Keyman for Malayalam Typing

പഞ്ചമുഖ ഹനുമാൻ

പഞ്ചമുഖ ഹനുമാൻ

5 മുഖങ്ങളുള്ള ഹനുമാൻ സ്വാമിയുടെ ചിത്രങ്ങളും വിഗ്രഹങ്ങളും  നമ്മള്‍ പലയിടത്തും കണ്ടിട്ടുണ്ട്‌. അതെന്താണെന്ന് അറിയേണ്ടേ ?

✨ പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നതിലൂടെ ഇഷ്ടകാര്യ സിദ്ധിയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

✨ കിഴക്ക് ദിക്കില്‍ ആഞ്ജനേയ മുഖം ഇഷ്ടസിദ്ധിയും

✨ തെക്ക് ദിക്കില്‍ കരാള ഉഗ്രവീര നരസിംഹ മുഖം അഭീഷ്ട സിദ്ധിയും

✨ പടിഞ്ഞാറ് ദിക്കില്‍ ഗരുഡമുഖം സകല സൌഭാഗ്യവും

✨ വടക്ക് ദിക്കില്‍ വരാഹമുഖം ധനപ്രാപ്തിയും

✨ ഊര്‍ധ്വമുഖമായ ഹയഗ്രീവന്‍ സര്‍വ വിദ്യാ വിജയവും പ്രദാനം ചെയ്യും എന്നാണ് ഭക്തജന വിശ്വാസം.

✨ പഞ്ചമുഖ ഹനുമത് സ്തോത്രം ജപിക്കുന്നതും പഞ്ചമുഖ ഹനുമത് പുഷ്പാഞ്ജലി നടത്തുന്നതും തടസ്സ നിവാരണത്തിനും ആഗ്രഹ സാഫല്യത്തിനും അത്യുത്തമമാണ്.

✨ പഞ്ചമുഖ ഹനുമാൻ്റെ രൂപം നമ്മള്‍ പലയിടത്തും കണ്ടിട്ടുണ്ട്‌. പക്ഷെ എങ്ങിനെയാണ് ആ രൂപം ഹനുമാന്‌ കിട്ടിയതെന്ന കഥ പലർക്കും അറിയില്ല.

✨ രാമരാവണയുദ്ധം നടക്കുന്ന സമയം. ഒരിക്കൽ പാതാള വാസികളായ അഹി രാവണനും, മഹിരാവണനും ശ്രീരാമനെയും, ലക്ഷ്മണനെയും ബന്ധനസ്ഥരാക്കി പാതാളത്തിലേക്ക്‌ കൊണ്ടുപോയി.

✨ മായാജാലങ്ങൾ ഒട്ടേറെ വശമുള്ളവരാണ് അഹി-മഹി രാവണന്മാർ. രാമലക്ഷ്മണന്മാരെ അന്വേഷിച്ചു ചെന്ന ഹനുമാൻ, അവർ പാതാളത്തിലുണ്ടെന്ന് എന്ന് മനസ്സിലാക്കി പാതാളത്തിലേക്ക്‌ ചെന്നു. ഹനുമാൻ അവരുടെ കോട്ട വാതിലിൻ്റെ കാവൽക്കാരനായ മകരധ്വജനെ കണ്ടുമുട്ടി. പാതി വാനരനും, പാതി ഉരഗരൂപവും ആയിരുന്നു മകരധ്വജന്. യഥാർത്ഥത്തിൽ അദ്ദേഹം ഹനുമാൻ്റെ പുത്രൻ തന്നെ ആയിരുന്നു.

✨ ദ്രോണഗിരി പർവ്വതം എടുത്തു ഹനുമാൻ പറക്കുന്നതിനിടയിൽ കടലിൽ വീണ ഒരുതുള്ളി വിയർപ്പിൽ നിന്നാണ് പോലും മകരധ്വജൻ ജനിക്കുന്നത്. എന്നാൽ ആ ബന്ധത്തിൻ്റെ പേരിൽ മകരധ്വജൻ തൻ്റെ കർത്തവ്യം മറക്കുന്നില്ല. ഹനുമാനുമായി യുദ്ധം ചെയ്തു പരാജയപ്പെടുന്നു. മകരധ്വജനെ കാരാഗ്രഹത്തിൽ അടച്ചശേഷം ഹനുമാൻ മഹി രാവണന്മാരുമായി യുദ്ധം തുടങ്ങുന്നു. എന്നാൽ അവരുടെ മായാജാലങ്ങൾക്ക് മുൻപിൽ ജയിക്കുക അത്ര എളുപ്പമായിരുന്നില്ല.
ആ അസുരന്മാരുടെ വർദ്ധിച്ച വീര്യത്തിനു കാരണം ഒരിക്കലും കെടാതെ കത്തുന്ന 5 വിളക്കുകളാണെന്ന് ഹനുമാന് മനസ്സിലായി. ഒരേസമയത്ത് ആ 5 വിളക്കുകളും കെടുത്തിയാൽ മാത്രമേ അവരെ വധിക്കാൻ കഴിയൂ. ഈ ലക്ഷ്യത്തിനു വേണ്ടിയാണ് ഹനുമാൻ പഢ്ചമുഖം സ്വീകരിച്ചത്.

✨ വരാഹമൂർത്തി വടക്കും
നരസിംഹ മൂർത്തി തെക്കും ഗരുഡൻ പശ്ചിമദിക്കും ഹയഗ്രീവൻ ആകാശത്തേക്കും സ്വന്തം മുഖം പൂർവ്വദിക്കിലേക്കും ദർശിച്ചുകൊണ്ടുള്ള പഞ്ചമുഖം ആയിരുന്നു അത്. ഒരേസമയം 5 മുഖങ്ങളും കൂടി 5 വിളക്കുകളും ഊതിക്കെടുത്തി. തുടർന്ന് അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു രാമനെയും ലക്ഷ്മണനെയും ഹനുമാൻ മോചിപ്പിച്ചു. മകരധ്വജനെയും കാരാഗ്രഹത്തിൽ നിന്നു മോചിതനാക്കി പാതാളത്തിൻറെ അധിപനായി വാഴിക്കുകയും ചെയ്തു.

ശ്രീ രാമനാഥസ്വാമി ക്ഷേത്രം കഴിഞ്ഞാല്‍ രാമേശ്വരത്തെ ഏറ്റവും പ്രശസ്‌തമായ ക്ഷേത്രമാണ്‌ പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രം. രാമന്‍, സീത, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ ഇവിടെ പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌. 1964ലെ ചുഴലിക്കാറ്റില്‍ ധനുഷ്‌കോടി ഗ്രാമം ഏറെക്കുറെ പൂര്‍ണ്ണമായും തകര്‍ന്നപ്പോള്‍ അവിടെ നിന്നാണ്‌ ഈ വിഗ്രഹങ്ങള്‍ ഇവിടേക്ക്‌ കൊണ്ടുവന്നത്‌. രാമന്‍, സീത, ഹനുമാന്‍ എന്നിവരുടെ ആത്മാക്കള്‍ ഈ വിഗ്രഹങ്ങളില്‍ ഉണ്ടെന്നാണ്‌ വിശ്വാസം. ഇക്കാരണത്താലാണ്‌ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വിശ്വാസികള്‍ പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രത്തില്‍ എത്തുന്നത്‌.
(Curtesy: Saji Abhiramam/Aravindan Nair)
***

അഭിപ്രായങ്ങളൊന്നുമില്ല: