പ്രധാനപ്പെട്ട പരീക്ഷയോ മറ്റ് എന്തെങ്കിലും പ്രധാനപ്പെട്ട സംഗതി എഴുതാന്‍ തുടങ്ങതിനു മുന്‍പ് നമ്മളില്‍ പലരും കടലാസിന്റെ എറ്റവും മേലെ നടുവിലായി "ഊ" എന്നപോലെ ഒരക്ഷരം ചെറുതായി എഴുതി അത് വെട്ടിക്കളയുന്നതു പോലെ ഒരു വരയിടാറുണ്ടല്ലോ.അതിനു ശേഷം മാത്രമേ എഴുതുവാന്‍ തുടങ്ങാറുള്ളൂ. എന്താ കണ്ടിട്ടില്ലേ? ഇതിനാണ് ‘പിള്ളയാര്‍ ചുഴി’ എന്ന് പറയുന്നത്. ഇതു തന്നെയാണ് ‘ഗണപതിക്ക് കുറിക്കുക’ എന്നു പറയുന്നതും. ചിലര്‍ “ഹരിശ്രീഗണപതയേ നമഃ” എന്നെഴുതി വന്ദിക്കുകയും പിന്നീട് അത് നിന്ദനാര്‍ത്ഥത്തില്‍ വെട്ടിക്കളയുകയും ചെയ്യുന്നു.
ആദ്യമായി എഴുത്ത് ആരംഭിച്ചത് വിനായഗരാണ് എന്ന വിശ്വാസത്തില്‍ നിന്നും ഉടലെടുത്തതാണ് ഈ വന്ദനം എന്നാണ് എന്റെ വിശ്വാസം. വ്യാസ മഹാ ഭാരതം രചിച്ചാണ് ആ റെക്കാര്‍ഡ് വിഘ്നേശ്വരന്‍ സൃഷ്ടിച്ചത്. വ്യാസ മഹര്‍ഷി ചൊല്ലിക്കൊടുക്കുകയും അതിന്റെ അര്‍ഥം മനസിലാക്കിയ ശേഷം ഗണപതി അതെഴുതുകയും ചെയ്യുകയായിരുന്നു. ബ്രഹ്മാവായിരുന്നു ഗണപതിയെ ഈ ജോലിക്ക് റെക്കമെന്റ് ചെയ്തത്. എങ്കിലും ഗണപതിക്ക് വ്യാസരുടെ അസിസ്റ്റന്റായിരിക്കുന്നത് അത്ര സുഖകരമായി തോന്നിയില്ല. ഇടക്ക് എഴുത്താണി നിര്‍ത്താന്‍ ഇടയാക്കാതെ അനര്‍ഗ്ഗളമായി ചൊല്ലിക്കൊടുക്കുന്ന പക്ഷം എഴുതുവാന്‍ തയ്യാറാണെന്ന് പിള്ളയാറും സമ്മതിച്ചു. വ്യാസര്‍ക്ക് അത് അസാദ്ധ്യമായിരിക്കുമെന്നാണ് ഗണേശന്‍ വിചാരിച്ചത്. എഴുതി എഴുതി താഴെക്കൊടുത്ത വരികളിലെത്തി.
“വാരണവീരന്‍ തലയറ്റു വില്ലറ്റു
വീരന്‍ ഭഗദത്ത കണ്ഠവും ചേദിച്ചു
നാലാമതാനതന്‍ വാലുമരിഞ്ഞിട്ടു
കോലാഹലത്തോടു പോയിതു ബാണവും”
ഈ വരികളിലെ ആനയുടെ വാല്‍ മുറിയുന്നതിനെക്കുറിച്ച് ഗജാനനന് സംശയം വന്നു. കീഴോട്ട് കിടക്കുന്ന ആനയുടെ വാല്‍ മുറിയുകയോ? വ്യാസരോട് തന്റെ സംശയം ചോദിച്ചു. പഴയ എലിമെന്ററി സ്കൂളിലെ അദ്ധ്യാപകരെ നിങ്ങള്‍ ഇപ്പോള്‍ ഓര്‍ത്തു നോക്കുക!
അനന്തര ഫലം വ്യാസരുടെ ശാപമായിരുന്നു. “ഞാന്‍ പറഞ്ഞു തരുന്നതില്‍ നിനക്ക് സംശയമോ? എന്നാല്‍, ഇനി മുതല്‍ നിന്നെ ലോകം വന്ദിച്ച് നിന്ദിക്കട്ടേ!” ദൈനം ദിന ജീവിതത്തിലും ഇതു പോലെ വന്ദിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന എത്രയോ സംഭവങ്ങളുണ്ട്.
1 അഭിപ്രായം:
ബ്രാഹ്മണ്യം നിര്‍മ്മിച്ച് പ്രചരിപ്പിച്ച ഇത്തരം
ബാലിശ കഥകളില്‍ നിന്നും മനസിനെ സ്വതന്ത്രമാക്കുക സുഹൃത്തേ :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ