കണ്ണൂരിലെ നടുവില്‍ എന്ന സ്ഥലത്തെ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തില്‍ മുതലത്തെയ്യം കെട്ടിയാടി.
തൃപ്പാണ്ടറത്തെ ക്ഷേത്രത്തില്‍ നിത്യപൂജ ചെയ്‌തിരുന്ന പൂജാരി എത്താതിരുന്നപ്പോള്‍ പുഴയില്‍ ചൂണ്ടയിടുകയായിരുന്ന ആദി തോയാടനെ മുതല ക്ഷേത്രത്തില്‍ എത്തിച്ചു എന്നും പൂജ മുടങ്ങാതെ കാത്തു എന്നുമാണ് ഐതിഹ്യം. മുതലയായി എത്തിയത് തൃപ്പാണ്ടറത്തമ്മയാണെന്നാണ് വിശ്വാസം. തെയ്യം കെട്ടാനുള്ള അവകാശം തോയാടത്ത് മാവിലര്‍ക്കുള്ളതാണ്.
ഈ തെയ്യത്തിന്റെ പ്രത്യേകത എന്തെന്നാല്‍, ആരംഭം മുതല്‍ വിളയാട്ടം തീരുംവരെ നിലത്തിഴഞ്ഞ് ഇഴഞ്ഞാണ് ഭക്തന്മാരെ അനുഗ്രഹിക്കുന്നത്. ദൈവങ്ങള്‍ മലയിറങ്ങിവരുന്ന തുലാമാസത്തിലെ പത്താമുദയത്തിന് ശേഷമാണ് മുതലത്തെയ്യം കെട്ടുക. കെട്ടിയാടുന്ന സമയത്ത് തന്നെ ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചൊല്ലുന്ന പതിവ് ഈ തെയ്യത്തിന് മാത്രമുള്ള വേറൊരു വിശേഷമാണ്.
മുഖത്തെഴുത്തിന് വട്ടക്കണ്ണും തലപ്പാട്ടി ചെന്നിമലര്‍ മുടിയും കാണിമുണ്ട് ചുവപ്പുമാണ്. കുരുത്തോലയ്‌ക്ക് പകരം കവുങ്ങിന്‍ ഓലയാണ് ഉടയാട. തലയിലെ പാളഎഴുത്തിന് തേള്‍, പല്ലി, പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴജീവികളെ വരച്ചതാണ്. ഇഴജീവിശല്യത്തില്‍ നിന്ന് രക്ഷനേടാന്‍ മുതലദൈവത്തെ വിളിച്ചാല്‍ മതിയെന്നാണ് വിശ്വാസം.