Keyman for Malayalam Typing

അഷ്ടാക്ഷര മാഹാത്മ്യം



അഷ്ടാക്ഷര മാഹാത്മ്യം

നമ്മൾ ഏവർക്കും സുപരിചിതമായ മന്ത്രമാകുന്നു അഷ്ടാക്ഷര മഹാ മന്ത്രമായ  "ഓം നമോ നാരായണായ" എന്നാൽ ഈ മന്ത്രത്തിൻ്റെ മഹത്വം ചുരുക്കം ചിലർക്ക് മാത്രം അറിയാമെന്നതാണ് സത്യം, പലരും ഈ മന്ത്രത്തെ നാമമായും എടുക്കാറുണ്ട്. ഈ മന്ത്രത്തിൻ്റെ മൂല്യമറിയാതെ നിസാരമായി കരുതുന്നവരുമുണ്ട്, നമുക്ക് അഷ്ടാക്ഷര മന്ത്രമാഹാത്മ്യത്തെ കുറിച്ച് ചിന്തിക്കാം.

അഷ്ടാക്ഷരീമന്ത്രത്തിലെ ഓരോ അക്ഷരവും അഷ്ടപ്രകൃതികളെയാണ്  സൂചിപ്പിക്കുന്നത്.  പഞ്ചഭൂതങ്ങളായ  ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയേയും  മനസ്സ് , ബുദ്ധി, ചിന്ത എന്നിവയേയും ചേർത്ത് പറയുന്നതാണ് "അഷ്ട പ്രകൃതി". അതിനാൽ ഈ മന്ത്രം ഭക്തിയോടെ ജപിച്ചുപോന്നാൽ  അഷ്ടപ്രകൃതികൾ  നമുക്കനുകൂലമാകുകയും   ജീവിതത്തിൽ മനഃശ്ശാന്തിയും നന്മയും രോഗശാന്തിയും ലഭിക്കുകയും ചെയ്യും. 

നാരായണ - നരന്റെ ഉള്ളിൽ അയനം ചെയുന്ന സജീവ അവസ്ഥക്ക് കാരണ ഭൂതമാകുന്ന പ്രാണ ശക്തി ആകുന്നു "ഹംസഃ". ഈ പ്രാണ ശക്തി തന്നെ ആകുന്നു നാരായണൻ.
മറ്റൊരു അർത്ഥത്തിൽ സകല ജീവാത്മകളുടെ അന്ത്യ വിശ്രാന്തി ഏകുന്ന പരമ ആത്‍മനാകുന്നു നാരായണൻ.

ആ പരമ ആത്മാവിൻ്റെ തന്നെ മൂല മന്ത്രമാകുന്നു അഷ്ടാക്ഷരി മഹാ മന്ത്രം.

ഈ മന്ത്രത്തെ കുറിച്ച് അറിയും മുൻപ് വൈഷ്ണ ദർശനത്തെ കുറിച്ച് അറിയണം. വൈഷ്ണവ ദർശനം ആദി നാരായണാധിഷ്ഠിതമാണ്. പരബ്രഹ്മം തന്നെ സഗുണ ഭാവത്തിൽ ആദി നാരായണനായി രൂപം കൊണ്ടു അദ്ദേഹത്തിൽ നിന്നും ആദിശക്തി മഹാലക്ഷ്മിയും ക്രമേണ വാസുദേവൻ സംഘർഷണൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ ഇവരെ "ചതുർവ്യൂഹം" എന്ന് വിളിക്കും. ഇവരിൽ നിന്ന് ബ്രഹ്മാവും, രുദ്രനും, ക്രമേണ ഉപവ്യൂഹങ്ങളും ആവിർഭവിച്ചു സകല ബ്രഹ്മാണ്ഡ ചക്രം പ്രവർത്തിക്കുന്നു.

നാരായണ നാമവും ചതുർവ്യൂഹവും

"നാരായണ"
ന - കാരത്തിൽ നിന്നു വാസുദേവനും.
ര - രാകാരത്തിൽ നിന്നു സംകർഷണനും.
യ - കാരത്തിൽ നിന്നു പ്രദ്യുമ്നനും.
ണ - കാരത്തിൽ നിന്നു അനിരുദ്ധനും ആവിർഭവിക്കും.

നാരായണ എന്ന ഒറ്റപഥം ഉരുവിടുമ്പോൾ അവിടെ ചതുർവ്യൂഹം പ്രകടമാകും. ആ വ്യൂഹത്തിൻ്റെ ഉള്ളിൽ ത്രിദേവന്മാരും കേശവാദി ഉപവ്യൂഹങ്ങൾ തൊട്ട് അണുവരെ ഉള്ള സർവ്വമാനബ്രഹ്മാണ്ഡവും ഉൾക്കൊള്ളും.
വൈഷ്ണവ ദർശന പ്രകാരം 26 തത്ത്വ സിദ്ധാന്തം ആകുന്നു പറയപ്പെടുന്നത്.

പൃഥ്‌വി തൊട്ടുള്ള 24 തത്വം ശേഷം
ജിവാത്മൻ 25
പരമ പുരുഷൻ 26.
ഇങ്ങനെ 26 തത്വങ്ങൾ ഉൾക്കൊണ്ട് പരമ പുരുഷനാകുന്നു നാരായണൻ.
വൈഷ്ണവ ദർശനം ഈ ബ്രഹ്മാണ്ഡത്തെ മൂന്ന് ആയി ഭാഗം ചെയ്യും
ഓം - ശരീരം (24തത്വ രൂപം) ജഡം.
നമോ - ജീവാത്മാവ്
നാരായണായ - പരമാത്മാവ്
അതിനാൽ പരബ്രഹ്മത്തിന്റെ മന്ത്രം ആകുന്നു അഷ്ടാക്ഷരി മഹാ മന്ത്രം.
നാരായണ അഷ്ടാക്ഷരിയും ഋഷി ഛന്ദ് ആദി ന്യാസവും.

അഷ്ടാക്ഷരി മഹാ മന്ത്രത്തിന്റെ ഓരോ അക്ഷരത്തിനും ഒരു ഋഷി ഒരു ഛന്ദസ്സ് ഉണ്ട്.
ഓം -> ഗൗതമ ഋഷി -> ഗായത്രി ഛന്ദസ്സ്.
ന -> ഭരദ്വാജ ഋഷി -> ഉഷ്ണിക ഛന്ദസ്സ്.
മോ -> വിശ്വാമിത്ര ഋഷി -> അനുഷ്ടുപ് ഛന്ദസ്സ്.
നാ -> ജമദഗ്നി ഋഷി -> ബൃഹതി ഛന്ദസ്സ്.
രാ -> വസിഷ്ഠ ഋഷി -> പംക്തി ഛന്ദസ്സ്.
യ -> കാശ്യപ ഋഷി -> തൃഷ്ടുപ ഛന്ദസ്സ്.
ണാ -> അത്രി ഋഷി -> ജഗതി ഛന്ദസ്സ്.
യ -> അഗസ്ത്യ ഋഷി -> വിരാട് ഛന്ദസ്സ്.

ഇങ്ങനെ ഓരോ അക്ഷരത്തിനും ഓരോ ഛന്ദസ്സും  ഋഷിയും ഉണ്ട്. സകല അക്ഷര ത്തിന്റേയും ദേവത നാരായണൻ തന്നെ ആകുന്നു.

സര്‍വ ഐശ്വര്യങ്ങളുടേയും കാരകനായ ഭഗവാൻ മഹാവിഷ്ണുവിനെ ധ്യാനിച്ചു വേണം ഈ മന്ത്രം  ജപിക്കാൻ. അഭീഷ്ട സിദ്ധിക്കായി നിത്യേന നൂറ്റെട്ട് തവണ ജപിക്കുന്നതാണ് ശ്രേഷ്ഠം. വ്യാഴദശാകാല  ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കാൻ  ഏറ്റവും ഉത്തമമാർഗമാണ് അഷ്ടാക്ഷരീ മന്ത്രജപം. 

ഓം നമോ നാരായണായ: 

***

അഭിപ്രായങ്ങളൊന്നുമില്ല:

Use Web Keyboard
Show On Screen Keyboard