Keyman for Malayalam Typing

ഹിമാചലിലെ 'കുളുദസറ'


 ഹിമാചലിലെ  'കുളുദസറ' യെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഭാരതത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് വൈവിധ്യങ്ങള്‍ ഒരുപാടുണ്ട്. ഭാഷാദേശഭേദമനുസരിച്ച്  അത് വ്യത്യാസപ്പെട്ടിരിക്കുന്നു. സമാനത ഒരേയൊരു കാര്യത്തില്‍ മാത്രം. എല്ലായിടത്തും നവരാത്രിയ്ക്ക്  പരിസമാപ്തിയാകുന്നത് വിജയദശമി നാളിലാണ്. പക്ഷേ എല്ലായിടത്തും എന്ന്  തീര്‍ത്തു പറയുക വയ്യ. ഹിമാചലില്‍  ഏഴുനാള്‍ നീളുന്ന'കുളു ദസറ'യ്ക്ക്  തുടക്കമാകുന്നത് വിജയദശമി നാളിലാണ്. അന്ന്  സഞ്ചാരികളുടെ സ്വര്‍ഗമായ കുളു ജനലക്ഷങ്ങളാല്‍ നിറയും.  ദാല്‍പൂര്‍ മൈതാനമാണ് ദസറയുടെ വേദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ചുലക്ഷത്തിലേറെപ്പേര്‍ ദസറയ്‌ക്കെത്താറുണ്ടെന്നാണ് കണക്കുകള്‍.  

17 ാം നൂറ്റാണ്ടില്‍ ഹിമാചലിലെ രാജാവായിരുന്ന രാജാ ജഗത്‌സിങ് , കുളുവിന്റെ ആരാധനാ മൂര്‍ത്തിയായി  ഭഗവാന്‍ രഘുനാഥിനെ കുടിയിരുത്തിയതിന്റെ ഓര്‍മയാണ് കുളുദസറ.

അതിനു പിറകിലൊരു ശാപത്തിന്റെ കഥയുണ്ട്. കുളുവിലെ കര്‍ഷകനായിരുന്നു ദുര്‍ഗാദത്ത. അദ്ദേഹത്തിന്റ കൈയില്‍ വിലപിടിപ്പുള്ള മുത്തുകളുടെ ശേഖരങ്ങളുള്ളതായി രാജാ ജഗത്‌സിങ് അറിഞ്ഞു. ആ മുത്തുകളെല്ലാം തനിക്ക്  കൈമാറണമെന്ന് രാജാവ് ദുര്‍ഗാദത്തയോട് ആജ്ഞാപിച്ചു. അവ പക്ഷേ സാമാന്യാര്‍ഥത്തിലുള്ള മുത്തുകളായിരുന്നില്ല.  'അറിവിന്റെ മുത്തു'കളായിരുന്നു ദുര്‍ഗാദത്തയുടെ ശേഖരം. രാജാവിന്റെ ആജ്ഞയില്‍ മനംനൊന്ത് ദുര്‍ഗാദത്ത ആത്മാഹുതി ചെയ്തു. അതിനു മുമ്പ് അദ്ദേഹം രാജാവിനെ ശപിച്ചു.' നീ കഴിക്കുന്നതെല്ലാം പുഴുക്കളും കുടിക്കുന്നതെല്ലാം രക്തവുമായി തീരട്ടെ'.

ശാപത്താലും  കുറ്റബോധത്താലും  രാജാവിന്റെ മനോനില തകര്‍ന്നു. അദ്ദേഹം അതിന് പ്രതിവിധി തേടി ഒരു ബ്രാഹ്മണനെ സമീപിച്ചു. രാമരാജ്യമായ  അയോധ്യയിലെ രഘുനാഥവിഗ്രഹം കുളുവില്‍ കൊണ്ടു വന്നു സ്ഥാപിക്കാനായിരുന്നു ബ്രാഹ്മണന്‍ നിര്‍ദേശിച്ചത്. അതിനായി തന്റെ വിശ്വസ്തരില്‍ ഒരാളെ രാജാവ് അയോധ്യയിലേക്ക് അയച്ചു. അയാള്‍ വിഗ്രഹം  മോഷ്ടിച്ച് കുളുവിലേക്ക് മടങ്ങും വഴി സരയൂനദിക്കരയില്‍ വെച്ച് അയോധ്യാവാസികള്‍ പിടികൂടി.


എന്തിനാണ് വിഗ്രഹം മോഷ്ടിച്ചതെന്ന ചോദ്യത്തിന് രാജാവിനേറ്റ ശാപത്തിന്റെ കഥ അയാള്‍ വിശദീകരിച്ചു. പക്ഷേ അയോധ്യയിലെ ജനങ്ങള്‍ വിഗ്രഹം വിട്ടുകൊടുത്തില്ല. അവരത് തലയില്‍ ചുമന്ന് അയോധ്യയെ ലക്ഷ്യമാക്കി നടക്കാനൊരുങ്ങി. പക്ഷേ വിഗ്രഹത്തിന് ഉള്ളതിലും  എത്രയോ ഇരട്ടി ഭാരം കൂടിവന്നു. ഒരടി പോലും ആര്‍ക്കും മുന്നോട്ടു നടക്കാനായില്ല. എന്നാല്‍ കുളുവിന്റെ ദിശയിലേക്ക് നടക്കാനൊരുങ്ങിയപ്പോള്‍ വിഗ്രഹത്തിന്റെ ഭാരം പകുതിയായി. ഒടുവില്‍ അവര്‍ തന്നെയത് കുളുവിലെത്തിച്ചു. ഭഗവാന്‍ രഘുനാഥനെ കുളുതാഴ്‌വരയില്‍ പ്രതിഷ്ഠിച്ചത് അങ്ങനെയാണ്. ഒടുവില്‍, ഭഗവത്  ചരണങ്ങള്‍ അഭിഷേകം ചെയ്ത തീര്‍ഥം കുടിച്ച് രാജാ ജഗത്‌സിങ് ശാപവിമുക്തനായി.

രഘുനാഥമൂര്‍ത്തിയെ രഥത്തില്‍ എഴുന്നള്ളിച്ച് ഹിമാചലിലെ ജനത ഇന്നും ആ ഓര്‍മകള്‍ പങ്കു വെയ്ക്കുന്നു. അതാണ് വിജയദശമി നാളിലെ  'കുളുദസറ' യുടെ തുടക്കം.

(Curtesy:ജന്മഭൂമി) 


അഭിപ്രായങ്ങളൊന്നുമില്ല:

Use Web Keyboard
Show On Screen Keyboard