Date : April 18 2009 - A mathrubhumi report
ഇടത്‌കോട്ടയില്‍ പ്രതീക്ഷയോടെ യു.ഡി.എഫ്
ഇടതുകോട്ടയായ അഴീക്കോട് നിയമസഭാമണ്ഡലത്തിന്റെ പുതിയ രൂപമാറ്റം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പുതിയ പ്രതിക്ഷ നല്‌കുന്നു.
2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ എല്‍.ഡി.എഫ് 59,592 വോട്ടും യു.ഡി.എഫ് 40,388 വോട്ടുമാണ് നേടിയത്. ബി.ജെ.പി 4,523 വോട്ടും നേടി. 1,32,505 വോട്ടര്‍മാരില്‍ 80.3 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മാട്ടൂല്‍, ചെറുകുന്ന്, കണ്ണപുരം, കല്യാശ്ശേരി, പാപ്പിനിശ്ശേരി, നാറാത്ത്, വളപട്ടണം, അഴീക്കോട് എന്നിവയായിരുന്ന അഴീക്കോട് മണ്ഡലത്തിലെ പഞ്ചായത്തുകള്‍. ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയത്തോടെ ചെറുകുന്ന്, കണ്ണപുരം, കല്യാശ്ശേരി, മാട്ടൂല്‍ പഞ്ചായത്തുകള്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലായി. മാട്ടൂലൊഴിച്ച് മറ്റെല്ലാം എല്‍.ഡി.എഫ് ആധിപത്യമുള്ള പഞ്ചായത്തുകളാണ്. ശേഷിക്കുന്ന പാപ്പിനിശ്ശേരി, നാറാത്ത്, വളപട്ടണം, അഴീക്കോട് പഞ്ചായത്തുകളോടൊപ്പം കണ്ണൂര്‍ മണ്ഡലത്തിലെ ചിറക്കല്‍, പള്ളിക്കുന്ന്, പുഴാതി എന്നീ യു.ഡി.എഫ് ഭൂരിപക്ഷമുള്ള പഞ്ചായത്തുകള്‍ ചേര്‍ന്നതോടെ ഈ മണ്ഡലത്തിന്റെ വോട്ടിങ് നിലയില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ് യു.ഡി.എഫ് വൃത്തങ്ങളുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറി മണ്ഡലത്തില്‍ ബൂത്ത് പിടിത്തവും കള്ളവോട്ടും കുറഞ്ഞത് യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പ്രതീക്ഷ പകരുന്നു. എല്‍.ഡി.എഫ് കോട്ടകളായ പാപ്പിനിശ്ശേരി, അരോളി സ്‌കൂളുകളിലെ ബൂത്തുകളില്‍ യു.ഡി.എഫ് ഏജന്റുമാരെ ബൂത്തിലിരിക്കാന്‍ അനുവദിക്കാറില്ലെന്ന് പരാതിയുണ്ടാകാറുണ്ട്. ഇത്തവണ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സാന്നിധ്യം ബൂത്തുകളില്‍ യു.ഡി.എഫിന് ധൈര്യം പകര്‍ന്നിരുന്നു.
അഴീക്കോട് നിയോജകമണ്ഡലത്തില്‍ അഴീക്കോട് വെസ്റ്റ് യു.പി സ്‌കൂള്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് -90 ശതമാനം. ജില്ലയിലെ പ്രശ്‌നബൂത്തുകളിലൊന്നായ ഇവിടെ എല്‍.ഡി.എഫിനാണ് ഭൂരിപക്ഷം. കുറഞ്ഞ പോളിങ് 70.14ശതമാനം രേഖപ്പെടുത്തിയത് പുഴാതി ഗവ.ഹൈസ്‌കൂളിലാണ്. 1,41,956 വോട്ടര്‍മാരില്‍ 1,12,435 പേര്‍ വോട്ട് ചെയ്‌തിട്ടുണ്ട്. അഴീക്കോട് മണ്ഡലത്തിലെ പോളിങ് ശതമാനം ഇക്കുറി 79.03.