Keyman for Malayalam Typing

കണ്ടകശ്ശനി

ശാപം കൊടുക്കുന്നത് പല തരത്തിലുമുണ്ട്.  നമ്മുടെ കഷ്ടകാലത്തിന്ന്‍  ഉത്തരവാദി ആരാണോ  അവനെ നമ്മള്‍‌ ശപിച്ചെന്നു വരും. കഷ്ടപ്പാടിന്റെ  തീവ്രതയനുസരിച്ച്  ശാപത്തിന്റെ കാഠിന്യവും  കൂടും. അതുപോലെ ദ്രോഹിച്ചതിന്റെ   ക്രൂരതയനുസരിച്ച്  ദ്രോഹികളെ ശാപം ബാധിക്കുകയും ചെയ്യുന്നു. മര്യാദയോടെ പറയുന്ന പല ശാപവാക്കുകളും, ശൃംഗാരപദലഹരിയോടെ പറയുന്ന ചില ചീത്തവാക്കുകളും  ഒഴിച്ചുനിര്‍ത്തിയാല്‍‌ മറ്റൊരു തരം പ്രചുരപ്രചാരമുള്ള ശാപപ്രയോഗങ്ങള്‍‌ ഉപഗ്രഹങ്ങളുടെ പേരില്‍‌   വിളിക്കുന്നവയാണ്.  “ശനിയന്‍‌ വന്ന് തുലഞ്ഞു” ഇങ്ങനെ പറയുന്നത്‌  കേട്ടിട്ടില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. സറ്റേണ്‍‌  എന്ന ഗ്രഹത്തിനെകൂട്ടുപിടിച്ചുള്ള ഈ ശാപം ഒരു 'misnomer (മിസ്നോമര്‍‌‌)’ ആണെന്നുതന്നെ പറയാം. ജ്യോതിഷ വിശ്വാസികള്‍‌ പലരും  ശനിയുടെ ദശാകാലം വളരെ മോശമാണ് എന്ന്‌  തെറ്റായി   ധരിച്ചുവെച്ചതുകൊണ്ടാണങ്ങിനെ  ഒരു അപവാദം ഉണ്ടാകുന്നത്.
“കണ്ടകശ്ശനി കാട് കയറ്റും” എന്നാണ് പൊതുവെ പറയാറ്.  ശുക്രദശ എന്നാല്‍ നല്ല കാലത്തിന്റേയും ശനിദശയെന്നാല്‍ മോശമായ കാലത്തിന്റേയും പര്യായമായി മാറിയിരിക്കുകയാണിപ്പോള്‍. ജ്യോതിഷത്തില്‍‌  ഗ്രഹങ്ങള്‍ക്കുള്ള പ്രാധാന്യമാണ്‌ ഇത്തരം ശൈലികള്‍ രൂപപ്പെടുന്നതിനു കാരണം. യഥാര്‍ഥത്തില്‍ എല്ലാദശയിലും നല്ല കാലവും മോശം കാലവും ഉണ്ട്‌. അതുപോലെ ശനിദശ എല്ലാവര്‍ക്കും ദോഷകാലമായിരിക്കണം എന്നുമില്ല. ചിലര്‍ക്കു ജീവിതത്തില്‍ ബുദ്ധിമുട്ടുള്ള കാലമായിരിക്കാം. ശനിദശയില്‍  തന്നെ സൌഭാഗ്യങ്ങള്‍ അനുഭവിച്ചവരുമുണ്ടാകാം. ഓരോരുത്തര്‍ക്കും ഓരോ ദശാകാലത്തിനനുസരിച്ചാണു വിവിധ ഫലങ്ങള്‍ അനുഭവപ്പെടുന്നതെന്നു മാത്രം.
ജ്യോതിഷപ്രകാരം 120  കൊല്ലമാണ്‌ ഒരു മനുഷ്യായുസ്‌ ആയി കണക്കാക്കുന്നത്‌. ഈ കാലയളവിനെ 9 ഗ്രഹങ്ങള്‍ക്കുമായി വിഭജിച്ചുനല്‍കിയിരിക്കുകയാണ്‌. ഇതില്‍ ഓരോ ഗ്രഹത്തിന്റേയും കാലയളവിനെ ആ ഗ്രഹത്തിന്റെ ദശാകാലം എന്നു പറയുന്നു. എല്ലാ ഗ്രഹങ്ങള്‍ക്കും തുല്യമായിട്ടല്ല ദശയുടെ  ദൈര്‍ഘ്യം. ശനിദശയുടെ  ദൈര്‍ഘ്യം 19 വര്‍ഷമാണ്. അവരവരുടെ ജനന സമയമനുസരിച്ച്  അത്  പൂര്‍ണ്ണമായോ ഭാഗീഗമായൊ  അനുഭവപ്പെടുന്നു.
ശനിശ്വരന്‍   സൂര്യന്റെ പുത്രനാണ്. ഛായയാണ് അമ്മ. മന്ദന്‍‌  എന്നൊരു പേരും ഉണ്ട്.  തേജസ്വിയും തീഷ്ണ സ്വരൂപനുമാണ്  ശനിയന്‍‌.  ശനിഗ്രഹം രോഹിണി നക്ഷത്രത്തെ പീഡിപ്പിക്കുമ്പോള്‍  ലോകത്തില്‍‌ പല വിപത്തുകള്‍‌ ഉണ്ടാകുമെന്ന്‌ പുരാണങ്ങളില്‍  കാണുന്നു.  

Technorati Tags: ,

1 അഭിപ്രായം:

Akliyath Shivan പറഞ്ഞു...

സംസ്ഥാനത്തെ ബാധിച്ചിട്ടുള്ള ശനിദോഷം മന്ത്രിസഭയെ ഒട്ടാകെ കീഴ്‌മേല്‍ മറിക്കാനുള്ള സാധ്യത കാണുന്നുണ്ട്‌. കേരളത്തിലെ ഭരണകക്ഷിക്കുള്ളിലെ രാഷ്ട്രീയ കാറ്റിനും കോളിനും കാരണം ശനിയുടെ സഞ്ചാരഗതിയാണ്‌.

opinion of ടി.കെ. മുരളീധരപ്പണിക്കര്‍
Secretary Bharath Jyothish Sasthra parishad