ശ്രീശങ്കരാചാര്യ_വിരചിത_ഭജഗോവിന്ദം/മോഹമുദ്ഗരം
"അംഗം ഗളിതം പലിതം മുണ്ഡം
ദശനവിഹീനം ജാതം തുണ്ഡം
വൃദ്ധോയാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം"
പ്രായാധിക്യം കാരണം ശരീരം വളഞ്ഞുപോകുകയും, ജരാനര ബാധിക്കയും, പല്ലുകള്‍ എല്ലാം കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. ആരോഗ്യം ക്ഷയിച്ച അവന് പിന്നീട് ഊന്നുവടിയുടേയോ, അല്ലങ്കില്‍ പരസഹായമോ കൂടാതെ നിവര്‍ന്നു നില്‍ക്കാന്‍ കൂടി കഴിയുകയില്ല. ആ അവസ്ഥയിലും മനുഷ്യന്‍ പലതരത്തിലുള്ള ആഗ്രഹങ്ങളില്‍ നിന്നും മുക്തനാകുന്നില്ല.
മാറ്റങ്ങൾക്ക് വിധേയമാകുന്ന ശരീരഘടനയാണ് ജീവികളുടേത്. മനുഷ്യൻ്റെയും അങ്ങനെ തന്നെ. ശുഷ്കശരീരത്തിൽ നിന്ന് സ്ഥൂലശ ശീരത്തിലേക്കും വീണ്ടും ശുഷ്ക ശരീരത്തിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ്റെ പാതയിൽ ഉടനീളം ആശകളുടെ മുള്ളുകളും നിരന്നിരിക്കുന്നു. ആശകൾ ഓരോന്നായി സഫലമാക്കാൻ ശ്രമിക്കുന്നതിനനുസരിച്ച് കാലും സഞ്ചരിക്കുന്നു. ഒടുവിൽ വൃദ്ധനാകുന്നു. കരുത്തുറ്റ ശരീരത്തിലെ സന്ധികളെല്ലാം അയയുന്നു. കറുത്ത് പറ്റം പറ്റമായി നിന്ന മുടിച്ചരുകളിൽ നിന്ന് പിന്നീട് കൊഴിഞ്ഞു പോവുകയും ചെയ്യുന്നു. ആവേശത്തോടു കൂടി നടന്ന പാതകളിലൂടെ പിന്നെ അവന് സഞ്ചരിക്കാനാകുന്നില്ല. സാവധാനം നടക്കാൻ പോലും ഊന്നുവടിയുടെ സഹായം വേണ്ടി വരുന്നു. മരണക്കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഇത്തരം അവസ്ഥയിൽ പോലും മനുഷ്യൻ ആശ കൈവെടിയുന്നില്ല. വീണ്ടും വീണ്ടും ജീവിക്കാനുള്ള മോഹം മനുഷ്യനെ പിൻതുടരുന്നു. ദേഹം മണ്ണിനോട് ചേരും വരെ തൃഷ്ണ ദേഹത്തോട് ചേർന്നു നിൽക്കുന്നു. ആഗ്രഹങ്ങളാകുന്ന ആഴിയിൽ നിന്നും കരകയറാൻ ശ്രമിക്കും തോറും അതിൽ തന്നെ പെട്ടു പോകുന്നു. യഥാസമയത്ത് കർമ്മങ്ങൾ ചെയ്യാതെ മരണത്തിലേക്ക് പ്രവേശിക്കുമ്പോൾ കുറച്ചു കുടി വർഷം ലഭിച്ചെങ്കിൽ പലതും ചെയ്യാമെന്ന് മോഹിക്കുന്നു. ആ മോഹത്തെ മരണം ദയാരഹിതമായി പറിച്ചെടുക്കുന്നു.
അതു കൊണ്ട് ദുരാഗ്രഹങ്ങളെല്ലാം കളഞ്ഞ് ചെയ്തു തീർക്കേണ്ട കർമ്മങ്ങൾ യഥാവിധി ചെയ്തു സ്നേഹാർദ്രമായ ഹൃദയത്തിനുടമയായാൽ നമളോരുത്തരും ദൈവമായി ഉയരുന്നു. ഉള്ളിലെ അഖണ്ഡ നാളത്തെ തിരിച്ചറിയുന്നു. ഈ തിരിച്ചറിവിനുള്ള ഉപാധി തന്നെയാണ് ഗോവിന്ദ ഭജനവും.
ഓം ഹരി ഗോവിന്ദായ നമ :
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ