Keyman for Malayalam Typing

മാടായിപ്പാറയിലെ നീലവസന്തം!

മാടായിപ്പാറയിൽ ഇത്തവണ നീലവസന്തമില്ല: കാക്കപ്പൂക്കളെ ഇല്ലാതാക്കിയത്  എന്തായിരിക്കും?
(FB പോസ്റ്റിൽ നിന്ന്)

നോക്കെത്താ ദൂരത്തോളം നീലപ്പട്ടു വിരിച്ചതുപോലെ മാടായിപ്പാറ തെളിഞ്ഞുനിൽക്കുന്നത് കണ്ണൂരുകാർക്ക് മറക്കാനാവാത്ത ഒരു ചിത്രമാണ്.

എന്നാൽ ഓണത്തോടടുത്ത് എന്നും കാണാറുള്ള കാക്കപ്പൂക്കളുടെ വസന്തം ഇത്തവണയില്ല. എല്ലാ വർഷവും പ്രകൃതിസ്നേഹികളെയും സഞ്ചാരികളെയും വിസ്മയിപ്പിച്ചിരുന്ന ആ മനോഹരമായ കാഴ്ചയ്ക്ക് ഇക്കുറി മങ്ങലേറ്റു. വളരെ കുറച്ചുപൂക്കൾ മാത്രമാണ് വിരിഞ്ഞത്.

പൂക്കൾ വിരിയാതായതോടെ വലിയ നിരാശയിലാണ് ഇവിടേക്ക് എത്തുന്നവർ.

കണ്ണൂരിലേക്കും കൊട്ടിയൂർ ഉൾപ്പെടെയുള്ള തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തുന്ന തിരക്ക് വർദ്ധിച്ചതും , ടൂറിസ്റ്റുകൾ അങ്ങിങ്ങായി വാഹനങ്ങൾ പാർക്ക് ചെയ്തുതും , മാലിന്യങ്ങൾ വലിച്ചെറിഞ്ഞതും മാടായിപ്പാറയുടെ സ്വാഭാവിക പ്രകൃതിയെ സാരമായി ബാധിച്ചിരിക്കുകയാണ്.

അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളുമാണ് ഇതിൽ പ്രധാന വില്ലൻ. 

പ്ലാസ്റ്റിക് മൂടിയതോടെ വിത്തുകൾക്ക് മുളയ്ക്കാനുള്ള സാഹചര്യം ഇല്ലാതായി. ഇതിനുപുറമെ, പാറപ്പുറത്തുകൂടി തോന്നിയതുപോലെ ബസ്സുകളും മറ്റ് വാഹനങ്ങളും ഓടിക്കുന്നതും യഥേഷ്ടം പാർക്ക് ചെയ്യുന്നതും ഈ നീലപ്പൂക്കളുടെ നാശത്തിന് ആക്കം കൂട്ടി. വാഹനങ്ങൾ കയറിയിറങ്ങി വിത്തുകൾ ഉറങ്ങിക്കിടക്കുന്ന നേരിയ മേൽമണ്ണ് പൂർണ്ണമായും ഞെരുങ്ങി നശിച്ചുപോയി.

മനുഷ്യന്റെ ഇടപെടലുകൾക്ക് പുറമെ കാലാവസ്ഥാ വ്യതിയാനവും ഈ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

 ചെങ്കൽപ്പരപ്പിലെ ചെറിയ കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുമ്പോഴാണ് ഈ ചെടികൾ സ്വാഭാവികമായി വളരുന്നത്. എന്നാൽ കൃത്യസമയത്ത് മഴ ലഭിക്കാതിരുന്നതും, ചൂട് അസാധാരണമായി വർദ്ധിച്ചതും വിത്തുകൾ മുളയ്ക്കുന്നതിന് തടസ്സമായി.

വിനോദസഞ്ചാരത്തിന്റെ പേരിൽ പ്രകൃതിയെ വിവേചനരഹിതമായി നശിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ മാടായിപ്പാറയിൽ കാണുന്നത്. കേവലമൊരു പാർക്കിംഗ് ഗ്രൗണ്ടോ തുറസ്സായ സ്ഥലമോ അല്ല ഇത്; അപൂർവ്വ സസ്യങ്ങളും ജീവജാലങ്ങളും ഉൾക്കൊള്ളുന്ന അതിലോലമായ ഒരു ആവാസവ്യവസ്ഥയാണ്. 

പ്ലാസ്റ്റിക് വലിച്ചെറിയുന്നതും വാഹനങ്ങൾ അലക്ഷ്യമായി കയറ്റുന്നതും അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ, മാടായിപ്പാറയിലെ ഈ അപൂർവ്വ നീലവസന്തം വരുംതലമുറകൾക്ക് കേവലം ഓർമ്മയായി മാത്രം മാറിയേക്കാം.
-o-

അഭിപ്രായങ്ങളൊന്നുമില്ല: