ഹരിനാമമാഹാത്മ്യം
ശ്ലോകം - 24
ഏകാന്തയോഗികളിലാകാംക്ഷകൊണ്ടു പര-
മേകാന്തമെന്ന വഴി പോകുന്നിതെന്‍ മനവും
കാകന്‍ പറന്നു പുനരന്നങ്ങള്‍ പോയ വഴി
പോകുന്നപോലെ; ഹരി നാരായണായ നമഃ
ഏകാന്തയോഗികളിൽ ആകാംക്ഷകൊണ്ടു് = ഏകാന്തയോഗികളുടെ അനുഭവങ്ങൾ എനിക്കും ലഭിക്കണമെന്ന്
ആഗ്രഹിച്ചുകൊണ്ടു്; ഏകാന്തമെന്ന വഴി = ഏകാന്തമായ വഴിക്ക് പോകുന്നിതെന്മനവും = എന്റെ മനസ്സും പോകുന്നു;
കാകൻ പറന്നു് = കാക്ക പറന്നു്; പുനരന്നങ്ങൾ പോയ വഴി = അന്നങ്ങൾ പോയ വഴിയിലൂടെ; പോകുന്നപോലെ =
പോകുന്ന പോലെയാണു് (എന്റെ ആഗ്രഹം) എന്നറിയാമെങ്കിലും അതിനായി അനുഗ്രഹിക്കണമേ;
ഹരി നാരായണായ നമഃ = ഹരേ, നാരായണ നിന്തിരുവടിക്കു നമസ്കാരം.
ഏകാന്ത യോഗികളുടെ അനുഭവങ്ങൾ എനിക്കുമുണ്ടാകണമെന്ന് ഞാൻ കൊതിക്കുന്നു. അരയന്നങ്ങളുടെ വഴിയേ
പറക്കാൻ കാക്ക ആഗ്രഹിക്കുന്നതുപോലെയാണ് എന്റെ ആഗ്രഹമെന്നറിയാം. എന്റെ ആഗ്രഹം സാധിക്കാൻ
നിന്തിരുവടിയുടെ അനുഗ്രഹം എനിക്കുണ്ടാകണമേ. ഹരേ, നാരായണ, നിന്തിരുവടിക്കുനമസ്കാരം.
ഏകാന്ത ഭക്തന്റെ ലക്ഷണങ്ങൾ മുൻ ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഭഗവത് ഗീതയിൽ നിന്ന് ഉദ്ധരിച്ചു.
അത് ഏകാന്ത യോഗിക്കു ചേരും. ഗീതയിൽ ആത്മസംയോഗത്തിൽ ഏകാന്ത യോഗയെ കുറിച്ച് ഭഗവാൻ
ഇപ്രകാരം അരുളി ചെയ്തു.
സനകൻ, നാരദൻ, ശ്രീശുകൻ എന്നിവരെ ഏകാന്ത യോഗികളെന്നു പറയാം. അനന്യചിത്തരായി ഏകാന്ത
ഭാവത്തോടെ ഈശ്വരസേവ ചെയ്യുന്ന ആ യോഗികളെ അനുകരിച്ച് ഏകാന്തഭക്തി ഉണ്ടാകാൻ ആഗ്രഹിക്കുന്ന
ആചാര്യൻ വിനയംകൊണ്ട് തനിക്കതിനു യോഗ്യതയില്ല എന്ന് പറയുന്നു. ഒരലങ്കാരപ്രയോഗം കൊണ്ടാണ് താൻ
അവരിൽനിന്നും താഴെയാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നത്. അന്നങ്ങൾ പോയവഴിക്ക് കാകൻ പറന്നപോലെയാണ്
തന്റെ ആഗ്രഹം എന്ന്. ഹംസ ശബ്ദം സന്യാസിമാരിൽ ഉയർന്ന ഒരു വിഭാഗത്തെ കുറിക്കുന്ന സാങ്കേതിക
ശബ്ദവുമാണ്. ആധ്യാത്മികതയുടെ ഉന്നതതലങ്ങളിൽ വിഹരിക്കുന്ന ഏകാന്തയോഗികളെ അന്തരീക്ഷത്തിൽ
വളരെ ഉയരെ പർവതങ്ങളേയും മഹാസമുദ്രങ്ങളേയും കീഴിലാക്കി പറന്നു കളിക്കുന്ന അരയന്നങ്ങളുമായി
താരതമ്യപ്പെടുത്തുന്നു. ജ്ഞാനത്തിന്റെ പ്രതീകമാണ് തൂവെള്ളനിറമുള്ള അരയന്നങ്ങൾ. കാക്കയാകട്ടെ
അജ്ഞാനത്തിന്റെയും അശുദ്ധിയുടെയും പ്രതീകവും. അരയന്നം പറക്കുന്ന മാർഗ്ഗങ്ങളിലൂടെ കാക്കക്കു പറക്കാൻ
സാധ്യമല്ല.
എങ്കിലും ഭഗവത് പ്രസാദംകൊണ്ടു സാധിക്കാത്തതായി ഒന്നുമില്ല. കാക്കക്ക് അരയന്നതിന്റെ കഴിവുകൾ കൊടുക്കാനോ,
അരയന്നത്തെ കാക്കയായോ, കാക്കയെ അരയന്നമായൊ മാറ്റാനോ ഭഗവദനുഗ്രഹത്തിന് സാധിക്കും. ഭഗവാൻ,
ഏകാന്തയോഗികളുടെ യോഗ്യതകളില്ലാത്ത ഞാൻ അവരുടെ അനുഭൂതികൾ ആഗ്രഹിക്കുന്നു. അരയന്നങ്ങളുടെ
മാർഗ്ഗത്തിൽ പറക്കാനാഗ്രഹിക്കുന്ന കാക്കയുടേതുപോലെ എന്റെ ആഗ്രഹം അത്യാഗ്രഹമായിരിക്കാം. എങ്കിലും
നിന്തിരുവടിയുടെ കാരുണ്യമുണ്ടെങ്കിൽ എനിക്ക് എല്ലാ കഴിവുകളുമുണ്ടാകാം. ഏകാന്ത ഭക്തി തന്ന് എന്നെ
അനുഗ്രഹിക്കേണമേ. ഹരേ, നാരായണ, നിന്തിരുവടിക്കു നമസ്കാരം. "ഓം നമോ നാരായണായഃ"
ഹരിഃ നാരായണായഃ നമഃ
***
...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ