ലളിതാ സഹസ്രനാമം രചിച്ചതിൻ്റെ കാരണം
ഹയഗ്രീവനും അഗസ്ത്യരും തമ്മിലുള്ള സവാദത്തിൽ നിന്നും ഉരുവായതാണു ലളിതാ സഹസ്രനാമം!
മഹാ വിഷ്ണു അവതാരമായ ഹയഗ്രീവന്റെ ഉല്പത്തി ഇങ്ങനെയാണ്.
അസുരനായ ഹയഗ്രീവൻ അതികഠിനമായ തപസ്സിലൂടെ ദുർഗ്ഗദേവിയിൽ നിന്നും മറ്റൊരു ഹയഗ്രീവന് മാത്രമേ തന്നെ വധിക്കാൻ സാധിക്കൂ എന്ന ഒരു വരം നേടി. വര സാഫല്യത്തിൽ അഹങ്കാരിയായ ഹയഗ്രീവൻ ദേവന്മാരെയും, മുനിമാരെയും ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി. അസുരന്റെ ഉപദ്രവങ്ങളിൽ പൊറുതി മുട്ടിയ അവർ ഭഗവാൻ വിഷ്ണുവിന്റെ ചരണങ്ങളിൽ അഭയം പ്രാപിച്ചു.
ഹയഗ്രീവനുമായി ഘോരയുദ്ധത്തിൽ വിഷ്ണു ഏർപ്പെട്ടു, എങ്കിലും ബലവാനായ ആ അസുരനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. തളർന്നവശനായ ഭഗവാൻ വൈകുണ്ഡം പൂകി പദ്മാസനത്തിൽ യോഗനിദ്ര ആരംഭിച്ചു. തന്റെ വില്ലിന്റെ അറ്റത്ത് സ്വന്തം തല ചായ്ച്ചു വെച്ച് കൊണ്ടായിരുന്നു ഭഗവാന്റെ ഉറക്കം. ഭയവിഹ്വലരായ ദേവന്മാർ വിഷ്ണുവിന്റെ അടുത്ത് വീണ്ടും വന്നു. എന്നാൽ അവരുടെ മുറവിളികൾക്ക് ഭഗവാനെ നിദ്രയിൽ നിന്നും ഉണർത്താൻ ആയില്ല. ഒടുവിൽ ദേവന്മാർ ബ്രഹ്മാവിനെ സമീപിച്ചു. അങ്ങനെ ബ്രഹ്മാവ് ചിതലുകളെ സൃഷ്ടിച്ചു. അവയോട് ഭഗവാന്റെ വില്ലിന്റെ ഞാൺ കടിച്ചു മുറിച്ചു നിദ്രയ്ക്കു ഭംഗം വരുത്താൻ ബ്രഹ്മാവ് നിർദ്ദേശിച്ചു. ചിതലരിച്ച് ഒടുവിൽ ഞാൺ മുറിഞ്ഞു, ദിഗന്തങ്ങൾ പിളരുന്ന ശബ്ദത്തോടെ അതിശക്തമായി പൊട്ടിയ ഞാണിന്റെ തലപ്പ് ഭഗവാന്റെ ശിരസ്സും ഛേദിച്ചു.
പരിഭ്രാന്തരായ ദേവന്മാർ പരാശക്തിയെ രക്ഷയ്ക്കായി അഭയം പ്രാപിച്ചു. അവരുടെ പ്രാർഥനയിൽ സന്തുഷ്ടയായ ദേവി ഇങ്ങനെ അരുളിച്ചെയ്തു "കാര്യ കാരണങ്ങൾ ഇല്ലാതെ ഈ പ്രപഞ്ചത്തിൽ ഒന്നും തന്നെ സംഭവിക്കില്ല. ഹയഗ്രീവന് ഞാൻ നൽകിയ വരപ്രകാരം മറ്റൊരു ഹയഗ്രീവന് മാത്രമേ അവനെ വധിക്കാൻ കഴിയൂ. ഇപ്പോൾ ആ മുഹൂർത്തം സമാഗമമായിരിക്കുന്നു. ഭഗവാന്റെ അറ്റ് പോയ ശിരസ്സിന്റെ സ്ഥാനത്ത് ഒരു ഹയത്തിന്റെ (കുതിരയുടെ) തല പിടിപ്പിക്കുക". ദേവന്മാർ അപ്രകാരം ഒരു വെള്ളക്കുതിരയുടെ തല (ഗ്രീവം) വിഷ്ണുവിന്റെ കഴുത്തിൽ പിടിപ്പിച്ചു, ബ്രഹ്മദേവൻ ജീവനും നൽകി.
അങ്ങനെ സൃഷ്ടിക്കപ്പെട്ട 'ഭഗവാൻ ഹയഗ്രീവൻ' ഹയഗ്രീവൻ എന്ന അസുരനെ യുദ്ധത്തിൽ വധിച്ചു. മഹാവിഷ്ണു കണ്ട പരാശക്തിയെ അഗസ്ത്യമുനിയുടെ ആഗ്രഹ പ്രകാരം ആയിരം നാമങ്ങളിലൂടെ പറഞ്ഞു കൊടുക്കുന്നതാണ് "ലളിതാ സഹസ്രനാമം".
***
(Curtesy AKNair)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ