Keyman for Malayalam Typing

ശ്രീ ചട്ടമ്പി സ്വാമികൾ -1


ശ്രീ ചട്ടമ്പി സ്വാമികളുടെ സമാധി  ചിത്രം 
(മൈനാഗപ്പള്ളി വേങ്ങക്കുറിശ്ശിയിൽ ഉള്ളത്). 

കൊല്ലവര്‍ഷം 1099 മേടം 23നു,  കാർത്തിക നാളിൽ 3.35 pm-നാണ് സ്വാമികൾ  സമാധിയായത്. അന്ന് കൊല്ലം ജില്ലയിൽ ക്യാമറ സ്വന്തമായിട്ട് ഉണ്ടായിരുന്നത് രണ്ട്  പേർക്കു മാത്രമായിരുന്നു. ശ്രീ കുമ്പളത്ത് ശങ്കുപിള്ളയ്ക്കും (സ്വാതന്ത്ര്യസമര സേനാനി), ശ്രീ കുറിശ്ശേരി നാരായണപിള്ളയ്ക്കും. നാദസ്വരം, തകിൽ തുടങ്ങിയ വാദ്യമേളങ്ങളോടു കൂടി ആഘോഷമായാണ് സ്വാമിജിയെ സമാധി ഇരുത്തിയത്. 

രാഷ്ട്രപിതാവായ മഹാത്മജി, പന്മനയിലെ സമാധി ക്ഷേത്രത്തിൽ രണ്ടു ദിവസം താമസിച്ചു പ്രാർത്ഥന നടത്തിയിട്ടുണ്ട്.1109 -മാണ്ട് മകരമാസം 6, 7 തീയതികളിലായിരുന്നു അത്. ഇന്ന് പന്മന ആശ്രമത്തിൽ കാണുന്ന മഹാത്മജി മന്ദിരം അന്നു ഗാന്ധിജിക്കു താമസിക്കുവാൻ വേണ്ടി കുമ്പളത്തു ശങ്കുപ്പിള്ള പണി കഴിപ്പിച്ചതാണ്. ചട്ടമ്പി സ്വാമികളുടെ സമാധി ദിനമായ മേടമാസത്തിലെ കാർത്തിക നാളിൽ സമാധി വാർഷികം എല്ലാ വർഷവും ആചരിക്കുന്നുണ്ട്. മൂന്നു ദിവസത്തെ ഉത്സവമാണ് പണ്ട് കുമ്പളം നടത്തിയിരുന്നത്.
***

ശ്രീനാരായണ ഗുരുദേവൻ സ്വാമികളെ കണ്ടു മടങ്ങി. കൊല്ലത്ത് പോയി അവിടെ നിന്നും മരുന്ന് കൊടുത്തയച്ചപ്പോൾ സ്വാമികൾ ഇങ്ങനെ പറഞ്ഞു, ഈ നാണുവാശാന് ഒന്നും മനസ്സിലായില്ലേ? കൂടു പൊളിച്ചു പക്ഷി പറക്കാൻ പോകുന്ന അവസരത്തിൽ ഇതൊക്കെ എന്തിനാണ്? 
നിത്യമായ ആത്മാവിനെയും  നശ്വരമായ ശരീരത്തെയും ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞത്
------------

ജീവകാരുണ്യം മനസ്സിലുണ്ടെങ്കിൽ മാത്രമേ ജീവിതത്തിന് അർത്ഥമുള്ളൂ. അഹിംസാതത്വം ഉള്ളിൽ ജ്വലിക്കുന്നവർക്ക് മാത്രമേ ഈ അനുഭവങ്ങൾ ഉണ്ടാവുകയുള്ളൂ.അഹിംസ എന്നാൽ ഒരു ജീവിയെ കൊല്ലാതിരിക്കുക എന്നത് മാത്രമല്ല അർത്ഥം. മനസ്സ് കൊണ്ടോ, വാക്ക് കൊണ്ടോ, പ്രവൃത്തി കൊണ്ടോ പീഡിപ്പിക്കാതിരിക്കുന്നതാണ് അഹിംസ. ഈ അഹിംസാ സിദ്ധിയുള്ളവരുടെ മുമ്പിൽ ജന്മനാ വൈരികളായ ദുഷ്ടമൃഗങ്ങൾ പോലും വിരോധം മറന്ന് ശാന്ത മനസ്‌കരായിത്തീരും. 

അഹിംസാ പ്രതിഷ്ഠയാം തൽ സന്നിധൗ വൈരത്യാഗഃ എന്നാണ് അഹിംസാസിദ്ധിയുടെ ഫലത്തെപ്പറ്റി യോഗശാസ്ത്രത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. അഹിംസാസിദ്ധിയെ പ്രാപിച്ചവൻ അധിവസിക്കുന്ന സ്ഥലത്ത് കീരി, പാമ്പ്, പൂച്ച, എലി, പശു, പുലി മുതലായ ജാത്യാ പരസ്‌പര വൈരമുള്ള ജന്തുക്കൾ കൂടിയും തങ്ങളുടെ വൈരത്തെ മറന്ന് നിർവിശേഷമായ സൗഹാർദത്തോടു കൂടി വർത്തിക്കുന്നു. ഈ സൗഹൃദ ഭാവത്തിന് നിദാനം സിദ്ധന്മാരുടെ അഹിംസാസിദ്ധിയാകുന്നു. അതിനാൽ വൈരപരിത്യാഗം ആ ജന്തുക്കൾക്കുണ്ടാകുന്നു.അങ്ങനെ ചട്ടമ്പിസ്വാമികളുടെ അന്യാദൃശമായ അഹിംസാ സിദ്ധി കൊണ്ടാണ് ക്രൂരജന്തുക്കൾ അദ്ദേഹത്തിൻറെ മുമ്പിൽ ശാന്തശീലരായി മാറുന്നത്. സിംഹം, പാമ്പ്, കടുവാ മുതലായ ക്രൂരജന്തുക്കൾ വളർത്തു മൃഗങ്ങളെപ്പോലെ സ്വാമിയുടെ സമീപത്തു പെരുമാറുന്നു. ആജന്മ ശത്രുക്കളായ എല്ലാ ജീവജാലങ്ങളും സ്വാമിയുടെ മുമ്പിൽ ബന്ധുക്കളായി മാറുന്നു.

***


അഭിപ്രായങ്ങളൊന്നുമില്ല: