Keyman for Malayalam Typing

മഹാമാഘ മഹോത്സവം(Thirunavaya -Mamankam)

തിരുനാവായയിലെ മഹാമാഘ മഹോത്സവം
കേരളത്തിലെ തിരുനാവായയില്‍ മഹാമാഘമഹോത്സവം തുടങ്ങി. ഫെബ്രുവരി 3 വരെ ഇതു നീളും. മാമാങ്കം എന്ന പേരാണ് നമുക്ക് പരിചിതം. മാഘമഹാമഹം എന്നതു ലോപിച്ച് കാലാന്തരത്തില്‍ മാമാങ്കം ആയ ഈ ഉത്സവം കേരളത്തിന്റെ കുംഭമേളയാണ്. പരശുരാമന്‍ സൃഷ്ടിച്ച കേരളത്തില്‍ ലോകനന്മയ്‌ക്കായുള്ള ആദ്യയാഗം നടന്നത് തിരുനാവായ മണപ്പുറത്തിനപ്പുറമുള്ള താപസനൂര്‍ ദേശത്താണ്. ഇന്ന് ഈ ദേശം തവനൂര്‍ എന്ന് അറിയപ്പെടുന്നു. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ നടന്ന ഈ യാഗത്തില്‍ സമസ്തദേവതകളും പങ്കെടുത്തിരുന്നു. ബ്രഹ്‌മാവായിരുന്നു പരശുരാമനിര്‍ദ്ദേശപ്രകാരം യാഗം ചെയ്തത്. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയില്‍ സപ്തപുണ്യനദികളും സാന്നിദ്ധ്യമാകുന്ന സമയമാണ് മാഘമാസം.

പൗരാണിക യാഗത്തിന്റെ പുനരാവര്‍ത്തനമെന്നപോലെ, വ്യാഴവട്ടത്തിലൊരിയ്‌ക്കല്‍; അതായത്, പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ ഇതേ മണല്‍പ്പരപ്പില്‍ പിന്നീട് മാഘമഹോത്സവം കൊണ്ടാടാന്‍ തുടങ്ങിയെന്നാണ് വിശ്വാസം.

ദേവഗുരുവായ ബൃഹസ്പതിയായിരുന്നു ബ്രഹ്‌മാവ് നടത്തിയ ആദ്യയാഗത്തിനുശേഷമുള്ള മാഘമഹോത്സവങ്ങളിലെ അദ്ധ്യക്ഷന്‍. കാലം കടന്നുപോകെ, പെരുമാക്കള്‍ രാജ്യം ഭരിച്ച കാലത്ത് ഈ അദ്ധ്യക്ഷസ്ഥാനം പെരുമാക്കള്‍ക്കായി. പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ നിളാതീരത്ത് നടന്നിരുന്ന ഈ സാംസ്‌കാരികോത്സവത്തില്‍ കേരളത്തിലെ എല്ലാവിധ കലാരൂപങ്ങളും അവതരിപ്പിച്ചുപോന്നു. വിവിധതരം കായികാഭ്യാസങ്ങളുടെ പ്രദര്‍ശനവും ഇവിടെ നടന്നിരുന്നു.

വിദ്വല്‍സദസ്സുകളും ശാസ്ത്രസംവാദവും മാഘമഹോത്സവത്തിലെ പ്രധാന വിഷയങ്ങളായിരുന്നു. ഒപ്പം, തെക്കേഭാരതത്തിന്റെ വാണിജ്യമേളയായും മാഘമഹോത്സവം മാറി.

കേരളത്തിലെ എല്ലാ നാട്ടുരാജാക്കന്മാരും തിരുനാവായയിലെ മാഘമഹോത്സവത്തില്‍ ഒത്തുകൂടി, ഇഷ്ടദേവനു മുന്നില്‍ സ്വരാജ്യത്തെ പന്ത്രണ്ടു വര്‍ഷ വരവുചെലവു കണക്കുകള്‍ അവതരിപ്പിച്ചുപോന്നു. വരുന്ന ഒരു വ്യാഴവട്ടക്കാലത്തെ കാലാവസ്ഥാ മാറ്റങ്ങള്‍ ജ്യോതിശാസ്ത്രജ്ഞരിലൂടെ അറിഞ്ഞ്, കൃഷിയിലും ജീവിതരീതിയിലും എടുക്കേണ്ടതായ കരുതലുകള്‍ എന്തൊക്കെയെന്നും ഈ മഹോത്സവത്തില്‍ വെച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ചിരുന്നു. ഒപ്പം, അടുത്ത പന്ത്രണ്ടു വര്‍ഷക്കാലത്തേയ്‌ക്കുള്ള പെരുമാളെ തെരഞ്ഞെടുത്ത് അഭിഷേകം ചെയ്ത് അവരോധിക്കാനുള്ള വേദിയായും മാഘമഹോത്സവം മാറി.

എന്നാല്‍, അവസാനത്തെ പെരുമാളായ ചേരമാന്‍ പെരുമാള്‍ തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തില്‍നിന്നും സുന്ദരമൂര്‍ത്തി നായനാര്‍ക്കൊപ്പം സ്വര്‍ഗം പൂകിയതോടെ മാഘമകമഹോത്സവത്തിന്റെ അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കാന്‍ പെരുമാള്‍ ഇല്ലാതായി. പിന്നീട് കൊച്ചി ഉള്‍പ്പെടുന്ന പെരുമ്പടപ്പുസ്വരൂപം മാഘമകമഹോത്സവത്തിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയും, തനിയ്‌ക്ക് പകരക്കാരനായി നിലപാടുതറയില്‍ ഇരുന്ന് കാര്യങ്ങള്‍ തീരുമാനിയ്‌ക്കാന്‍ വള്ളുവനാട്ടു രാജാവായ വള്ളുവക്കോനാതിരിയെ ഏല്പിയ്‌ക്കുകയും ചെയ്തു.

എന്നാല്‍, ഒരു മാഘമക മഹോത്സവക്കാലത്ത് സാമൂതിരി വള്ളുവക്കോനാതിരിയെ സ്ഥാനഭ്രഷ്ടനാക്കി അദ്ധ്യക്ഷസ്ഥാനം പിടിച്ചു. തുടര്‍ന്ന്, കുറച്ചുകാലം മാഘമഹോത്സവം രാജാക്കന്മാര്‍ തമ്മിലുള്ള കിടമത്സരത്തില്‍, ചോരയില്‍ കുളിച്ച ‘മാമാങ്ക’മായി മാറി. വള്ളുവക്കോനാതിരിയുടെ ചാവേറുകളും സാമൂതിരിയുടെ പടയാളികളും ഏറ്റുമുട്ടിവന്ന ‘ചോരവീണ മാമാങ്കം’ 250 വര്‍ഷം മുമ്പ് പൂര്‍ണ്ണമായും അവസാനിയ്‌ക്കുകയും ചെയ്തു.

എന്നാല്‍, ചില സുമനസ്സുകളെ ദേവതകള്‍ പ്രചോദിപ്പിച്ചതിനാല്‍, ഏതാനും വര്‍ഷങ്ങളായി ഈ സാംസ്‌കാരികോത്സവത്തെ പുനരുജ്ജീവിപ്പിയ്‌ക്കാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടായിരുന്നു.

ഇതിനിടെ അപ്രതീക്ഷിതമായി കഴിഞ്ഞ പ്രയാഗ്രാജ് കുംഭമേളയില്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ദക്ഷിണഭാരതത്തിന്റെ ചുമതലയുള്ള മഹാമണ്ഡലേശ്വര്‍ ആയി അവരോധിക്കപ്പെട്ടു. അഖാഡകളിലെ ഏറ്റവും പുരാതനവും ഏറ്റവും വലുതുമായ ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വര്‍ ആണ് സ്വാമി ആനന്ദവനം ഭാരതി. ദക്ഷിണ ഭാരതത്തില്‍ സനാതന സംസ്‌കാരത്തിനും ധാര്‍മ്മികതയ്‌ക്കും നേരേ നിരന്തരമായ വെല്ലുവിളികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് വടക്കേ ഇന്ത്യയിലെ അഖാഡകള്‍ തീരുമാനിച്ചുറപ്പിച്ച പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സ്വാമി ആനന്ദവനം ഭാരതിയുടെ അധികാരമേല്‍ക്കല്‍.

അഖാഡ എന്നാല്‍, ധര്‍മ്മസംരക്ഷണത്തിനായി, വേണ്ടിവന്നാല്‍ ആയുധമെടുക്കാന്‍ തയ്യാറായ സംന്യാസികളുടെ സംഘമാണ്.

ഗോകര്‍ണ്ണംമുതല്‍ കന്യാകുമാരിവരെയുള്ള പഴയ കേരളത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തു കിടക്കുന്ന തിരുനാവായയില്‍ പൂര്‍വ്വകാലംമുതലേ നടന്നിരുന്ന മാഘമക മഹോത്സവം തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത മഹാമണ്ഡലേശ്വറിന്റെ ശ്രദ്ധയില്‍ വന്നതിനെത്തുടര്‍ന്നാണ്, ‘കേരളത്തിന്റെ കുംഭമേള’ എന്ന് ഇതിനോടകം അറിയപ്പെട്ടുകഴിഞ്ഞ മാഘമക മഹോത്സവം നടത്താന്‍ തീരുമാനമായത്.

സനാതനസംസ്‌കാരത്തിനു നേരേ ഉയര്‍ന്ന വെല്ലുവിളികള്‍ നേരിടാനുള്ള ആഹ്വാനമാവുകയാണ് ഇത്തവണത്തെ തിരുനാവായ മാഘമഹോത്സവം. മാമാങ്കത്തില്‍ പടവെട്ടി മരിച്ച ലക്ഷക്കണക്കിനാള്‍ക്കാരുടെ ആത്മാക്കള്‍ക്കു വന്നുചേര്‍ന്ന ദുരിതം തീര്‍ത്ത് അവര്‍ക്ക് മോക്ഷം കൊടുക്കുന്നതിനായുള്ള പൂജകളിലൂടെയാണ് ഇത്തവണത്തെ മഹോത്സവം ആരംഭിക്കുന്നത്.

കേരളത്തിന്റെ രക്ഷയ്‌ക്കായി പരശുരാമന്‍ സ്ഥാപിച്ച നാല് അംബികാ ക്ഷേത്രങ്ങളില്‍നിന്നും ദീപശിഖകള്‍ മാഘമഹോത്സവ വേദിയിലെത്തിയ്‌ക്കും. ദക്ഷിണഗംഗ എന്ന് അറിയപ്പെടുന്ന ഭാരതപ്പുഴ ആരംഭിയ്‌ക്കുന്നത് തമിഴ്നാട്ടിലെ ഉഡുമല്‍പേട്ടിനടുത്തുള്ള തിരുമൂര്‍ത്തിമലയില്‍നിന്നാണ്. അത്രിമഹര്‍ഷിയും അനസൂയാദേവിയും തപസ്സു ചെയ്ത മലയാണ് ആനമലനിരകളിലെ തിരുമൂര്‍ത്തിമല. ഇവരെ പരീക്ഷിയ്‌ക്കാനായി ത്രിമൂര്‍ത്തികള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടതിനാലാണ് ഇതിന് തിരുമൂര്‍ത്തിമല എന്നു പേരുവന്നത്. പരീക്ഷണത്തില്‍ അനസൂയാദേവി വിജയിച്ചതിനെത്തുടര്‍ന്ന് സംപ്രീതരായ ത്രിമൂര്‍ത്തികള്‍ അത്രി-അനസൂയാ ദമ്പതിമാരുടെ മക്കളായി പിറക്കാന്‍ തീരുമാനിച്ചു. ത്രിമൂര്‍ത്തികളുടെ ഏകരൂപമായ ദത്താത്രേയന്റെ ജന്മദേശമായി തിരുമൂര്‍ത്തിമല മാറുന്നത് ഇങ്ങനെയാണ്. ദത്താത്രേയന്‍ ജൂനാ അഖാഡയുടെ ദേവതയാണ്. ഈ തിരുമൂര്‍ത്തിമലയില്‍നിന്നും ജനുവരി 19 ന് രാവിലെ ആരംഭിയ്‌ക്കുന്ന രഥയാത്ര ഉഡുമല്‍പേട്ട്, പെള്ളാച്ചി, എട്ടിമട, കോയമ്പത്തൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കേരളത്തില്‍ പ്രവേശിച്ച് പാലക്കാട്, തൃശൂര്‍, ഷൊറണൂര്‍, ഒറ്റപ്പാലം ഭാഗങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തിരുനാവായയില്‍ എത്തും. ഭാരതപ്പുഴയിലെ ത്രിമൂര്‍ത്തീഘട്ടമാണ് തിരുനാവായ. രഥയാത്ര നടക്കുന്നതിനിടയില്‍ത്തന്നെ ജനുവരി 19 ന് മഹാമാഘമഹോത്സവത്തിന്റെ ധര്‍മ്മധ്വജാരോഹണം തിരുനാവായയില്‍ നടക്കും. തിരുമൂര്‍ത്തിമലയില്‍നിന്ന് ആരംഭിയ്‌ക്കുന്ന രഥയാത്ര ജനുവരി 22 ന് തിരുനാവായയില്‍ എത്തും. മാഘമഹോത്സവം നടക്കുന്ന ഭാരതപ്പുഴയുടെ തീരത്ത്, തിരുനാവായയില്‍ എല്ലാ ദിവസവും നിളയെ പൂജിയ്‌ക്കുന്ന ചടങ്ങായ നിളാ ആരതി എന്ന അതിമനോഹരവും സംഗീതസാന്ദ്രവുമായ ചടങ്ങ് നടക്കും.

ഇത്തവണ കേരളത്തിലെ എല്ലാ രാജകുടുംബങ്ങളും എല്ലാ സംന്യാസിമഠങ്ങളും പങ്കാളികളാവും. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ പ്രമുഖ ആശ്രമങ്ങളും പങ്കാളിത്തം അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ വിവിധ സമ്പ്രദായക്കാര്‍ക്ക് അവരുടേതായ പൂജകള്‍ ചെയ്യാവുന്ന രീതിയിലാണ് ദേവതാവന്ദനങ്ങള്‍ ക്രമീകരിച്ചിരിയ്‌ക്കുന്നത്. മാഘമാസം വളരെ വിശേഷപ്പെട്ട മാസമാണ്. ഇതേസമയത്തുതന്നെയാണ് പ്രയാഗ്രാജില്‍ കല്പവാസം നടക്കുന്നത്. തിരുനാവായ മഹാമാഘമഹോത്സവത്തിലെ മൗനി അമാവാസി, വസന്തപഞ്ചമി, രഥസപ്തമി, ഗണേശജയന്തി, ഷഷ്ഠി, ഭീഷ്മാഷ്ടമി, മാഘപൗര്‍ണ്ണമി എന്നിവക്ക് പ്രത്യേക സ്‌നാന പ്രാധാന്യമുണ്ട്. സപ്തനദികളുടെ സാന്നിദ്ധ്യം ഭാരതപ്പുഴയില്‍ വരുന്ന മാഘമാസത്തിലെ നിളാസ്നാനം ചെയ്യുന്നതും പവിത്രമായ കാര്യമാണ്.

ഹര ഹര മഹാദേവ !

 രമേഷ് ഇളയിടത്ത്. 

അഭിപ്രായങ്ങളൊന്നുമില്ല: