Keyman for Malayalam Typing

ധർമ്മദേവതയും, കുലദേവതയും

ധർമ്മദേവതയും, കുലദേവതയും

കുലം' എന്നതിന് അനേകം അർത്ഥങ്ങളുണ്ട്.

'കുലം ജനപഥേ ഗൃഹേ സജാതീയ
ഗണേ ഗോത്രേ ദേഹേപി കഥിതം'

എന്ന് വിശ്വകോശം. അതായത് ജനപഥം, ഗൃഹം, സജാതീയ ഗണം, ഗോത്രം, ദേഹം എന്നർത്ഥം. കൂടാതെ വംശം, ദേശം, വർഗ്ഗം, എന്നീ അർത്ഥങ്ങളുമുണ്ട്. ദേവി ഇതിലെല്ലാം സ്ഥിതി ചെയ്യുന്നു.

'പൂജനീയാ ജനൈർദേവി
സ്ഥാനേ സ്ഥാനേ പുരേ പുരേ
ഗൃഹേ ഗൃഹേ ശക്തിപരെർ
ഗ്രാമേ ഗ്രാമേ വനേ വനേ'

ഓരോഗൃഹത്തിലും ഓരോ നഗരത്തിലും ഓരോ വനത്തിലും ഓരോ ഗ്രാമത്തിലും ഓരോ ദേഹത്തിലും പൂജിക്കാൻ യോഗ്യതയുള്ളവളാണ് ശ്രീദേവിയെന്നർത്ഥം. അപ്പോൾ ഓരോ കുടുംബത്തിന്റെയും ഓരോ വംശത്തിന്റെയും ദേവതയാണ് പരമേശ്വരി.

ലളിതാസഹസ്രനാമത്തിലെ 91 -ാം നാമം 'കുലസങ്കേതപാലിനി' എന്നാണ്. ഇവിടെ സങ്കേതം എന്നതിന് 'പ്രജ്ഞപ്തി' യെന്ന് പര്യായം. അതായത് ജ്ഞാനം എന്നർത്ഥം (ശബ്ദകല്പദ്രുമം വർഗ്ഗീയവ്യഞ്ജന ഖണ്ഡം) പാലിനിയെന്നാൽ പാലിക്കുന്നവൾ, രക്ഷിക്കുന്നവൾ എന്നർത്ഥം. അപ്പോൾ കുലത്തിന്റെ ജ്ഞാനത്തെ പാലിക്കുന്നവൾ എന്നർത്ഥം. ഇങ്ങനെ അനേകം കുലങ്ങളെ അഥവാ വംശങ്ങളെയും കുല ജ്ഞാനത്തേയും പാലിച്ചുകൊണ്ട്,രക്ഷിച്ചു കൊണ്ട്  നിലകൊള്ളുന്നതിനാൽ ദേവി കുലദേവതയാണ്.

ധർമ്മദേവത

ലളിതാസഹസ്രനാമത്തിലെ 884-ാം നാമം ധർമ്മാധാരാ എന്നാണ്. ധർമ്മത്തിന് ആധാരമായവൾ എന്നർത്ഥം. ധർമ്മമെന്നാൽ സംവർത്ത സ്മൃതി പറയുന്നു,

' യസ്മിൻ ദേശേ യ ആചാരാ പാരമ്പര്യക്രമാ ഗത :
ആമ്നായൈരവിരുദ്ധശ്ച സ ധർമ്മ
പരികീർത്തിത: '

വേദങ്ങളുടെ വിധി നിഷേധങ്ങൾ അനുസരിച്ച് ഓരോ ദേശത്തും പരമ്പരയായി അനുവർത്തിച്ചു വരുന്ന ആചാരത്തെയാണ് ധർമ്മം എന്ന് പറയുന്നത്. ഓരോ കുടുംബത്തിനും വംശങ്ങൾക്കുമെല്ലാം ഓരോരോ ധർമ്മങ്ങളുണ്ട്. അത് കാലദേശങ്ങൾക്കനുസരിച്ച് വിത്യാസപ്പെട്ടിരിക്കും. അതുപോലെ ജന്മ സ്വഭാവം, സാഹചര്യങ്ങൾ, ജനിതക പ്രത്യേകതകൾ എന്നിവ കൊണ്ട് വ്യക്തിധർമ്മങ്ങളും വിത്യസ്തമാകുന്നു. എന്നാൽ എല്ലാക്കാലത്തും എല്ലാ ദേശത്തും ഒരുപോലെയുള്ള ചില ധർമ്മങ്ങളുണ്ട്.

ഉദാ: മാതാപിതാ ഗുരുർ ദൈവം. അച്ഛനെയും അമ്മയെയും ഗുരുവിനെയും ഈശ്വരനായി കണ്ട് നമസ്ക്കരിക്കണം. ഇതിന് ഒരിടത്തും ഒരിക്കലും മാറ്റമില്ല. ഇങ്ങനെ വംശപാരമ്പര്യമനുസരിച്ചുള്ള ധർമ്മങ്ങൾക്കും വ്യക്തിനിഷ്ഠങ്ങളായ ധർമ്മങ്ങൾക്കും ആധാരം ദേവി തന്നെയാണ്. അതിനാൽ ദേവി തന്നെ അവയെല്ലാം പാലിച്ചുകൊണ്ട് നിൽക്കുന്നതിനാൽ ധർമ്മദേവതയുമായി.

ഇനി ധർമ്മയെന്നതിന് 'ധരതി ലോകാൻ ധ്രിയതേ ' എന്ന അർത്ഥത്തിൽ ലോകത്തെ ധരിക്കുന്നത് എന്നർത്ഥം കാണുന്നു. ആധാരാ എന്നാൽ ആധാരമായവൾ എന്നർത്ഥം. അപ്പോൾ ലോകത്തെ ധരിച്ച് അതിന് ആധാരമായി പ്രകാശിക്കുന്നവളാകയാൽ ദേവി ധർമ്മദേവതയുമാകുന്നു.

കൂടാതെ ദേവീമാഹാത്മ്യം ഒന്നാം അധ്യായം 75-ാം ശ്ലോകം നോക്കൂ,

ത്വയൈതദ് ധാര്യതേ വിശ്വം 
ത്വയൈതത് സൃജ്യതേ ജഗത്
ത്വയൈതത് പാല്യതേ ദേവി 
ത്വമത്സ്യന്തേച സർവ്വദാ !

ഈ ലോകത്തെ സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും സംഹരിക്കുന്നതും ദേവി തന്നെയാണ്. ഇങ്ങനെ പിന്നെയും പിന്നെയും ദേവിയാൽ ഈ വിശ്വം ധരിക്കപ്പെടുന്നു. അങ്ങിനെ ' കുലദേവതാ ' നാമവും വിശദമായി.

തങ്ങളുടെ ധർമ്മദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മദൈവാരാധന നടത്തണമെന്നോ അറിയാത്തവർക്കും, കുടുംബത്തിൽ നിന്നും വേർപെട്ട് വദേശത്തും വിവിധ പ്രദേശങ്ങളിലും മറ്റും താമസിക്കുന്നതിനാൽ യഥാവിധി പരദേവതാപൂജ നടത്തുവാൻ സാധിക്കാത്തവരും ജഗജനനിയായ ദേവിയെ ആശ്രയിച്ചാൽ മാത്രം മതി എല്ലാ പരദേവതകളും അനുഗ്രഹിക്കുവാൻ.

കുടുംബദേവതകൾ,  ഗ്രാമദേവതകൾ, ദേശ ദേവതകൾ മുതലായ എല്ലാ അംശ ശക്തികളും ചേർന്നു നിൽക്കുന്നത് ആ മഹാശക്തിയിലാണ്. ദേവീ മാഹാത്മ്യം 10-ാം അദ്ധ്യായത്തിൽ രണ്ടാമത്തെ ശ്ലോകത്തിൽ ദേവി തന്നെ ഇത് വ്യക്തമാക്കുന്നു.

ഏകൈവാഹം ജഗത്യത്ര 
 ദ്വിതീയാ കാ മമാ പരാ!

ഈ ലോകത്തിൽ ഞാൻ ഒരുവൾ മാത്രമേയുള്ളൂ. അതിനാൽ സച്ചിദാനന്ദ സ്വരൂപിണിയായിരിക്കുന്ന, ലഷ്മിയായും കാളിയായും, പാർവ്വതിയായും, സരസ്വതിയായും, ശിവനായും, വിഷ്ണു വായും, ദുർഗ്ഗയായും, അന്നപൂർണ്ണേശ്വരിയായും എല്ലാമായി വിളങ്ങുന്ന സകല ദേവതാ ശക്തികളും ഏകീഭവിച്ച ആ നിത്യ ലീലാമയിയെ, അന്യ ദേവന്മാർ തങ്ങളുടെ കരങ്ങളെക്കൊണ്ട് അഭയ വരങ്ങളെ കൊടുക്കുമ്പോൾ തന്റെ ചരണങ്ങളെ കൊണ്ടു തന്നെ സർവ്വ ഐശ്യര്യങ്ങളെയും കൊടുക്കുന്ന, കടാക്ഷ വീക്ഷണത്താൽ തന്നെ അനേകകോടി ബ്രഹ്മാണ്ഡങ്ങളെ ജനിപ്പിക്കുന്ന, അജ്ഞാനികൾക്ക് ഉള്ളിലുള്ള അന്ധകാരത്തെ നശിപ്പിക്കുന്ന 
സൂര്യോദയമായ, മന്ദന്മാർക്ക്  ബുദ്ധി വികാസമാകുന്ന കല്പക വൃക്ഷപ്പൂങ്കുലയിൽ നിന്നുണ്ടായ പൂന്തേനിന്റെ പ്രവാഹമായ, ദരിദ്രന്മാർക്ക് ഇഷ്ടങ്ങളെല്ലാം കൊടുക്കുന്ന ചിന്താമണി രത്നത്തിന്റെ സമൂഹമായ, ജനന മരണ സ്വരൂപമായ സംസാരസമുദ്രത്തിൽ മുങ്ങിക്കിടക്കുന്നവർക്ക് അതിൽ നിന്നുമുയർത്തുന്നതിനുള്ള വിഷ്ണുവിന്റെ അവതാരമായ വരാഹത്തിന്റെ തേറ്റയായി ഭവിക്കുന്ന സാക്ഷാൽ ലളിതാ പരമേശ്വരിയുടെ അനുഗ്രഹത്താൽ സകല ദേവതാപ്രസാദവും ലഭിക്കുന്നതാണെന്ന് വ്യക്തമാകുന്നു.
        
"ഓം ശ്രീലളിതാംബികായൈ നമഃ"
                         🙏
(കടപ്പാട്)

അഭിപ്രായങ്ങളൊന്നുമില്ല: