ശ്രീകൃഷ്ണ കീർത്തനം - സന്ധ്യാവന്ദനം

🪔സന്ധ്യാവന്ദനം🙏
  
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേൻ

അച്ചുതപാലനാം പച്ചനിറം പൂണ്ട
കൊച്ചുകുമാരനെ കൈതൊഴുന്നേൻ

ആരാലും കാണുവാൻ പാരം പ്രയാസമാം
ചാരുരൂപത്തെ ഞാൻ കൈതൊഴുന്നേൻ

ഇന്ദ്രാദിദേവകൾ നന്നായി സ്തുതിക്കുന്ന
സുന്ദരബാലനെ കൈതൊഴുന്നേൻ

ഈരേഴുലകിന്നു നാരായ വേരായ 
ചാരുമൂർത്തേ കൃഷ്ണാ കൈതൊഴുന്നേൻ

ഉറ്റവരായിട്ടു മറ്റാരുമില്ല ഹോ 
കുറ്റം പൊറുക്കുവാൻ കൈതൊഴുന്നേൻ

ഊക്കുള്ളശത്രുക്കൾ ചിക്കന്നടുക്കുമ്പോൾ 
കാക്കണമെന്നെനീ കൈടഭാരേ

എല്ലാജനത്തിനും അല്ലൽ തീർത്തീടുന്ന
ചില്ലിലതയ്ക്കു ഞാൻ കൈതൊഴുന്നേൻ

എകമാമാശ്രയം ലോകത്രയത്തിനും
ഗോകുലനായകാ കൈതൊഴുന്നേൻ 

ഐഹികദുഃഖത്തിൽ മോഹിതനായി ഞാൻ 
ദേഹസൌഖ്യം തരാൻ കൈതൊഴുന്നേൻ

ഒന്നല്ലരണ്ടല്ല പാപത്തെ ചെയ്തു ഞാൻ 
ഒക്കെക്ഷമിക്കുവാൻ കൈതൊഴുന്നേൻ 

ഓമനഗോപാല കാമിനികാമുക 
എൻ പരദൈവമേ കൈതൊഴുന്നേൻ

ഔപമ്യമില്ലാത്ത രൂപസൌന്ദര്യത്തെ 
ആകാംക്ഷയോട് ഞാൻ കൈതൊഴുന്നേൻ 

അമ്മയുമച്ഛനും മറ്റു ബന്ധുക്കളും 
അംബുജാക്ഷാ ഭവാൻ കൈതൊഴുന്നേൻ

അന്തകൻ വന്നെന്നെ ഹന്ത വിളിക്കുമ്പോൾ 
അന്തികേ കാണുവാൻ കൈതൊഴുന്നേൻ 

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേൻ !
   
           🔥ശുഭസന്ധ്യ 🪔
**&**

അഭിപ്രായങ്ങളൊന്നുമില്ല: