Keyman for Malayalam Typing

ഭജഗോവിന്ദം (മോഹമുദ്ഗരം)10

 ഭജഗോവിന്ദം (മോഹമുദ്ഗരം)10

ശ്ലോകം_10

"വയസി ഗതേ കഃ കാമവികാരഃ
ശുഷ്കേ നീരേ കഃ കാസാരഃ
ക്ഷീണേ വിത്തേ കഃ പരിവാരഃ
ജ്ഞാതേ തത്ത്വേ കഃ സംസാരഃ. "

(യൗവനം കഴിഞ്ഞാല്‍ കാമവികാരമേത്? ജലം വറ്റിയാല്‍ പിന്നെ കുളമെന്താണ്? ധനം കുറഞ്ഞാല്‍ ആശ്രിതജനങ്ങളെവിടെ? യഥാര്‍ത്ഥജ്ഞാനമുണ്ടായാല്‍ പ്രാപഞ്ചിക ദുഃഖം എന്താണ്? യൗവ്വനം കഴിയുന്നതോടെ ഏതൊരുവനിലേയും കാമ വികാരം ക്ഷയിക്കുകയും, വാര്‍ദ്ധക്യാവസ്ഥയില്‍ എത്തുന്നതോടെ അത് പൂര്‍ണ്ണമായ് നശിച്ചുപോകുകയും ചെയ്യുന്നു. ജലം വറ്റിയാല്‍ പിന്നെ തടാകം ആരും അന്വഷിക്കറില്ല എന്നതുപോലെ ഒരുവന്റെ സമ്പത്ത് ഇല്ലാതാകുന്നതോടെ ബന്ധുമിത്രാദികള്‍ പോലും അവനെ ഉപേക്ഷിക്കും. എന്നാല്‍ നിര്‍മ്മോഹത്തിലൂടെ ആര്‍ജ്ജിക്കുന്ന യഥാര്‍ത്ഥജ്ഞാനം അവനെ എല്ലാ സംസാര ദു:ഖങ്ങളില്‍ നിന്നും രക്ഷിക്കും.

സംസാര ബന്ധങ്ങളിൽ നിന്നും മോചനം നേടാനും തത്ത്വജ്ഞാനം ഉണ്ടാകാനും ആയി പ്രയത്നിക്കാൻ ഉപദേശിക്കുകയാണ് ഈ സ്തോത്രം. കാമവും അതിവികാരങ്ങളും ഉണ്ടാകുന്നത് യൗവ്വനാവസ്ഥയിലാണ്. സ്വാർത്ഥതാൽപര്യങ്ങൾക്കും സുഖലോലുപതക്കുമായി പലരും യൗവ്വനത്തെ മാറ്റിവെയ്ക്കുന്നു. കരുത്തും ചുറുചുറുക്കും അവരെ കൂടുതൽ അഹന്തയുള്ളവരാക്കുന്നു. കാമങ്ങളിൽ നിന്നും കാമങ്ങളിലേക്ക് അവർ പ്രയാണം ചെയ്യുന്നു. 

എന്നാൽ വാർദ്ധക്യാവസ്ഥയിൽ എത്തുമ്പോഴേക്കും കാമം വറ്റി തുടങ്ങുന്നു. ചിന്തക്ക് ബലം കൂടുന്നു. അപ്പോൾ ചെയ്ത കാര്യങ്ങളെക്കുറിച്ച് ദു:ഖിക്കുന്നു. ചിലപ്പോൾ മരന്ന ഭയം വല്ലാതെ പിടിമുറുക്കുന്നു.
എന്നാണ് തടാകം? ജലം ഉള്ളപ്പോൾ മാത്രമാണ് അത് തടാകമായി നിലനിൽക്കുന്നത്. ജലം വറ്റിക്കഴിഞ്ഞാൽ അതൊരു കുഴിമാത്രമായിരിക്കും. ഇതു പോലെയാണ് മനുഷ്യൻ്റെ അവസ്ഥയും. സമ്പത്ത് കുന്നുകൂടുംമ്പോൾ പരിവാരങ്ങൾ വന്നു ചേരുന്നു. സമ്പത്ത് അസ്തമിക്കുമ്പോൾ ജലം വറ്റിയ കുളം പോലെ പരിഹാസ കഥാപാത്രമായി മാറുന്നു. ഈ സത്യത്തെ തിരിച്ചറിയുന്നവരാരോ അവർ തത്ത്വത്തെ പുൽകുന്നു. തത്ത്വത്തെ പുൽകിയാലോ ജനന മരണമാകുന്ന പ്രാപഞ്ചിക ജീവിതത്തെ മറികടക്കാനാകുന്നു.

സർവ്വതിലും ആത്മനേയും ആത്മനിൽ സർവ്വതിനേയും കാണുന്ന ഒരുവനെ മോഹവും ശോകവും അലട്ടുകയില്ല. ഞാനെന്ന ഏകാത്മഭാവമാണ് മോഹ ശോകത്തിൽ നിന്നുള്ള മുക്തിക്ക് നിദാനം. അതിനാൽ ഞാൻ എന്ന പരമമായ തത്വത്തെ തിരിച്ചറിയലാണ് ഭജഗോവിന്ദത്തിൻ്റെ ലക്ഷ്യവും.

ഓം ഹരി ഗോവിന്ദായ നമ:
...

സന്ധ്യാവന്ദനം ( sandya vandanam)

സന്ധ്യാവന്ദനം 

കൂപേ വീണുഴലുന്നതുപോലെ
ഗേഹേ വാണുഴലുന്ന ജനാനാം
ആപത്ഗണമകലേണ്ടുകിൽ മുനിജന-
വാക്കുകൾ പറയാം നാരായണ ജയ!.

കെട്ടുകളായതു കർമ്മം; പുരുഷനു
കെട്ടുകളറ്റേ മുക്തി വരൂ ദൃഢം;
കെട്ടുകളോ ഫലഭുക്ത്യാ തീരും;
കേട്ടായിനിയും നാരായണ! ജയ!

കേൾക്കണമെളുതായുണ്ടു രഹസ്യം;
ദുഷ്കൃതവും നിജ സുകൃതവുമെല്ലാം
കാൽക്കൽ നമസ്കൃതി ചെയ്തു മുകുന്ദനി-
ലാക്കുക സതതം; നാരായണ ജയ.

ഓം നമോ നാരായണായഃ നമഃ

ശുഭസന്ധ്യ!  

അഷ്ടാക്ഷര മാഹാത്മ്യം



അഷ്ടാക്ഷര മാഹാത്മ്യം

നമ്മൾ ഏവർക്കും സുപരിചിതമായ മന്ത്രമാകുന്നു അഷ്ടാക്ഷര മഹാ മന്ത്രമായ  "ഓം നമോ നാരായണായ" എന്നാൽ ഈ മന്ത്രത്തിൻ്റെ മഹത്വം ചുരുക്കം ചിലർക്ക് മാത്രം അറിയാമെന്നതാണ് സത്യം, പലരും ഈ മന്ത്രത്തെ നാമമായും എടുക്കാറുണ്ട്. ഈ മന്ത്രത്തിൻ്റെ മൂല്യമറിയാതെ നിസാരമായി കരുതുന്നവരുമുണ്ട്, നമുക്ക് അഷ്ടാക്ഷര മന്ത്രമാഹാത്മ്യത്തെ കുറിച്ച് ചിന്തിക്കാം.

അഷ്ടാക്ഷരീമന്ത്രത്തിലെ ഓരോ അക്ഷരവും അഷ്ടപ്രകൃതികളെയാണ്  സൂചിപ്പിക്കുന്നത്.  പഞ്ചഭൂതങ്ങളായ  ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയേയും  മനസ്സ് , ബുദ്ധി, ചിന്ത എന്നിവയേയും ചേർത്ത് പറയുന്നതാണ് "അഷ്ട പ്രകൃതി". അതിനാൽ ഈ മന്ത്രം ഭക്തിയോടെ ജപിച്ചുപോന്നാൽ  അഷ്ടപ്രകൃതികൾ  നമുക്കനുകൂലമാകുകയും   ജീവിതത്തിൽ മനഃശ്ശാന്തിയും നന്മയും രോഗശാന്തിയും ലഭിക്കുകയും ചെയ്യും. 

നാരായണ - നരന്റെ ഉള്ളിൽ അയനം ചെയുന്ന സജീവ അവസ്ഥക്ക് കാരണ ഭൂതമാകുന്ന പ്രാണ ശക്തി ആകുന്നു "ഹംസഃ". ഈ പ്രാണ ശക്തി തന്നെ ആകുന്നു നാരായണൻ.
മറ്റൊരു അർത്ഥത്തിൽ സകല ജീവാത്മകളുടെ അന്ത്യ വിശ്രാന്തി ഏകുന്ന പരമ ആത്‍മനാകുന്നു നാരായണൻ.

ആ പരമ ആത്മാവിൻ്റെ തന്നെ മൂല മന്ത്രമാകുന്നു അഷ്ടാക്ഷരി മഹാ മന്ത്രം.

ഈ മന്ത്രത്തെ കുറിച്ച് അറിയും മുൻപ് വൈഷ്ണ ദർശനത്തെ കുറിച്ച് അറിയണം. വൈഷ്ണവ ദർശനം ആദി നാരായണാധിഷ്ഠിതമാണ്. പരബ്രഹ്മം തന്നെ സഗുണ ഭാവത്തിൽ ആദി നാരായണനായി രൂപം കൊണ്ടു അദ്ദേഹത്തിൽ നിന്നും ആദിശക്തി മഹാലക്ഷ്മിയും ക്രമേണ വാസുദേവൻ സംഘർഷണൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ ഇവരെ "ചതുർവ്യൂഹം" എന്ന് വിളിക്കും. ഇവരിൽ നിന്ന് ബ്രഹ്മാവും, രുദ്രനും, ക്രമേണ ഉപവ്യൂഹങ്ങളും ആവിർഭവിച്ചു സകല ബ്രഹ്മാണ്ഡ ചക്രം പ്രവർത്തിക്കുന്നു.

നാരായണ നാമവും ചതുർവ്യൂഹവും

"നാരായണ"
ന - കാരത്തിൽ നിന്നു വാസുദേവനും.
ര - രാകാരത്തിൽ നിന്നു സംകർഷണനും.
യ - കാരത്തിൽ നിന്നു പ്രദ്യുമ്നനും.
ണ - കാരത്തിൽ നിന്നു അനിരുദ്ധനും ആവിർഭവിക്കും.

നാരായണ എന്ന ഒറ്റപഥം ഉരുവിടുമ്പോൾ അവിടെ ചതുർവ്യൂഹം പ്രകടമാകും. ആ വ്യൂഹത്തിൻ്റെ ഉള്ളിൽ ത്രിദേവന്മാരും കേശവാദി ഉപവ്യൂഹങ്ങൾ തൊട്ട് അണുവരെ ഉള്ള സർവ്വമാനബ്രഹ്മാണ്ഡവും ഉൾക്കൊള്ളും.
വൈഷ്ണവ ദർശന പ്രകാരം 26 തത്ത്വ സിദ്ധാന്തം ആകുന്നു പറയപ്പെടുന്നത്.

പൃഥ്‌വി തൊട്ടുള്ള 24 തത്വം ശേഷം
ജിവാത്മൻ 25
പരമ പുരുഷൻ 26.
ഇങ്ങനെ 26 തത്വങ്ങൾ ഉൾക്കൊണ്ട് പരമ പുരുഷനാകുന്നു നാരായണൻ.
വൈഷ്ണവ ദർശനം ഈ ബ്രഹ്മാണ്ഡത്തെ മൂന്ന് ആയി ഭാഗം ചെയ്യും
ഓം - ശരീരം (24തത്വ രൂപം) ജഡം.
നമോ - ജീവാത്മാവ്
നാരായണായ - പരമാത്മാവ്
അതിനാൽ പരബ്രഹ്മത്തിന്റെ മന്ത്രം ആകുന്നു അഷ്ടാക്ഷരി മഹാ മന്ത്രം.
നാരായണ അഷ്ടാക്ഷരിയും ഋഷി ഛന്ദ് ആദി ന്യാസവും.

അഷ്ടാക്ഷരി മഹാ മന്ത്രത്തിന്റെ ഓരോ അക്ഷരത്തിനും ഒരു ഋഷി ഒരു ഛന്ദസ്സ് ഉണ്ട്.
ഓം -> ഗൗതമ ഋഷി -> ഗായത്രി ഛന്ദസ്സ്.
ന -> ഭരദ്വാജ ഋഷി -> ഉഷ്ണിക ഛന്ദസ്സ്.
മോ -> വിശ്വാമിത്ര ഋഷി -> അനുഷ്ടുപ് ഛന്ദസ്സ്.
നാ -> ജമദഗ്നി ഋഷി -> ബൃഹതി ഛന്ദസ്സ്.
രാ -> വസിഷ്ഠ ഋഷി -> പംക്തി ഛന്ദസ്സ്.
യ -> കാശ്യപ ഋഷി -> തൃഷ്ടുപ ഛന്ദസ്സ്.
ണാ -> അത്രി ഋഷി -> ജഗതി ഛന്ദസ്സ്.
യ -> അഗസ്ത്യ ഋഷി -> വിരാട് ഛന്ദസ്സ്.

ഇങ്ങനെ ഓരോ അക്ഷരത്തിനും ഓരോ ഛന്ദസ്സും  ഋഷിയും ഉണ്ട്. സകല അക്ഷര ത്തിന്റേയും ദേവത നാരായണൻ തന്നെ ആകുന്നു.

സര്‍വ ഐശ്വര്യങ്ങളുടേയും കാരകനായ ഭഗവാൻ മഹാവിഷ്ണുവിനെ ധ്യാനിച്ചു വേണം ഈ മന്ത്രം  ജപിക്കാൻ. അഭീഷ്ട സിദ്ധിക്കായി നിത്യേന നൂറ്റെട്ട് തവണ ജപിക്കുന്നതാണ് ശ്രേഷ്ഠം. വ്യാഴദശാകാല  ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കാൻ  ഏറ്റവും ഉത്തമമാർഗമാണ് അഷ്ടാക്ഷരീ മന്ത്രജപം. 

ഓം നമോ നാരായണായ: 

***

ഭജഗോവിന്ദം ( മോഹമുദ്ഗരം) 6

ശ്രീശങ്കരാചാര്യ_വിരചിത_ഭജഗോവിന്ദം (മോഹമുദ്ഗരം)

ശ്ലോകം_6

"യാവദ് പവനോ നിവസതി ദേഹേ
താവല്‍ പൃച്‌ഛതി കുശലം ഗേഹേ
ഗതവതി വായൗ ദേഹാപായേ
ഭാര്യാബിഭ്യതി തസ്‌മിന്‍ കായേ!" 

ശരീരത്തില്‍ നിന്റെ ആത്മാവ് നിലനില്‍ക്കുന്നിടത്തോളം കാലം മാത്രമേ നിന്റെ വീട്ടിലുള്ളവര്‍ക്കു പോലും നിന്നോട് സ്‌നേഹവും ഔല്‍‌സുക്യവും മറ്റും ഉണ്ടാവുകയുള്ളൂ. പ്രാണന്‍ ശരീരത്തിലുള്ളിടത്തോളം ആളുകള്‍ ക്ഷേമവര്‍ത്തമാനങ്ങള്‍ ചോദിക്കും. വായൂ രൂപത്തിലുള്ള നിന്റെ ആത്മാവ് ശരീരത്തെ വെടിയുന്നതോടെ നീ കേവലം ജഡമായ് തീരുകയും, ഇന്നുവരെ നിന്നെ പുണര്‍ന്നുറങ്ങിയ ഭാര്യ പോലും നിന്റെ ജഡത്തെ ഭയക്കുകയും, അറക്കുകയും ചെയ്യും.

കുടുംബ ജീവിതത്തിൻ്റെ അനശ്വരതയെ പാടിപ്പുകഴ്ത്തുന്നവർക്കു മുൻപിൽ എത്ര നശ്വരമാണ് ഈ ജീവിതം എന്ന് ഭജ ഗോവിന്ദം ബോദ്ധ്യപ്പെടുത്തുന്നു. ശരീരമല്ല സത്യമെന്ന് ഭജഗോവിന്ദം സമർത്ഥിക്കുന്നു. ശരീരം അഴുകാനുള്ളതാണ് ഗാത്രാസക്തിക്ക് കാരണമാകുന്നത്. 

ശരീരത്തെക്കുറിച്ച് പറയുമ്പോൾ പാമ്പിനെ ഓർത്തു പോകുന്നു. സ്വന്തം ശരീരഭാഗം അഴിച്ചിട്ട് അതിനെ ദൂരെ നിന്ന് നോക്കി കാണാൻ ഭാഗ്യം ലഭിച്ച ഏക ജീവിയാണ് പാമ്പ്. പാമ്പിനെ അത്രയേറെ ശരീരബോധമോ അഹങ്കാരമോ ഉണ്ടാവുമെന്ന് തോന്നുന്നില്ല. എന്തുകൊണ്ടെന്നാൽ സ്വന്തം ശരീരപടം അഴുകിയഴുകി മണ്ണോടു ചേരുന്നത് അതിന് നേരിട്ട് കാണാനാകുന്നു. ഇത്രയും വ്യർത്ഥമാണോ ശരീരമെന്നു ചിന്തിച്ച് ഏകാന്ത മാളത്തിൽ ഒരോ പാമ്പും ഉറങ്ങിക്കിടക്കുന്നു. അതു കൊണ്ട് മൂഢബുദ്ധേ…. ഭാര്യ, മക്കൾ, പരിവാരങ്ങൾ ഇവയൊന്നും ശ്വശ്വതമല്ല… ഗോവിന്ദനെ ഭജിക്കുക… 
  
        🔱 ഓം ഹരി ഗോവിന്ദായ നമ 🙏