്ന പ്രാപഞ്ചിക ജീവിതത്തെ മറികടക്കാനാകുന്നു.

സർവ്വതിലും ആത്മനേയും ആത്മനിൽ സർവ്വതിനേയും കാണുന്ന ഒരുവനെ മോഹവും ശോകവും അലട്ടുകയില്ല. ഞാനെന്ന ഏകാത്മഭാവമാണ് മോഹ ശോകത്തിൽ നിന്നുള്ള മുക്തിക്ക് നിദാനം. അതിനാൽ ഞാൻ എന്ന പരമമായ തത്വത്തെ തിരിച്ചറിയലാണ് ഭജഗോവിന്ദത്തിൻ്റെ ലക്ഷ്യവും.

ഓം ഹരി ഗോവിന്ദായ നമ:
...

സന്ധ്യാവന്ദനം ( sandya vandanam)

സന്ധ്യാവന്ദനം 

കൂപേ വീണുഴലുന്നതുപോലെ
ഗേഹേ വാണുഴലുന്ന ജനാനാം
ആപത്ഗണമകലേണ്ടുകിൽ മുനിജന-
വാക്കുകൾ പറയാം നാരായണ ജയ!.

കെട്ടുകളായതു കർമ്മം; പുരുഷനു
കെട്ടുകളറ്റേ മുക്തി വരൂ ദൃഢം;
കെട്ടുകളോ ഫലഭുക്ത്യാ തീരും;
കേട്ടായിനിയും നാരായണ! ജയ!

കേൾക്കണമെളുതായുണ്ടു രഹസ്യം;
ദുഷ്കൃതവും നിജ സുകൃതവുമെല്ലാം
കാൽക്കൽ നമസ്കൃതി ചെയ്തു മുകുന്ദനി-
ലാക്കുക സതതം; നാരായണ ജയ.

ഓം നമോ നാരായണായഃ നമഃ

ശുഭസന്ധ്യ!  

അഷ്ടാക്ഷര മാഹാത്മ്യം



അഷ്ടാക്ഷര മാഹാത്മ്യം

നമ്മൾ ഏവർക്കും സുപരിചിതമായ മന്ത്രമാകുന്നു അഷ്ടാക്ഷര മഹാ മന്ത്രമായ  "ഓം നമോ നാരായണായ" എന്നാൽ ഈ മന്ത്രത്തിൻ്റെ മഹത്വം ചുരുക്കം ചിലർക്ക് മാത്രം അറിയാമെന്നതാണ് സത്യം, പലരും ഈ മന്ത്രത്തെ നാമമായും എടുക്കാറുണ്ട്. ഈ മന്ത്രത്തിൻ്റെ മൂല്യമറിയാതെ നിസാരമായി കരുതുന്നവരുമുണ്ട്, നമുക്ക് അഷ്ടാക്ഷര മന്ത്രമാഹാത്മ്യത്തെ കുറിച്ച് ചിന്തിക്കാം.

അഷ്ടാക്ഷരീമന്ത്രത്തിലെ ഓരോ അക്ഷരവും അഷ്ടപ്രകൃതികളെയാണ്  സൂചിപ്പിക്കുന്നത്.  പഞ്ചഭൂതങ്ങളായ  ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയേയും  മനസ്സ് , ബുദ്ധി, ചിന്ത എന്നിവയേയും ചേർത്ത് പറയുന്നതാണ് "അഷ്ട പ്രകൃതി". അതിനാൽ ഈ മന്ത്രം ഭക്തിയോടെ ജപിച്ചുപോന്നാൽ  അഷ്ടപ്രകൃതികൾ  നമുക്കനുകൂലമാകുകയും   ജീവിതത്തിൽ മനഃശ്ശാന്തിയും നന്മയും രോഗശാന്തിയും ലഭിക്കുകയും ചെയ്യും. 

നാരായണ - നരന്റെ ഉള്ളിൽ അയനം ചെയുന്ന സജീവ അവസ്ഥക്ക് കാരണ ഭൂതമാകുന്ന പ്രാണ ശക്തി ആകുന്നു "ഹംസഃ". ഈ പ്രാണ ശക്തി തന്നെ ആകുന്നു നാരായണൻ.
മറ്റൊരു അർത്ഥത്തിൽ സകല ജീവാത്മകളുടെ അന്ത്യ വിശ്രാന്തി ഏകുന്ന പരമ ആത്‍മനാകുന്നു നാരായണൻ.

ആ പരമ ആത്മാവിൻ്റെ തന്നെ മൂല മന്ത്രമാകുന്നു അഷ്ടാക്ഷരി മഹാ മന്ത്രം.

ഈ മന്ത്രത്തെ കുറിച്ച് അറിയും മുൻപ് വൈഷ്ണ ദർശനത്തെ കുറിച്ച് അറിയണം. വൈഷ്ണവ ദർശനം ആദി നാരായണാധിഷ്ഠിതമാണ്. പരബ്രഹ്മം തന്നെ സഗുണ ഭാവത്തിൽ ആദി നാരായണനായി രൂപം കൊണ്ടു അദ്ദേഹത്തിൽ നിന്നും ആദിശക്തി മഹാലക്ഷ്മിയും ക്രമേണ വാസുദേവൻ സംഘർഷണൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ ഇവരെ "ചതുർവ്യൂഹം" എന്ന് വിളിക്കും. ഇവരിൽ നിന്ന് ബ്രഹ്മാവും, രുദ്രനും, ക്രമേണ ഉപവ്യൂഹങ്ങളും ആവിർഭവിച്ചു സകല ബ്രഹ്മാണ്ഡ ചക്രം പ്രവർത്തിക്കുന്നു.

നാരായണ നാമവും ചതുർവ്യൂഹവും

"നാരായണ"
ന - കാരത്തിൽ നിന്നു വാസുദേവനും.
ര - രാകാരത്തിൽ നിന്നു സംകർഷണനും.
യ - കാരത്തിൽ നിന്നു പ്രദ്യുമ്നനും.
ണ - കാരത്തിൽ നിന്നു അനിരുദ്ധനും ആവിർഭവിക്കും.

നാരായണ എന്ന ഒറ്റപഥം ഉരുവിടുമ്പോൾ അവിടെ ചതുർവ്യൂഹം പ്രകടമാകും. ആ വ്യൂഹത്തിൻ്റെ ഉള്ളിൽ ത്രിദേവന്മാരും കേശവാദി ഉപവ്യൂഹങ്ങൾ തൊട്ട് അണുവരെ ഉള്ള സർവ്വമാനബ്രഹ്മാണ്ഡവും ഉൾക്കൊള്ളും.
വൈഷ്ണവ ദർശന പ്രകാരം 26 തത്ത്വ സിദ്ധാന്തം ആകുന്നു പറയപ്പെടുന്നത്.

പൃഥ്‌വി തൊട്ടുള്ള 24 തത്വം ശേഷം
ജിവാത്മൻ 25
പരമ പുരുഷൻ 26.
ഇങ്ങനെ 26 തത്വങ്ങൾ ഉൾക്കൊണ്ട് പരമ പുരുഷനാകുന്നു നാരായണൻ.
വൈഷ്ണവ ദർശനം ഈ ബ്രഹ്മാണ്ഡത്തെ മൂന്ന് ആയി ഭാഗം ചെയ്യും
ഓം - ശരീരം (24തത്വ രൂപം) ജഡം.
നമോ - ജീവാത്മാവ്
നാരായണായ - പരമാത്മാവ്
അതിനാൽ പരബ്രഹ്മത്തിന്റെ മന്ത്രം ആകുന്നു അഷ്ടാക്ഷരി മഹാ മന്ത്രം.
നാരായണ അഷ്ടാക്ഷരിയും ഋഷി ഛന്ദ് ആദി ന്യാസവും.

അഷ്ടാക്ഷരി മഹാ മന്ത്രത്തിന്റെ ഓരോ അക്ഷരത്തിനും ഒരു ഋഷി ഒരു ഛന്ദസ്സ് ഉണ്ട്.
ഓം -> ഗൗതമ ഋഷി -> ഗായത്രി ഛന്ദസ്സ്.
ന -> ഭരദ്വാജ ഋഷി -> ഉഷ്ണിക ഛന്ദസ്സ്.
മോ -> വിശ്വാമിത്ര ഋഷി -> അനുഷ്ടുപ് ഛന്ദസ്സ്.
നാ -> ജമദഗ്നി ഋഷി -> ബൃഹതി ഛന്ദസ്സ്.
രാ -> വസിഷ്ഠ ഋഷി -> പംക്തി ഛന്ദസ്സ്.
യ -> കാശ്യപ ഋഷി -> തൃഷ്ടുപ ഛന്ദസ്സ്.
ണാ -> അത്രി ഋഷി -> ജഗതി ഛന്ദസ്സ്.
യ -> അഗസ്ത്യ ഋഷി -> വിരാട് ഛന്ദസ്സ്.

ഇങ്ങനെ ഓരോ അക്ഷരത്തിനും ഓരോ ഛന്ദസ്സും  ഋഷിയും ഉണ്ട്. സകല അക്ഷര ത്തിന്റേയും ദേവത നാരായണൻ തന്നെ ആകുന്നു.

സര്‍വ ഐശ്വര്യങ്ങളുടേയും കാരകനായ ഭഗവാൻ മഹാവിഷ്ണുവിനെ ധ്യാനിച്ചു വേണം ഈ മന്ത്രം  ജപിക്കാൻ. അഭീഷ്ട സിദ്ധിക്കായി നിത്യേന നൂറ്റെട്ട് തവണ ജപിക്കുന്നതാണ് ശ്രേഷ്ഠം. വ്യാഴദശാകാല  ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കാൻ  ഏറ്റവും ഉത്തമമാർഗമാണ് അഷ്ടാക്ഷരീ മന്ത്രജപം. 

ഓം നമോ നാരായണായ: 

***

ഭജഗോവിന്ദം ( മോഹമുദ്ഗരം) 6

ശ്രീശങ്കരാചാര്യ_വിരചിത_ഭജഗോവിന്ദം (മോഹമുദ്ഗരം)

ശ്ലോകം_6

"യാവദ് പവനോ നിവസതി ദേഹേ
താവല്‍ പൃച്‌ഛതി കുശലം ഗേഹേ
ഗതവതി വായൗ ദേഹാപായേ
ഭാര്യാബിഭ്യതി തസ്‌മിന്‍ കായേ!" 

ശരീരത്തില്‍ നിന്റെ ആത്മാവ് നിലനില്‍ക്കുന്നിടത്തോളം കാലം മാത്രമേ നിന്റെ വീട്ടിലുള്ളവര്‍ക്കു പോലും നിന്നോട് സ്‌നേഹവും ഔല്‍‌സുക്യവും മറ്റും ഉണ്ടാവുകയുള്ളൂ. പ്രാണന്‍ ശരീരത്തിലുള്ളിടത്തോളം ആളുകള്‍ ക്ഷേമവര്‍ത്തമാനങ്ങള്‍ ചോദിക്കും. വായൂ രൂപത്തിലുള്ള നിന്റെ ആത്മാവ് ശരീരത്തെ വെടിയുന്നതോടെ നീ കേവലം ജഡമായ് തീരുകയും, ഇന്നുവരെ നിന്നെ പുണര്‍ന്നുറങ്ങിയ ഭാര്യ പോലും നിന്റെ ജഡത്തെ ഭയക്കുകയും, അറക്കുകയും ചെയ്യും.

കുടുംബ ജീവിതത്തിൻ്റെ അനശ്വരതയെ പാടിപ്പുകഴ്ത്തുന്നവർക്കു മുൻപിൽ എത്ര നശ്വരമാണ് ഈ ജീവിതം എന്ന് ഭജ ഗോവിന്ദം ബോദ്ധ്യപ്പെടുത്തുന്നു. ശരീരമല്ല സത്യമെന്ന് ഭജഗോവിന്ദം സമർത്ഥിക്കുന്നു. ശരീരം അഴുകാനുള്ളതാണ് ഗാത്രാസക്തിക്ക് കാരണമാകുന്നത്. 

ശരീരത്തെക്കുറിച്ച് പറയുമ്പോൾ പാമ്പിനെ ഓർത്തു പോകുന്നു. സ്വന്തം ശരീരഭാഗം അഴിച്ചിട്ട് അതിനെ ദൂരെ നിന്ന് നോക്കി കാണാൻ ഭാഗ്യം ലഭിച്ച ഏക ജീവിയാണ് പാമ്പ്. പാമ്പിനെ അത്രയേറെ ശരീരബോധമോ അഹങ്കാരമോ ഉണ്ടാവുമെന്ന് തോന്നുന്നില്ല. എന്തുകൊണ്ടെന്നാൽ സ്വന്തം ശരീരപടം അഴുകിയഴുകി മണ്ണോടു ചേരുന്നത് അതിന് നേരിട്ട് കാണാനാകുന്നു. ഇത്രയും വ്യർത്ഥമാണോ ശരീരമെന്നു ചിന്തിച്ച് ഏകാന്ത മാളത്തിൽ ഒരോ പാമ്പും ഉറങ്ങിക്കിടക്കുന്നു. അതു കൊണ്ട് മൂഢബുദ്ധേ…. ഭാര്യ, മക്കൾ, പരിവാരങ്ങൾ ഇവയൊന്നും ശ്വശ്വതമല്ല… ഗോവിന്ദനെ ഭജിക്കുക… 
  
        🔱 ഓം ഹരി ഗോവിന്ദായ നമ 🙏