മഹാദേവക്ഷേത്രങ്ങൾ - 1
ചെറുതിരുനാവായ മഹാദേവക്ഷേത്രം.
ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ 98-മത്തെ ക്ഷേത്രമാണിത്. കൂടാതെ, ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപ്പതികളിൽ) കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്ന്.
മലപ്പുറം ജില്ലയിൽ പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവ-ബ്രഹ്മാ പ്രതിഷ്ഠകൾ ഉള്ള മഹാക്ഷേത്രമാണ് ചെറുതിരുനാവായ മഹാദേവക്ഷേത്രം. ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് പ്രസിദ്ധമായ ശ്രീ മഹാവിഷ്ണുവിന്‍റെ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശ്രീ ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷം. അപൂർവ്വമായി കണ്ടു വരുന്ന ശ്രീമഹാ വിഷ്ണു പ്രതിഷ്ഠകൾ ( ശ്രീമഹാലക്ഷ്മിക്ക് തന്‍റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള ) ഒരു ക്ഷേത്രം കൂടിയാണിത്.
പിതൃതർപ്പണ കർമ്മങ്ങൾക്ക് ഏറ്റവും പ്രസിദ്ധമാണ് തിരുനാവായിലെ ത്രിമൂർത്തിസംഗമസ്ഥാനം.
ഒരേ സ്ഥലത്ത് ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തുന്നത് ഗംഗാനദീ തീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം. പരശുരാമൻ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്‍റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി ഇവിടെ നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നു ഐതിഹ്യം. രാമൻ കർക്കിടക അമാവാസി നാളിൽ പുണ്യനിളയിൽ വ്രതശുദ്ധിയോടെ തർപ്പണം നടത്തുകയും, ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് മോക്ഷ-സായൂജ്യമേകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടം ബലിതർപ്പണ കർമ്മങ്ങൾക്ക് ഏറെ ഖ്യാതി നേടിയത് എന്നു വിശ്വസിക്കുന്നു.
ഇതിഹാസ പ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത് ഈ ക്ഷേത്രങ്ങളുടെ പരിസരത്ത് വെച്ചായിരുന്നു.
നവയോഗികളായ സത്തുവനാഥർ, സാലോഗ നഥർ, ആദിനാഥർ, അരുളിത്തനാഥർ, മാദംഗ നാഥർ, മച്ചേന്ദിര നാഥർ, കഡയന്തിര നാഥർ, കോരയ്ക്കനാഥർ, കുക്കുടാനാഥർ, എന്നിവർക്ക് ഭഗവാനിവിടെ ദർശനം നൽകിയിട്ടൂണ്ട്. യാഗങ്ങൾ നടത്തുന്നതിൽ വളരെ സമർത്ഥരായിരുന്നു ഈ നവയോഗികളും. അതുകൊണ്ട് തന്നെ പണ്ട് ഈ സ്ഥലം “തിരുനവയോഗി” എന്നും കാലം പോയതനുസരിച്ച് ആ പേർ ലോപിച്ച് "തിരുനാവായ" എന്നുമായിമാറി."താപസ്സന്നൂരാണ്" തവനൂര്‍ ആയിമാറിയതെന്നു സ്ഥലനാമചരിത്രത്തെ പറ്റി പഴമൊഴിയുണ്ട്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദിവ്യന്മാരായ മുനിശ്രേഷ്ഠര്‍ തപസ്സനുഷ്ഠിച്ചിരുന്ന തീരമായതു കൊണ്ടാണ് താപസ്സന്നൂരെന്ന പേര് സിദ്ധിച്ചതെന്നാണ് പ്രബലമായ വാമൊഴിപ്രചാരം. ഇവിടെ നിന്നും കണ്ടെടുത്തിട്ടുള്ള ഗുഹകളും മണ്‍പാത്രങ്ങളും മറ്റും ഈ അഭിപ്രയത്തിനു ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
തളിപ്പറമ്പ് ശിവക്ഷേത്രം ഉൾപ്പെടെ പല മഹാ ക്ഷേത്ര മാഹാത്മ്യങ്ങളുമായി പേരുചേര്‍ത്തു പറയപ്പെടുന്ന പ്രശസ്തനായ ശ്രീ വില്വമംഗലം സ്വാമിയുടെ ജന്മദേശമായിരുന്ന മുവ്വാങ്കരയില്‍ നിന്നും സമീപകാലത്തു കണ്ടെടുത്ത താളിയോല ഗ്രന്ഥങ്ങള്‍ ഈ ഗ്രാമത്തിന്‍റെ പ്രാചീന സംസ്കൃതിയെ സൂചിപ്പിക്കുന്നു. ദക്ഷിണാമൂര്‍ത്തീസ്തവം, ശ്രീകൃഷണാമൃതം തുടങ്ങി ഇരുപതോളം കൃതികള്‍ ശ്രീ വില്വമംഗലത്തിന്‍റെതായി കണ്ടെത്തിയിട്ടുണ്ട്.
പ്രശസ്ത കവിയായ ശ്രീ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് തിരുനാവായയിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയായി നിളാ തീരത്തുള്ള മേൽപ്പത്തൂർ ഇല്ലത്താണ് ജനിച്ചത്.
(മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ തിരൂരിന് 8-കി.മി. തെക്കാണ് തിരുനാവായ. തിരുനാവായ റെയിൽവേസ്റ്റേഷനിൽ നിന്നും ഒരു മൈൽ അകലെയാണ് ഈ ക്ഷേത്രം )
***