Keyman for Malayalam Typing

ഭജഗോവിന്ദം (മോഹമുദ്ഗരം) 8



ശ്രീശങ്കരാചാര്യ_വിരചിത_ഭജഗോവിന്ദം (മോഹമുദ്ഗരം)

ശ്ലോകം_8

"കാ തേ കാന്താ കസ്‌തേ പുത്രഃ 
സംസാരോfയ: മതീവ വിചിത്രഃ
കസ്യ:ത്വം കഃ കുത ആയാത-
സ്‌തത്ത്വം ചിന്തയ തദിഹ ഭ്രാതഃ "- 8

അല്ലയോ സോദരാ….. നിന്റെ ഭാര്യ നിന്റെ പുത്രന്‍ ഇവരൊക്കെ നിന്റെ ആരാണ്? ഇവയെല്ലാം കേവലം സംസാര ബന്ധങ്ങള്‍ മാത്രമാകുന്നു. നീ ആരാണ്?, നീ ആരുടേതാണ്?, നീ എവിടനിന്നു വന്നു?, ഇതേകുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ?. ജനനമരണരൂപമായ ഈ ജീവിതാനുവര്‍ത്തനം (സംസാരം) വളരെ വിചിത്രമാണ്. അല്ലയോ സഹോദരാ ഇനിയങ്കിലും ഈ സത്യങ്ങളെകുറിച്ച് നീ ചിന്തിക്കുക. മേലിലങ്കിലും ഇത്തരം സംസാര ബന്ധങ്ങളില്‍ കുടുക്കി നിന്റെ സമയം പാഴാക്കാതിരിക്കുക.

സംശയങ്ങളും സന്ദേഹങ്ങളുമാണ് ഒരു മനുഷ്യനെ ഉത്തരത്തിലേക്ക് നയിക്കുന്നത്. നിരന്തരം സംശയം ഉള്ളവനായിരിക്കും യഥാർഥ പഠിതാവ്. ഉപനിഷത്തുക്കൾ മിക്കവയും സംശയങ്ങളിലൂടെയാണ് മുന്നേറുന്നത്. കഠോപനിഷത്ത് തന്നെ ഉദാഹരണമാക്കാം. വാജസ്രവസ്സിൻ്റെ പുത്രനായ നജികേതസ്സ് ആദ്യം തന്നെ പിതാവിനെ സംശയങ്ങളും ചോദ്യങ്ങളും കൊണ്ട് വീർപ്പുമുട്ടിക്കുന്നു. പിന്നീടത് മരണദൂതനായ യമനുമായുള്ള സംവാദം ആയി മാറുന്നു. സംശയങ്ങളും സംവാദവുമാണ് നജകേതസ്സിനെ ജ്ഞാനായാക്കുന്നത്. 

പ്രക്ഷോപനിഷത്തിൻ്റെ ശീർഷകം തന്ന സംശയത്തെ സൂചിപ്പിക്കുന്നു. നിരവധി പ്രശ്നങ്ങൾ അഥവാ സംശയങ്ങളാണ് ഈ ഉപനിഷത്തിന് ആധാരം. ഉപനിഷത്തിൻ്റെ ജ്ഞാനമണ്ഡലത്തെ കൂട്ടുപിടിക്കുന്നതാണ് പ്രസ്തുത സ്തോത്രവും ആയതിനാൽ നിരവധി സംശയങ്ങളിലൂടെത്തന്നെയാകുന്നു സ്തോത്രാരംഭവും. പ്രധാനമായും പഞ്ച പ്രശ്നങ്ങളാണ് ഇവിടെ സിദ്ധം. 1. നിൻ്റെ ഭാര്യ ആരാകുന്നു. 2. പുത്രനാരാകുന്നു. 3. നീ ആരാകുന്നു. 4. ആരുടേതാകുന്നു. 5. നീ എവിടെ നിന്നു വന്നു. എറ്റവും ചിന്തനീയമായ ചോദ്യങ്ങൾ.

മുമ്പ് പരസ്പരം കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്തവർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിക്കുന്നു. വിവാഹം കഴിക്കുന്നു. അതിനു മുൻപ് അവർ ആരായിരുന്നെന്നോ എന്തായിരുന്നെന്നോ ഉള്ള അറിവും സ്പഷ്ടമല്ലായിരുന്നു. അവർ കുടുംബം സൃഷ്ടിക്കുന്നു കുഞ്ഞിനെ സൃഷ്ടിക്കുന്നു. അതുവരെ ഈ പുത്രൻ എവിടെയായിരുന്നു? ഇത്തരം കാര്യങ്ങൾ ചിന്തിച്ച് ചിന്തിച്ച് പോകുംപോൾ ഞാനെന്ന ഭാവത്തിൽ എത്തിച്ചേരുന്നു. ആരാണീ ഞാൻ ? എന്ന അന്വേഷണം ആരുടേതാണ് ഞാൻ ? എന്ന ചിന്തക്കുകൂടി കാരണമാകുന്നു. തുടർന്ന് എവിടെ നിന്നാണ് ഞാൻ എന്ന ഭാവത്തിൻ്റെ അസ്തിത്വം ഉടലെടുത്തത് എന്ന് അന്വേഷണത്തിലേക്ക് നിരന്തര ചിന്തകൾ എത്തുന്നു. 

എപ്പോഴും കൂടെ ഉണ്ടാകുമെന്ന് കരുതുന്നവരുടെ അഭാവത്തിന് നിമിഷനേരം മതി. സർവ്വം ക്ഷണികവും ദുഃഖമയവുമായ ഈ ലോകജീവിതം സത്യമാണന്ന് കരുതുന്നത് മൂഢത്വമാണ്. ഒരോന്നിനെക്കുറിച്ചറിയുമ്പോഴും ഇതല്ല… ഇതല്ല സത്യം എന്ന് തിരിച്ചറിയുന്നു. സത്യത്തെ തിരിച്ചറിയാൻ ഭജഗോവിന്ദം ഉപദേശിക്കുന്നു - ഹേ മൂഢാ ഗോവിന്ദനെ ഭജിക്കുക… നിരന്തരം തത്ത്വത്തെ ചിന്തിക്കുക.

ഓം ഹരി ഗോവിന്ദായ നമ 🙏
***


അഭിപ്രായങ്ങളൊന്നുമില്ല: