പദ്മപാദരുടെ ഒറ്റക്കാലിൽ നിന്ന . കാണ്ടുള്ള തപസ്സ് ഒരു ഫലവും കണ്ടില്ല എന്ന് പറഞ്ഞുവല്ലോ. പിന്നീട് എന്ത് ചെയ്തുവെന്ന് നോക്കാം
അദ്ദേഹം ആഹാരം തീർത്തും ഉപേക്ഷിച്ചു കൊണ്ട് തപസ്സ്. തുടർന്നു. അതും ഫലം കണ്ടില്ല. പിന്നെ ക്രമേണ ജലവും തീർത്തും ഉപേക്ഷിച്ചു കൊണ്ട് അദ്ദേഹം തന്റെ തപം കൂടുതൽ കഠിനതരമാക്കി.
എങ്ങിനെയും ശ്രീനരസിംഹ മൂർത്തിയെ തന്റെ മുന്നിൽ പ്രത്യക്ഷ്പ്പെടുത്തിയില്ലെങ്കിൽ " തൻ്റെ ഭക്തിക്കെന്താണ് വില തന്റെ പേരിനു തന്നെ അത് കളങ്കം ചാർത്തും കാരണം താനല്ലേ നരസിംഹഭക്തരിൽ അഗ്രഗണ്യൻ?" സന്യാസിയായിട്ടു പോലും അഹങ്കാരത്തിന്റെ പിടിയിലമർന്നു പോയ പദ്മപാദർ ചിന്തിച്ച് വിവശനായി. കഠിനമായ തപം കൊണ്ട് അദ്ദേഹം വല്ലാതെ ക്ഷീണിച്ചു എല്ലും തോലുമായി എന്നല്ലാതെ യാതൊരു ഗുണവുമുണ്ടായില്ല.
ഇതൊക്കെ കണ്ടും കണ്ടില്ലന്നും നടിച്ച് ആ കാട്ടിൽ തന്നെ ഒരു സാധു വേടൻ ഉണ്ടായിരുന്നു. അന്നന്നത്തെ ആഹാരത്തിന് വേണ്ടി ചെറുജീവികളെ വേട്ടയാടിപ്പിടിച്ചു ജീവിക്കുന്ന കാട്ടു വേടൻ. ഒരു വീടോ, വിദ്യാഭ്യാസമോ, ലോകപരിചയമോ, എന്തിനു മര്യാദക്ക് സംസാരിക്കുവാൻ പോലുമുള്ള അറിവുണ്ടായിരുന്നില്ല.
എന്നാൽ "മറ്റുള്ളവരുടെ ദുഖത്തിലും കഷ്ടപ്പാടിലും അലിയുന്ന ഒരു സഹൃദയൻ ! ഖോരനരസിംഹ മന്ത്രങ്ങൾ ഉരുവിട്ട് തപസ്സ് ചെയ്യുന്ന പദ്മപാദരെ ക്കുറിച്ച് പാവത്തിനുണ്ടോ അറിയുന്നു?
പട്ടിണി കിടന്നും ,വെള്ളം പോലും കുടിക്കാതെയും ഒരു സന്യാസി ഇരുന്നും, നിന്നും, മനസ്സിലാവാത്ത ഏതോ ശബ്ദങ്ങളൊക്കെ ഉണ്ടാക്കികിടന്നു കഷ്ടപ്പെടുന്നു!
കുറെ ദിവസമായി കാണാൻ തുടങ്ങിയിട്ട് ' ഈ കാഴ്ച കണ്ടു മനസ്സു വേദനിച്ച ആ പാവം ,ഒരു ദിവസം ഇതിനെക്കുറിച്ചറിയുവാൻ തന്നെ തീരുമാനിച്ച് സന്യാസിയോട് കാര്യം ആരാഞ്ഞു.
എന്നാൽ പല തവണ ചോദിച്ചിട്ടും തപ-ധ്യാനത്തിലായിരുന്ന പദ്മപാദർ മറുപടിയൊന്നും പറഞ്ഞില്ല.
എങ്കിലും വേടൻ മനസ്സലിഞ്ഞ് കുറെ ഫലമൂലാധികൾ ഒരു ഇളക്കുമ്പിളിലും, മുളം കുഴലിൽ അടുത്തുള്ള തടാകത്തിലെ വെള്ളവുമായി കാത്തു നിന്നു.
പദ്മപാദർ കണ്ണ് തുറന്നു ഒരു വേടൻ തൻ്റെ കാൽകൾ തൊട്ട് നമസ്ക്കരിച്ച്
ചോദിക്കുകയാണ്......
"ഏൻ എന്നും കാണുന്നതാ തമ്പ്രാ,ഒന്നും കഴിക്കാതെ , കുടിക്കാതെ ,,ഉറക്കെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കഷ്ടപ്പെടുന്നത് , എന്താ കാര്യം? തമ്പ്രാ..ഏനോട് ശോല്ല് ..അടിയനെക്കൊണ്ടു നടക്കുന്നതാണെങ്കിൽ......
അടിയൻ സഹായിക്കാം, തമ്പ്രാ..വല്ലാതെ ക്ഷീണിച്ചു... ...പോയിരിക്കുന്നു..അടിയനിത് കാണാൻ.....വയ്യാത്തോണ്ടാ..ശൊല്ല് തമ്പ്രാ '..."
" എന്നറിയാം ഈ കാട്ടു വേടന് ? അറിവില്ലാത്തവനോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം?" പദ്മപാദർ ഒന്നും പറഞ്ഞില്ല, നിർബന്ധം സഹിക്ക വയ്യാതായപ്പോൾ അദ്ദേഹം പറഞ്ഞു,
"നിനക്കതു പറഞ്ഞാൽ മനസ്സിലാവില്ല !
ഞാൻ ശ്രീ മഹാവിഷ്ണുവിന്റെ ചതുർ അവതാരമായ ശ്രീ നരസിംഹ മൂർത്തിയെ പ്രത്യക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ കൊടും തപത്തിനൊയി ഒരുമ്പെട്ടിരിക്കുന്നതു!"
ആ പറഞ്ഞതൊന്നും തന്നെ പാവം വേടനു മനസ്സിലായില്ല,
നരസിംഹം എന്താണെന്നോ, എങ്ങിനെയിരിക്കുമെന്നൊ - അറിയാത്തത് കൊണ്ട് ആ പാവം, വീണ്ടും തന്റെ സംശയം പദ്മപാദരോട് ചോദിച്ചു.....
"തമ്പ്രാ..അറിയാത്തത് കൊണ്ടാണേ ..
ഈ നരസിങ്കം കാണാൻ എങ്ങിനെയാ..ഏതു ജീവിയെപ്പോലെയാണ് ?
അല്ല..ഈ കാട്ടിലെങ്ങാനും വച്ച് കാണുകയാണെങ്കിൽ ഞാൻ പിടിച്ചു കെട്ടി തമ്പ്രാന്റെ മുന്നില് കൊണ്ട് തരാം ..
അപ്പോഴെങ്കിലും തമ്പ്രാ പട്ടിണി കിടക്കുന്നത് നിറുത്തുമല്ലോ?"
വേടന്റെ വാക്കുകൾ കേട്ടു.....,
വിഡ്ഢിത്തമായി കരുതി, ഉള്ളിൽ പരിഹാസവും, അല്പം പുച്ഛവും കലർന്ന ഭാവത്തോടെ പദ്മപാദർ ഇങ്ങിനെ പറഞ്ഞു,
"പിന്നെ നരസിംഹം എന്നാൽ ശിരസ്സ് സിംഹത്തെപ്പോലെയും ,ഉടൽ മനുഷ്യസമാനവുമായ ഒരു അവതാരമാണ്.നിനക്കതു കാണുവാൻ പോയിട്ട്, മനസ്സിലാകുവാൻ തന്നെ പല ജന്മങ്ങൾ വേണ്ടി വരും .....
എനിക്കാരുടെയും സഹായം ഇക്കാര്യത്തിൽ വേണ്ട...."
കൂടുതലൊന്നും ആലോചിക്കാത്തെ വേടൻ നരസിംഹത്തെ കണ്ടു പിടിക്കാൻ പുറപ്പെട്ടു.
തനിക്ക് ഒന്നും കിട്ടാനല്ല...ഒരു ജീവൻ പട്ടിണി കിടന്നു നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടി മാത്രം..
ഒരു സന്യാസിയുടെ കഷ്ടപ്പാട് കുറക്കുവാനും അദ്ദേഹത്തെ സഹായിക്കുവാനും വേണ്ടി മാത്രം ചിന്തിച്ചു കൊണ്ട് ശുദ്ധനായ ആ വേടൻ കാടും,മേടും, മലകളും താണ്ടി നരസിംഹത്തെ അന്വേഷിച്ചു നടക്കുവാൻ തുടങ്ങി .
അതും "തമ്പ്രാന്റെ സിങ്കേ..തമ്പ്രാന്റെ സിങ്കേ.. നീയെങ്കെ?" എന്ന് ചോദിച്ചു കൊണ്ട്...
കാട്ടിലെ എല്ലാ ഗുഹകളിലും,വലിയ മരങ്ങളിലും,മലയടിവാരത്തും എന്ന് വേണ്ട,എല്ലായിടത്തും കണ്ട എല്ലാ മൃഗങ്ങളെയും പരിശോധിച്ച് കൊണ്ട്
"ഓ! ഇത് നീയായിരുന്നോ..നാൻ ഓർത്ത് തമ്പ്രാന്റെ സിങ്കമാണെന്ന് "
എന്ന് പറഞ്ഞു അതിനെ വിട്ടു കളയും.
ഇങ്ങിനെ രാവും പകലും ഒരു ഭ്രാന്തനെപ്പോലെ അവൻ തമ്പ്രാന്റെ സിങ്കത്തെ തേടി നടന്നു..
അങ്ങിനെ വിഷ്ണുപൂജ ചെയ്യുന്ന ഒരാളെ സഹായിക്കുക എന്ന മഹാപുണ്യത്താൽ സുകൃതിയായ ആ വേടൻ, അറിവോടെ കൊടുംതപം ചെയ്യുന്ന പദ്മപാദരെക്കാൾ ഭക്തിയിൽ, ഉയരങ്ങളിലായി. ഒപ്പം ശാരീരികമായി ഒരു തപസ്സ്വിയെക്കാളും ക്ഷീണിതനുമായിത്തീർന്നു..
എന്നിട്ടും അവൻ "തമ്പ്രാന്റെ സിങ്ക"ത്തെ അന്വേഷിച്ചു കൊണ്ടേയിരുന്നു...
ഒടുവിൽ ആ നിഷ്കളങ്കമായ, അതിലേറെ നിഷ്കാമമായ ഭക്തിയുടെ താപം സാക്ഷാൽ ശ്രീ വൈകുണ്ഠത്തെപ്പോലും തിളപ്പിക്കുവാൻ തുടങ്ങി..
സാക്ഷാൽ പന്നഗശ്രേഷ്ടനും, മഹാവിഷ്ണുവിന്റെ തല്പവുമായ അനന്തന്, വേടന്റെ തപ:ശക്തി കൊണ്ട് പാലാഴി തിളച്ചിട്ടു ദേഹം പൊള്ളാൻ തുടങ്ങി...
ഒപ്പം എല്ലാവരെയും, ദാരിദ്ര്യ താപത്താൽ തപിപ്പിക്കുവാൻ കഴിവുള്ളവളായ ശ്രീലക്ഷ്മീ ദേവിയും ഈ താപത്താൽ വലയുകയും, ഭഗവാനോട് എത്രയും പെട്ടെന്ന് ഇതിനു പരിഹാരം കാണണമെന്ന് പറഞ്ഞു സങ്കടമുണർത്തിക്കുകയും ചെയ്തു.
ഒടുവിൽ ഭഗവാൻ തന്റെ അടുത്ത ലീലക്കുള്ള സമയമായി എന്നറിയിച്ചു കൊണ്ട് പതിവ് പുഞ്ചിരിയോടെ അവിടെ നിന്നും അപ്രത്യക്ഷനായി.
സപ്തർഷികൾക്കും, ത്രിമൂർത്തികൾക്കും, എന്തിനു സാക്ഷാൽ ശ്രീലക്ഷ്മീഭഗവതിക്ക് പോലും പെട്ടെന്ന് പ്രാപ്യമല്ലാത്ത തന്റെ ശാന്ത-നരസിംഹരൂപത്തിൽ, നാലു തൃക്കൈകളിലും ശംഖു,ചക്രം, ഗദാപദ്മധാരിയായി, ആ ത്രൈലോക്യപതി, തന്റെ മഹത്വം ഒന്നുമറിയാതെ,സ്വന്തം സ്വാർഥ താത്പര്യത്തിനല്ലാതെ, തന്നെ അന്വേഷിച്ചലയുന്ന, പരമ സാധുവായ വേടൻ വരുന്ന വഴിയിൽ, അവനായി മാത്രം കാത്ത് നിന്നു....
"ഭക്തവത്സലൻ" എന്ന തന്റെ പേര് അന്വർഥമാക്കുവാൻ വേണ്ടി എന്ന പോലെ…
പാവം വേടൻ പതിവ് പോലെ “തമ്പ്രാന്റെ സിങ്ക”ത്തെ അന്വേഷിച്ചു നടക്കുമ്പോളതാ തന്റെ വഴിയിൽ, കോടിസൂര്യന്മാർ ഒന്നിച്ചുദിച്ച പോലെ കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം!!!
അടുത്തു ചെന്ന് നോക്കുമ്പോൾ ആ പ്രകാശത്തിനു നടുവിലായി അതാ താനിത്രനാളും നോക്കി നടന്ന,
"സാക്ഷാൽ തമ്പ്രാന്റെ സിങ്കം!!!"
ഒന്ന് കൂടി സൂക്ഷിച്ചു നോക്കി- അതെ..അത് തമ്പ്രാൻ പറഞ്ഞ പ്രകാരമുള്ള പകുതി സിങ്കവും,പകുതി മനുഷ്യനും ആയ ആൾ തന്നെ.
ഒപ്പം നാല് കൈകളും , ആ കൈകളിലൊക്കെ,എന്തൊക്കെയോ തിളങ്ങുന്ന സാധനങ്ങളും ഉണ്ട് ..
നല്ല ഓമനത്തമുള്ള, മുഖം!!!
തന്നെക്കണ്ട് പേടിച്ചെന്നു കരുതി ,ഭഗവാനെ സമാധാനിപ്പിച്ചു കൊണ്ട് ,ആ പാവം ഇങ്ങിനെ പറഞ്ഞു.
"തമ്പ്രാന്റെ സിങ്കേ,തമ്പ്രാന്റെ സിങ്കേ..ഇത്ര നാളും നീ എങ്കെയായിരുന്നു,
അവിടെ ഒരു പാവം തമ്പ്രാ നിന്നെ കാണാഞ്ഞു ,തണ്ണി പോലും കുടിക്കാതെ ഒറ്റക്കാലിലും, തീയിന്റെ നടുവിലും ഒക്കെ നിന്ന് എന്തൊക്കെയോ പറഞ്ഞു കരയുകയാണ് ....... നാൻ നിന്നെ ഉപദ്രവിക്കില്ല. പതുക്കെ എന്റെ കൂടെ വന്നു ആ തമ്പ്രാനു ഒന്ന് മുഖം കാണിച്ചാൽ മാത്രം മതി. പിന്നെ എവിടെ വേണമെങ്കിലും പൊയ്ക്കോ..
അത് വരെ നിനക്ക് പശിക്കാതിരിക്കാൻ ദാ ഈ ഒരു പിടി പുല്ല് തിന്നോ .."
എന്ന് പറഞ്ഞു കൊണ്ട് നിലത്ത് വളർന്ന് കിടക്കുന്ന പച്ചപ്പുല്ല് പറിച്ചു നരസിംഹ രൂപത്തിനു നേരെ നീട്ടി.
തന്റെ ഏതു ഭക്തനും, യഥാർഥ ഭക്തിയോടെ എന്ത് തന്നാലും,
അമൃതിനു തുല്യം സ്വീകരിക്കുന്ന ഭഗവാൻ വിഷ്ണു, തന്റെ പതിവ് തെറ്റിച്ചില്ല.
അദ്ദേഹം ആ വേടൻ നൽകിയ ഒരു പിടി പുല്ല് ഒരു പുഞ്ചിരിയോടെ സ്വീകരിച്ചു .
ഉടനെ ,അവിടെ കണ്ട ഒരു കാട്ടുവള്ളി കൊണ്ട് വേടൻ, മഹാപരാക്രമിയായ അസുരൻ ഹിരണ്യകശിപുവിനു പോലും പ്രാണഭയത്തെ നൽകിയ, സാക്ഷാൽ ശ്രീ നരസിംഹമൂർത്തിയെ അനായാസമായി ബന്ധിച്ചു കൊണ്ട് വള്ളിത്തുമ്പും പിടിച്ച് മുൻപേ നടന്നു.
ലോകത്തെ മുഴുവൻ തന്റെ ഉഗ്രകോപത്താൽ അമ്മാനമാടിയ ആളാണോ, ആ നിരക്ഷരകുക്ഷിയായ വേടന്റെ പുറകെ ഒരു മാൻ കുട്ടിയെപ്പോലെ പോകുന്നത് എന്നോർത്തു, സകല ദേവതകളും ഭഗവാന്റെ ഈ പുതിയ ലീല കാണുവാൻ ആകാശത്തിൽ തടിച്ചു കൂടി ശ്വാസമടക്കിപ്പിടിച്ചു നിന്നു!
രണ്ടു പേരും കൂടി പദ്മപാദരുടെ അടുത്തെത്തി. വേടൻ വലിയ സന്തോഷത്തോടെയും അതിലേറെ ഉത്സാഹത്തോടെയും പദ്മപാദരെ വിളിച്ചു കൊണ്ടിങ്ങനെ പറഞ്ഞു
"തമ്പ്രാ.. കണ്ണ് തൊറ..ദേ..നാൻ എന്താ കൊണ്ട് വന്നേന്ന് നോക്ക്.. തമ്പ്രാ പറഞ്ഞ രൂപമുള്ള തമ്പ്രാന്റെ സിങ്കത്തിനെ തന്നെ ..ശരിയല്ലേന്നു കണ്ണ് തൊറന്നു പാത്ത് ശൊല്ല് തമ്പ്രാ.."
പദ്മപാദർ വേടന്റെ വാക്കുകളെ വിലക്കെടുത്തില്ല , കണ്ണ് തുറന്നതുമില്ല..
ശല്യം സഹിക്ക വയ്യാതായപ്പോൾ അദ്ദേഹം കണ്ണ് തുറക്കുക തന്നെ ചെയ്തു. അപ്പോൾ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ അമ്പരപ്പിക്കുക തന്നെ ചെയ്തു !
വലിയ നരസിംഹഭക്തനാണെന്നു സ്വയം അഹങ്കരിച്ച തന്റെ ചിട്ടയായ, എല്ലാ പൂജകൾക്കും,തപസ്സിനും മുന്നിൽ,പ്രത്യക്ഷനാകാതിരുന്ന തന്റെ ഇഷ്ടദേവത സാക്ഷാൽ ശ്രീനരസിംഹമൂർത്തി, യാതൊരു അറിവോ, വകതിരിവോ ഇല്ലാത്ത വേടന്റെ കൈയിലെ വെറും കാട്ടുവള്ളിയിൽ ബന്ധിതനായി അനുസരണയുള്ള ഒരു ആട്ടിൻ -കുട്ടിയെപ്പോലെ നില്ക്കുന്നു. ചുണ്ടിൽ ലോകത്തെ മുഴുവൻ മയക്കുന്ന തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ...
ഒരു നിമിഷം പരിഭ്രമം കൊണ്ടും, തന്റെ അവിവേകം മൂലമുണ്ടായ ലജ്ജ കൊണ്ടും തരിച്ചു നിന്നു പോയ അദ്ദേഹം, സ്വബോധം തിരിച്ചു കിട്ടുകയും അഹങ്കാരത്തിൽ നിന്നു പൂർണ മോചനം നേടുകയും ചെയ്ത് ഭഗവാന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുവാനായി ഓടിച്ചെന്നപ്പോൾ ,
ഭഗവാൻ അദ്ദേഹത്തോട്, "ആദ്യം നിഷ്കാമഭക്തനും, പുണ്യാത്മാവുമായ വേടനെ നമസ്കരിച്ച ശേഷം തന്നെ നമസ്കരിച്ചാൽ മതി" എന്ന്പറയുന്നു.
അപ്രകാരം,സ്വയം ജ്ഞാനിയെന്നു ധരിച്ച,പാണ്ഡിത്യത്തിന്റെ അഹങ്കാരത്തിൽ അന്ധനായിപ്പോയ അദ്ദേഹത്തെ, ”നല്ല മനസിനല്ലാതെ തന്നെ ബന്ധിക്കുവാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല” എന്ന് ഭഗവാൻ മനസ്സിലാക്കികൊടുത്തു.
Curtesy :Aravind Nair
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ