ശ്ലോകം_10
"വയസി ഗതേ കഃ കാമവികാരഃ
ശുഷ്കേ നീരേ കഃ കാസാരഃ
ക്ഷീണേ വിത്തേ കഃ പരിവാരഃ
ജ്ഞാതേ തത്ത്വേ കഃ സംസാരഃ. "
(യൗവനം കഴിഞ്ഞാല്‍ കാമവികാരമേത്? ജലം വറ്റിയാല്‍ പിന്നെ കുളമെന്താണ്? ധനം കുറഞ്ഞാല്‍ ആശ്രിതജനങ്ങളെവിടെ? യഥാര്‍ത്ഥജ്ഞാനമുണ്ടായാല്‍ പ്രാപഞ്ചിക ദുഃഖം എന്താണ്? യൗവ്വനം കഴിയുന്നതോടെ ഏതൊരുവനിലേയും കാമ വികാരം ക്ഷയിക്കുകയും, വാര്‍ദ്ധക്യാവസ്ഥയില്‍ എത്തുന്നതോടെ അത് പൂര്‍ണ്ണമായ് നശിച്ചുപോകുകയും ചെയ്യുന്നു. ജലം വറ്റിയാല്‍ പിന്നെ തടാകം ആരും അന്വഷിക്കറില്ല എന്നതുപോലെ ഒരുവന്റെ സമ്പത്ത് ഇല്ലാതാകുന്നതോടെ ബന്ധുമിത്രാദികള്‍ പോലും അവനെ ഉപേക്ഷിക്കും. എന്നാല്‍ നിര്‍മ്മോഹത്തിലൂടെ ആര്‍ജ്ജിക്കുന്ന യഥാര്‍ത്ഥജ്ഞാനം അവനെ എല്ലാ സംസാര ദു:ഖങ്ങളില്‍ നിന്നും രക്ഷിക്കും.
സംസാര ബന്ധങ്ങളിൽ നിന്നും മോചനം നേടാനും തത്ത്വജ്ഞാനം ഉണ്ടാകാനും ആയി പ്രയത്നിക്കാൻ ഉപദേശിക്കുകയാണ് ഈ സ്തോത്രം. കാമവും അതിവികാരങ്ങളും ഉണ്ടാകുന്നത് യൗവ്വനാവസ്ഥയിലാണ്. സ്വാർത്ഥതാൽപര്യങ്ങൾക്കും സുഖലോലുപതക്കുമായി പലരും യൗവ്വനത്തെ മാറ്റിവെയ്ക്കുന്നു. കരുത്തും ചുറുചുറുക്കും അവരെ കൂടുതൽ അഹന്തയുള്ളവരാക്കുന്നു. കാമങ്ങളിൽ നിന്നും കാമങ്ങളിലേക്ക് അവർ പ്രയാണം ചെയ്യുന്നു.
എന്നാൽ വാർദ്ധക്യാവസ്ഥയിൽ എത്തുമ്പോഴേക്കും കാമം വറ്റി തുടങ്ങുന്നു. ചിന്തക്ക് ബലം കൂടുന്നു. അപ്പോൾ ചെയ്ത കാര്യങ്ങളെക്കുറിച്ച് ദു:ഖിക്കുന്നു. ചിലപ്പോൾ മരന്ന ഭയം വല്ലാതെ പിടിമുറുക്കുന്നു.
എന്നാണ് തടാകം? ജലം ഉള്ളപ്പോൾ മാത്രമാണ് അത് തടാകമായി നിലനിൽക്കുന്നത്. ജലം വറ്റിക്കഴിഞ്ഞാൽ അതൊരു കുഴിമാത്രമായിരിക്കും. ഇതു പോലെയാണ് മനുഷ്യൻ്റെ അവസ്ഥയും. സമ്പത്ത് കുന്നുകൂടുംമ്പോൾ പരിവാരങ്ങൾ വന്നു ചേരുന്നു. സമ്പത്ത് അസ്തമിക്കുമ്പോൾ ജലം വറ്റിയ കുളം പോലെ പരിഹാസ കഥാപാത്രമായി മാറുന്നു. ഈ സത്യത്തെ തിരിച്ചറിയുന്നവരാരോ അവർ തത്ത്വത്തെ പുൽകുന്നു. തത്ത്വത്തെ പുൽകിയാലോ ജനന മരണമാകുന്ന പ്രാപഞ്ചിക ജീവിതത്തെ മറികടക്കാനാകുന്നു.
സർവ്വതിലും ആത്മനേയും ആത്മനിൽ സർവ്വതിനേയും കാണുന്ന ഒരുവനെ മോഹവും ശോകവും അലട്ടുകയില്ല. ഞാനെന്ന ഏകാത്മഭാവമാണ് മോഹ ശോകത്തിൽ നിന്നുള്ള മുക്തിക്ക് നിദാനം. അതിനാൽ ഞാൻ എന്ന പരമമായ തത്വത്തെ തിരിച്ചറിയലാണ് ഭജഗോവിന്ദത്തിൻ്റെ ലക്ഷ്യവും.
ഓം ഹരി ഗോവിന്ദായ നമ:
...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ