അൻപോടു മീനായി വേദങ്ങള്‍ വീണ്ടിടും
അംബുജനാഭനെ കൈതൊഴുന്നേന്‍
ആമയായ് മന്ദരം താങ്ങി നിന്നീടുന്ന
താമരക്കണ്ണനെ കൈതൊഴുന്നേന്‍
ഇക്ഷിതിയെപ്പണ്ടു പന്നിയായ് വീണ്ടിടും
ലക്ഷ്മീവരനാഥാ കൈതൊഴുന്നേന്‍
ഈടെഴും മാനുഷ കേസരിയായിടും
കോടക്കാര്‍വര്‍ണനെ കൈതൊഴുന്നേന്‍
ഉത്തമാനാകിയ വാമന മൂര്‍ത്തിയെ
ഭക്തിയോടെപ്പോഴും കൈതൊഴുന്നേൻ
ഊക്കോടെ ഭൂപതിമാരെക്കൊലചെയ്ത
ഭാര്‍ഗവരാമനെ കൈതൊഴുന്നേന്‍
എത്രയും വീരനായ് വാഴും ദശരഥ-
പുത്രനെ സന്തതം കൈതൊഴുന്നേന്‍
ഏറെ ബലമുള്ള ശ്രീബലഭദ്രരെ
സർവകാലത്തിലും കൈതൊഴുന്നേന്‍
ഒക്കെയൊടുക്കുവാൻ മേലില്‍ പിറക്കുന്ന
ഖഡ്ഗിയെ തന്നെയും കൈതൊഴുന്നേന്‍
ഓരാതെ ഞാന്‍ ചെയ്ത പാപങ്ങള്‍ നീങ്ങുവാന്‍
നാരായണാ നിന്മെയ് കൈതൊഴുന്നേന്‍
ഔവഴി നിന്‍ കുഴല്‍ക്കമ്പോടു ചേരുവാന്‍
ദേവകീനന്ദന കൈതൊഴുന്നേന്‍
അമ്പാടി തന്നില്‍ വളരുന്ന പൈതലേ
കുമ്പിട്ടു ഞാനിതാ കൈതൊഴുന്നേന്‍
അക്കനമേറും ദുരിതങ്ങള്‍ പോക്കുവാന്‍
പുഷ്കരലോചന കൈതൊഴുന്നേന്‍
നാരായണാ ഗുരുവായൂര്‍ മരുവിടും
കാരുണ്യവാരിധേ കൈതൊഴുന്നേന്‍.
🪔 🪔
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ