മഹാദേവക്ഷേത്രങ്ങൾ - 1

മഹാദേവക്ഷേത്രങ്ങൾ - 1

ചെറുതിരുനാവായ മഹാദേവക്ഷേത്രം.

ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ 98-മത്തെ ക്ഷേത്രമാണിത്. കൂടാതെ, ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപ്പതികളിൽ) കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്ന്.

മലപ്പുറം ജില്ലയിൽ പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവ-ബ്രഹ്മാ പ്രതിഷ്ഠകൾ ഉള്ള മഹാക്ഷേത്രമാണ് ചെറുതിരുനാവായ മഹാദേവക്ഷേത്രം. ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് പ്രസിദ്ധമായ ശ്രീ മഹാവിഷ്ണുവിന്‍റെ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

ശ്രീ ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷം. അപൂർവ്വമായി കണ്ടു വരുന്ന ശ്രീമഹാ വിഷ്ണു പ്രതിഷ്ഠകൾ ( ശ്രീമഹാലക്ഷ്മിക്ക് തന്‍റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള ) ഒരു ക്ഷേത്രം കൂടിയാണിത്.

പിതൃതർപ്പണ കർമ്മങ്ങൾക്ക് ഏറ്റവും പ്രസിദ്ധമാണ് തിരുനാവായിലെ ത്രിമൂർത്തിസംഗമസ്ഥാനം.
ഒരേ സ്ഥലത്ത് ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തുന്നത് ഗംഗാനദീ തീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം. പരശുരാമൻ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്‍റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി ഇവിടെ നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നു ഐതിഹ്യം. രാമൻ കർക്കിടക അമാവാസി നാളിൽ പുണ്യനിളയിൽ വ്രതശുദ്ധിയോടെ തർപ്പണം നടത്തുകയും, ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് മോക്ഷ-സായൂജ്യമേകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടം ബലിതർപ്പണ കർമ്മങ്ങൾക്ക് ഏറെ ഖ്യാതി നേടിയത് എന്നു വിശ്വസിക്കുന്നു.
ഇതിഹാസ പ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത് ഈ ക്ഷേത്രങ്ങളുടെ പരിസരത്ത് വെച്ചായിരുന്നു.

നവയോഗികളായ സത്തുവനാഥർ, സാലോഗ നഥർ, ആദിനാഥർ, അരുളിത്തനാഥർ, മാദംഗ നാഥർ, മച്ചേന്ദിര നാഥർ, കഡയന്തിര നാഥർ, കോരയ്ക്കനാഥർ, കുക്കുടാനാഥർ, എന്നിവർക്ക് ഭഗവാനിവിടെ ദർശനം നൽകിയിട്ടൂണ്ട്. യാഗങ്ങൾ നടത്തുന്നതിൽ വളരെ സമർത്ഥരായിരുന്നു ഈ നവയോഗികളും. അതുകൊണ്ട് തന്നെ പണ്ട് ഈ സ്ഥലം “തിരുനവയോഗി” എന്നും കാലം പോയതനുസരിച്ച് ആ പേർ ലോപിച്ച് "തിരുനാവായ" എന്നുമായിമാറി."താപസ്സന്നൂരാണ്" തവനൂര്‍ ആയിമാറിയതെന്നു സ്ഥലനാമചരിത്രത്തെ പറ്റി പഴമൊഴിയുണ്ട്. 

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദിവ്യന്മാരായ മുനിശ്രേഷ്ഠര്‍ തപസ്സനുഷ്ഠിച്ചിരുന്ന തീരമായതു കൊണ്ടാണ് താപസ്സന്നൂരെന്ന പേര് സിദ്ധിച്ചതെന്നാണ് പ്രബലമായ വാമൊഴിപ്രചാരം. ഇവിടെ നിന്നും കണ്ടെടുത്തിട്ടുള്ള ഗുഹകളും മണ്‍പാത്രങ്ങളും മറ്റും ഈ അഭിപ്രയത്തിനു ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

തളിപ്പറമ്പ് ശിവക്ഷേത്രം ഉൾപ്പെടെ പല മഹാ ക്ഷേത്ര മാഹാത്മ്യങ്ങളുമായി പേരുചേര്‍ത്തു പറയപ്പെടുന്ന പ്രശസ്തനായ ശ്രീ വില്വമംഗലം സ്വാമിയുടെ ജന്മദേശമായിരുന്ന മുവ്വാങ്കരയില്‍ നിന്നും സമീപകാലത്തു കണ്ടെടുത്ത താളിയോല ഗ്രന്ഥങ്ങള്‍ ഈ ഗ്രാമത്തിന്‍റെ പ്രാചീന സംസ്കൃതിയെ സൂചിപ്പിക്കുന്നു. ദക്ഷിണാമൂര്‍ത്തീസ്തവം, ശ്രീകൃഷണാമൃതം തുടങ്ങി ഇരുപതോളം കൃതികള്‍ ശ്രീ വില്വമംഗലത്തിന്‍റെതായി കണ്ടെത്തിയിട്ടുണ്ട്.
പ്രശസ്ത കവിയായ ശ്രീ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് തിരുനാവായയിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയായി നിളാ തീരത്തുള്ള മേൽപ്പത്തൂർ ഇല്ലത്താണ് ജനിച്ചത്.

(മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ തിരൂരിന് 8-കി.മി. തെക്കാണ് തിരുനാവായ.  തിരുനാവായ റെയിൽവേസ്റ്റേഷനിൽ നിന്നും ഒരു മൈൽ അകലെയാണ്‌ ഈ ക്ഷേത്രം  )
***

ശ്രീകൃഷ്ണ കീർത്തനം - സന്ധ്യാവന്ദനം

🪔സന്ധ്യാവന്ദനം🙏
  
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേൻ

അച്ചുതപാലനാം പച്ചനിറം പൂണ്ട
കൊച്ചുകുമാരനെ കൈതൊഴുന്നേൻ

ആരാലും കാണുവാൻ പാരം പ്രയാസമാം
ചാരുരൂപത്തെ ഞാൻ കൈതൊഴുന്നേൻ

ഇന്ദ്രാദിദേവകൾ നന്നായി സ്തുതിക്കുന്ന
സുന്ദരബാലനെ കൈതൊഴുന്നേൻ

ഈരേഴുലകിന്നു നാരായ വേരായ 
ചാരുമൂർത്തേ കൃഷ്ണാ കൈതൊഴുന്നേൻ

ഉറ്റവരായിട്ടു മറ്റാരുമില്ല ഹോ 
കുറ്റം പൊറുക്കുവാൻ കൈതൊഴുന്നേൻ

ഊക്കുള്ളശത്രുക്കൾ ചിക്കന്നടുക്കുമ്പോൾ 
കാക്കണമെന്നെനീ കൈടഭാരേ

എല്ലാജനത്തിനും അല്ലൽ തീർത്തീടുന്ന
ചില്ലിലതയ്ക്കു ഞാൻ കൈതൊഴുന്നേൻ

എകമാമാശ്രയം ലോകത്രയത്തിനും
ഗോകുലനായകാ കൈതൊഴുന്നേൻ 

ഐഹികദുഃഖത്തിൽ മോഹിതനായി ഞാൻ 
ദേഹസൌഖ്യം തരാൻ കൈതൊഴുന്നേൻ

ഒന്നല്ലരണ്ടല്ല പാപത്തെ ചെയ്തു ഞാൻ 
ഒക്കെക്ഷമിക്കുവാൻ കൈതൊഴുന്നേൻ 

ഓമനഗോപാല കാമിനികാമുക 
എൻ പരദൈവമേ കൈതൊഴുന്നേൻ

ഔപമ്യമില്ലാത്ത രൂപസൌന്ദര്യത്തെ 
ആകാംക്ഷയോട് ഞാൻ കൈതൊഴുന്നേൻ 

അമ്മയുമച്ഛനും മറ്റു ബന്ധുക്കളും 
അംബുജാക്ഷാ ഭവാൻ കൈതൊഴുന്നേൻ

അന്തകൻ വന്നെന്നെ ഹന്ത വിളിക്കുമ്പോൾ 
അന്തികേ കാണുവാൻ കൈതൊഴുന്നേൻ 

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേൻ !
   
           🔥ശുഭസന്ധ്യ 🪔
**&**

കുമാര സംഭവം -1

കുമാര സംഭവം - 1
🔱
ദേവകൾ കാത്തിരുന്ന കുമാര സംഭവം 
🔱

ശ്രീപരമേശ്വരനു മുന്നിലെത്തിയ ബ്രഹ്മാവും വിഷ്ണുവും ഭഗവാനെ വന്ദിച്ചു, ഭഗവാൻ അവരെ തിരിച്ചും. 

  അങ്ങിനെ  പരസ്പരം ആദരവോടെ അവർ സംസാരിച്ചു തുടങ്ങി. സർവജ്ഞനെങ്കിലും ആചാരങ്ങളെ ബഹുമാനിച്ചുകൊണ്ട് ശ്രീമഹാദേവൻ ആഗമനോദ്ദേശ്യം അന്വേഷിച്ചു.

 ബ്രഹ്മദേവൻ വിശദമായിത്തന്നെ കാര്യസ്ഥിതികൾ വ്യക്തമാക്കി. മുൻപു വാക്കു തന്നിരുന്നപോലെ ശിവകുമാര ജനനത്തിനായി ദേവന്മാരെല്ലാം കാത്തിരിക്കുന്നു. താരകാസുരനും ശൂരപത്മാസുരനും വരുത്തിവയ്ക്കുന്ന കഷ്ടതകൾക്കതിരില്ല. എല്ലാ സാമൂഹിക നിതികളും തകർത്ത് അവർ പ്രപഞ്ചത്തെ നശിപ്പിക്കുന്നു. എന്നിട്ട് വിജയഭാവത്തിൽ അട്ടഹസിക്കുന്നു. ശ്രീമഹാവിഷ്ണുവിന് എന്താണ് പറയാനുള്ളത് എന്നറിയാൻ  ശ്രീപരമേശ്വരൻ ആകാംക്ഷയോടെ വിഷ്ണുവിന്റെ മുഖത്തേക്കുനോക്കി വിഷ്ണു തന്റെ അഭിപ്രായം വ്യക്തമാക്കി.

അസുരന്റെ ധർമധ്വംസന പ്രവൃത്തികൾ കരാളരൂപത്തിലായിരിക്കുന്നു. അവന്റെ അഹന്ത സാത്വിക ജനങ്ങളെ മുഴുവൻ പൊറുതിമുട്ടിക്കുന്നു. ശ്രേഷ്ഠജനങ്ങളുടെ പ്രാർത്ഥനയും ജപവുമെല്ലാം പരീക്ഷിക്കപ്പെടുന്നു. ധർമ്മ - പരിപാലനത്തിനായി കുമാര-സംഭവംം  ഇനി വൈകരുത്.

 തപസ്വികളുടെയും ദേവന്മാരുടെയും നേരെ മഹിഷാസുരന്റെ അതിക്രമങ്ങളെക്കുറിച്ച് വിഷ്ണുവിൽനിന്നും കൂടുതൽ അറിഞ്ഞതോടെ ശ്രീപരമേശ്വരന്റെ മുഖത്ത് തീഷ്ണമായ രൗദ്രത പ്രകടമായി. മഹാദേവന്റെ രൗദ്രമുഖം കണ്ട് പ്രകൃതി വിറച്ചു. പഞ്ചമുഖന്റെ രൗദ്ര മുഖമുൾപ്പെടെയുള്ള മുഖങ്ങളില്‍നിന്ന് മൂന്നാം കണ്ണില്‍നിന്നും തീപാറി. ആ അഗ്നി ചിത് ഗംഗാന്ത്യത്തില്‍ ഒരു ഭാഗത്ത് ചെന്നു. അവിടെ ദിവ്യമായുണ്ടായ ആറു താമരയിൽ ആ അഗ്നിസ്ഫുലിംഗം പതിച്ചു. അങ്ങനെ ആ ശിവവീര്യതേജസ്സ് ആറു ദിവ്യമുഖങ്ങളായി. അവ ഒരുമിച്ച് ആറുമുഖനായി. 
തുടരും ...
_∆∆∆_

ശനീശ്വര ചരിതം 4 (Saneeswara Charitham 4)

 ശനീശ്വര ചരിതം 4

ദേവേന്ദ്രനെ ശനി ബാധിച്ച കഥ

      ഒരിക്കൽ ദേവലോകത്ത് എത്തിയ ശനിയോട് ദേവേന്ദ്രൻ കുറച്ച് അഹന്തയോടെ ഇങ്ങനെ പറഞ്ഞു.

    " ശനിഗ്രഹാധിപതിയേ, നീ എല്ലാവരെയും പരീക്ഷിക്കുന്ന വലിയ നീതിമാനെല്ലെ?  എന്നാൽ ദേവന്മാരുടെ രാജാവായ എൻ്റടുത്ത് നിൻ്റെ   ബാധയൊന്നും വിലപ്പോവില്ല, എന്നെ ശനി  ദോഷങ്ങളൊന്നും ബാധിക്കില്ല!
ൻ്റെ  ജാതകത്തിൽ അങ്ങിനെയൊരു ദശ നീയായിട്ടു വരുത്തിവക്കുകയും വേണ്ട കേട്ടോ!"

  ഇതെല്ലാം കേട്ട ശനി  ദേവേന്ദ്രനെ നോക്കി പറഞ്ഞു: 

   "രാജാവായാലും കൊള്ളാം, പ്രജയായാലും കൊള്ളാം.  അനുഭവിക്കേണ്ടത് അനുഭവിച്ചു തീർക്കുക തന്നെ വേണം. ഞാനായിട്ടു ഒന്നും ചെയ്തില്ലെങ്കിലും വരും ഓരോ ദശ , വന്ന പോൽ പോകും. അതെല്ലാം ഓരോരുത്തരുടെ കർമ്മഫലമാണ്. 

 ഉടൻ ദേവേന്ദ്രൻ പ്രതികരിച്ചു.

"ഹേ,ശനീ, നീ വലിയ കണിശക്കാരനല്ലെ എങ്കിൽ പറയൂ എൻ്റെ ജാതകത്തിൽ ശനിദശ എപ്പോഴാണ്?"

     ദേവരാജ ൻ്റെ ജാതകം നോക്കി ശനിദശക്കാലം കൃത്യമായി ശനി പറഞ്ഞു കൊടുക്കുകയും ചെയ്തു.

     കാലം കടന്നു പോയി ശനി പറഞ്ഞ സമയം വന്നപ്പോൾ ദേവേന്ദ്രൻ ഒരു കാര്യം ഉറപ്പിച്ചു.
എന്തു വന്നാലും ശനിക്ക് പിടികൊടുക്കാൻ അവസരമുണ്ടാക്കരുത്. എന്തെങ്കിലും ഉപായം കണ്ടു പിടിച്ചേ പറ്റു. പിന്നെ ഒട്ടും താമസിച്ചില്ല.

     ദേവേന്ദ്രൻ തൻ്റെ തനതു രൂപം ഉപേക്ഷിച്ച് ഒരു മുഷിക രൂപം സ്വീകരിക്കുകയും ആരെയും അറിയിക്കാതെ രഹസ്യമായി ഒരു കുപ്പയിൽ' ഒളിക്കുകയും ചെയ്തു!
ഈ രൂപത്തിൽ ശനി എന്നെ ബാധിക്കുന്നത് ഒന്ന് കാണട്ടെ എന്ന അഹംഭാവത്തിൽ കുപ്പത്തൊട്ടിയിൽ ശനി പറഞ്ഞ കാലമത്രയും കഴിഞ്ഞപ്പോൾ പെരുച്ചാഴി വേഷം ഉപേക്ഷിച്ച് ദേവലോകത്ത് ഇന്ദ്രനായി തന്നെ വന്നു ചേർന്നു.

    പിന്നീട് ഒരു ദിവസം ശനിയെ കണ്ടപ്പോൾ പുച്ഛത്തോടെയും എന്നാൽ വിജയ ഭാവത്തോടെയും ശനിയെ പറ്റിച്ച കാര്യം ദേവേന്ദ്രൻ ശനിയെ ഓർമ്മിപ്പിച്ചു.

അപ്പോൾ ശനി ശാന്തഭാവത്തിൽ പറഞ്ഞു..
 
    "സ്വർഗ്ഗ ലോകത്ത് സർവ്വരാലും ആരാധ്യനായി കഴിയേണ്ട അങ്ങ് ശനിദശക്കാലം എവിടെയായിരുന്നുവെന്ന് അങ്ങ് തന്നെ ഓർത്താൽ മതി.
അങ്ങയെ ഈ വേഷം കെട്ടിച്ചതും അങ്ങിനെ തോന്നാൻ ഇടയാക്കിയതും ആരായിരിക്കുമെന്നു കൂടി ചിന്തിച്ചോളു.

    അതെ എവിടെ പോയി ഒളിച്ചാലും ആർക്കും ശനി ബാധയെ തടുക്കാനാവില്ല
 ആൾ എത്ര സമർത്ഥനായാലും ഏത് അധികാരി ആയാലും ശനി പിടിക്കേണ്ട സമയത്ത് ശനി പിടികൂടും തീർച്ചയാണ്.

അതാണ് ശനി .സാക്ഷാൽ ശനീശ്വരൻ.

ഓം ശ്രീ ശനീശ്വരായനമഃ

Curtesy: Aravind Nair
***

ദേവീകല്പം ധ്യാനശ്ലോകങ്ങൾ - 1 (Devikalpam)

ദേവീകല്പം ധ്യാനശ്ലോകങ്ങൾ - 1


"പദ്മസ്ഥാമിക്ഷുചാപാം കുസുമശരസൃണി പദ്മയുഗ്മാക്ഷമാലാ

വിദ്യാപാശാൻ ദധാനാം കുചഭരവിനമ-
ന്മദ്ധ്യവല്ലീം ത്രിനേത്രാം

രക്താം രക്താംഗരാഗാംബര കുസുമയുതാം സുപ്രസന്നാനനാബ്ജാം

ത്രൈലോക്യക്ഷോഭദാത്രീം മുനിവിബുധനതാം ദേവതാം താം നമാമി."
       
 സാരം= താമരപ്പൂവിൽ ഇരിയ്ക്കുന്നവളും , കരിമ്പൂവില്ലും പുഷ്പാസ്ത്രവും തോട്ടിയും രണ്ടു താമരപ്പൂക്കളും രുദ്രാക്ഷമാലയും പുസ്തകവും കയറും ധരിച്ചവളും വലിയ കുചങ്ങളും ചെറിയ അരക്കെട്ടുക ളുള്ളവളും , മൂന്നു നയനങ്ങളോടു കൂടിയവളും ദേഹനിറവും കുറികളും വസതങ്ങളും പുഷ്പങ്ങളും ചുവന്ന നിറത്തിലിരിക്കുന്നവളും പ്രസന്ന വദനയും , മൂന്നു ലോകത്തെയും ക്ഷോഭിപ്പിയ്ക്കുന്നവളും ദേവന്മാരാലും മുനികളാലും നമിക്ക്കപ്പെട്ടവളുമായ ആ ദേവിയ ഞാൻ നമസ്കരിയ്ക്കുന്നു.
*_*